
ആള്‍ക്കൂട്ടത്തിലും എഴുത്തുകൂട്ടത്തിലും ഒറ്റയ്‌ക്കൊരു ഇന്ദുമേനോന്‍ കൗതുകം നിറഞ്ഞ കാഴ്ചയാണ്; അവരുടെ എഴുത്തുകള്‍ പോലെ. ന്യായത്തോടെ നീതിപ്പെട്ടും അന്യായത്തോട് കലഹിച്ചും അവര്‍ ഓരോ വായനക്കാരന്റെയും തൊട്ടരികില്‍ത്തന്നെയുണ്ട്. അനുഗ്രഹീതമായ ഭാഷകൊണ്ട് വായനക്കാരുടെ ഉള്ളം പൊള്ളിക്കാന്‍, കയ്പാര്‍ന്ന അനുഭവങ്ങള്‍കൊണ്ട് അനുവാചകരുടെ മനസ്സ് നീറ്റിക്കാന്‍ ഇന്ദുമേനോന്‍ പടച്ചുവിടുന്ന വാക്കുകളുടെ കരുത്ത് ഒന്നുമാത്രം മതി. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'ഞാനൊരു പാവം ഗിഥാറല്ലെ,എന്തിനാണ് നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത്' എന്ന ആത്മകഥാപുസ്തകം ഇന്നേവരെയുള്ള ഇന്ദുമേനോനില്‍ നിന്നും വേറിട്ടൊരു നടത്തം കൂടിയാണ്. ആത്മഹത്യയ്ക്കും വിഷാദത്തിനും ജീവിതത്തിനുമിടയിലെ വിഷാദപ്പെരുങ്കാലമാണ് ഇതിലെ ഓരോ കുറിപ്പുകളും. പുസ്തകത്തിലെ മുലയൂട്ടുപെണ്ണുങ്ങളുടെ അധിദേവത എന്ന അധ്യായം വായിക്കാം.
ഒരേ മുല, കൗമാരത്തില്‍ അപമാനവും അപകര്‍ഷതയും നല്‍കി പെണ്‍കുട്ടികളെ അപഹാസ്യരാക്കുന്നു... അതേ മുലകള്‍ യൗവനത്തില്‍ ലോകവിശപ്പിന്റെ കണക്കുകള്‍ തീര്‍ത്ത് അവരെ ദേവതയാക്കുന്നു.
അപമാനങ്ങള്‍ ഇങ്ങനെയാണ്. അവള്‍ പതിനാറുകാരി അമ്പലത്തില്‍നിന്നും വരുന്നു. കുളത്തിനു സമീപത്തെ ഇടറോഡിലെ ചക്കരപ്പൂഴിയില്‍ ചെരിപ്പിടാത്ത കാലുകള്‍ അമര്‍ത്തി, പൂച്ചയെപ്പോലെ വരുന്നു. അസാധാരണമാംവിധം മെലിഞ്ഞ ഉടല്‍... ആ മെലിച്ചിലിനു യോജിക്കാത്തവിധം, കറുത്ത പട്ടുബ്ലൗസില്‍ മുറുകിനില്ക്കുന്ന വലിയ നെഞ്ച്. ഞൊറിയന്‍ കസവുപാവാടയുടെ അരികുകളില്‍ സ്വര്‍ണ്ണനൂല്‍മാങ്ങാച്ചിത്രം മിന്നിത്തിളങ്ങുന്നു... നിറയെ പിങ്ക് ആമ്പലുകള്‍ നിറഞ്ഞ കുളത്തില്‍നിന്നും കടലിലേക്ക് ആഞ്ഞടിക്കുന്ന ആമ്പല്‍മണക്കാറ്റ്. അഴിച്ചുപരത്തിയ ഈറന്‍മുടി തണുത്ത് കുളിര്‍ന്നു പറക്കുന്നു. അവളുടെ കാലുകളില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത, തമിഴത്തിപ്പാദസരത്തിന്റെ ആയിരം മുത്തുകള്‍ കിലുങ്ങുന്നുണ്ട്. കൗമാരത്തിന്റെ തിളങ്ങുന്ന പുഞ്ചിരി, ഉയര്‍ത്തിപ്പിടിച്ച തല, ഗര്‍വ്വമായി ജിമിക്കികള്‍...
'എടീ,' കലുങ്കില്‍നിന്നൊരു കഞ്ചാവ് മണക്കുന്ന വിളി.
'ടീ, നീ തിന്നുന്നതൊക്കെ മുടിയിലേക്കും മൊലേല്‍ക്കും ആണോടീ പോണേ?' കേട്ടത് സത്യമാണോ എന്ന ഞെട്ടലില്‍നിന്നും അവള്‍ വിമുക്തമാകുംമുന്‍പേ പട്ടുടുപ്പിന്റെ ബട്ടണുകള്‍ പൊട്ടിപ്പോകുംവിധം അശ്ലീലകരമായ ഒരു പുരുഷനോട്ടത്തില്‍ അവന്‍ വിടലച്ചിരി ചിരിച്ചു.
തൊലി പൊളിയുന്ന അപമാനം... മുലകള്‍ ഇത്രമേല്‍ ആഭാസകരവും നിന്ദാകരവുമാണെന്ന അവബോധം... ഷാളുകൊണ്ടു മറയ്ക്കാതെ ഇനിമേല്‍ പുറത്തിറങ്ങിക്കൂടാ എന്ന ഉറച്ച തീരുമാനം... നീണ്ട മുലകളും നീണ്ട മുടിയിഴകളും പെണ്‍മയല്ല, പെണ്‍ശരീരനിന്ദയാണെന്ന ഉള്ളുലച്ചിലിലൂടെ തല കുമ്പിട്ട് നടന്നുപോകേണ്ടിവന്ന കൗമാരഗതികേട്...
മുല അഴകുമമൃതുമല്ല, രക്തത്തുടുപ്പില്‍ പുരുഷവിശപ്പിന്റെയാഴമളക്കുന്ന കേവല മാംസക്കഷണമാണെന്ന തിരിച്ചറിവ്... എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ കോളേജില്‍ സീനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് എന്നെ അപമാനിച്ചത് എന്ന വേദന. പരാതിയുമായ് ചെന്ന എന്നെ പ്രിന്‍സിപ്പലിനടുത്തേക്കു പറഞ്ഞുവിടാത്തതിന്റെ ദേഷ്യം. എന്തു ലോകം എന്ന് ഞാന്‍ വെറുപ്പോടെ, അറപ്പോടെ ചിന്തിച്ചു.
കണ്ണാടിയുടെ മുന്‍പില്‍, എന്റെ കണ്ണുകള്‍ക്കു മുന്‍പില്‍ത്തന്നെ ലജ്ജയോടെ കൂമ്പിനിന്ന മുലകളുടെ നാണച്ചിരി...,വലിയ മുലകളുള്ള സ്ത്രീ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടേയിരിക്കുമെന്ന് എന്നെ പഠിപ്പിച്ചു...
മുലയപമാനങ്ങളുടെ വന്‍തുടക്കം മാത്രമായിരുന്നു അത്. അതിനു മുന്‍പ് സ്‌കൂള്‍ക്കാലത്ത് എട്ടാം ക്ലാസുകാരിയുടെ യൂണിഫോം മുഴുപ്പില്‍ നോക്കി, 'ഇവള്‍ക്ക് ബ്രാ ഇട്ടുകൂടെ' എന്ന് അമ്മയ്ക്ക് സന്ദേശം കൊടുത്ത ബയോളജി ടീച്ചറുടെ വല്ലാത്ത കണ്ണുകള്‍ എന്നെ നാണം കെടുത്തിയിരുന്നു.
ശേഷം വീഡിയോ കാസറ്റുകള്‍ വാടകയ്‌ക്കെടുക്കാന്‍ ചെന്ന പെണ്‍കുട്ടിയെ പുറകില്‍നിന്നു ബലാത്കാരമായി കെട്ടിപ്പിടിച്ച് ഒരു കൈകൊണ്ടവളുടെ വായും മറുകൈകൊണ്ട് അവളുടെ നെഞ്ചുമമര്‍ത്തി ചെവിട്ടില്‍, 'നിനക്ക് മുലക്കണ്ണുകളില്ലേ' എന്ന ഓക്കാനച്ചോദ്യത്തില്‍ എന്റെ പെണ്‍മയെ മുഴുവന്‍ വഴിവക്കിലിരുന്ന് ഛര്‍ദിച്ച് കളയിപ്പിച്ച അപരിചിതനായ ചെറുപ്പക്കാരന്‍ എന്നെ അവമതിയുടെയും നിന്ദയുടെയും ചതുപ്പിലേക്കു തള്ളിയിട്ടിരുന്നു...
