ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'നാട്ടുവഴികള്‍ നാട്ടഴകുകള്‍' എന്ന പുസ്തകത്തില്‍ നിന്നും...
കോഴിക്കോടിന്റെ സവിശേഷമായ നാട്ടുസംസ്‌കൃതിയില്‍ പിറന്ന പാട്ടെഴുത്തുജീവിതമായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടേത്. ഗ്രാമീണത കൈവിടാത്ത ഈ പുരാനഗരത്തിന്റെ ചരിത്രപ്രസിദ്ധമായ സാഹിത്യപൈതൃകവും സംഗീതപാരമ്പര്യവും നാടോടിവഴക്കങ്ങളും നാട്ടറിവുനാനാര്‍ത്ഥങ്ങളും ഒരുപോലെ ഗിരീഷിനെ സ്വാധീനിച്ചു.
ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമദിനം അധികമാരും ഓര്‍മ്മിക്കാതെ കടന്നുപോയി. കളങ്കമില്ലാത്ത ഒരു കവിമനസ്സിന്റെ കളങ്കമില്ലാത്ത കവിതയായി ഗിരീഷിന്റെ പാട്ടുകള്‍ ഇപ്പോഴും നമ്മെ ചൂഴ്ന്നുനില്‍ക്കുന്നു.
മരിക്കുന്നതിനു നാലഞ്ചുമാസം മുമ്പാണ് ഗിരീഷ് പുത്തഞ്ചേരിയെ അവസാനമായി കണ്ടത്. വൈദ്യമഠത്തില്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിക്ക് ഒരു പുരസ്‌കാരസമര്‍പ്പണം. എം.പി. വീരേന്ദ്രകുമാര്‍ സാറുമുണ്ടായിരുന്നു. ഗംഗാതീരത്തുവെച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ 'ഗംഗേ' എന്ന പാട്ടു കേട്ടപ്പോഴുണ്ടായ അസാധാരണമാംവിധം അനുഭൂതിസാന്ദ്രമായ ഒരനുഭവത്തെക്കുറിച്ച് വീരേന്ദ്രകുമാര്‍ പറഞ്ഞു. കാവ്യാത്മകമായ ഒരു പ്രശസ്തിപത്രം ഗിരീഷാണ് എഴുതി വൈദ്യമഠത്തിനു സമര്‍പ്പിച്ചത്. തിരിച്ചുപോകും മുമ്പ് സ്വകാര്യമായി എന്നോടുപറഞ്ഞു: ''തിരുമേനിയോട് പറഞ്ഞ് മദ്യപാനം നിര്‍ത്താനായി ഒരു ചികിത്സ ഏര്‍പ്പാടാക്കണം. നന്നാവാന്‍ തീരുമാനിച്ചിരിക്കുകയാണ്.''
കൂടെയുണ്ടായിരുന്ന ബാബു അണ്ടത്തോടു പറഞ്ഞു:''ഗിരീഷേട്ടന്‍ ഒരു സ്‌ക്രിപ്റ്റിന്റെ പണിയിലാണ്, അതൊരു സംഭവമാകും.''
കൈ രണ്ടും കൂപ്പി ഗിരീഷ് എന്നോട് അപേക്ഷിച്ചു:''അനുഗ്രഹിക്കണം.''
''അയ്യോ ഗിരീഷേ, അനുഗ്രഹിക്കാന്‍ ഞാനാരാണ്. ദൈവാനുഗ്രഹമുണ്ടാവും, ഞാന്‍ പ്രാര്‍ത്ഥിക്കാം.''
''എനിക്കു നിങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ.''
അതുപറയുമ്പോള്‍ അയാളുടെ കണ്ണു നിറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയായിരുന്നു എന്നും ഗിരീഷ്. പി. കുഞ്ഞിരാമന്‍ നായരെപ്പോലെ, എല്ലാ സുഹൃത്തുക്കളോടും അനുഗ്രഹം യാചിച്ച്, സ്‌നേഹം കൊതിച്ച്, അപായകരമാംവിധം നിഷ്‌കളങ്കമായി എല്ലാവരെയും സ്‌നേഹിച്ച്, കലഹിച്ച്, ചിലപ്പോള്‍ അഹങ്കരിച്ച്, കരഞ്ഞ്... തീര്‍ത്തും പച്ചമനുഷ്യനായി ഗിരീഷ് ജീവിച്ചു. പാവമായിരുന്നു അയാള്‍. എല്ലാ അര്‍ത്ഥത്തിലും നല്ലവനും. ആരുടെ മുന്നിലും അഭിനയിക്കാനറിയാതെ, ഹിപ്പോക്രസി ഒരു ശീലമാക്കാതെ, ഹിംസ്രമൃഗങ്ങള്‍ നിറഞ്ഞ കലാജീവിതത്തിന്റെ കാനനത്തില്‍ അയാള്‍ ആത്മാവില്‍ ഏകാകിയായി നടന്നു.
എണ്‍പതുകളുടെ തുടക്കംതൊട്ട് ഗിരീഷ് പുത്തഞ്ചേരിയെ എനിക്കടുത്തറിയാം. അക്കാലത്ത് കോഴിക്കോട് ആകാശവാണിക്ക് ഞങ്ങള്‍ ലളിതഗാനങ്ങളെഴുതിയിരുന്നു. അന്ന് ഗിരീഷിന്റെ അടുത്ത ബന്ധുവായ പ്രശസ്ത സംഗീതജ്ഞന്‍ കുഞ്ഞിരാമന്‍ ആകാശവാണിയിലുണ്ടായിരുന്നു. അത് പാട്ടുകളുടെ പൂക്കാലം.
പൊതുസുഹൃത്തായ ഇ. ജയകൃഷ്ണനിലൂടെ ഗിരീഷ് ഞാനുമായുള്ള സൗഹൃദം ഊഷ്മളമായി നിലനിര്‍ത്തിയിരുന്നു.
ചിലപ്പോള്‍ പാതിരാത്രിയില്‍ ഗിരീഷിന്റെ ഫോണ്‍കോള്‍ വരും. ലഹരിയുടെ നുരകളുണ്ടെങ്കിലും ഹൃദയം തുളുമ്പിയ ഒരഭിനന്ദനം: 'പി. കുഞ്ഞിരാമന്‍ നായര്‍ക്ക് ഇടശ്ശേരിയിലുണ്ടായ പുത്രാ, കവിത വായിച്ചു, കണ്ണുനിറഞ്ഞു. അഭിനന്ദനമായി ഈ സാഷ്ടാംഗനമസ്‌കാരം സ്വീകരിക്കുക.' എന്റെ ഏതെങ്കിലും കവിത വായിച്ചതിന്റെ പ്രതികരണമാവും. അതേപോലെത്തന്നെ ചിലപ്പോള്‍ ഫോണ്‍ വിളിച്ച് കലഹിക്കുകയും ചെയ്യും. ഗുരുവായൂരില്‍വെച്ച് 'കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം' എം.ടി. എനിക്ക് സമ്മാനിച്ച സന്ദര്‍ഭത്തില്‍, ക്ഷണിക്കപ്പെടാതെതന്നെ ഗിരീഷ് അവിടെ വന്നു. സദസ്സിലിരുന്ന് കവിത തുളുമ്പുന്ന ഒരഭിനന്ദനപത്രം എഴുതിത്തന്നു.
ഗിരീഷിന്റെ മരിക്കാത്ത സ്‌നേഹത്തിന്റെ ഓര്‍മ്മയായി അതിന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സൂക്ഷിപ്പിലുണ്ട്. എല്ലാ സുഹൃത്തുക്കളുടെ വിജയങ്ങളിലും അയാള്‍ കാലുഷ്യലേശമില്ലാതെ, സ്വന്തം വിജയംപോലെ ആഹ്ലാദിച്ചിരുന്നു. എല്ലാവരുടെ ദുഃഖങ്ങളിലും ഒപ്പം ദുഃഖിക്കുകയും ചെയ്തിരുന്നു.
ധാരാളം സുഹൃത്തുക്കളുണ്ടായിട്ടും ഗിരീഷ് എന്നും ഒറ്റയ്ക്കായിരുന്നു. ഏകാന്തപദയാത്രയില്‍ മനസ്സിന്റെ മണ്‍കൂടുതന്നെ വെടിഞ്ഞുപോവുന്നു എന്നു വിഷാദിച്ചിരുന്നു. പട്ടിണികിടന്ന ബാല്യകൗമാരങ്ങള്‍, കവിയാവാനാഗ്രഹിച്ച, അലഞ്ഞുതീര്‍ത്ത യാതനകളുടെ വഴികള്‍... അതൊക്കെ അയാളെപ്പോഴും ഒപ്പം കൊണ്ടുനടന്നു. അമ്മമഴക്കാറുകള്‍ മാത്രമാണ് അയാളെ വഴിനീളെ അനുഗ്രഹിച്ചത്. ആ കണ്ണീരില്‍ നനഞ്ഞുകിടന്നാണ് അയാളെന്നും ഭൂമിജീവിതത്തെ പ്രണയിച്ചത്.
നെഞ്ചത്തെ തങ്കനിലാപ്പൂക്കള്‍ പാട്ടുകളാക്കിത്തീര്‍ത്ത് ഗിരീഷ്, അളന്നുതീര്‍ത്ത സങ്കടവഴികള്‍ നാം കണ്ടിട്ടില്ല. എത്ര സങ്കീര്‍ണ്ണമായ ട്യൂണായാലും പുല്ലുപോലെ വരികളെഴുതും എന്ന് തെല്ലൊരഹങ്കാരത്തോടെ ഗിരീഷ് അവകാശപ്പെടാറുണ്ടായിരുന്നു.
പക്ഷേ, ഓരോ വാക്കിന്റെ പിന്നിലും അയാളുടെ അഗാധമായ പൊരിച്ചിലുണ്ടായിരുന്നു. സമര്‍പ്പണമുണ്ടായിരുന്നു. ഓരോ വരിക്കുവേണ്ടിയും അയാള്‍ ആഴത്തില്‍ തപിച്ചിരുന്നു. 'ആരോ വിരല്‍ മീട്ടി മനസ്സിന്‍ മണ്‍വീണയില്‍' എന്നു കുറിക്കുമ്പോള്‍ ഗിരീഷ് സ്പര്‍ശിച്ചത് വാക്കിന്റെ ആത്മീയമായ ഉണര്‍വ്വില്‍ത്തന്നെയാണ്. സൗന്ദര്യപൂര്‍ണ്ണമായ സന്ദേഹങ്ങള്‍കൊണ്ടു കൊരുത്ത 'സസന്ദേഹ'ത്തിന്റെ അലങ്കാരസമൃദ്ധി ഗിരീഷിന്റെ സവിശേഷമായ ലാവണ്യമായിരുന്നു. ഓരോ വാക്കിലും ശ്രീലവസന്തം പീലിയുഴിഞ്ഞു. വരികളില്‍ പൗര്‍ണ്ണമിയായി ഹൃദയതാളത്തിന്റെ ത്രിപുട കേട്ടുണര്‍ന്നുപാടി ഗംഗ അയാളുടെ നടനമണ്ഡപം തുറന്നുചെന്നു. ഹൃദയത്തിന്റെ അമ്പലം ഗോകുലമാക്കി ഒരു ഗോപകുമാരന്‍ കൂട്ടുകാരിയായ യമുനയോടൊപ്പം അവിടെ 'നന്ദനന്ദന'മൊരുക്കി.
ഈ വരികളിലെല്ലാം പ്രപഞ്ചമഹാരഹസ്യങ്ങളുടെ പൊരുളന്വേഷിച്ചുനടന്ന ഒരു പ്രണയയാത്രികനുണ്ട്. പ്രണയത്തിന്റെ ശരീരോത്സവങ്ങളിലല്ല, പ്രണയത്തിന്റെ ആത്മീയതയിലാണ് അയാള്‍ പാട്ടിന്റെ വെണ്ണയുണ്ടത്. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞ പ്രണയദേവത എന്നും അയാളുടെ വിളിപ്പുറത്തു വന്നു.
കാണാപ്പൂംചെപ്പിലെ തെങ്കാശികുങ്കുമം എള്ളോളം നുള്ളിനോക്കവേ, വെള്ളിത്തിങ്കള്‍ പൂംകിണ്ണം തുള്ളിത്തൂവുന്നത് കവി അറിഞ്ഞു. പകുതി പൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍ നെഞ്ചിലമര്‍ന്നു. പീലിക്കാവുകളില്‍ താലപ്പൊലിയായി.
ഗിരീഷിന്റെ പാട്ടുകളില്‍ ഈവിധം അപൂര്‍വ്വമൗലികതയുള്ള ഇമേജറികള്‍ ഒട്ടേറെയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പാട്ടെഴുത്തിലെ മുന്‍നിര കവികള്‍ക്കുശേഷം മലയാളത്തിന്റെ അചുംബിതമായ കല്‍പ്പനകള്‍ സവിശേഷമായി നാമനുഭവിച്ചത് ഗിരീഷിന്റെ വരികളിലാണ്. നാമജപാമൃതമന്ത്രംപോലും ക്ലാവുപിടിക്കുന്നതും സൂര്യകിരീടം വീണുടയുന്നതും കണ്ണാടിക്കൂടുംകൂട്ടി കണ്ണെഴുതി പൊട്ടുംതൊട്ട് കാവളം കിളികള്‍ കൂടണയുന്നതും മൂവന്തി താഴ്വരയില്‍ വെണ്‍സൂര്യന്‍ വെന്തുരുകുന്നതുമൊക്കെ ഗിരീഷിന്റെ മാത്രം കൈയൊപ്പുള്ള ഗാനകല്‍പ്പനകളായിരുന്നു.
വിദ്യാസാഗര്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, എം. ജയചന്ദ്രന്‍, എസ്.പി. വെങ്കിടേഷ്, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ നമ്മുടെ പ്രശസ്ത സംഗീതസംവിധായകരുടെ മികച്ച ഗാനങ്ങള്‍ പലതും ഗീരിഷിന്റെ വരികളില്‍ പിറവികൊണ്ടതാണ്. ഒട്ടുമിക്ക ഗാനങ്ങളും ട്യൂണിട്ട് എഴുതിയവയാണ്. എന്നാല്‍, ഒരിക്കലും ഈണത്തിനായി കാവ്യഭംഗി ബലികഴിക്കപ്പെട്ടില്ല. രവീന്ദ്രന്‍ മാഷുടെ സംഗീതസംവിധാനത്തില്‍ പിറന്ന 'ഹരിമുരളീരവം,' 'ഗംഗേ' തുടങ്ങിയ ഗാനങ്ങളില്‍ ഗീരിഷിന്റെ ക്ലാസിക് പദകോശത്തിന്റെ വൈപുല്യവും സാരസമ്പുഷ്ടതയും അറിയാം. അല്‍പ്പമൊരു നാടോടിത്തം ആത്മാവിലണിഞ്ഞ പദങ്ങളുടെ സംഗീതം ഗിരീഷിന്റെ ഗാനശില്‍പ്പങ്ങളുടെ അഴകായിരുന്നു.
കലര്‍പ്പില്ലാത്ത സ്‌നേഹവും കളങ്കമില്ലാത്ത കലഹവും കൊണ്ട് ഗിരീഷ് എന്ന മനുഷ്യന്‍ എന്നെ എന്നും കീഴ്‌പ്പെടുത്തിയിരുന്നു. ഗിരീഷിന്റെ ജീവിതത്തിന്റെ താളവും സംഗീതവുമായ ബീന വെച്ചുവിളമ്പിത്തന്ന ഹൃദ്യമായ ഭക്ഷണം കഴിച്ച് ഞാനും ജയകൃഷ്ണനും കാരപ്പറമ്പിലെ ഗിരീഷിന്റെ വീട്ടില്‍ രാവെളുക്കുവോളം പാട്ടുപാടി കൂടിയിട്ടുണ്ട്. ഗീരിഷിന്റെ രണ്ടു കാവ്യസമാഹാരങ്ങളുടെ പ്രകാശനത്തിലും ഗിരീഷ് എന്നെ നിര്‍ബ്ബന്ധിച്ചു പങ്കെടുപ്പിച്ചു. മരിക്കുവോളം മറക്കാനാവാത്തതാണ് ആ സ്‌നേഹനിമിഷങ്ങള്‍.
ഒരു രാത്രി വിടവാങ്ങിയാല്‍, മനുഷ്യന്റെ ഗന്ധവും സ്വപ്നവും സ്‌നേഹവും വര്‍ണ്ണവും നിറഞ്ഞ ആ വസന്തം വിടവാങ്ങുകയില്ല. ഗിരീഷ് മരിക്കുവോളം സിനിമയ്ക്ക് പാട്ടെഴുതുന്നതിനെക്കുറിച്ച് ഞാനാലോചിക്കുകപോലും ചെയ്തിരുന്നില്ല. പിന്നീട് അങ്ങനെയുമൊരു വേഷം വേണ്ടിവന്നു. പത്മകുമാറും രതീഷ് വേഗയുമൊത്ത് ആദ്യത്തെ ഗാനത്തിനുവേണ്ടി താമസിക്കേണ്ടിവന്നത് കോഴിക്കോട്ടെ ഗീരിഷിന്റെ പ്രിയപ്പെട്ട മഹാറാണി ഹോട്ടലില്‍, ഗിരീഷ് സ്ഥിരമായി താമസിക്കാറുള്ള മുറിയില്‍ത്തന്നെ.
ഒരു മരണത്തിലും ജീവിതം അവസാനിക്കുന്നില്ല; സ്‌നേഹവും. അതുകൊണ്ട്, ഗിരീഷ്, ഓര്‍ത്തുപോവുന്നു, താങ്കളെ ഓര്‍മ്മപ്പെരുന്നാളുകളില്ലാതെതന്നെ പാടിത്തീരാത്ത പാട്ടുകള്‍പോലെ, താങ്കളുടെ മരിക്കാത്ത സ്‌നേഹവും എന്നും മലയാളത്തോടൊപ്പമുണ്ടാവും.
Published: 15 Oct 2025, 06:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented