കെ.പി. അജയന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മഹാഭാരതം ഏകാകികളുടെ ഇതിഹാസം’ എന്ന പുസ്തകത്തിലെ ‘യയാതി: പെണ്ണുടല്‍ പെരുമാള്‍’ എന്ന ഭാഗം വായിക്കാം.
തീരാത്ത പകയുടെയും വിദ്വേഷത്തിന്റെയും പ്രതീകമായി അശ്വത്ഥാമാവിനെ ചിരഞ്ജീവിയാക്കിയ വ്യാസന്‍ ഒടുങ്ങാത്ത ഭോഗതൃഷ്ണയുടെ പ്രതീകമായി എന്തുകൊണ്ടോ യയാതിയെ കണ്ടില്ല. ജ്ഞാനത്തിന്റെയും ദാനത്തിന്റെയും പ്രതീകമായൊക്കെ ചിരഞ്ജീവികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അനിയന്ത്രിതമായ വേഴ്ചകളിലൂടെ ജീവിതകാലമത്രയും ഭോഗസുഖമാസ്വദിച്ച നിരവധിയായ മുനിമാരുടെയും ദേവഗന്ധര്‍വ്വന്മാരുടെയും കാമനകളുടെ കഥകൂടിയാണ് ഇതിഹാസപുരാണാദികള്‍. സ്വത്വം പൂര്‍ണമായും തിരസ്‌കരിക്കപ്പെട്ടവരുടെ വേദനാപൂര്‍ണമായ മഹോത്സവങ്ങളായിരുന്നു പല 'കുല'സ്ത്രീകളടെയും ജീവിതം.
യയാതിയുടെ പത്‌നിമാരുടെ കഥയും ഭിന്നമല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളാണ് യയാതി മകനില്‍നിന്ന് യാചിച്ചു വാങ്ങിയ യൗവനവുമായി ഭോഗശൃംഗാരങ്ങളില്‍ മുഴുകി ജീവിതം കഴിച്ചുകൂട്ടിയത്. ഇവരുടെ ദയാരഹിതമായ വിഷയാസക്തി തകര്‍ത്തെറിഞ്ഞ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ പുരാണേതിഹാസങ്ങളിലുണ്ട്; പക്ഷേ, ഭൂരിപക്ഷത്തിന്റെയും ജീവിതം 'കുലമഹിമ'യുടെയും പാതിവ്രത്യത്തിന്റെയും ചിതയില്‍ ചുട്ടെരിക്കപ്പെടുകയായിരുന്നു.
ഭര്‍ത്താവിനെ കൊട്ടയില്‍വെച്ച് ദേവദാസീഗൃഹങ്ങളിലെത്തിച്ച് കുലധര്‍മ്മം കാത്ത സ്ത്രീ കഥാപാത്രങ്ങളുമുണ്ട് പുരാണങ്ങളില്‍. തീര്‍ത്തും പുരുഷകേന്ദ്രീകൃതവും ബ്രാഹ്‌മണികവും വ്യവസ്ഥാനുസാരിയുമായ നീതിശാസ്ത്രത്തിനു മുകളിലാണ് സകല യയാതിമാരും തങ്ങളുടെ കാമവാഴ്ചകളുടെ നിര്‍ദയമായ ലോകത്തെ ആഘോഷിച്ചത്. മുനിയായും ഋഷിയായും താപസനായും സന്യാസിയായും ഇതിഹാസപുരാണങ്ങളില്‍ നിറഞ്ഞാടിയ ചിലരെങ്കിലും തങ്ങളുടെ ഭോഗാസക്തിയെ കുലപാരമ്പര്യത്തിലോ വര്‍ണ്ണാശ്രമധര്‍മ്മത്തിലോ ഒളിപ്പിച്ചു. പുരുഷകാമനകളെ യഥേഷ്ടം പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രാടിത്തറ ബ്രാഹ്‌മണ്യത്തിന് വിമതസ്വരങ്ങളില്ലാതെ പ്രയോഗിക്കാന്‍ ഒരുക്കിവെച്ചിട്ടുണ്ട്.
ഇതിഹാസപുരാണാദികളില്‍ കാണുന്ന സ്ത്രീജീവിതം എങ്ങനെ നിശ്ചയിക്കപ്പെടുന്നു എന്നതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. ആയിരവും പതിനായിരവും കൊല്ലമൊക്കെയായിരുന്നു മുനികളുടെ ജീവിതകാലം. ജരാനരകള്‍ ബാധിച്ച് നിര്‍വ്വാണം പ്രാപിച്ചവരെക്കാള്‍ ആവോളം ജീവിതസുഖമാസ്വദിച്ച് സ്വര്‍ഗ്ഗം പ്രാപിച്ചവരാണ് അധികവും. സ്വര്‍ഗ്ഗം ബ്രാഹ്‌മണ്യത്തിന് എങ്ങനെയൊക്കെയുള്ള ജീവിതമായിരുന്നാലും അപ്രാപ്യമായിരുന്നില്ല.
സ്ത്രീയുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് മനുസ്മൃതി പറയുന്നതിങ്ങനെയാണ്: 'പിതാവോ പിതാവിന്റെ അനുമതിയോടെ ഭ്രാതാവോ സ്ത്രീയെ ആര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു; ആജീവനാന്തം അവനെ അവള്‍ ശുശ്രൂഷിക്കേണ്ടതാകുന്നു. അവന്‍ മരിച്ചാല്‍ അവനെ അതിലംഘിക്കരുത് (പരപുരുഷനെ സ്വീകരിക്കരുത്)'. പുരുഷനെ സംബന്ധിച്ച് ഇത്തരമൊരു നിയമം ബാധകമല്ല. യയാതി ബ്രാഹ്‌മണപുത്രിയായ ദേവയാനിയോട് പിതാവ് കൈപിടിച്ച് തന്നാല്‍ മാത്രമേ സ്വീകരിക്കൂ എന്നു പറയുന്നത് ശാപം ഭയന്നായിരുന്നു. രണ്ടായിരത്തോളം കന്യകമാര്‍ക്കും ദാസിയായ ശര്‍മ്മിഷ്ഠയ്ക്കുമൊപ്പമാണ് ദേവയാനി തന്നെത്തന്നെ നല്‍കിയത്. യയാതി ദേവയാനിക്കൊപ്പം മാത്രമല്ല വിവാഹാനന്തരം ജീവിച്ചത്. രണ്ടായിരത്തോളം കന്യകമാര്‍ വേറെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ചോദ്യംചെയ്യലുകള്‍ ഇല്ലാതെ യതിശ്രേഷ്ഠന്മാരുടെ കാമകേളികള്‍ക്ക് വിധേയരാക്കപ്പെട്ട സ്ത്രീകളുടെ അടക്കിപ്പിടിച്ച വേദനകള്‍ വ്യവസ്ഥാനിയോഗങ്ങളില്‍ അലിഞ്ഞുതീരുകയായിരുന്നു. പതിനെട്ടു മഹാപുരാണങ്ങളും മഹാഭാരതേതിഹാസവും നിരവധി തെളിവുകള്‍ ഇത്തരം ജീവിതങ്ങളെക്കുറിച്ച് നമുക്ക് നല്‍കുന്നു. മനുഷ്യജീവിതത്തിനു മുകളില്‍ അദൃശ്യവും നീതിരഹിതവുമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചത് ചാതുര്‍വര്‍ണ്യത്തിന്റെ നീതിശാസ്ത്രമാണ്. വിയോജിപ്പുകള്‍ കൂടാതെ അനുസരിക്കുകയും വിധേയരാവുകയും ചെയ്യുക ജീവിതനിയോഗമായി.
ആസക്തികള്‍ക്കു മുന്നില്‍ ഒച്ചവെക്കാതെ അനുസരണ കാട്ടിയ ജീവിതത്തിന്റെ വ്യാകരണമാണ് കുലസ്ത്രീത്വം. ദേവയാനിയും ശര്‍മ്മിഷ്ഠയുമെല്ലാം യയാതിയില്‍നിന്ന് സ്വേച്ഛകൂടാതെതന്നെ പലപ്പോഴും വേഴ്ചയ്ക്കിരയായവരാണ്. ദേവയാനിയില്‍ മാത്രമല്ല, ശര്‍മ്മിഷ്ഠയിലും മുനി സന്താനോത്പാദനം നടത്തി. ജ്ഞാനിയായ മുനിയുടെ ചാപല്യമൊന്നുമായിരുന്നില്ല അത്; സ്ത്രീക്ക് ഋതുകാലത്ത് അവള്‍ ആവശ്യപ്പെട്ടപ്രകാരം നിര്‍വ്വഹിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ ബ്രഹ്‌മഹത്യാപാപം അനുഭവിക്കേണ്ടിവരും (മത്സ്യമഹാപുരാണം). ഏതൊക്കെ തരത്തിലുള്ള പരസ്ത്രീഗമനവും കാമനകളും ആകാമെന്ന് താത്ത്വികമായിത്തന്നെ മുനി വിശദീകരിച്ചുകൊണ്ടിരുന്നു. ജരാനരകള്‍ ബാധിച്ച് ശരീരം തളര്‍ന്നെങ്കിലും മനസ്സ് തളര്‍ന്നില്ല; മുനി പറഞ്ഞു 'ആഗ്രഹങ്ങള്‍ സാധിക്കുന്നതുകൊണ്ട് അവ അവസാനിക്കുന്നില്ല; ഹവിസ്സര്‍പ്പിക്കുമ്പോള്‍ അഗ്നിയെപ്പോലെ അവ കൂടിവരികയേയുള്ളൂ.'
മുനി യുഗങ്ങളോളം കാമമോഹിതനായി അലഞ്ഞുനടന്നു. ഇന്ദ്രപുരിയിലും ബ്രഹ്‌മപുരിയിലും ആയിരക്കണക്കിനു കൊല്ലങ്ങള്‍ വസിക്കാന്‍ മുനിക്കൊരയോഗ്യതയും ദേവന്മാര്‍ കല്‍പ്പിച്ചില്ല. മുനിയോടൊപ്പം രമിക്കാന്‍ അപ്‌സരസ്സുകള്‍ മത്സരിച്ചുകൊണ്ടിരുന്നു. സ്വയം മനോബലം പ്രകടിപ്പിക്കാന്‍ കഴിയാത്തവനെങ്കിലും വിശ്വാമിത്ര സന്തതിയായ അഷ്ടകന് ബ്രഹ്‌മചര്യവും അച്ചടക്കവുമെന്തെന്ന് പഠിപ്പിച്ചുകൊടുക്കുന്നുണ്ട് യയാതി. എല്ലാ പാപകര്‍മ്മങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും യയാതി ഉപേദേശിക്കുന്നുണ്ട്. പാപവും പുണ്യവുമെല്ലാം മനുവിനെ ഉദ്ധരിച്ചാണ് മുനി വിശദീകരിച്ചുകൊടുക്കുന്നത്. സ്വന്തം ജീവിതത്തില്‍ കാമാസക്തനായി ജീവിച്ചത് തന്റെ നിയോഗമായിരുന്നെന്നാണ് യയാതി സ്ഥാപിക്കുന്നത്. നരജീവിതത്തിലെ പാകപ്പിഴകള്‍ തീര്‍ത്ത് വീണ്ടും സ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തെ ഉദാഹരിച്ച് യയാതി വിശദീകരിക്കുന്നുണ്ട്.
പഞ്ചാഗ്നിമധ്യത്തില്‍ ഒറ്റക്കാലില്‍ തപസ്സു ചെയ്തും വായു മാത്രം ഭക്ഷിച്ചും മുനിയുടെ കഴിവുകളില്‍ അമിതമായ ആത്മവിശ്വാസം കണ്ട ഇന്ദ്രന്‍ അദ്ദേഹത്തെ കീഴ്‌പ്പോട്ടു തള്ളിയിടുന്ന ഒരു സന്ദര്‍ഭത്തെ പുരാണം വിശദീകരിക്കുന്നുണ്ട്. 'മഹേശ്വരലോകത്തു ചെന്ന് സഞ്ചാരാനുഭവങ്ങള്‍ വേണ്ടുവോളം നേടി നന്ദനത്തില്‍ കാമരൂപനായി പതിനായിരം നൂറ്റാണ്ടുകള്‍ പാര്‍ത്തും, സ്വര്‍ഗ്ഗത്തിലെ അപ്‌സരസ്സുകളോടൊത്ത് രമിച്ചും പുഷ്പഫലാഢ്യമായ സുഗന്ധകല്പദ്രുമങ്ങള്‍ കണ്ടു രസിച്ചും ജീവിച്ചിരിക്കെ കാലം തീര്‍ന്നുപോയി' എന്നു യയാതി ദുഃഖിക്കുകയായിരുന്നു.