എഴുത്തുകാരി പ്രസംഗിക്കുമ്പോള്‍, അവളുടെ സാരിക്കിടയിലൂടെ നെഞ്ചളവും മുഴുപ്പും വീഡിയോ എടുത്ത എഴുത്തുകാരനോട് യുദ്ധം ചെയ്തപ്പോള്‍, 'ഉരുകത്തൊന്നുമില്ലല്ലോ', 'തൊട്ടിട്ടൊന്നുമില്ലല്ലോ' എന്നൊക്കെയുള്ള പ്രതികരണങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായതയും അപമാനവും കലര്‍ന്ന് തല കുമ്പിട്ടു നിന്നവളെ പഴിപറഞ്ഞ ചിലര്‍, ഞരമ്പുരോഗിയായ എഴുത്തുകാരനെക്കാളുമപ്പുറം അപമാനം നല്കിയിരുന്നു...
ആതുരകാലങ്ങളില്‍, ഹൃദയമിടിപ്പ് ഒന്നോ രണ്ടോ തവണ തെറ്റിയോയെന്നു പരിശോധിക്കുന്ന ഇക്കോമുറിയില്‍, പ്രാണന്റെ നെടുമ്പിടച്ചിലുകള്‍ പകര്‍ത്ത നിശ്ചലമായ കൈ...അലിവോടും കരുണയോടെയും രോഗിയെ നോക്കേണ്ടുന്നതിനു പകരം യൗവനം യുദ്ധം ചെയ്യുന്ന വിരലുകളോടെ മെഡിക്കല്‍ ജെല്‍ പശപ്പ് മുലച്ചുണ്ടില്‍ തൊട്ട് 'ഗോര്‍ജ്യെസ്സ്' എന്ന് കണ്ണില്‍ കത്തിയ കാമത്തോടെ പറഞ്ഞപ്പോള്‍ എഴുന്നേറ്റോടാനാകാത്ത എന്റെ അവസ്ഥയില്‍ കടുത്ത ആത്മനിന്ദയാല്‍ ഉരുകി, ഞാന്‍ പൊട്ടിക്കരഞ്ഞു...
എല്ലാ വലിയ മുലക്കാരിപ്പെണ്ണുങ്ങളെയുംപോലെ വളര്‍ച്ചയുടെ എല്ലാ കാലങ്ങളിലും എനിക്ക് എന്റെ നെഞ്ച് അപമാനകരമായി തോന്നി. വഴിവക്കില്‍, സ്‌കൂളില്‍, കോളേജില്‍, അമ്പലങ്ങളില്‍, ആശുപത്രികളില്‍, തൊഴിലിടങ്ങളില്‍, പ്രസംഗവേദികളില്‍ ഒക്കെ സദാ അപമാനിക്കപ്പെട്ടു. ഈ അപമാനങ്ങളെ മറികടന്ന അപൂര്‍വം പെണ്‍സുഹൃത്തുക്കളില്‍ ചിലരെങ്കിലും എനിക്ക് ആത്മവിശ്വാസം തരാന്‍ പരിശ്രമിച്ചിരുന്നു. ഷാള്‍ മടക്കി വലിച്ചെറിയാന്‍ അവരെന്നോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ യുദ്ധവും സമരവുമൊക്കെ ചെയ്താണു മാറു മറയ്ക്കാന്‍ അവകാശം വാങ്ങിയതെന്നും മാറുമറയ്ക്കല്‍ എന്റെകൂടി അവകാശമാണെന്നും ഞാന്‍ വീറോടെ വാദിച്ചു. തമാശകള്‍ക്കുള്ളിലും വലിയ മുലകള്‍ ചുമക്കുന്ന ഓരോ സ്ത്രീയും പൊതുവിടത്തില്‍ കാഴ്ചവസ്തുവാകുന്നെന്ന സത്യം ഞാന്‍ പറയാന്‍ ശ്രമിച്ചു...
'അവറ്റകളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം,' പെണ്ണുങ്ങള്‍ പിറുപിറുത്തു.
ഈ അപമാനം പലപ്പോഴും പല പ്രശ്‌നങ്ങളിലും എന്നെ കൊണ്ടുചാടിച്ചിട്ടുണ്ട്. കണ്ണുകളിലേക്കു നോക്കാതെ, മുഖത്തു നോക്കാതെ, അല്ലെങ്കില്‍ സംഭാഷണത്തിനിടെ കണ്ണ് നെഞ്ചിലേക്കൂര്‍ന്നുവീഴുന്ന കുറച്ചുപേരോട് സംസാരിക്കാന്‍പോലും മടിയായി. ഒരിക്കല്‍ ഒരു മുലനോട്ടക്കാരനില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കെ, ഒരു കാറ്റില്‍ ട്രാപ്പില്‍ വീണ് എന്റെ കാലു കുടുങ്ങി, എനിക്ക് വലിയ മുറിവുവരെ പറ്റി.
എന്റെ കുഞ്ഞുങ്ങളാണ് സത്യത്തില്‍, കൗമാരകാലത്തില്‍ മുഴുവന്‍ എന്നെ പിന്തുടര്‍ന്ന ആ അപമാനത്തില്‍നിന്നും കൈപിടിച്ചു കയറ്റിയത്. ഓരോ കുഞ്ഞും ഓരോ പെണ്ണുങ്ങളെയും ദേവതമാരാക്കി മാറ്റുകയാണ്. വിശപ്പകറ്റി വാത്സല്യമുതിര്‍ത്ത് ഓരോ തുള്ളി അമ്മിഞ്ഞപ്പാലൊപ്പം പ്രപഞ്ചത്തെ ഊട്ടുകയാണ് ഓരോ അമ്മയും. എന്റെ രണ്ടു കുഞ്ഞുങ്ങള്‍ കൂടാതെ മറ്റു രണ്ടു കുഞ്ഞുങ്ങള്‍ക്കുകൂടി അമ്മയായിട്ടുണ്ട് ഞാന്‍. രണ്ടു മുലകുടിബന്ധങ്ങള്‍... ഓരോ മുലകുടിപ്പരിശവും ചോരപ്പരിശത്തോളം തീവ്രമായത്. എന്റെ കുട്ടിക്കാല കൂട്ടുകാരികള്‍ സുലൈക്കയും സുഹറയുമൊക്കെ പഠിപ്പിച്ചുതന്നത്. ഓരോ തുള്ളി മുലപ്പാലിനും കണക്കുണ്ട്, അമ്മക്കണക്ക്. ജാതിയില്ലതിന്, മതമില്ലതിന്....രക്തബന്ധത്തെക്കാള്‍ തീവ്രമായി വരുന്ന, വളരുന്ന ഒരു ബന്ധമായി അതു മാറുന്നു...
രണ്ടാമത്തെ മകന്റെ ജനനശേഷം മരണവും രോഗവുമായിട്ടൊക്കെ വല്ലാത്തൊരു യുദ്ധം ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍. മെഡിക്കല്‍ കോളേജിലെ പ്രസവവാര്‍ഡിലെ ദുരിതങ്ങളും, അമ്മ എന്ന മഹദ്‌സങ്കല്പത്തിനു ഹൃദയത്തിലുയര്‍ത്തിവെച്ച പവിത്രതയൊക്കെ കളയിച്ചു കളഞ്ഞു. തീര്‍ത്തും ബയോളജിക്കലായ പരിണാമപ്രക്രിയയിലുപരിയായ് ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയ്‌ക്കൊന്നും ഒരു പ്രാധാന്യവും ഉണ്ടാകേണ്ടതില്ല എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ കടുപ്പത്തിനൊപ്പം ഹൃദ്രോഗവും കൂടിയായപ്പോള്‍ വല്ലാത്തൊരു നിര്‍മമതാവസ്ഥയിലേക്കു ഞാന്‍ മാറിയിരുന്നു.
