കൊച്ചി: നഗരത്തെ വിറപ്പിച്ച് പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പോലീസിന് കഴിയില്ലെങ്കിൽ പറയണം, ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള റോഡിൽ തൃശ്ശൂർ സ്വദേശിനിയായ അക്ഷര സ്വകാര്യ ബസിടിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ശക്തമായ പ്രതികരണം.

To advertise here,

ഡെപ്യുട്ടി കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണർമാരെയും വിളിച്ചുവരുത്തിയ കോടതി ഒരാഴ്ചയ്ക്കകം ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടി ഉണ്ടാകണമെന്നും നിർദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സീബ്രാ ക്രോസിങ് എവിടെയാണെന്നുപോലും അറിയാനാകില്ലെന്ന് കോടതി പറഞ്ഞു. ക്യാമറയൊക്കെ കണ്ണടച്ചു. പോലീസ് കർശന നടപടി സ്വീകരിച്ചാൽ എല്ലാം മാറും.

ബസുകളുടെ അമിതവേഗവും അപകടവും തുടർക്കഥയാണെന്ന് അമിക്കസ് ക്യൂറി വിനോദ് ഭട്ട് വിശദീകരിച്ചു. വലിയ വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യരുതെന്നതടക്കമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം. എല്ലാവരും തിടുക്കത്തിലാണ്, എവിടേക്കാണെന്നുമാത്രം അറിയില്ല. എല്ലാവരും മാറി കൊടുക്കുമെന്നാണ് ബസുകൾ കരുതുന്നത്. അതിനായി അവർ ഹോൺ അടിച്ച് പേടിപ്പിക്കുകയാണ്.

ബസ്സുടമകൾക്കെതിരേ നടപടി വേണം

വാഹനാപകട കേസുകളിൽ ബസ്സുടമകൾക്കെതിരേ നടപടി സ്വീകരിക്കാത്തത് എന്തെന്നും കോടതി ചോദിച്ചു. അവർക്ക് ഉത്തരവാദിത്വം ഉണ്ട്. ബസ്സുടമകൾക്കെതിരേയും നടപടി വേണം. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്താൽ പിന്നീട് തിരിച്ചുവരും. ബസുകളുടെ ചുവന്നനിറം മാറ്റിയെങ്കിലും സ്വഭാവം മാറിയിട്ടില്ല. കൊച്ചി പഴയ കൊച്ചിയല്ല. റോഡിലൂടെ നടക്കുന്നവർ ഏറെയുണ്ട്.

അവർക്കുപോകാൻ സ്ഥലമില്ലാതായിരിക്കുന്നു. കാക്കനാട്ടെ അപകടത്തിനിരയായ യുവതിക്ക് മാറിനിൽക്കാൻ സ്ഥലമില്ലായിരുന്നു. ഇൻഫോപാർക്കിലേക്ക് പോകുന്ന വഴി ഇടുങ്ങിയതാണ്. അവിടെ നടപ്പാതയില്ല. അക്ഷര അപകടത്തിനിരയാകുന്നതിന്റെ ദൃശ്യങ്ങളും കോടതി കണ്ടു. റോഡിലൂടെ അവർ നടന്നുവരുന്നത് ആർക്കും കാണാമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഒരു സംവിധാനം മുഴുവൻ പരാജയപ്പെടുകയായിരുന്നുവെന്ന് കോടതി പറഞ്ഞു.

ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്

ടൈമിങ് എന്നൊക്കെ പറഞ്ഞ് ബസുകളുടെ അമിത വേഗത്തെ ന്യായീകരിക്കരുത്. അതൊക്കെ മോട്ടോർവാഹന വകുപ്പ് നോക്കും. റോഡിലെ സുരക്ഷ പോലീസ് ഉറപ്പാക്കണം. അമിത വേഗത്തെക്കുറിച്ച് പരാതി പറയാൻ പോലീസിനെ വിളിച്ചാൽ ഫോട്ടോ ഉണ്ടോ വീഡിയോ ഉണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. അല്ലാതെ എങ്ങനെയാണ് കണ്ടുപിടിക്കുമെന്നാണ് അവർ ചോദിക്കുന്നത്.

കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.

ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഓൺലൈനിൽ കോടതിയിൽ ഹാജരായിരുന്ന ഡി.സി.പി. അരുൺ കെ. പവിത്രൻ ഉറപ്പ് നൽകി. മൂന്ന് അസിസ്റ്റന്റ് കമ്മിഷണർമാരും കോടതിയിൽ ഹാജരായിരുന്നു.