കാമകല അഭ്യസിക്കാന്‍ ഇനിയും വേണ്ടുവോളം സമയം ലഭിക്കണമെന്നായിരുന്നു മുനിയുടെ വ്യസനം. എന്തുകൊണ്ടാണ് ജരയുണ്ടാകുന്നതെന്ന് ഒരിക്കല്‍ മാലതിയോട് യയാതി ചോദിക്കുന്നു. 'പല കാരണംകൊണ്ടും വര്‍ധിക്കുന്ന രസം വീര്യത്താല്‍ മര്‍മ്മങ്ങളെ നശിപ്പിക്കുകയും അതുമൂലം മനുഷ്യന് കാമമുണ്ടാകുകയും ചെയ്യുന്നു. ആ കാമാഗ്നി ദേഹത്തിലാകെയും രക്തത്തിലും ശുക്ലത്തിലും വ്യാപിക്കുന്നു.
കാമാഗ്നിപടര്‍ന്നുപിടിക്കപ്പെട്ടവന്‍ കണ്ടിട്ടോ കേട്ടിട്ടോ ഉള്ള ഒരു സ്ത്രീയെ തന്നെ ചിന്തിച്ചുകൊണ്ട് ചുറ്റിയലയും. മനസ്സിലെ കൊതിമൂലം മതിവരികയില്ലതാനും. കാമിക്കു ബലനാശം പറ്റുമ്പോള്‍ ശരീരത്തില്‍ ജര വന്നുകൂടുന്നു.' തന്റെ കാമപാരവശ്യത്തിന് വല്ല കുറവും വരുമോ എന്നറിയാനായിരുന്നു യയാതി മാലതിയുമായി സംവദിച്ചത്.
ഒരിക്കലും തീരാത്ത പ്രണയവും ഭോഗാസക്തിയും മുനിയെ ജ്വലിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു സംവാദത്തിനും പക്ഷേ, തന്റെ ജീവിതത്തില്‍ ആളിക്കത്തിക്കൊണ്ടിരുന്ന കാമാഗ്നിയെ കെടുത്താന്‍ യയാതിക്കായില്ല. മനുവിന്റെ ശാസനകള്‍ക്കകത്തുനിന്നുകൊണ്ടാണ് എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം മുനി ഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കകത്തെ സ്ത്രീജീവിതം ഭോഗാസക്തി വേണ്ടുവോളം ആസ്വദിക്കാനുള്ള ഉപാധിമാത്രമായിരുന്നു അദ്ദേഹത്തിന്. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ദേവലോകം പൂകുന്നതെങ്ങനെയെന്ന് മാലതിയോട് യയാതി വീണ്ടും സംശയമുണര്‍ത്തിച്ചു. സ്വര്‍ഗവും ഭൂമിയും യയാതിയെ സംബന്ധിച്ച് തന്റെ ഭോഗതൃഷ്ണയെ ശമിപ്പിക്കാനുള്ള ആത്യന്തികമായ ഇടങ്ങള്‍ മാത്രമായിരുന്നു.
മഹാഭാരതം നളോപാഖ്യാനത്തില്‍ വിവാഹിതരായതിനുശേഷം നളദമയന്തിമാര്‍ രമ്യമായ ഉദ്യാനങ്ങളിലും വനങ്ങളിലും ക്രീഡിക്കുന്ന സന്ദര്‍ഭത്തില്‍ നളന്‍ അനുസ്മരിക്കുന്നത് യയാതിയുടെ ആസക്തി നിറഞ്ഞ ജീവിതത്തെക്കുറിച്ചായിരുന്നു. മഹാഭാരതം ആദിപര്‍വ്വത്തിലും മറ്റും പ്രത്യക്ഷപ്പെടുന്ന സംവാദങ്ങളില്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെക്കുറിച്ച് ദീര്‍ഘമായിത്തന്നെ മുനി സംസാരിക്കുന്നുണ്ട്. ഭൂമിയില്‍ ഓരോ മനുഷ്യനുമനുഷ്ഠിക്കേണ്ട കര്‍മങ്ങളെ സംബന്ധിച്ചും സവിസ്തരം മുനി പ്രതിപാദിക്കുന്നു. അഷ്ടകനുമായുള്ള സംവാദത്തിനിടെ യയാതി അദ്ദേഹത്തോട് 'ലൗകികങ്ങളായ എല്ലാത്തിനെയും ഉപേക്ഷിച്ച് തീവ്രമായ വൈരാഗ്യത്തോടെ യോഗം അഭ്യസിക്കുന്നവന് എല്ലാം സുലഭമാണെന്ന്' പറഞ്ഞുവെക്കുന്നുണ്ട്. പൂര്‍ണമായും വൈരുദ്ധ്യം നിറഞ്ഞതുകൂടിയായിരുന്നു യയാതിയുടെ ജീവിതം. ഭോഗാലസതകളില്‍ മുഴുകി ജീവിക്കുമ്പോഴും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെക്കുറിച്ചും മനുഷ്യന്റെ വിധിയെക്കുറിച്ചും മുനി ലോകത്തെ ഉപദേശിച്ചു.
സ്വര്‍ഗത്തില്‍നിന്ന് ഭൂമിയില്‍ പതിക്കുന്നതിനു മുമ്പ് ഇന്ദ്രന്‍ 'നീ ഏറ്റവും മദമത്തനാണ്. നിന്ദിക്കാതെ നീ ഒരാളെയും വിട്ടിട്ടില്ല. ഗര്‍വ്വാല്‍ നിനക്ക് സ്വര്‍ഗഭ്രംശം വന്നിരിക്കുന്നു' എന്ന ശാസന വായിക്കുന്നുണ്ട്. തത്ത്വോപദേശം മറ്റുള്ളവര്‍ക്കായി വേണ്ടുവോളം നല്‍കുമ്പോള്‍ തനിക്കെന്തിന്റെ പേരിലാണ് ശാസന ലഭിച്ചിട്ടുണ്ടാവുകയെന്നദ്ദേഹം മറന്നുപോയിട്ടുണ്ടാവില്ല. നാരദന്‍ യയാതിക്കു നല്‍കുന്ന തത്ത്വോപദേശത്തില്‍ യയാതിയുടെ കര്‍മ്മദോഷങ്ങള്‍ വിശദമായിത്തന്നെ എണ്ണിപ്പറയുന്നുണ്ട്.
മഹാഭാരതയുദ്ധം കാണാന്‍ സ്വര്‍ഗലോകത്തുനിന്നെത്തിയ ദേവന്മാര്‍ക്കൊപ്പം യയാതിയും ഉണ്ടായിരുന്നു. യുദ്ധത്തിലെ അധര്‍മ്മങ്ങള്‍ യയാതിയും നോക്കിക്കണ്ടു, ധര്‍മ്മത്തെ അധര്‍മ്മം കൊടിപാറിച്ച യുദ്ധം യയാതിയില്‍ വിവിധ വികാരങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ദുര്‍ല്ലഭമായിരുന്നു എന്നുമാത്രം! അദ്ദേഹത്തിന് കാമകല ആയോധനകലയെക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. ഭരണകാലം എങ്ങനെയായിരിക്കണം എന്ന് ഒരിക്കല്‍ യയാതി വിളംബരം ഇറക്കിയിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ അനുഭവിച്ച അതിരറ്റ കാമനകളെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്നതിനാല്‍ ആവാം 'സത്കര്‍മ്മങ്ങളനുഷ്ഠിക്കണമെന്ന്' ജനങ്ങളെ ഓര്‍മിപ്പിച്ചത്. ഭൂമിയെ യയാതി മറ്റൊരു സ്വര്‍ഗമാക്കിത്തീര്‍ത്തുവേത്ര! ജനം മുഴുവനും വിഷ്ണുഭക്തരായെന്നും 'യയാതി'മാരില്ലാത്ത മറ്റൊരു ഭൂമിയെ സൃഷ്ടിച്ചുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടു. യയാതി തുടങ്ങിയവരുടെ മനോവിചാരങ്ങളുടെ സാംസ്‌കാരികാടിത്തറ മനുവിന്റെ നിയമങ്ങളാണ്. ഒരു നൃശംസതയും ബ്രാഹ്‌മണ്യം വിലക്കിയിരുന്നില്ല. ഏതശ്ലീലവും ബ്രാഹ്‌മണ്യം അവരുടെ അധ്യാത്മംകൊണ്ട് സംരക്ഷിച്ചു. ബ്രാഹ്‌മണാദികള്‍ ആടിത്തീര്‍ത്ത സംഭോഗപ്പേക്കൂത്തുകള്‍ക്ക് ആത്മീയ പിന്തുണ നല്കുകയാണ് പുരാണാദികള്‍ ചെയ്തത്. അസ്പൃശ്യരാക്കപ്പെട്ടവരില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നതിനാല്‍ ബ്രാഹ്‌മണ്യത്തിന്റെ ഭോഗാസക്തിയിലമര്‍ന്ന ഇരകളുടെ ജീവിതം കര്‍മ്മഫലമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. 'ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സ്വഗൃഹത്തില്‍പ്പോലും ചെറിയ കാര്യമായാലും തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കരുത്' (മനുസ്മൃതി - 5/147). പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന ജനവിഭാഗമായിരുന്നു എല്ലാ ജാതിയിലെയും സ്ത്രീകളെന്ന് പൊതുവായി പറയാം.
ഭീഷ്മയുധിഷ്ഠിരസംവാദ(ശാന്തിപര്‍വ്വം മഹാഭാരതം)ത്തില്‍ ഭീഷ്മര്‍ മനുവിന്റെ നീതിയെ പരിപാലിച്ച് നടപ്പിലാക്കണമെന്ന ഉപദേശം യുധിഷ്ഠിരന് ആവര്‍ത്തിച്ചു നല്കുന്നുണ്ട്. 'പിതാവിനോടോ ഭര്‍ത്താവിനോടോ പുത്രന്മാരോടോ പിരിഞ്ഞു പാര്‍ക്കണമെന്ന് സ്ത്രീ ആഗ്രഹിക്കരുത്. അവരില്‍നിന്നകന്ന് വാണാല്‍ അവര്‍ ഭര്‍ത്തൃകുലത്തെയും നിന്ദാപാത്രങ്ങളാക്കിത്തീര്‍ക്കും' (5/149 മനുസ്മൃതി). സ്ത്രീജീവിതത്തെ നിര്‍ണയിക്കുന്നതും നിര്‍വ്വഹിക്കുന്നതും മനുസ്മൃതിയുടെ ദാര്‍ശനികാടിത്തറയില്‍നിന്നാണ്. നിസ്സങ്കോചം, തികഞ്ഞ ഭോഗാസക്തിയോടെ ജീവിതത്തിലുടനീളം നിറഞ്ഞാടിയ യയാതിയെപ്പോലുള്ളവരുടെ ഋഷികുലത്തിന്റെ അധാര്‍മ്മികജീവിതം മനുസ്മൃതിയുടെ പ്രത്യക്ഷാവിഷ്‌കരണമാണ്. പാരതന്ത്ര്യത്തിന്റെ ഒരിക്കലും പൊട്ടിച്ചുകളയാനാവാത്ത വിലങ്ങുകള്‍ കുലധര്‍മ്മത്തിന്റെയും മറ്റും പേരില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. 'ഭര്‍ത്താവ് പിണങ്ങിയാലും സ്ത്രീ ദുര്‍മുഖം കാണിക്കരുത്'(മനുസ്മൃതി -5/150) എന്ന നീതിശാസ്ത്രത്തിനു മുകളിലാണ് യയാതിമാര്‍ കാമനകളെ യഥേഷ്ടം പ്രയോഗിച്ചത്. പുരുഷന്റെ പരസ്ത്രീബന്ധങ്ങളും വിവാഹേതരബന്ധങ്ങളും സൈദ്ധാന്തികമായിത്തന്നെ ന്യായീകരിക്കപ്പെടുന്നുണ്ടിവിടെ. 'വിധവയുടെ ജീവിതം വാനപ്രസ്ഥന്റേതുപോലെ തപോമയമായിരിക്കണം' (158/5 -മനുസ്മൃതി) എന്ന് നിസ്സങ്കോചം പറയുമ്പോള്‍ സ്ത്രീക്കുമേലുള്ള അടിമത്തത്തെ ആവര്‍ത്തിച്ചുദ്‌ഘോഷിക്കുകയാണത്.
ഭര്‍ത്താവ് മരിച്ചാല്‍ മറ്റൊരു വിവാഹം സ്ത്രീക്ക് വിധിച്ചില്ലെങ്കിലും പുരുഷനതാകാമെന്ന് മനുസ്മൃതി നിര്‍ബന്ധമായും അനുസരിക്കേണ്ട വ്യവസ്ഥയായി ആവര്‍ത്തിക്കുന്നു. 'തന്നെക്കാള്‍ മുമ്പ് മരിച്ച ഭാര്യയുടെ അന്ത്യകര്‍മ്മത്തിന് അഗ്നി കൊളുത്തിയ ശേഷം ഗൃഹസ്ഥന്‍ വീണ്ടും വിവാഹം കഴിക്കണം' (മനുസ്മൃതി). ആധുനിക ജനാധിപത്യയുഗത്തിലും മനുവിന്റെ നിയമങ്ങള്‍ തന്നെയാണ് സ്ത്രീജീവിതത്തെ നിര്‍ണയിച്ചുകൊണ്ടിരിക്കുന്നത് എന്നു സാരം.
മഹാപുരാണങ്ങളില്‍ വളരെ പ്രാധാന്യത്തോടെയാണ് യയാതിചരിതം വിവരിക്കുന്നത്. ചന്ദ്രവംശത്തിന്റെ വ്യാപനത്തിനു കാരണക്കാരനായ കുലപരമ്പരയുടെ പിതൃത്വം യയാതിക്കാണ്. പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ നല്‍കുന്ന മാതൃകകള്‍ പ്രാചീനസ്ത്രീ ജീവിതത്തിന്റെ അടിമസമാനമായ ചിത്രമാണ്. സ്ത്രീയുടെ സ്വത്വത്തെ ഒരുതരത്തിലും പരിഗണിക്കാത്ത ആപല്‍ക്കരമായ കീഴ്‌പ്പെടുത്തലിന്റെ അനുഭവലോകമാണ് ഓരോ സ്ത്രീജീവിതവും. ശരീരത്തെ മാത്രം കേന്ദ്രസ്ഥാനത്ത് നിര്‍ത്തി പുരുഷന്റെ ലൈംഗികകേളികളുടെ ഇരകളായി മാത്രം സ്ത്രീജീവിതം ആവിഷ്‌കരിക്കപ്പെടുകയായിരുന്നു പുരാണങ്ങളിലത്രയും. മാതൃകാജീവിതത്തിന്റെ വര്‍ണനങ്ങള്‍ പൂര്‍ണമായും മനുസ്മൃതിക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ്. യയാതി പ്രാപിച്ച സ്ത്രീകളുടെ ജീവിതവും ഇതില്‍നിന്ന് ഭിന്നമല്ല.
ആപല്‍ക്കരവും അശ്ലീലം നിറഞ്ഞതുമായ സൂചനകളാണ് സ്ത്രീശരീരത്തെക്കുറിച്ചും സ്ത്രീധര്‍മത്തെക്കുറിച്ചും പുരാണങ്ങളില്‍ വ്യാപകമായി ഉള്ളത്. പുരുഷലൈംഗികതയുടെ നിര്‍ബാധവേഴ്ചകളില്‍ ഭൂരിപക്ഷം സ്ത്രീകളും വിധേയരായി. ചോദ്യം ചെയ്യലുകളില്ലാതെ അനുസരിക്കുക മാത്രമായിരുന്നു സ്ത്രീകള്‍ക്ക് മുന്നിലുള്ള പോംവഴി. ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച സ്ത്രീവിരുദ്ധമായ പൊതുബോധത്തെ മറികടക്കുക അസാധ്യവുമായിരുന്നു. ശീലാവതിയും ദേവയാനിയും ശര്‍മിഷ്ഠയുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ദേവനോ അസുരനോ മഹര്‍ഷിയോ എന്ന വ്യത്യാസമൊന്നും സ്ത്രീവേഴ്ചകളുടെ കാര്യത്തില്‍ കാണാന്‍ കഴിയില്ല.
ചാതുര്‍വര്‍ണ്യവ്യവസ്ഥ നിര്‍മിച്ച കുലസ്ത്രീ, പതിവ്രത തുടങ്ങിയ വിശേഷണങ്ങള്‍ ജീവിതത്തെ സ്വത്വരഹിതമാക്കി പൂര്‍ണമായും അരികുവത്കരിക്കാനാണവരെ സഹായിച്ചത്. ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ് കുലീനയെന്നും കുലസ്ത്രീയെന്നും വാഴ്ത്തപ്പെട്ടത്.
Content Highlights: Explore the untold stories of women in ancient Indian epics, challenging patriarchal narratives surrounding Yayati and the concept of `Kulastree`. Discover a new perspective.
Published: 28 Nov 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented