അഭിഭാഷകനും നിയമവിദഗ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥയാണ് 'ഓര്‍മയിലെ ഋതുഭേദങ്ങള്‍.' കേരളത്തിലെ ഗ്രാമീണപശ്ചാത്തലത്തില്‍ നിന്നാരംഭിച്ച് ഇന്നത്തെ വികസിതലോകത്തിലെത്തിനില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നതയാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കാളീശ്വരം രാജിന്റെ ആത്മകഥയില്‍ നിന്നും ഒരു അധ്യായം വായിക്കാം...

To advertise here,

നിയമത്തിന്റെ വഴികള്‍ വരണ്ടതാണെന്ന ധാരണ ശരിയല്ല. വരണ്ട ചിന്തകളോടെ പലരും അവയെ അങ്ങനെ ആക്കിത്തീര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്ത് ഒരു സിവില്‍ കേസില്‍ ഒരു കക്ഷിയുടെ വാസസ്ഥാനം തെളിയിക്കുവാനായി ഇലക്ടറല്‍ ലിസ്റ്റ് ഹാജരാക്കാനായില്ല. എന്നാല്‍, പകരമായി റേഷന്‍ കാര്‍ഡ് ഹാജരാക്കുകയും ചെയ്തു. എന്തുകൊണ്ട് ഇലക്ടറല്‍ ലിസ്റ്റ് രേഖയായി മാര്‍ക്ക് ചെയ്തില്ല എന്ന് എതിര്‍ഭാഗം ചോദിച്ചപ്പോള്‍ ഇലക്ടറല്‍ ലിസ്റ്റില്ലെങ്കിലും ഇന്ത്യന്‍ പൗരന് ജീവിക്കാം; എന്നാല്‍ റേഷന്‍ കാര്‍ഡില്ലാതെ പറ്റില്ല എന്നുത്തരമായി പറഞ്ഞു. അത് ന്യായാധിപനും സ്വീകാര്യമായ മറുപടിയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയിലെ ഖനനം ചോദ്യംചെയ്ത കേസില്‍ ഒരിഞ്ചു മേല്‍മണ്ണ് രൂപപ്പെടാനായി വേണ്ടിവരുന്ന ആയിരക്കണക്കിന് സംവത്സരങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ അതും എളുപ്പം അംഗീകരിക്കപ്പെട്ടു.

അതേസമയം, മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി കോടതിമുറികളില്‍ അഭിഭാഷകരുടെ 'പ്രസംഗ'ങ്ങള്‍ക്ക് ഇന്ന് വലിയ സ്വീകാര്യതയില്ല. പലപ്പോഴും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദ സന്ദര്‍ഭങ്ങള്‍ സംഭാഷണസന്ദര്‍ഭങ്ങളാണ്. റെഥറിക് (rhetoric) എന്ന നിലയില്‍നിന്നും സംവാദാത്മകം (dialogic) എന്ന നിലയിലേക്കുള്ള ഈ പരിണാമത്തില്‍ വലിയ തെറ്റ് പറയാനാകില്ല. എന്നാല്‍, മികച്ച ന്യായാധിപര്‍ക്കു മാത്രമേ ധൈഷണികവും ഭാവനാത്മകവുമായ സംഭാഷണങ്ങള്‍ കോടതിമുറികളില്‍ സൃഷ്ടിക്കാന്‍ കഴിയൂ.

കേരളത്തില്‍ ഇസ്ലാമിക് ബാങ്ക് കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയും പ്രമുഖ ഹിന്ദു സംഘടനാനേതാവ് ആര്‍.വി. ബാബുവും അതിനെ ചോദ്യംചെയ്യുകയുണ്ടായി. അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ. ചെലമേശ്വര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ആ കേസ് പരിഗണിച്ചത്. ഒരു സെക്കുലര്‍ സര്‍ക്കാരിനെ ഒരു മതത്തിന്റെ പേരിലുള്ള ബാങ്കിങ് സ്ഥാപനം കൊണ്ടുവരാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്നതായിരുന്നു കേസിലെ നിയമപ്രശ്നം. സുബ്രഹ്‌മണ്യം സ്വാമി പതിവുപോലെ നേരിട്ട് ഹാജരായി വാദിച്ചു. ബാബുവിനുവേണ്ടി ഞാനും വാദിച്ചു. മറുവശത്ത് രാജീവ് ധവാനും നാഗേശ്വര്‍ റാവുവും. ലാവലിന്‍ കേസിനുശേഷം സുപ്രീംകോടതിയില്‍ പ്രമുഖര്‍ എതിര്‍ഭാഗത്തു നിന്നു വാദിച്ച മറ്റൊരു കേസായിരുന്നു അത്. ലാവലിന്‍ കേസില്‍ വൈദ്യനാഥനും മറ്റുമായിരുന്നു എതിര്‍വശത്ത്.
ഇസ്ലാമിക് ബാങ്കിന്റെ കേസില്‍ രാജീവ് ധവാന്‍ ഉയര്‍ത്തിയ വാദങ്ങളെ അപനിര്‍മ്മിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ മതപക്ഷപാതിത്വം മനസ്സിലാക്കാന്‍ കഴിയൂ എന്നതായിരുന്നു എന്റെ വാദം. ഇതിനായി ഫ്രഞ്ച് ദാര്‍ശനികനായ ഴാക് ദെറിദയുടെ അപനിര്‍മ്മാണം (Deconstruction) എന്ന സങ്കേതം പ്രസക്തമാണെന്നും ഞാന്‍ സൂചിപ്പിച്ചു. ഈ വാദം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പൊതുചടങ്ങില്‍ എന്റെ തന്നെ പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ ഞാന്‍ ദെറിദയെക്കുറിച്ച് സൂചിപ്പിച്ച കാര്യം ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി. മറ്റൊരു കേസില്‍ അദ്ദേഹമെഴുതിയ ഒരു വിധിയെ വിമര്‍ശിച്ചുകൊണ്ട് അന്നത്തെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ ലേഖനമെഴുതിയതിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ആ വിമര്‍ശന ലേഖനം കാരണമാണ് അദ്ദേഹം എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും വിധികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അത് ഡല്‍ഹിയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു പ്രധാന തലസ്ഥാന വാര്‍ത്തയായിത്തീര്‍ന്നു!

ഇസ്ലാമിക് ബാങ്ക് കേസിലെ യഥാര്‍ത്ഥ കൗതുകം മറ്റൊന്നായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയാണ് മതേതരത്വം എന്നു വിധിച്ച എസ്.ആര്‍. ബൊമ്മൈ കേസിലെ വിധിയായിരുന്നു (1994) സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വജ്രായുധം.

ഈ വിഷയത്തിലുള്ള ഒരു പ്രബന്ധംകൂടിയാണ് ബൊമ്മൈ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ദീര്‍ഘമായ ആ വിധിന്യായം ഈ കേസിനുവേണ്ടി ഞാന്‍ പത്തു തവണയെങ്കിലും വായിച്ചിട്ടുണ്ടാകും. അതിനുവേണ്ടി മാത്രം ഒരു ഹോട്ടലില്‍ മുറിയെടുത്ത് വായിച്ചത് ശ്രദ്ധ തെറ്റാതിരിക്കാന്‍ മാത്രമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാനായി കര്‍സേവകരുമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാന്ധവത്തിലേര്‍പ്പെട്ടപ്പോള്‍ അത് മതേതരത്വസങ്കല്‍പ്പങ്ങളുടെ തായ്വേരറുക്കുന്നതാണെന്ന് സൂചിപ്പിച്ച വിധിയാണ് ബൊമ്മൈ കേസിലേത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന്റെ ഇസ്ലാമിക് ബാങ്ക് സ്ഥാപനത്തിനായുള്ള നീക്കത്തെ ചോദ്യംചെയ്യാന്‍ കഴിഞ്ഞുവെന്നത് നിയമതത്ത്വങ്ങളുടെ മതേതര സ്വഭാവംകൊണ്ടുകൂടിയാണ്! ഏതായാലും തത്ത്വചിന്തയ്ക്കും നിയമചിന്തയ്ക്കും ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതിയില്‍നിന്നും കിട്ടിയ അംഗീകാരം അവിസ്മരണീയമാണ്. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ കോടതി ഇടപെട്ടില്ല. അതേസമയം, 
മറ്റ് പല കാരണങ്ങള്‍കൊണ്ട് സര്‍ക്കാര്‍ മുന്‍കൈയിലുള്ള ഇസ്ലാമിക് ബാങ്ക് അന്ന് നടപ്പായില്ല.

ഹൈക്കോടതിയില്‍ എത്തിയ കാലത്തുതന്നെയായിരുന്നു ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്ന എസ്. ഗോപകുമാരന്‍ നായര്‍ ക്ഷണിച്ചതനുസരിച്ച് സര്‍വീസ് നിയമങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പങ്കെടുത്തു പ്രസംഗിച്ചത്. ഗോപകുമാരന്‍ നായര്‍ മികച്ച അഭിഭാഷകനും നല്ല സംഘാടകനുമാണ്. സര്‍വീസ് കേസുകളിലും പലപ്പോഴും വ്യത്യസ്ത രീതിയില്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെന്നും അവ നൈയാമികവും മാനുഷികവുമായ പരിഗണന അര്‍ഹിക്കുന്നവയാണെന്നും അന്ന് സംസാരിച്ചതോര്‍ക്കുന്നു. ഇപ്പറഞ്ഞത് യഥാര്‍ത്ഥത്തില്‍ എന്റെ തൊഴിലനുഭവംകൂടിയായിരുന്നു.
തസ്തിക അംഗീകരിക്കപ്പെടാത്തതു കാരണം വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകരുടെ നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ എത്താറുണ്ട്. ഇരുപതു വര്‍ഷത്തിലേറെ ശമ്പളമില്ലാതെ ജോലി ചെയ്ത അദ്ധ്യാപികയ്ക്കുവേണ്ടി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുമ്പാകെ ഹാജരായി വാദിച്ചതോര്‍ക്കുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഉടനെതന്നെ ഹരജി അനുവദിച്ചു. ആ അദ്ധ്യാപികയ്ക്ക് അതുവരെയുള്ള ശമ്പളബാക്കിയായിത്തന്നെ വലിയൊരു തുക ലഭിച്ചു. അതവര്‍ അര്‍ഹിച്ചതായിരുന്നു; നിയമപരമായും വസ്തുതാപരമായും. സര്‍ക്കാരിന്റെ തലതിരിഞ്ഞ സമീപനം കാരണം അംഗീകാരം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വയനാട്ടിലെ ഒരുള്‍പ്രദേശത്തുനിന്നും ഒരുകൂട്ടം അധ്യാപികമാര്‍ ഹൈക്കോടതിയിലെത്തി. അവര്‍ക്കുവേണ്ടി നടത്തിയ വാദങ്ങള്‍ ജസ്റ്റിസ് അബ്ദുല്‍ ഗഫൂര്‍ അംഗീകരിക്കുകയും വേതനം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇത്തരം ഹരജികളില്‍ വാദിച്ച് അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുമ്പോള്‍ ലഭിക്കുന്ന തൊഴില്‍പരമായ സംതൃപ്തി ഏറെ വലുതാണ്. നിയമപുസ്തകങ്ങളില്‍നിന്നും കോടതിവിധികളില്‍നിന്നും മാത്രമല്ല, കക്ഷികളില്‍നിന്നും അനുഭവങ്ങളില്‍നിന്നും ചുറ്റുപാടുകളില്‍നിന്നുമെല്ലാം നിരന്തരം അറിവു ശേഖരിക്കാനും അവ ജീവിതത്തില്‍ പ്രയോഗിക്കാനും അഭിഭാഷകര്‍ക്കാകണം. ഒരു ആധാരമെഴുത്താപ്പീസില്‍ ജോലി തുടങ്ങുന്നതിനുമുമ്പ് എല്ലാവരും എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥിക്കുന്ന സമ്പ്രദായം നേരിട്ടു കണ്ടു. എറണാകുളത്തെ പ്രശസ്തമായ പ്രകാശന്‍ ആന്‍ഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തില്‍നിന്നും പഠിച്ച ഇക്കാര്യം വര്‍ഷങ്ങളായി ഞാന്‍ എന്റെ അഭിഭാഷക ഓഫിസിലും നടപ്പാക്കുന്നു. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ദൈവകൃപ നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥന, തൊഴിലെന്ന പ്രാര്‍ത്ഥനയെ എത്ര സഫലമായിട്ടാണ് പൂരിപ്പിക്കുന്നത്!

പല കേസുകളിലും നമ്മുടെ യുക്തിക്കും ചിന്തയ്ക്കും അതീതമായ അനുഗ്രഹങ്ങളും അനുഭവങ്ങളും ഉണ്ടാകാറുണ്ട്. മെഡിക്കല്‍ അഡ്മിഷന് അര്‍ഹതയുണ്ടായിട്ടും ചട്ടങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ അത് നിഷേധിക്കപ്പെട്ട കുട്ടിക്ക് സിംഗിള്‍ ജഡ്ജിയില്‍നിന്ന് അനുകൂലവിധി ലഭിക്കാത്തപ്പോള്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കേണ്ടിവന്നു. അതില്‍ കോടതി അനുകൂലമായി വിധി പറയാനിടയില്ലെന്ന് ഉറപ്പിച്ച സന്ദര്‍ഭത്തിലാണ് കുട്ടിക്ക് സഹായകരമായ ഒരു സുപ്രീംകോടതി വിധി വന്നതും അതിന്റെ അടിസ്ഥാനത്തില്‍ തോല്‍ക്കുമെന്നു തോന്നിയ കേസില്‍ ജയിക്കാനായതും. കോടതിയില്‍ നീതി കിട്ടാതെവന്ന ചില കേസുകളിലെങ്കിലും കോടതിക്കു പുറത്തുനിന്നും നീതി ലഭിച്ച എത്രയോ അനുഭവങ്ങള്‍ വേറെയുമുണ്ട്. മനുഷ്യാതീതമായ ഈ 'സര്‍ഗ്ഗാത്മകത' തന്നെയാകാം നീതിയുടെ വിതാനങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും നിലനിര്‍ത്തുന്നതും.

നൂറുകണക്കിന് പാര്‍ട്ട്ടൈം സ്വീപ്പര്‍മാരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകള്‍ ഹൈക്കോടതി നല്‍കുകയുണ്ടായി. 2005-ലെ ഒരു സര്‍ക്കാര്‍ ഉത്തരവു പ്രകാരം അന്നുവരെ കാഷ്വല്‍ സ്വീപ്പര്‍മാരായി ജോലി നോക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് നിബന്ധനയുണ്ടായിട്ടും പലരുടെ കാര്യത്തിലും ഈ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടായിരുന്നില്ല. പൊതുവേ വിദ്യാഭ്യാസം കുറഞ്ഞവരും പാര്‍ശ്വവത്കൃതരുമായ ഒരു വിഭാഗം തൊഴിലാളികളായിരുന്നു ഈ സ്വീപ്പര്‍മാര്‍. ഇത്തരക്കാരെ സ്ഥിരപ്പെടുത്താനുള്ള നൂറുകണക്കിന് വിധികള്‍ ഹൈക്കോടതിയില്‍നിന്നും നേടിയെടുക്കാനായത് ചാരിതാര്‍ത്ഥ്യജനകമാണ്. ശുദ്ധരും യാതന അനുഭവിക്കുന്നവരുമായ ഈ തൊഴിലാളികള്‍ക്ക് എന്തെങ്കിലും ഔദാര്യം ചെയ്തുകൊടുക്കുകയായിരുന്നില്ല ഞാന്‍ ചെയ്തത്. ഒരുവേള, അവര്‍ എന്നെ ഭരണഘടന പഠിപ്പിക്കുകയായിരുന്നു.

ചൂഷണത്തില്‍നിന്നും മുക്തമായ തൊഴില്‍സാഹചര്യത്തിനും നിയമത്തിന്റെ മുന്നിലെ തുല്യതയ്ക്കും പരിരക്ഷയ്ക്കും വേണ്ടിയുള്ള അവരുടെ എളിയ ഹരജികളിലാണ് ഭരണഘടനാതത്ത്വങ്ങളുടെ യഥാര്‍ത്ഥ ശോഭ കുടികൊള്ളുന്നതെന്ന് തോന്നിയിട്ടുണ്ട്. ഇത്തരം സാധാരണമനുഷ്യരാണ് അന്യഥാ വിമാനുഷീകരിക്കപ്പെട്ട നമ്മുടെ സംവിധാനങ്ങളെയും പ്രക്രിയകളെയും ജൈവികമാക്കിത്തീര്‍ക്കുന്നത്. ഇത്തരം കേസുകളില്‍ അന്യഥാ കാര്‍ക്കശ്യക്കാരായ ന്യായാധിപര്‍പോലും സഹാനുഭൂതിയോടെ കാര്യങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നു. ഇത്തരം കേസുകള്‍ വ്യവഹാരരംഗത്തെ 'കേരളമാതൃക'യുടെ കൂടി പ്രതിഫലനങ്ങളാണ്. തുച്ഛവരുമാനക്കാരായ തൂപ്പുകാരും വഴിവാണിഭക്കാരും സമാനമായ ജീവിതസാഹചര്യങ്ങളിലുള്ളവരും കേരള ഹൈക്കോടതിയെ സമീപിക്കുന്നതുപോലെ, രാജ്യത്തെ മറ്റ് ഹൈക്കോടതിയിലെത്തുന്നുണ്ടെന്നു തോന്നുന്നില്ല. സമൂഹത്തിലെ താരതമ്യേന മെച്ചപ്പെട്ട നീതിയുടെ നിലവാരം നിയമ-വ്യവഹാര രംഗങ്ങളിലും പ്രതിഫലിപ്പിക്കുന്നുവെന്നത് ആശ്വാസകരമാണ്. ഇതില്‍നിന്നും വ്യത്യസ്തമായ ചില പ്രവണതകള്‍ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അതിനെതിരെ കോടതിക്കകത്തും പുറത്തും ജാഗ്രത വേണം.

അതിനിടെ, ന്യായാധിപസ്വഭാവമുള്ള ഒരു റോള്‍ കുറച്ചുകാലത്തേക്ക് ഏറ്റെടുക്കേണ്ടിവന്നു. ഒരു പൊതുമേഖലാസ്ഥാപനം അതിലെ ഒരു ജീവനക്കാരിക്കെതിരെ അച്ചടക്കനടപടി തുടങ്ങിയപ്പോള്‍ തൊഴിലുടമതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ശരിയല്ലെന്നും അങ്ങനെ നിയമിക്കപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ തൊഴിലുടമയോട് വിധേയത്വം കാണിച്ചേക്കാമെന്നും അതിനാല്‍ത്തന്നെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെങ്കില്‍ ഹൈക്കോടതിതന്നെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുവേണം തനിക്കെതിരെയുള്ള അന്വേഷണം നടത്താനെന്നും വാദിച്ചുകൊണ്ട് ആ ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചു. അന്ന് ആ ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് ഗിരി എന്നെ അന്വേഷണ ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൊണ്ട് ഉത്തരവിട്ടു.

തികച്ചും ചിന്തോദ്ദീപകമായിരുന്നു, ആ റിട്ട് ഹരജിയിലെ ആവശ്യം. നമ്മുടെ നാട്ടിലെ തൊഴില്‍തര്‍ക്കങ്ങളില്‍ തൊഴിലുടമതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്ന പതിവുരീതിയില്‍നിന്നുള്ള ആരോഗ്യകരമായ വ്യതിചലനം ആവശ്യപ്പെടുന്ന ഹരജിയായിരുന്നു, അത്. തൊഴിലുടമ ചിലപ്പോള്‍ സ്വകാര്യസ്ഥാപനമോ വ്യക്തിയോ ആകാം. മറ്റുചിലപ്പോള്‍ പൊതുമേഖലാസ്ഥാപനമോ സര്‍ക്കാര്‍സ്ഥാപനമോ ആകാം. ഇപ്പറഞ്ഞ കേസില്‍ അത് പൊതുമേഖലാസ്ഥാപനമായതിനാലാണ് ഹൈക്കോടതിക്ക് വിഷയം പരിഗണിക്കാനായത്. സ്വകാര്യവ്യക്തിക്കും സ്ഥാപനത്തിനുമെതിരെ റിട്ടധികാരം പ്രയോഗിക്കാന്‍ കഴിയില്ലല്ലോ.

ഒന്നോര്‍ത്താല്‍, സ്വകാര്യ-സര്‍ക്കാര്‍ ഭേദമില്ലാതെ അച്ചടക്കനടപടികളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വതന്ത്രമായി നിയമിക്കപ്പെടണമെന്ന നിയമനിര്‍മ്മാണംതന്നെ രാജ്യത്ത് ആവശ്യമാണ്. പലപ്പോഴും തൊഴിലുടമതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്ന കേസുകളില്‍ അച്ചടക്കനടപടിയുടെ ഭാഗമായുള്ള അന്വേഷണം കേവലം പ്രഹസനമായിത്തീരാറാണ് പതിവ്. ഇതുവഴിയുണ്ടാകുന്ന നീതിനിഷേധം ഒഴിവാക്കപ്പെടേണ്ടതാണ്. പഴമൊഴിപോലെ പ്രചുരപ്രചാരം നേടിയ ഇംഗ്ലണ്ടിലെ ചീഫ് ജസ്റ്റിസായിരുന്ന ഹെവാര്‍ട് പ്രഭുവിന്റെ വാചകം ഇവിടെയും പ്രസക്തമാണ്: 'നീതി നടത്തിയാല്‍ പോരാ; അത് നടത്തിയതായി തോന്നിക്കുകയും വേണം.'

ഏകദേശം പതിനാറ് കുറ്റാരോപണങ്ങളായിരുന്നു, ഇപ്പറഞ്ഞ ജീവനക്കാരിക്കെതിരെ ചുമത്തപ്പെട്ടത്. മാനേജീരിയല്‍ തസ്തികയിലുള്ള ഈ വനിതയ്ക്കെതിരെ പകപോക്കലിന്റെയും വ്യക്തിഹത്യയുടെയും ഭാഗമായി ഉന്നയിക്കപ്പെട്ടവയായിരുന്നു, ഈ ആരോപണങ്ങള്‍ എന്നതായിരുന്നു, അവരുടെ വാദം. മറ്റുചില കാര്യങ്ങളുടെ പേരില്‍, തന്നോടുള്ള മുന്‍വൈരാഗ്യം കാരണം, തന്നെ ഉപദ്രവിക്കാനായി ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ മുഴുക്കേ വ്യാജമാണെന്നവര്‍ വാദിച്ചു.

തൊഴിലുടമയ്ക്കും ഈ ജീവനക്കാരിക്കും വേണ്ടി അഭിഭാഷകര്‍ ഹാജരായി. സാക്ഷികളുടെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും പിന്നീട് വാഗ്വാദവുമെല്ലാം കൂടി മുപ്പതില്‍പ്പരം സിറ്റിങ്ങുകള്‍ വേണ്ടിവന്നു അന്വേഷണം പൂര്‍ത്തീകരിക്കാന്‍. ഒരു ന്യായാധിപന്റെ ജോലി എത്ര ദുഷ്‌കരമാണെന്ന് എന്നെ മനസ്സിലാക്കിച്ച അനുഭവംകൂടിയായിരുന്നു, അത്. ഡേവിഡ് പാനിക് തന്റെ ജഡ്ജസ് എന്ന പുസ്തകം ആരംഭിക്കുന്നതുതന്നെ സവിശേഷമായ ഒരു നിരീക്ഷണത്തിലൂടെയാണ്: ന്യായാധിപര്‍ നിരന്തരം ചെയ്യുന്നത്, ഞാനും നിങ്ങളും പൊതുവേ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യമാണ്-തീരുമാനമെടുക്കുക എന്ന കാര്യം!

ഒടുവില്‍ വിചാരണയ്ക്കും വാദത്തിനും ശേഷം ഞാന്‍ 'വിധി'യെഴുതി- അന്വേഷണറിപ്പോര്‍ട്ടിന്റെ രൂപത്തില്‍. ജീവനക്കാരിക്കെതിരെ ഉന്നയിക്കപ്പെട്ട പതിനാറ് കുറ്റാരോപണങ്ങളും നിലനില്‍ക്കുകയില്ല എന്നതായിരുന്നു, എന്റെ കണ്ടെത്തല്‍. ആ റിപ്പോര്‍ട്ട് എഴുതിയപ്പോള്‍ ലഭിച്ച സംതൃപ്തി അവാച്യമായിരുന്നു. അതിലുപരി, ആ റിപ്പോര്‍ട്ട് തൊഴിലുടമയും അംഗീകരിച്ച് നടപ്പാക്കി. സസ്പെന്‍ഷനിലായിരുന്ന ആ ജീവനക്കാരിയെ സര്‍വീസില്‍ ആനുകൂല്യങ്ങളോടെ തിരിച്ചെടുത്തുവെന്നറിഞ്ഞപ്പോള്‍ കിട്ടിയ സംതൃപ്തിയും വലുതായിരുന്നു. തീരുമാനമെടുക്കുന്നത് പലപ്പോഴും പ്രയാസകരമാണെന്ന പാനിക്കിന്റെ നിരീക്ഷണം ശരിയാണെങ്കിലും, സര്‍ഗ്ഗാത്മകമായി ഒരു ഉത്തരവോ റിപ്പോര്‍ട്ടോ എഴുതുമ്പോള്‍, അതില്‍ മാനുഷികതയുടെയും നീതിയുടെയും നിയമത്തിന്റെയും സ്പന്ദനം ഉറപ്പിക്കാന്‍ കഴിയുമെങ്കില്‍ അതൊരു സത്കര്‍മ്മംതന്നെയായിരിക്കും.

സീനിയര്‍ എം.പി. ഗോവിന്ദന്‍ നമ്പ്യാരുടെ തലശ്ശേരിയിലെ ഓഫിസില്‍ ഒട്ടനവധി തൊഴില്‍തര്‍ക്കങ്ങള്‍ എത്താറുണ്ടായിരുന്നു. അവിടെ അന്വേഷണ ഉദ്യോഗസ്ഥരായി നിയമനം വേണ്ടിവരുന്ന തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാലത്ത് ഒരു സ്വകാര്യ ബസ്സിന്റെ ഉടമ ജീവനക്കാരനെതിരെയുള്ള അന്വേഷണത്തിനായി സീനിയര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് എന്നെ നിയമിക്കുകയുണ്ടായി. ഒടുവില്‍ ആ തര്‍ക്കം ഒത്തുതീരുകയും ജീവനക്കാരന്‍ തെറ്റുതിരുത്താന്‍ സമ്മതിച്ചുകൊണ്ട് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാവുകയും ചെയ്തു. കൂട്ടത്തില്‍ പറയട്ടേ, പലപ്പോഴും തൊഴില്‍തര്‍ക്കങ്ങളില്‍ തൊഴിലാളികള്‍ക്ക് ജീവനോപാധി നഷ്ടപ്പെടുത്താതെ ഒത്തുതീര്‍പ്പുണ്ടാകുന്നതിനെ സീനിയര്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. കുടുംബതര്‍ക്കങ്ങളിലും മറ്റു കേസുകളിലുമെല്ലാം ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യത എന്നും കക്ഷികള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗാന്ധിജി തന്റെ ആത്മകഥയില്‍ ഇക്കാര്യം ആത്മീയമായ ചൈതന്യത്തോടെ രേഖപ്പെടുത്തിയതാണ് ഇവിടെ ഓര്‍മ്മയില്‍ വരുന്നത്. ചില കേസുകള്‍ ഒത്തുതീര്‍ത്തപ്പോള്‍ അഭിഭാഷകനായിരുന്ന തനിക്ക് സാമ്പത്തികമായും ആത്മീയമായും നേട്ടമേ ഉണ്ടായിട്ടുള്ളൂ എന്ന് മഹാത്മജി സൂചിപ്പിച്ചിട്ടുണ്ട്.

അനാവശ്യമായി കേസുകള്‍ കൊടുക്കുന്നതും തികച്ചും മൗഢ്യമായിരിക്കും. അന്യഥാ കൈവശാവകാശവും ഉടമാവകാശവും ഉണ്ടായിരുന്ന ഒരു വസ്തുവിന് ക്രയസര്‍ട്ടിഫിക്കറ്റുകൂടി ലഭിക്കാനായി ഒരാള്‍ പയ്യന്നൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ ഹരജി നല്‍കി. അത് തള്ളിപ്പോയപ്പോള്‍ അപ്പലറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കാനായി കേസ് ഫയലുംകൊണ്ട് കക്ഷി തലശ്ശേരിയിലെ സീനിയറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത് ഈ ഹരജി നല്‍കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ്. പിന്നീട് ആ വ്യവഹാരം ഹൈക്കോടതിയിലും എത്തി. ഒഴിവാക്കാമായിരുന്ന ആ വ്യവഹാരം ആ മനുഷ്യന്റെ പണവും സമയവും ഊര്‍ജ്ജവും മനഃസമാധാനവുമാണ് നഷ്ടപ്പെടുത്തിയത്. ഹരജി കൊടുത്ത് തള്ളിപ്പോയിക്കഴിഞ്ഞാല്‍ പിന്നെ വ്യവഹാരം തുടര്‍ന്ന് നടത്താതെ വയ്യല്ലോ. എതിരായ ഉത്തരവിനെ ചോദ്യംചെയ്തില്ലെങ്കില്‍ സ്വന്തം കൈവശത്തിലും ഉടമസ്ഥതയിലുമുള്ള വസ്തുവിലെ അവകാശമായിരിക്കും കൈമോശം വരുക.

കുടുംബതര്‍ക്കങ്ങളിലും വളരെ ശ്രദ്ധിച്ചുവേണം നിയമപ്രക്രിയ ആരംഭിക്കാന്‍. കേരളത്തിലോ ഇന്ത്യയിലാകെത്തന്നെയോ ഇന്നും ശരിയായ അര്‍ത്ഥത്തിലുള്ള 'ഫാമിലി ലോയറിങ്' വികസിച്ചുവന്നിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കഴിഞ്ഞാല്‍ കോടതിനടപടികളിലൂടെ അവ വിളക്കിച്ചേര്‍ക്കാന്‍ മിക്കപ്പോഴും കഴിയണമെന്നില്ല. അതേസമയം, ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇന്ത്യയിലെ നിയമവ്യവസ്ഥതന്നെയാണ് ഇപ്പോഴും ഒടുവിലത്തെ അഭയകേന്ദ്രമെന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കപ്പെട്ടുകൂടാ. പ്രശ്നത്തിന്റെ ഭിന്നവശങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയും മാനുഷികകമായും വിലയിരുത്തി വരുംവരായ്കകള്‍കൂടി മുന്നില്‍ക്കണ്ടു വേണം അഭിഭാഷകന്‍ ഏതു കേസിലും നിയമോപദേശം നല്‍കാന്‍. വിദഗ്ദ്ധവും സത്യസന്ധവുമായ ഒരു നിയേമാപദേശത്തിന് ചിലപ്പോള്‍ ഒരു അനാവശ്യ വ്യവഹാരത്തെ അഥവാ ദുര്‍വ്യവഹാരത്തെ ഒഴിവാക്കാന്‍ കഴിയും. അഭിഭാഷകന്റെ അറിവും പരിചയസമ്പന്നതയും മാനവികതയോടുള്ള പ്രതിബദ്ധതയുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മാറ്റുരയ്ക്കപ്പെടുക. ശരിയായ നിയമോപദേശത്തിന് ന്യായമായ പ്രതിഫലം കൈപ്പറ്റുന്നതില്‍ ഒരു തെറ്റുമില്ല. അമിതമായ ഫീസ് ഈടാക്കി തെറ്റായ വ്യവഹാരം നടത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ മോശപ്പെട്ടതും ഒഴിവാക്കപ്പെടേണ്ടതുമായ കാര്യം. ശരിയായ നിയമോപദേശവും ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ കോടതിക്കു പുറത്തെ സര്‍ഗ്ഗാത്മകപ്രവൃത്തിതന്നെയാണ്!