സുലോചന നാലാപ്പാട്ട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ജ്യേഷ്ഠത്തി കമല' എന്ന പുസ്തകത്തില്‍ നിന്നും...

To advertise here,

ണ്ടായിരത്തി ഒമ്പത് എന്ന വര്‍ഷം എന്നെ വ്യസനിപ്പിക്കുകയും ധാരാളം ചിന്തിപ്പിക്കുകയും ചെയ്തു. ഇതിന്റെയൊക്കെയന്ത്യത്തില്‍ വളര്‍ച്ചയാണോ തളര്‍ച്ചയാണോ ഉണ്ടായതെന്നു ചോദിച്ചാല്‍ വളര്‍ച്ചയെന്ന് മൂര്‍ധാവില്‍നിന്നാവാം ഉള്‍ക്കാമ്പില്‍നിന്നാവാം ആരോ മന്ത്രിക്കുന്നു.

2009 മെയ്മാസം മുപ്പത്തിയൊന്നാം തീയതി എന്റെ ജ്യേഷ്ഠത്തി പുനെയില്‍ ജഹാംഗീര്‍ ആസ്പത്രിയിലും, ആഗസ്ത് പതിനഞ്ചാം തീയതി ജ്യേഷ്ഠന്‍ കൊച്ചിയില്‍ അമൃതാ ആസ്പത്രിയിലും മരിച്ചു. രണ്ടിനും സുലുവെന്ന ഞാന്‍ കാണിയായിരുന്നില്ല. അവര്‍ ഉപേക്ഷിച്ചുപോയ ശരീരങ്ങളുടെ വിടവാങ്ങല്‍ക്രിയകള്‍ക്ക് സാക്ഷിയായെന്നുമാത്രം. എന്റെ ഭര്‍ത്താവ് ഉണ്ണിയുടെ ആരോഗ്യം ക്രമേണ തകരുന്നത് കണ്ടുകൊണ്ടിരിക്കുന്ന കാലവുമാണിത്. ഉണ്ണിക്കൃഷ്ണനെക്കാള്‍ മനസ്സില്‍ കളിക്കുന്നത് മരണമാണെന്നതിനാല്‍ അതേപ്പറ്റി കുറെ വായിച്ചു, ചിന്തിച്ചു. പറയത്തക്കതായൊരു പിടിവള്ളിയൊന്നും ലഭിച്ചില്ലെങ്കിലും ചെറിയൊരു മിന്നാമിനുങ്ങ് മനസ്സിലിന്നു വിരുന്നുവന്നിരിക്കുന്നു. അത് കൂരിരുട്ടത്ത് ചെറുവെളിച്ചം തന്നുകൊണ്ട് കണ്ണുചിമ്മിക്കളിക്കുന്നു.
ഞങ്ങളുടെ അച്ഛന്റെ മരണശേഷം അമ്മ വര്‍ഷങ്ങളോളം അദ്ദേഹത്തെ സ്വപ്നം കാണുമായിരുന്നു. വേര്‍പിരിഞ്ഞയാള്‍ അല്ലിന്റെ അന്ത്യയാമങ്ങളില്‍ തിളങ്ങുന്ന ഒരു മുള്‍വേലിക്കപ്പുറം വന്നുനിന്ന് തന്നെ അങ്ങോട്ടു വിളിക്കുന്നതായി അക്കാലത്തെഴുതിയ കവിതകളിലുണ്ട്. ഭ്രമിപ്പിക്കുകയും ഒട്ടു ഭയപ്പെടുത്തുകയും ചെയ്യുന്ന ആ മുള്‍വേലി ജീവിതമരണങ്ങളെ വേര്‍തിരിക്കുന്ന അതിരാണ്. അച്ഛന്റെ വിളി കേട്ടിട്ടും തനിക്കായി നീട്ടിയ ആ കൈ പിടിച്ച് താനെന്തേ വേലിക്കപ്പുറത്തേക്ക് കാലെടുത്തു വെക്കാന്‍ മടിക്കുന്നു എന്നു വിലപിക്കുന്നു അമ്മ. കണങ്കാലില്‍ കുരുങ്ങിക്കിടക്കുന്ന മണ്ണിന്റെ ചങ്ങലകളാവണം പ്രശ്നം സൃഷ്ടിച്ചത്. രോഗത്തെയോ വാര്‍ധക്യത്തെയോ മരണത്തെയോ അമ്മ ഭയന്നിരുന്നില്ല. രോഗം ബാലാമണിയമ്മയുടെ മേനിയെ ഉറക്കി, ആത്മാവിനെയുണര്‍ത്തി രോഗാവസ്ഥയില്‍.

ചേതനാസര്‍ഗത്തിലോ ദുര്‍ഗതന്‍ വടിവാര്‍ന്നു
യാതനാകണങ്ങളാല്‍ പ്രജ്ഞയെപ്പാലൂട്ടി നീ
വെമ്പലോടസ്മല്‍സ്സിരാവീഥിയില്‍ നീളെ, പുതു
ചെമ്പട്ടിട്ടുലച്ചെന്നും സഞ്ചരിക്കുന്ന
-ഉപാസനാമൂര്‍ത്തിയുടെ സാന്നിധ്യമറിയുകയും ചെയ്യുന്നു.

മുപ്പത്തിയേഴാം വയസ്സില്‍ തനിക്കു നഷ്ടപ്പെട്ട സ്നേഹധനനായ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണ് കമലയെന്ന പേരമകളെന്നു വിശ്വസിച്ച കൊച്ചുവമ്മമ്മയ്ക്ക് മരണത്തെ ഭയമായിരുന്നു. അവരുടെ എഴുത്തുപെട്ടിക്കകത്ത് ഒരു പുസ്തകത്തില്‍ താനെപ്പോഴോ രചിച്ച ഒരു സ്തോത്രം ലോകം കാണാതെ കിടപ്പുണ്ടായിരുന്നത് അമ്മമ്മ പോയതില്‍പ്പിന്നെയാണ് ലഭിച്ചത്. അതിലെ ആദ്യശ്ലോകം ഓര്‍മയിലുണ്ട്:

മധുമഥന, ഭവാന്‍തന്‍ മായയാമിപ്രപഞ്ചം
മധുരതരമിതെന്നും കൈവിടാന്‍ വയ്യയെന്നും,
വ്യഥയോടു മനതാരില്‍ ഭീതയായീടുമെന്നില്‍
സുധസമമൊഴുകട്ടെ 'നിന്റെ കാരുണ്യം,'
എന്നവര്‍ പ്രാര്‍ഥിക്കുന്നു.

പക്ഷേ, കൊച്ചുവമ്മമ്മയുടെ വാത്സല്യഭാജനമായ കമലയ്ക്ക് മരണത്തെ പേടിയില്ലായിരുന്നു. മറിച്ച് അവനെ ഒരു രഹസ്യകാമുകനായി കൈനീട്ടി സ്വാഗതം ചെയ്യുന്നുവോ എന്നു തോന്നിപ്പിക്കും വിധത്തില്‍ സ്നേഹിക്കുന്നവരെ സംഭ്രമിപ്പിക്കുന്ന തരത്തിലുള്ള കഥകളും കവിതകളും അനവധിയുണ്ട്. താനൊരുക്കിയ വിരുന്നിന് അവസാനത്തെ അതിഥിയായി ക്ഷണിച്ചുവരുത്തുന്നത് അവനവനെത്തന്നെയാണ്. ബുര്‍ക്ക ധരിച്ച് മട്ടാഞ്ചേരിയിലേക്ക് ഓട്ടോറിക്ഷ പിടിച്ചു പോയി തന്നെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയ കഥയും മാധവിക്കുട്ടി നമുക്കു പറഞ്ഞുതരുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ് 'Death is os Mediocre' എന്ന കവിതയെഴുതിയത്. Any fool can achieve it effortlessely എന്നാണ് കവിയുടെ ലഘുവായ വിലയിരുത്തല്‍. അവര്‍ സാധാരണ അനുഷ്ഠിച്ചുപോരുന്ന അന്ത്യോപചാരക്രിയകളോട് ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്. അവയെ 'പ്രാകൃതം' എന്നാണ് വിശേഷിപ്പിക്കുന്നത്. തന്റെ അവസാനയാത്രയെപ്പറ്റിയുള്ള സ്വപ്നം ഈ വരികളില്‍ കാണാം:

Like an elephant not bidding goodbye while
taking off for that secret edge of forests
where they slope into a sure but invisible sea,
I shall go too in silence leaving
not even a fingerprint on the crowded earth,
carrying away my bird in flight voice and
the hundred misunderstandings that destroyed
my alliances with you and you and you..

ഇവിടെ ഞാനുദ്ധരിച്ച കവിതയുടെ തീവ്രത ജ്യേഷ്ഠത്തി ജീവിച്ചിരിക്കെ ഞാനറിഞ്ഞില്ല. മരണാനന്തരം നടന്നതിനെല്ലാം സാക്ഷിയായ ഈ അനിയത്തിയുടെ ഹൃദയത്തില്‍ ഇന്നീ വരികള്‍ കൂരമ്പുകളായി തറച്ചുനില്പാണ്. ചെറിയൊരു കാറ്റുവീശിയാല്‍ അവയൊന്നു പതുക്കെ ഉലയും, ചോര കിനിയും, ആ കാറ്റിന്റെ ചിറകിലേറി ആമിയോപ്പുവിന്റെ bird-in flight voice ഒഴുകിയെത്തും, 'എന്താടോ സുലൂജി ആമ്യോപ്പു വെറ്തെ ഓരോന്ന് പറയല്ലേ,' പിന്നെ കവിളത്ത് ഇലഞ്ഞിപ്പൂമണമുള്ള വിരലുകളുടെ സ്പര്‍ശമറിയും, കുറെ നാളായി ഇതെന്നെ വല്ലാതെ വലയ്ക്കുന്നുണ്ട് കേട്ടോ....

മരണാനന്തരക്രിയകളെപ്പറ്റി പണ്ടേ എഴുതിവെച്ചിരിക്കുന്നു:
'എന്റെ മരണശേഷം എന്റെ മക്കള്‍ കുളിച്ചു പിതൃക്രിയകള്‍ നടത്തുമെന്നും അവര്‍ തളരുമെന്നും ഞാന്‍ ഭയപ്പെടാറുണ്ട്. അവരില്‍നിന്ന് ഭാരം നീക്കിവെക്കാന്‍ ഞാനിച്ഛിക്കുന്നു. ഞാന്‍ പിതൃക്രിയകളില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, മക്കള്‍ വിശ്വസിക്കുന്നു. അവര്‍ എനിക്കുവേണ്ടി മുങ്ങിക്കുളിക്കുകയോ വെയിലില്‍ നടക്കുകയോ ചെയ്യരുതെന്നെനിക്ക് നിര്‍ബന്ധമുണ്ട്.'

ഇപ്പറഞ്ഞതിനാധാരമായ സംഭവം എനിക്കോര്‍മയുണ്ട്. അമ്മമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്, അഥവാ ചെയ്യാനൊരുങ്ങിയത്, ഉണ്ണിയേട്ടനായിരുന്നു. പുലര്‍ച്ചെ നാലപ്പാട്ടെ കുളത്തില്‍പ്പോയി മുങ്ങിനിവര്‍ന്നപ്പോള്‍ അദ്ദേഹത്തിന് കലശലായ ശ്വാസംമുട്ടലനുഭവപ്പെട്ടു. കര്‍മങ്ങള്‍ തുടര്‍ന്നു ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നമ്മയുടെ മകനാണ് പിന്നെയതു ചെയ്തതെന്നു തോന്നുന്നു. ശാസ്ത്രജ്ഞനെന്നഭിമാനിക്കുന്ന ഉണ്ണിയേട്ടന്‍ ചെറിയൊരു ബോധക്ഷയം മാറി സംസാരിക്കാറായപ്പോള്‍ ശ്വാസംമുട്ടിയതിന്റെ കാരണം എല്ലാവര്‍ക്കും വിശദീകരിച്ചുതരികയുണ്ടായി. സൂര്യോദയത്തിനു മുന്‍പ് നിശ്ചലമായി കിടക്കുന്ന കുളത്തിലെ വെള്ളത്തിന്റെ മുകളില്‍ ഒരു പാളിയായി താരതമ്യേന കനംകൂടിയൊരു വാതകമായ കാര്‍ബണ്‍മോണോക്സൈഡ് സ്ഥിതിചെയ്യുന്നു. വെള്ളത്തില്‍ പൊടുന്നനേ മുങ്ങിയപ്പോള്‍ അതു ശ്വസിച്ചതിനാലാണ് ശ്വാസം മുട്ടിയത്.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കില്‍, നിങ്ങളൊക്കെ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍, ആമി ആത്മഹത്യ ചെയ്തുകളയാം എന്ന തോന്നല്‍, നിരര്‍ഥകമെന്നു സാമാന്യബുദ്ധിക്കു തോന്നുന്ന അവസരങ്ങളില്‍പ്പോലും ഉണ്ടാകുന്ന പ്രകൃതമാണ് ആമിയോപ്പുവിന്റേത്. മനുഷ്യരെപ്പേടിച്ച് തട്ടിന്‍പുറത്ത് സ്ഥിരതാമസമാക്കിയ ഒരു പൂച്ചക്കുട്ടിയെപ്പോലെ ആ ചിന്ത പൊടുന്നനെയാവും കമലയുടെ ഹൃദയത്തിലേക്ക് നിശ്ശബ്ദം എടുത്തുചാടുക. അത്തരം സന്ദര്‍ഭങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തില്‍ ദാസേട്ടനെ വെല്ലാനാവില്ല മറ്റാര്‍ക്കും. അതിനാല്‍ ഒരിക്കലെത്തിയ പൂച്ചക്കുട്ടി ദാസേട്ടന്റെ അഭാവത്തില്‍ ധൈര്യം സംഭരിച്ച് അവിടൊക്കെ കൂടുതല്‍ സമയം മ്യാവൂചൊല്ലി കാലിലുരസി നില്ക്കാനാരംഭിച്ചു.
ഇതൊക്കെയാണെങ്കിലും ആമിയോപ്പുവിന് ശരീരവും ആത്മാവും തമ്മില്‍ വ്യക്തമായ വേര്‍തിരിവുണ്ട്. ആവശ്യാനുസരണം ആത്മാവെടുത്തണിയുന്ന കുപ്പായമാണ് ശരീരം. കടലില്‍ ചാടി മരിക്കാന്‍ പോകുന്നവള്‍ കടലിനോടു ചോദിക്കുന്നു, കാരുണ്യവാനായ കടലേ, നിനക്കേതുവേണം, ഈ ശരീരമോ ആത്മാവോ? Which is the more dead of the two എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കടലിന്റെയുത്തരം തനിക്ക് ആത്മാവിനോടാണ് പ്രിയം എന്നാണ്.

'The Suicide' എന്ന ഈ കവിതയെഴുതിയത് അന്‍പതു കൊല്ലം മുന്‍പാണ്. പിന്നീട് തിരുവനന്തപുരത്തു താമസിക്കുമ്പോള്‍ മുരളിക്കു നല്കിയ അഭിമുഖത്തില്‍ 'ഞാന്‍ മരണത്തെ സ്നേഹിക്കുന്നു. ആഹ്ലാദത്തോടെ ഒരു ദിനം ഞാന്‍ മരിക്കും. എന്നാണ് മരിക്കേണ്ടതെന്ന് ഞാന്‍ തീരുമാനിക്കും' എന്നു പറഞ്ഞിട്ടുണ്ടെന്നറിയുന്നു. അതു ദാസേട്ടന്‍ വിടവാങ്ങുംമുന്‍പായിരുന്നു. 'പട്ടങ്ങള്‍' എന്ന കഥയെഴുതുന്ന കാലത്ത് മരിക്കുന്നതിനെപ്പറ്റി നേരിയൊരാശങ്കയുണ്ടായിരുന്നു. മരിക്കുമ്പോള്‍ പട്ടത്തിന്റെ പിന്നിലുയരുന്ന നൂലുപോലെ, സ്മരണകള്‍ തന്നോടൊന്നിച്ചുയരുകയില്ല എന്നതായിരുന്നു പ്രശ്നം. സ്മരണകള്‍ ഒരു ഭാരമായിത്തുടങ്ങിയത് പിന്നീടാവണം. അതോടെ ആ നൂല് പൊട്ടിക്കോട്ടെ എന്നായി. അപ്പോള്‍ പറഞ്ഞു, 'മരിച്ചവര്‍ മരിക്കാത്തവരെ മറക്കുന്നു. മറവിയുടെ കിണറ്റിലവര്‍ വസിക്കുന്നു. ഇരുണ്ട കൂപങ്ങളില്‍ ആത്മാക്കള്‍ വസിക്കുന്നു. ആത്മാവിനു ജീര്‍ണതയില്ല എന്നു ഗീത. അതുകൊണ്ട് മറവി ജീര്‍ണതയുടെ ലക്ഷണമല്ല. ഓര്‍മിക്കലാണ് ജീര്‍ണത. ജീവിതം സാവധാനത്തില്‍ വളരുന്ന ജീര്‍ണതയാണ്.' മരിച്ചാല്‍ പോകുന്നത് ഇരുണ്ട കൂപങ്ങളിലേക്കൊന്നുമല്ല, സ്വര്‍ഗത്തിലുള്ളവയും താഴ്ന്ന ഭാഗത്തുകൂടെ നദികളൊഴുകുന്നവയുമായ മനോഹരമായ ആരാമങ്ങളിലേക്കാണ്, അവിടെ നമ്മെ ഊട്ടാനും ശുശ്രൂഷിക്കാനും ഹൂറിമാര്‍ കാത്തുനില്ക്കും എന്ന് ഇസ്ലാം പറഞ്ഞുകൊടുത്തപ്പോള്‍ സമാധാനമായി. തന്റെ ദാസേട്ടനെ ശുശ്രൂഷിക്കാനവിടെ സുന്ദരികളായ അപ്സരസ്സുകളുണ്ടാവട്ടെ എന്നു പ്രാര്‍ഥിച്ചു.

ഇത്ര നിസ്സംഗമായി മരണത്തെ നോക്കിക്കാണാന്‍ ഇങ്ങുനിന്നങ്ങോട്ട് ധാരാളം പോക്കുവരത്തു നടത്തി ശീലമുള്ള ഒരാള്‍ക്കേ കഴിയൂ. പലവിധ അസുഖങ്ങളുമായി ദില്ലി, ബോംബെ, കോഴിക്കോട്, എറണാകുളം, മദിരാശി എന്നീ നഗരങ്ങളിലെ ആസ്പത്രികളില്‍ കിടന്ന അവര്‍ പിന്നപ്പിന്നെ 'ഒരു കാരണവശാലും എന്നെ ഒരാശുപത്രിയിലും കിടത്തരുത്, എന്റെ കിടക്കയില്‍ക്കിടന്നു മരിക്കാനെന്നെ അനുവദിക്കണേ' എന്നപേക്ഷിക്കാന്‍ തുടങ്ങി. മരണത്തോടല്ലായിരുന്നു, ചികിത്സാവിധികളോടായിരുന്നു അഭിപ്രായവ്യത്യാസം. കമല പറയുന്നു:

I am the patient that declines
the oxygen tube
the intravenous aid.
My limbs turn slack
and insensitive;
yet from this flaccid form
Someone stalks out
on robust legs
traverses the room
to look at me from afar
a pitiless one
mute and incandescetn

ഇതെഴുതിയത് മരിക്കുന്നതിനു രണ്ടു കൊല്ലം മുന്‍പാണ്. ജഹാംഗീര്‍ ആസ്പത്രിയില്‍ മെയ് മുപ്പത്തിയൊന്നാം തീയതി പുലര്‍ച്ചെ 1.55ന് യുദ്ധക്കളത്തില്‍ വെട്ടും തട്ടുമേറ്റ ശരീരമെന്ന കനത്ത കുപ്പായം ഊരിവെച്ചതിന്റെ ലാഘവം കമലയറിഞ്ഞു. പോകുന്ന പോക്കില്‍ നടത്തിയ ഒരു വിഹഗവീക്ഷണത്തില്‍ എന്തുകണ്ടു എന്ന് അവിടെയുണ്ടായിരുന്ന ആരോടന്വേഷിച്ചാലും അറിയാവുന്നതേയുള്ളൂ- പക്ഷെ, അറിയണമെന്നു തോന്നിയില്ല. രണ്ടു മാസത്തിനു ശേഷം ഏട്ടന്‍ പോയപ്പോള്‍ അമൃതാഹോസ്പിറ്റലിലെ ഐ.സി.യു. വിശേഷങ്ങളും അന്വേഷിച്ചില്ല. എന്നാല്‍ ജഹാംഗീറിലെ 424-ാം നമ്പര്‍ മുറിയില്‍നിന്നും അമൃതയിലെ ഐ.സി.യുവില്‍നിന്നും മിണ്ടാതുരിയാടാതെ പുറത്തിറങ്ങിയവരുടെ കാല്‍വെപ്പുകള്‍ ദൃഢമായിരുന്നുവെന്നും അവരുടെ ശരീരങ്ങള്‍ തേജസ്സുറ്റവയായിരുന്നുവെന്നും ഞാനറിയുന്നു; അതു പോരേ?

ഏപ്രില്‍ 18നാണ് ആമിയോപ്പുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നേരം ഓര്‍മയില്ലാത്തുകൊണ്ട് കുഴപ്പമുണ്ടായില്ല. ഓര്‍മയുണ്ടായിരുന്നുവെങ്കില്‍ ബഹളമായേനെ! പിന്നീടും തനിക്കു വിധിക്കപ്പെട്ട പല ചികിത്സകളെപ്പറ്റിയും ശക്തമായ എതിരഭിപ്രായം രേഖപ്പെടുത്തി. ഈ വകയില്‍ ഷോഡുവും ആമിയോപ്പുവിനെ ചികിത്സിച്ച ഡോക്ടര്‍ സുരേഷ് നായിക്കും നല്ല ചീത്ത കേള്‍ക്കുകയും ചെയ്തു. ഡോക്ടര്‍ക്ക് പ്രയാസമായോ എന്നു ശങ്കിച്ച ഷോഡുവിനോട്, താന്‍ അവരെ സ്വന്തം അമ്മയായിത്തന്നെ കരുതുന്നു എന്നു പറഞ്ഞു നായിക്. അങ്ങനെയാണ് ഷോഡുക്കുട്ടിക്ക് ഒരു മൂത്ത ജ്യേഷ്ഠനെക്കൂടി കിട്ടിയത്. ഒരേ അമ്മയുടെ ഉള്ളു നിറഞ്ഞ സ്നേഹത്തോടൊപ്പം ശകാരവും ഏറ്റുവാങ്ങുക സഹോദരന്‍മാരാണല്ലോ. മകന്‍, ഡോക്ടര്‍ എന്ന ഭേദം കാട്ടാതെ കമലാദാസ് രണ്ടുപേര്‍ക്കുമത് വീതിച്ചുകൊടുത്തു. ജഹാംഗീര്‍ ആസ്പത്രിയിലെയാ കിടപ്പ് 1996-ല്‍ത്തന്നെ പ്രവചിച്ചിട്ടുണ്ട് ജ്യേഷ്ഠത്തി. സന്ദര്‍ഭം വേറെയാണെന്നുമാത്രം. മരിക്കുന്നതിനു പത്തു ദിവസം മുന്‍പ് അവിടെച്ചെന്ന് ആമിയോപ്പുവിനെ കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കടന്നുവന്നത് 'ജീനോ' എന്ന കവിതയിലെ അവസാനത്തെ വരികളാണ്,

I shall be the patient
On the hospital bed, lying in drugged slumber
And dreaming of home. I shall be the grandmother
Willing away her belongings, those scraps and trinkets
More lasting than her bones. Perhaps osme womb in that
Darker world shall convulse, when I finally enter,
A legitimate entrant, marked by discontent.

മരണത്തെയറിയുന്നതാണ് പരമമായ അറിവ്. നചികേതസ്സിനു ലഭിച്ച ജ്ഞാനമാണത്. ഞങ്ങളുടെ അച്ഛന്‍ കോഴിക്കോട്ട് ഡോക്ടര്‍ ബല്‍രാജിന്റെ നേഴ്സിങ് ഹോമില്‍ ഒരാഴ്ചയോളം ഇന്ദ്രിയങ്ങളകത്തേക്കു വലിച്ച ഒരു നിദ്രയിലാണ്ടു കിടന്നതില്‍പ്പിന്നെയാണ് അമ്മ സ്വപ്നത്തില്‍ കണ്ട തിളങ്ങുന്ന മുള്‍വേലിക്കപ്പുറം കടന്നത്. ഡോക്ടര്‍ ബല്‍രാജിനെ കാണിക്കാനോ എന്റെതന്നെ, സമാധാനത്തിനോ ഞാന്‍ രണ്ടുമണിക്കൂറിടവിട്ട് രക്തസമ്മര്‍ദം, നാഡിമിടിപ്പ്, മിനിട്ടിലെത്ര തവണ ശ്വാസംവലിക്കുന്നു- എല്ലാം ചാര്‍ട്ടില്‍ കുറിച്ചുവെക്കുമായിരുന്നു. എപ്പോഴെങ്കിലുമതു ചെയ്യാന്‍ വിട്ടുപോയാല്‍ ഞാനസ്വസ്ഥയാകുമായിരുന്നു. എന്റെയീ അവസ്ഥ കണ്ട അമ്മ ചോദിച്ചു, 'ഇവട്യൊരു മിടിപ്പ്, അവട്യൊരു ശ്വാസം, ഇതൊക്കെ നോക്ക്യാ-ാ ഒരാള് ജീവനോടെണ്ടെന്ന് നിശ്ചയിക്ക്യാ? അതുകൊണ്ട് കുട്ടി പോയി വിഷ്ണുഭുജംഗത്തിന്റെ വരികള്‍ അന്വേഷിച്ചു കണ്ടുപിടിക്കുക; അച്ഛനെ തൊട്ടിരുന്ന് നമുക്കത് ചൊല്ലാം.' അമ്മയുമൊത്ത് അച്ഛന്റെ ചെവിയില്‍ ചൊല്ലിയ ആ വിശിഷ്ടസ്തോത്രം പിന്നീട് പല സ്നേഹജനങ്ങള്‍ക്കായും ഞാന്‍ ചൊല്ലി, ആമിയോപ്പുവും സുന്ദരേട്ടനുമടക്കം.

ഡോക്ടര്‍ ദീപക് ചോപ്രയുടെ ഒരു പുസ്തകത്തില്‍ കണ്ട സാവിത്രി- സത്യവാന്‍ കഥയുടെ ഒരു പാഠഭേദം അതിമനോഹരവും അകക്കണ്ണു തുറപ്പിക്കുന്നതുമാണ്. മരണം ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഭാവിയില്‍ വരാനിരിക്കുന്ന ഒന്നല്ല. അതിന്റെ ലക്ഷ്യം ജീവന്റെ വളര്‍ച്ചയും വികാസവുമാണ് എന്നതാണ് ആ സാവിത്രീചരിതം നല്കുന്ന സന്ദേശം. ഭര്‍ത്താവിന്റെ ജീവനുവേണ്ടി വാശിപിടിച്ച് യമന്റെ പിന്നാലെ പോയ സാവിത്രി കാലമെന്ന മൃത്യുദേവനെ അറിയുന്നതും അവളില്‍ ആ ദേവനോടുള്ള സ്നേഹാദരങ്ങള്‍ വളരുന്നതുമാണ് കഥ. യമനെത്തേടിയുള്ള യാത്രയില്‍ സാവിത്രിക്ക് തുണയും വഴികാട്ടിയുമാവുന്ന മഹര്‍ഷി, മരണത്തെ വെന്ന മാര്‍ക്കണ്ഡേയന്‍തന്നെയാണ്. ഇരുളടഞ്ഞ കാട്ടിലൂടെയാണ് യാത്ര. ഒരു ഘട്ടത്തില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍നിന്ന് എന്തൊക്കെയോ അനക്കങ്ങളും മര്‍മരങ്ങളും കേട്ട് സാവിത്രി പരിഭ്രമിച്ച് അതെന്താണ് ശബ്ദം എന്നാരായുന്നു. അവ ചില പ്രേതങ്ങളാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. കുറച്ചുകൂടി ചെന്നപ്പോള്‍ രണ്ടു വയസ്സു തോന്നിക്കുന്ന കൗതുകമുണര്‍ത്തുന്ന ഒരു സുന്ദരിക്കുട്ടി പൊന്തകള്‍ക്കിടയില്‍നിന്നു പുറത്തുവന്ന് യാത്രികരെ ശ്രദ്ധിക്കാതെ പാത മുറിച്ചുകടന്ന് എങ്ങോട്ടോ ഓടിപ്പോയി. സാവിത്രി വീണ്ടും ചോദിച്ചു,
'ഏതാണീ കൊച്ചുമോള്‍, ഈ കാട്ടില്‍ ഒറ്റയ്ക്കായിപ്പോയവള്‍?'

'പറഞ്ഞില്ലേ, അതൊരു പ്രേതമാണ്,' ഋഷീശ്വരന്‍ പറഞ്ഞു.
അല്പനേരം കഴിഞ്ഞ് പട്ടുപാവാടയുടുത്ത പത്തുപന്ത്രണ്ടു വയസ്സുള്ള മറ്റൊരു പേടമാന്‍കണ്ണി സുന്ദരിക്കുട്ടി കാടിനകത്തുനിന്ന് ഇറങ്ങിവന്നു. ഇവരെ തിരിഞ്ഞൊന്നു നോക്കാതെ കണ്ണുകളില്‍ കൗമാരസ്വപ്നങ്ങളുടെ തിളക്കവുമായി അവളും നടന്നുനീങ്ങി.
ഇവളേത് എന്ന ചോദ്യത്തിന്, 'പറഞ്ഞില്ലേ, അവളും പ്രേതംതന്നെ' എന്നുത്തരം വന്നു. ആ നിമിഷത്തില്‍ ആ പന്ത്രണ്ടുവയസ്സുകാരി താന്‍ തന്നെയെന്നു തിരിച്ചറിയുന്നു സാവിത്രി. രണ്ടുവയസ്സുകാരിയും കൗമാരക്കാരിയുമൊക്കെ സ്വന്തം വളര്‍ച്ചയിലെ ഘട്ടങ്ങളായിരുന്നു. ആദ്യത്തെവള്‍ മരിച്ചാണ് രണ്ടാമത്തെവള്‍ പിറന്നത്. കൗമാരക്കാരി രാജകുമാരി മരിച്ച് സത്യവാന്റെ പ്രണയിനി സാവിത്രി പിറന്നു. അങ്ങനെ നാമോരോരുത്തരുടെയും പിറകില്‍ നിരനിരയായി എത്രയെത്ര പ്രേതങ്ങള്‍! മനുഷ്യശരീരത്തിലെ കോശങ്ങളും കണികകളും ഒന്നൊഴിയാതെ അനുനിമിഷം അടിച്ചുടയ്ക്കപ്പെടുന്നു, പുതുക്കിപ്പണിയപ്പെടുന്നു. ആ പ്രക്രിയയില്‍ 'ഞാന്‍' വളരുന്നു. മരണം വികാസമാണെന്ന ബോധത്തിലേക്കുണര്‍ന്ന സാവിത്രി യമധര്‍മന്റെ ആരാധികയും പ്രണയിനിയുമാവുകയാണ്.

തലയ്ക്കല്‍ നിലവിളക്കു കത്തിച്ചുവെച്ച് മൂക്കില്‍ പഞ്ഞിവെച്ച് ഇറക്കിക്കിടത്തുന്നതിനു മുന്നേയുള്ളതും, സ്ഥൂലസൂക്ഷ്മതലങ്ങളില്‍ നാമറിയാതെ നടന്നുകൊണ്ടിരിക്കുന്നതുമായ മരണത്തെപ്പറ്റിയും വിചിന്തനം ചെയ്യേണ്ടതുണ്ട്. ശരീരത്തിന്റെ ഊടും പാവുമായ കോശങ്ങള്‍, രഹസ്യമായി നിരന്തരമഴിച്ചും പണിതും 'new improved varitey' യായി പ്രത്യക്ഷപ്പെടുന്നതോടൊപ്പം മനോബുദ്ധികളിലും ഇതേ ചന്തംചാര്‍ത്തല്‍ നടക്കുന്നു. നമ്മുടെ സ്വത്വത്തെ വാര്‍ത്തെടുക്കുന്ന ആ പ്രക്രിയയെ നാം വളര്‍ച്ചയെന്നു വിളിക്കുന്നു. മണ്‍മറഞ്ഞ പഴയ തലമുറകള്‍, മാതാപിതാക്കള്‍, പിറന്നു വളര്‍ന്നതും ജീവിച്ചതുമായ പശ്ചാത്തലം, നടന്ന വീഥികള്‍, ഉലകം ചുറ്റുന്ന ഇന്ദ്രിയങ്ങള്‍, പലയിടങ്ങളില്‍നിന്ന് പെറുക്കിക്കൊണ്ടുവന്ന വിവരങ്ങള്‍ എല്ലാമെല്ലാമാണ് നമ്മുടെ സ്വത്വത്തിന്റെ പണിത്തരങ്ങള്‍. ജനിച്ച നാള്‍മുതല്‍ നടന്നുകൊണ്ടിരിക്കയാണ് ഈ പണി. അവയില്‍ കാലാവസ്ഥാക്കെടുതിയില്‍ ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെടുന്നതും ചില ഇഷ്ടികകളടര്‍ന്നു വീഴുന്നതും ഒരു നെടുംതൂണുതന്നെ ഒരാര്‍ത്തനാദത്തോടെ നിലംപതിക്കുന്നതുമൊക്കെ മരണങ്ങള്‍തന്നെ, കൈയോ കാലോ മുറിച്ചുകളയുന്നതിനു തുല്യം. അത്തരത്തില്‍ മുറിച്ചുനീക്കപ്പെട്ട അവയവം അവിടെത്തന്നെയുണ്ട്, അത് അസഹ്യമായി വേദനിക്കുന്നു എന്ന് രോഗിക്കു തോന്നുന്ന അവസ്ഥയ്ക്ക് വൈദ്യശാസ്ത്രത്തില്‍ 'phantom limb' എന്നു പറയും. 2009 മെയ് 31ന് മുന്‍പുതന്നെ അഹത്തിന്റെതായ ഇത്തരം അഴിച്ചുപണികള്‍ ജീവിതത്തില്‍ നാലപ്പാട്ടെ കമലയ്ക്കുമുണ്ടായി.

നമുക്കു ലഭിച്ച ഈ ജന്മത്തിന്റെ ലക്ഷ്യം വികാസമാണ്, വളര്‍ച്ചയാണ്. എപ്പോഴും സുഖിപ്പിച്ചിരുത്തിക്കൊള്ളാമെന്ന് ആരും വാക്കുതന്നല്ല നമ്മെ ഈ കര്‍മഭൂമിയിലേക്ക് പടക്കോപ്പണിയിച്ചിറക്കുന്നത്. കമലയുടെ കാര്യത്തില്‍ മൂശയിലിട്ടുരുക്കി വാര്‍ത്ത ആദ്യത്തെ സന്ദര്‍ഭം 1949- ല്‍ മാതാപിതാക്കള്‍ ദാസേട്ടനു വിവാഹം ചെയ്തുകൊടുത്തതുതന്നെ. കമലയുടെ അഹത്തിന്റെ വലിയൊരംശമാണ് തകര്‍ന്നത്. അതില്‍നിന്ന് കമലാദാസ് ജനിച്ചു, വളര്‍ന്നു.
ഇതു കേട്ടശേഷം പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും രണ്ടാമത്തേത് ദാസേട്ടന്റെ മരണമാണ്. അന്നേരത്തേക്ക് ദാസേട്ടനെന്ന സംരക്ഷകനും അത്താണിയും വിശ്രമകേന്ദ്രവും ആ ബന്ധത്തിന്റെ എല്ലാ ഗുണദോഷവശങ്ങളോടുംകൂടി കമലയുടെ സ്വത്വത്തിന്റെ അടിത്തറയായിത്തീര്‍ന്നിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാതെ, ഉത്തരങ്ങള്‍ തേടാതെ, ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളിലൂടെ തന്റെ ആമിയെ കൈപിടിച്ചു നടത്തി ദാസേട്ടന്‍. രണ്ടുപേരും കൂടി നടന്നുവരുമ്പോള്‍ ആമിയോപ്പുവിനെ വെയില്‍ കൊള്ളിക്കാതെ തലയ്ക്കു മുകളിലൊരു കുട ചൂടിച്ചു നടക്കുന്ന ദാസേട്ടനാണ് എന്റെ മനസ്സിലുള്ളത്. ആകാശപ്പരപ്പിലെ നിസ്സീമസ്വാതന്ത്ര്യം മടുത്താല്‍ ചിറകുകളൊതുക്കി ചേക്കേറാനുള്ളയിടമാണ് 1992- ല്‍ നഷ്ടപ്പെട്ടത്. ഭര്‍ത്താവു മരിച്ചാല്‍ സ്ത്രീക്കൊരു വീടില്ലാതാവുമെന്ന് അമ്മ തന്നോടു പറഞ്ഞുവെന്ന് ആമിയോപ്പു എഴുതിയിട്ടുണ്ട്. ദാസേട്ടന്റെ നഷ്ടത്തില്‍നിന്ന് ജ്യേഷ്ഠത്തി അവസാനംവരെ മോചിതയായില്ല. അവിടെ കാര്യമായ വളര്‍ച്ചയുണ്ടായെന്നു പറയാനാവില്ല.

അടുത്ത സന്ദിഗ്ധഘട്ടം മതംമാറ്റമായിരുന്നു. അത് തത്ത്വത്തില്‍ സ്വത്വത്തിന്റെ ഒരവയവത്തെ ശസ്ത്രക്രിയ ചെയ്ത് എടുത്തുമാറ്റലായിരുന്നു. ശ്രീകൃഷ്ണനെന്ന 'ഫാന്റം ലിംബി'നെ മാറോടണച്ചിങ്ങു കൊണ്ടുപോരികയാണ് ആമിയോപ്പു ചെയ്തത്. എങ്കിലും എത്തിച്ചേര്‍ന്ന ഭൂമികയില്‍വെച്ചാണ് കുട്ടിക്കാലത്തെയാ കളിക്കൂട്ടുകാരന്റെ സൂക്ഷ്മരൂപം ദര്‍ശിക്കാനായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കടുത്ത ആന്തരസംഘര്‍ഷത്തിന്റെ നാളുകളായിരുന്നു അവ. പുറത്തുനിന്നും അകത്തുനിന്നും വിഷലിപ്തമായ ശരങ്ങളേറ്റുവാങ്ങേണ്ടിവന്നു. അപ്പോള്‍ പറഞ്ഞു:

ഒഴിഞ്ഞ ആവനാഴിയില്‍
ഇനി സര്‍പ്പങ്ങളെ നിറയ്ക്കാം
പറക്കുന്ന ശരങ്ങളെപ്പോലെ ചീറ്റുന്നവ

ശത്രുവിനും നിന്നെ വേണ്ടാ
മിത്രത്തിനും നിന്നെ വേണ്ടാ
ജീവന് വിലയിടിയുമ്പോള്‍
മരണത്തിനും വിലയിടിഞ്ഞു.

ശരങ്ങളുടെ ചീറ്റല്‍ മൂര്‍ധന്യത്തിലായ സാഹചര്യത്തില്‍ തുടര്‍ന്നെഴുതി:

ഒഴിഞ്ഞ ഇത്തിളുകള്‍
പോലെയായിത്തീര്‍ന്ന ഈ കണ്ണുകള്‍ക്ക്
പണ്ടൊരിക്കല്‍ കിനാവു കാണാന്‍ കഴിഞ്ഞിരുന്നു.
വിസ്മൃതി,
ഓരോ കിനാവിനെയും അതിജീവിക്കുവാന്‍
എന്നെ സഹായിച്ചു.
വിസ്മൃതി,
ഓരോ ജന്മത്തെയും അതിജീവിക്കുവാന്‍
എന്നെ പഠിപ്പിക്കുന്നു.

ഇതൊക്കെയാണെങ്കിലും അവിടെ വളര്‍ച്ചയുണ്ടായെന്നതാണ് വാസ്തവം. ഏറെ ദുഃഖിപ്പിച്ച ഒരു വളര്‍ച്ച. 'ഞാന്‍ വെളിച്ചമാണ്' എന്ന് യേശുക്രിസ്തുവാണ് പ്രഖ്യാപിച്ചത്. രാത്രിയുറങ്ങി കാലത്തുണരുമ്പോള്‍ കാണുന്നതാണ് വെളിച്ചം. അതു കണ്ടുകഴിഞ്ഞാല്‍ വെളിച്ചമായി പരിണമിക്കുന്നു എന്ന സത്യം യേശു പറയാന്‍ വിട്ടുപോയതാവണം. അല്ലെങ്കില്‍ തനിക്കു ലഭിച്ച സദസ്സില്‍ പറഞ്ഞാലും ആര്‍ക്കും മനസ്സിലാവില്ലെന്നു കരുതിക്കാണും.

ജീവിതവും മരണവും ഫുള്‍സ്റ്റോപ്പുകളല്ല എന്ന അറിവ് അബോധമനസ്സില്‍ പുതഞ്ഞുകിടക്കുന്നു. അതാവണം എനിക്കു മരണമില്ല എന്ന ഭാവത്തില്‍ എന്നെക്കൊണ്ട് ജീവിപ്പിക്കുന്നത്. ആ ബോധം എന്റെ മാതാപിതാക്കളുടെ ഡി.എന്‍.എയിലൂടെ പിറകോട്ടു നീളുന്നു. എന്റെ പിതാവിന്റെ ഡി.എന്‍.എ. നെടുകെ പിളര്‍ന്ന് അതിലൊരു പകുതി മാതാവിന്റേതിനോടു ചേര്‍ന്ന് ഞാനുണ്ടായി. അങ്ങനെ വരുമ്പോള്‍ ജീവന്റെയൊരു നാമ്പ് ഉടലെടുക്കുന്ന പ്രക്രിയയില്‍ തലമുറകളിലൂടെ കൈമാറിയെത്തിയ ജനിതകവസ്തു മരിക്കുന്നില്ല. ഞാനും എന്റെ ഡി.എന്‍.എയും. എന്റെയമ്മ, കൊച്ചുവമ്മമ്മ, ഊയമ്മമ്മ എന്നിങ്ങനെ ഭൂതത്തിലേക്കും എന്റെ മക്കള്‍ അവരുടെ മക്കള്‍ എന്നിങ്ങനെ ഭാവിയിലേക്കും പ്രജ്ഞയ്ക്കെത്തിനോക്കാനാവാത്ത കാലദേശങ്ങളിലൂടെ അനന്തതയിലേക്കു നീളുന്നു.

അതിനാല്‍ സുരയ്യ പാടുന്നു:

ആത്മാവിനെ
അകത്ത് ഇലയിട്ടൂട്ടുമ്പോള്‍
ശരീരം മുറ്റത്ത്
എച്ചിലിലയ്ക്കായി
കാത്തുനില്ക്കുന്നു.
ശരീരം ക്ഷയിച്ച പാത്രം,
ആത്മാവോ,
പാത്രത്തില്‍നിന്ന് പാത്രത്തിലേക്ക്
'ഒഴിക്കപ്പെടുന്ന നൈവേദ്യം.'