മരണക്കിടക്കയില്‍വെച്ച് എനിക്ക് ലോകത്തെപ്രതിയുള്ള എല്ലാ സന്തോഷങ്ങളും നശിച്ചുപോയിരുന്നു. മക്കളെക്കുറിച്ചുള്ള വ്യഥ നഷ്ടപ്പെട്ടു. ദൈവത്തെപ്രതിയുള്ള വിശ്വാസങ്ങള്‍ പൊയ്‌പ്പോയി. വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചുള്ള ആധികള്‍ ഇല്ലാതായി. മരണത്തെ ഭയമില്ലാതായി. ജീവിതാസക്തികളും നഷ്ടപ്പെട്ടു. ഞാനൊരു സ്വാര്‍ഥയായി മാറി. എല്ലാ വിഷാദനിര്‍മമതകളിലും സ്വാര്‍ഥത പുരണ്ടുകിടപ്പുണ്ട്. എന്നിലേക്ക് എനിക്കായ് ചുരുങ്ങുന്ന മനുഷ്യരാണു വിഷാദകാരികളാകുന്നത്. പക്ഷേ, എന്റെ ശരീരം അപ്രകാരമായിരുന്നില്ല. ആശുപത്രിക്കിടക്കയിലേക്കു രണ്ടു മണിക്കൂര്‍ ഇടവിട്ട് കടന്നുവരുന്ന എന്റെ ഹിഡുംബന്‍ചെക്കനെന്റെ നെഞ്ചില്‍ തൊടുന്നപാട് മുലകള്‍ ചുരക്കാന്‍ തുടങ്ങി... അവനെക്കുറിച്ച് ഓര്‍ക്കുന്ന നിമിഷം എന്റെ മുന്നുടുപ്പുകള്‍ പാലാല്‍ നനഞ്ഞു കുതിര്‍ന്നു... അമിതമായ പാലുത്പാദനമായിരുന്നു. അക്കാലത്തെ രണ്ടാമത്തെ പ്രശ്‌നം. കണ്ണീരുപോലെ വിഷാദം ചുറയുന്ന ഓരോ മാത്രയിലും പാല്‍ ചുരക്കാനാരംഭിച്ചു. 30 ബ്രെസ്റ്റ് പാഡുകള്‍വരെ ഉപയോഗിച്ച ദിവസമുണ്ട്. നനഞ്ഞ ഉടുപ്പും, പാല്‍ മണക്കുന്ന കട്ടിലുകളും, മുലകുടിക്കുശേഷം മില്‍ക്ക്ബാത്ത് നടത്തുന്ന മകനും, കൂടെ വിഷാദവും.
'എനിക്കു വയ്യ,' ഞാന്‍ ഡോക്ടറോടു പറഞ്ഞു, 'പാലുത്പാദനം കുറയ്ക്കാന്‍ മരുന്നുണ്ടോ?'
'ഇല്ല... വറ്റിക്കുന്ന മരുന്നുണ്ട്. പക്ഷേ, ഞാന്‍ എഴുതുകയില്ല,' ഡോക്ടര്‍ അലിവോടെ വിസമ്മതിച്ചു.
'എനിക്കു നാണക്കേടാകുന്നു. അടുത്ത ബെഡ്ഡുകാരൊക്കെ നോക്കുന്നു,' ഞാന്‍ പരാതിപ്പെട്ടുനോക്കി.
'യൂ ആര്‍ സോ ലക്കി... അതു കാര്യമാക്കണ്ട.'

'കിട്ടണ്ട. ഇങ്ങളെ മോനൊക്കെ വേറെ പണിയില്ലാതിരിക്കല്ലെ. എനിക്കും എന്റെ കുട്ടിക്കും അത്ര ശ്വാസം മതി.' ഞാന്‍ എടുത്തടിച്ച മറുപടിയില്‍ അവരെ നിശ്ശബ്ദരാക്കി... ആയിരം മനുഷ്യരുടെ ചൂട്. കാറ്റ് കയറാത്ത വാര്‍ഡ്. ചുടുകാറ്റുണ്ടാക്കുന്ന പങ്ക. പാലൊഴുകി വേദനിക്കുന്ന മുലകള്‍. സിസേറിയന്‍ മുറിവിന്റെ വേദന. എത്ര സൗമ്യയായ സ്ത്രീയും പരുക്കനായി മാറുന്ന സന്ദര്‍ഭമാണത്.
തുറിച്ചുനോട്ടങ്ങളില്‍ പത്തുപതിനെട്ടു ദിവസങ്ങള്‍ കടന്നുപോയി. മൊബൈലില്‍ അമ്മിഞ്ഞകുടി പകര്‍ത്തിയ വീരനെ സെക്യൂരിറ്റിയെക്കൊണ്ടു പിടിപ്പിച്ചും ഒരുത്തനിട്ടു മുഖത്തു കുത്തിയും നിരന്തരപരാതി അധികൃതര്‍ക്കു നല്കിയും പെണ്‍വാര്‍ഡുകളില്‍ ഒളിഞ്ഞിരിക്കുന്ന നോട്ടക്കാരെ ഞാന്‍ സദാ ദ്രോഹിച്ചുകൊണ്ടിരുന്നു...
ആശുപത്രിവാസം കഴിഞ്ഞു...
കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. വീട്ടിലെത്തി നല്ല ഭക്ഷണവും മുട്ടയും പാലും ഇലക്കറികളും തട്ടി അമ്മപ്പശു പാല്‍ചുരത്ത് ഒന്നുകൂടി വര്‍ധിപ്പിച്ചു. അപകടകരമാംവിധം പാലുത്പാദിപ്പിക്കുന്ന മനുഷ്യയന്ത്രമായി ഞാന്‍ പരിണമിച്ചു. വീട്ടിലെ പണിക്കാരികളും അയല്‍പക്കക്കാരികളും മൂക്കത്തു വിരല്‍ വെച്ചു.
'ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം. വളരെ അപൂര്‍വമായിക്കാണുന്ന ഒന്നാണ്,' ഡോക്ടര്‍ വിധിയെഴുതി.
'ഇതെന്താപ്പോ ഇങ്ങനെ?' സന്ദര്‍ശകരും അയല്‍വാസികളും മൂക്കത്തു വിരല്‍വെക്കുന്നു.
പാലോട് പാല്‍... ഉടുപ്പില്‍, കിടക്കയില്‍, കുഞ്ഞിന്റെ ഉടലില്‍, തറയില്‍. കിടക്കവിരി പാലില്‍ കുതിര്‍ന്നു... വേതുവെള്ളം കുളിമുറിത്തറയില്‍, വെളുത്ത നിറത്തില്‍ പാലിട്ടൊഴുകി. ഗര്‍ഭശുശ്രൂഷക്കാരി എന്നെ തുറിച്ചുനോക്കി. പാല്‍ ചുരത്തുന്ന അദ്ഭുതജീവി. ഓരോ രണ്ടു മണിക്കൂറിലും കുഞ്ഞിനു നിര്‍ബന്ധമായി ഞാന്‍ പാലു കൊടുത്തുകൊണ്ടിരിക്കും. കുഞ്ഞ് കുടിച്ചതിനു ശേഷവും മിച്ചമാകുന്ന പാലു കെട്ടി നെഞ്ച് വേദനിക്കുവാന്‍ തുടങ്ങി. ചെറുങ്ങനെ പനിക്കാനും. പാല്‍ മുഴുവനായി കറന്നുപോയില്ലെങ്കില്‍ കുത്തിയെടുക്കേണ്ടിവരും എന്നതു കേട്ടു ഞാന്‍ പേടിപൂണ്ടു വിറച്ചു. പാലില്ലാതെ പ്രശ്‌നമനുഭവിക്കുന്ന അനേകം പെണ്ണുങ്ങളുണ്ട്. പാല്‍ ചുരത്തിയാല്‍ പ്രശ്‌നമനുഭവിക്കുന്നവരുണ്ടോ? ഗൂഗിളില്‍ പരതലല്ലാതെ മറ്റെന്തുണ്ട്.
ഓട്ടോമാറ്റിക് ബ്രെസ്റ്റ് പമ്പ്. അദ്ഭുതകരമായ പ്രതിവിധി. പതിനായിരം രൂപ ചെലവാക്കി സാധനം വാങ്ങിച്ചെടുത്തു. അദ്ഭുതകരമായ യന്ത്രം. പാല്‍ വലിച്ചെടുക്കുന്നതില്‍ മികവ്. എന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി. നിത്യവും ഒന്നരഗ്ലാസ് പാല്‍വീതം പമ്പ് വലിച്ചെടുത്തത് മിച്ചം വന്നു. എന്റെ ചെറിയ മകന്, അത്ര പാല്‍ കുടിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ അമ്മ സൂത്രക്കാരിയായി. മകള്‍ക്ക് കുടിക്കാനുള്ള പശൂമ്പാല്‍ വാങ്ങല്‍ നിര്‍ത്തി. അവള്‍ സ്‌കൂളില്‍നിന്നും വരുമ്പോള്‍ ബൂസ്റ്റിട്ട് കലക്കി മിച്ചംവന്ന അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ കൊടുത്തു...ചായയ്ക്ക് പാലില്ലാത്ത ദിവസം പാവം എന്റെ അനിയത്തി അറിയാതെ ഫ്രിഡ്ജില്‍നിന്നും മുലപ്പാലൊഴിച്ച് ചായയിട്ട് കുടിച്ച വിവരം സ്വകാര്യമായി പറഞ്ഞ് ഞാനുമമ്മയും പൊട്ടിച്ചിരിച്ചു. അനിയന്റെ കുഞ്ഞുമകന്‍ ബൂസ്റ്റിട്ട് കൊടുത്ത എന്റെ പാല്‍ മടുമടാ കുടിച്ചു. എന്റെ വീട്ടിലെ ആള്‍ടൈം മില്‍ക്ക് ദേവതയായി ഞാന്‍ തിളങ്ങി....മുലയൂട്ടുദേവത... ഒരുപക്ഷേ, അധിദേവതതന്നെയും...
കഥ തീരുന്നില്ല...
വര്‍ഷങ്ങളായി എന്റെ സുഹൃത്തായിരുന്ന സുജാതയ്ക്ക് കുട്ടികളില്ലായിരുന്നു. ഏറെ ചികിത്സകള്‍ക്കുശേഷം കുഞ്ഞുണ്ടാകില്ലെന്ന തോന്നലില്‍ അവള്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. ഏതാണ്ട് ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അതിന്റെ നിയമകാര്യങ്ങളുടെ തിരക്കിലായിരുന്നു അവള്‍. എന്നെ വിളിക്കാനോ കാണാനോ അവള്‍ക്ക് ആ സമയത്ത് സാധിച്ചിരുന്നില്ല. എന്റെ പാല്‍ജന്മകഥകള്‍ കൂട്ടുകാരികള്‍ക്കിടയില്‍ കൗതുകകഥയായി പരക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ പാല്‍ കാരണം ദുഃഖിക്കാനാവാത്ത എന്നിലെ വിഷാദരോഗിയെ പരിഹസിച്ചു ചിരിച്ചു...
'കരയാന്‍ കഴിയൂല ഓക്ക്. കരയാന്‍ വിചാരിക്കുമ്പോ പാലു ചൊരക്കുന്നു. ഭീകരപ്രശ്‌നമാണ്. സങ്കടം വരുമ്പോ കരയുന്ന അമ്മിഞ്ഞ,' അവര്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. സംഗതി സത്യവുമായിരുന്നു. വിഷാദം വര്‍ദ്ധിക്കുമ്പോള്‍ പാലുത്പാദനം കൂടി. എനിക്കു പിരാന്തുപിടിച്ചു.
സുജാത ഈ കഥകളൊക്കെ കേട്ട് ചിരിക്കാതെ, വിചിത്രമായ ആവശ്യവുമായി എന്നെ സമീപിച്ചു. ആശുപത്രിയിലെ അപരിചിതനായ കുട്ടിക്ക് പാലു കൊടുത്ത എന്നെയായിരുന്നു അവള്‍ക്കാവശ്യം. അവളുടെ ദത്തുമകള്‍ക്ക് പശുവിന്‍പാലും പൊടിപ്പാലും അലര്‍ജിയായി വയറ്റില്‍നിന്നും ചോര വരുന്നുവത്രേ. അവളുടെ കുഞ്ഞിനു ഞാന്‍ പാലു കൊടുക്കണം. അവള്‍ക്കു ചോദിക്കുവാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.
'നിന്റെ മകന്‍ കുടിച്ചുകഴിഞ്ഞ് മിച്ചം വരുന്നത് മതി. പ്ലീസ്.' ഞാനവളെ തുറിച്ചുനോക്കി. എന്തു ഭാവിച്ചാണ്. എന്തൊരൗചിത്യമില്ലായ്മയാണു ചോദിക്കുന്നത്? എന്റെ ഭര്‍ത്താവിനിഷ്ടപ്പെടുമോ? വീട്ടുകാര്‍ക്കിഷ്ടപ്പെടുമോ? ഞാന്‍ നിശ്ശബ്ദയായി.
'ഹ ഹ... ജേഴ്‌സിപ്പശു വെറ്റ്‌നേഴ്‌സിന്റെ ജോലികൂടി തുടങ്ങാന്‍ പോണു,' എന്റെ കൂട്ടുകാരികള്‍ എന്റെ അമ്പരപ്പിനെയും ഞങ്ങള്‍ക്കിടയിലെ കനത്തിനെയും ലഘൂകരിക്കാന്‍ തമാശകള്‍ പറഞ്ഞു. സുജാത ഒട്ടും തമാശയിലായിരുന്നില്ല. ആറു ദിവസം പ്രായമായ ചെറിയ പെണ്‍കുട്ടി അവളുടെ കൈയില്‍ എന്റെ മറുപടി കാത്തുനിന്നു... അതിന്റെ ചുണ്ടുകളും വയലറ്റുപൂവുകള്‍പോലെ നിര്‍ജലീകരിച്ച് വാടിയിരുന്നു.
'നീയൊന്നും പറഞ്ഞില്ല.'
'ഏയ്യ്,' എന്താണു പറയേണ്ടതെന്ന് ഞാന്‍ ഓര്‍ത്തുനോക്കി. ഇല്ലെന്നോ ഉണ്ടെന്നോ പറയാന്‍ എനിക്കു വിഷമമനുഭവപ്പെട്ടു.
'പ്ലീസ്. എനിക്കാരുമില്ല ചോദിക്കാന്‍.'
അവള്‍ കുഞ്ഞിനെ എനിക്കു നീട്ടി. ഞാന്‍ എന്റെ അമ്മയുടെ മുഖത്തു നോക്കി. ശരി മോളെ എന്നൊരു ചിരി. അതൊരു സമ്മതപത്രമാണ്. എന്റെ നെഞ്ച്, എന്റെ പാല്‍ ആരു കുടിക്കണമെന്ന് എനിക്കു തീരുമാനിച്ചുകൂടെ? ഭര്‍ത്താവിനോട് ഈ വിഷയം സംസാരിക്കേണ്ടതേയില്ലെന്ന് എനിക്കു തോന്നി. ഉടുപ്പിന്റെ മുന്നു ബട്ടണുകള്‍ ഊരി. അവള്‍ മുഖമിട്ട് വെപ്രാളത്തോടെ നെഞ്ചുരസി. മുലപ്പാലിന്റെ ആദിമമായ ഗന്ധം. അതില്‍ ഉന്മത്തയായി അവള്‍ ചുണ്ടുപിളര്‍ത്തി. അവള്‍ പാല്‍ വലിച്ചുകുടിച്ചു. അടുത്ത ഒന്നരക്കൊല്ലത്തേക്ക് എന്റെ മോനൊപ്പം എന്നെ ഊറ്റിക്കുടിക്കാനുള്ള അവളുടെ കുഞ്ഞുകരാറില്‍ ഞാന്‍ അവളുമായി പാലൊപ്പിട്ടു.
'എന്റെ മോള്‍... അയ്യോ...' സുജാതയ്ക്ക് സന്തോഷക്കണ്ണീര്‍ പൊട്ടി.
'അവളപ്പോള്‍ ആ ആറു ദിവസവും പാല്‍ കുടിച്ചിരുന്നിരിക്കും. എനിക്കൊറപ്പാ.'
സുജാത കണ്ണീര്‍പുരണ്ട ചിരിയെനിക്കു സമ്മാനിച്ചു.
അതൊരു വിശുദ്ധപശുവിന്റെ കഥയായിരുന്നു. രണ്ട് അപരിചിത കുട്ടികളുമായി മുലകുടിപ്പരിശമുണ്ടാക്കിയ ഒരമ്മയുടെ കഥ. ജീവിതകാലം മുഴുവന്‍ എന്റെ രണ്ടു മക്കള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കാന്‍ രണ്ടു കുട്ടികള്‍കൂടിയുണ്ടായ ഒരമ്മപ്പശുവിന്റെ മുലക്കഥ.
അതെ, കുഞ്ഞുങ്ങള്‍ എന്നെ ഗര്‍വ്വിയാക്കി... അവരുടെ ദേവതയാക്കി... മുലകളെക്കുറിച്ചുള്ള സകല അപകര്‍ഷതകളും മാറ്റിയെറിഞ്ഞ്, അപമാനങ്ങളെ ചവിട്ടിക്കളഞ്ഞ്, ഞാന്‍ അഭിമാനമുള്ള സ്ത്രീയായി തലയുയര്‍ത്തി.
'എന്റെ മുലയൂട്ടുപെണ്ണുങ്ങളുടെ ദേവതേ,' ഇരുട്ടില്‍ അവന്റെ കണ്ണുകള്‍ കനലെരിയുംപോലെ വന്യമായി തിളങ്ങി. അവന്‍ പ്രാവുകളെയെന്നവണ്ണം എന്നെ തൊട്ടു. അവന്റെ ചുണ്ടുകളില്‍ പ്രേമം ഉമിനീരായി മിനുങ്ങി. അവന്റെ പട്ടുമുടി ശീതീകരണിയുടെ തണുപ്പാര്‍ന്നിളകി. നീണ്ട വിരലുകള്‍ വിറച്ചു. അവന്‍ എന്നെ അമര്‍ത്തി സ്പര്‍ശിച്ചു. എന്റെ നെഞ്ചിലെ കരിനീലയടയാളങ്ങളില്‍ അവന്‍ പ്രേമത്തോടെ ചുംബിച്ചു.
Content Highlights: Indumenon, autobiography, Breasts, Male gazes, Mathrubhumibooks
Published: 27 Dec 2022, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented