മലയാളസമൂഹത്തിന്റെ വേദനയുള്ളൊരുപേരായി മാറിയിരിക്കുകയാണ് ഡോ. എം. കുഞ്ഞാമന്‍ എന്നത്. നിലപാടുകളും നിരീക്ഷണങ്ങളും കൊണ്ട് വേറിട്ട നടത്തം ജീവിതത്തിലും അക്കാദമിക മേഖലയിലും സമ്മാനിച്ച ആ ജ്ഞാനിയുടെ വിയോഗമേറ്റുവാങ്ങാന്‍ സാംസ്‌കാരികമലയാളത്തിന് തലകുനിച്ചുകൊണ്ട് മാത്രമേ കഴിയുകയുള്ളൂ. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'എതിര്' എന്ന ആത്മകഥ അക്ഷരം കൂട്ടിവായിക്കാനറിയാവുന്ന ഓരോരുത്തരുടെയും ഉള്ളില്‍ കിടന്ന് എരിയുക തന്നെ ചെയ്യും. എന്താണ് അധ്യാപകന്‍ എന്ന ചിന്തയെക്കുറിച്ച് ഡോ. എം. കുഞ്ഞാമന്‍  ആത്മകഥയില്‍  എഴുതിയത് വായിക്കാം. 

To advertise here,

ഞാന്‍ വിഭാവനം ചെയ്ത തരത്തില്‍, എനിക്ക് മാതൃകാധ്യാപകനാകാന്‍ കഴിഞ്ഞുവോ എന്നത് കൃത്യമായി വിശദീകരിക്കാന്‍ കഴിയില്ല. ഒരു കാര്യം പറയാന്‍ പറ്റും. അങ്ങനെ ആകാനുള്ള സാധ്യത ഒരു അധ്യാപകന്റെ കാര്യത്തില്‍ കേരള സര്‍വകലാശാലയിലുണ്ട്. അധ്യാപകന് വായിക്കാനും ചിന്തിക്കാനും വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും സ്വാതന്ത്ര്യമുണ്ട്. അധ്യാപകനെന്ന നിലയ്ക്ക് ഞാന്‍ ഭരണാധികാരികളെയോ രാഷ്ട്രീയ നേതാക്കളെയോ അല്ല, വിദ്യാര്‍ത്ഥികളെയാണ് വിശ്വാസത്തിലെടുത്തിട്ടുള്ളത്, കാരണം അവരാണ് നാളത്തെ ആളുകള്‍. ഒരുതരത്തില്‍ നോക്കിയാല്‍ എനിക്കു വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. ഇന്ന് വിദ്യാര്‍ത്ഥി പല സ്വാധീനങ്ങള്‍ക്കും വിധേയനാണ്. ഇന്ന് അധ്യാപകന്‍ എന്നാല്‍ പല ഉടമകളില്‍ ഒരാള്‍ മാത്രമാണ്. പക്ഷേ, സ്വതന്ത്രചിന്ത, ആരോടും വിധേയത്വമില്ലായ്മ തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിലേക്കും വിനിമയം ചെയ്യുന്ന കാര്യത്തില്‍ അധ്യാപകനു സ്ഥാനമുണ്ട്. സമൂഹത്തിലെ കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ അധ്യാപകനു കഴിയും, അത് എനിക്കും കഴിഞ്ഞിട്ടുണ്ട്, എഴുത്തിലൂടെയും ചിന്തയിലൂടെയും മറ്റും. പരിപൂര്‍ണമായും അല്ല. മര്‍ദ്ദിതരും ചൂഷിതരുമായിട്ടുള്ള സമൂഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞു. അവരുടെ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. അത് വലിയ നേട്ടമായി കരുതുന്നു.

ഞാന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപകനായിരുന്നില്ല, അവരെപ്പോലെ ഒരാളായിരുന്നു. മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ചെന്നപ്പോള്‍ വിദ്യാര്‍ത്ഥികളോട് ആദ്യമായി പറഞ്ഞത് ഇതാണ്: ''ഞാന്‍ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്, അത് എനിക്കിഷ്ടമല്ല, ബഹുമാനം, അച്ചടക്കം, വിധേയത്വം ഇവയെല്ലാം ഫ്യൂഡല്‍ മൂല്യങ്ങളാണ്. എന്നെയും എന്നെപ്പോലുള്ളവരെ അടിച്ചമര്‍ത്തി കീഴാളരായി നിലനിര്‍ത്തിയ മൂല്യങ്ങളാണിവ. നിങ്ങള്‍ ആരെയും ബഹുമാനിക്കരുത് എന്നു ഞാന്‍ പറയില്ല, ഏതായാലും എന്നെ വേണ്ട. നിങ്ങള്‍ക്ക് ഒരു റോള്‍മോഡല്‍ പാടില്ല. മറ്റുള്ളവരെ നോക്കി നിങ്ങളെ രൂപപ്പെടുത്താന്‍ ശ്രമിച്ചാല്‍ അപകര്‍ഷതാബോധമായിരിക്കും അവശേഷിക്കുക.''

ഈയൊരു സമീപനത്തിലൂടെ വിദ്യാര്‍ത്ഥികളുമായി തുല്യതയുടെ അന്തരീക്ഷമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞു. അവരില്‍ ഒരാളായി വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരാള്‍തന്നെയാണ് ഞാനും. 

നിങ്ങള്‍ എല്ലാത്തിനും അതീതരായിരിക്കണം എന്ന സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാറുള്ളത്. ബെസ്റ്റ് ആകാന്‍ ശ്രമിക്കരുത്, വ്യത്യസ്തരാകാനാണ് ശ്രമിക്കേണ്ടത്. നിങ്ങളേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും സൗന്ദര്യവും സമ്പത്തും ഉള്ളവരുണ്ടായിരിക്കും. അവരില്‍നിന്ന് വ്യത്യസ്തരാകുകയാണു വേണ്ടത്. ചിലരുണ്ട്, ആള്‍ക്കൂട്ടത്തില്‍നിന്നാലും നാം അവരെ ശ്രദ്ധിക്കും, അത് അവര്‍ വ്യത്യസ്തരായതുകൊണ്ടാണ്, ബെസ്റ്റ് ആയതുകൊണ്ടല്ല. 

അംബേദ്കര്‍ നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് നിശ്ശബ്ദനായിരിക്കുകയല്ല, അത് മാറ്റാനുള്ള ഒരു ആശയസംഹിത, പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുകയാണ് ചെയ്തത്. അതുവരെ മാറാതിരുന്ന ഒരു സാമൂഹികവ്യവസ്ഥ ഒരു വ്യക്തിയുടെ ചിന്തയുടെ ഫലമായി മാറാന്‍ തുടങ്ങി. അതുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനായത്. വ്യത്യസ്തരാകേണ്ടത് മൂല്യങ്ങളുടെ കാര്യത്തിലാണ്. ഫ്യൂഡല്‍ മൂല്യങ്ങളായ അനുസരണം, വിധേയത്വം എന്നിവ ഉപേക്ഷിച്ച് മത്സരാധിഷ്ഠിതമായ കഴിവ്, ആത്മധൈര്യം തുടങ്ങിയവ സ്വായത്തമാക്കണം. 

എന്റെ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നു. പഠിക്കുന്നവര്‍ക്കേ പഠിപ്പിക്കാനാകൂ. അധ്യാപനം കലയാണ്, അതിന്റെ പ്രത്യേകത അപൂര്‍ണതയാണ്. സദാ മെച്ചപ്പെട്ടുകൊണ്ടിരിക്കണം. അല്ലാതെ പൂര്‍ണ അധ്യാപകരില്ല. അപാകതകളും അപൂര്‍ണതകളും ഒഴിവാക്കാനാകില്ല. ഓരോ ക്ലാസും എനിക്ക് പഠിക്കാനുള്ള അവസരമായിരുന്നു, എന്റെ പോരായ്മകള്‍ തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങളായിരുന്നു.

placeholder
എം. കുഞ്ഞാമന്‍

നല്ല അധ്യാപകനാകാന്‍ എന്താണു ചെയ്യേണ്ടത് എന്ന് അധ്യാപകര്‍ എന്നോടു ചോദിക്കാറുണ്ട്. ഞാന്‍ പറഞ്ഞുതുടങ്ങുന്നതുതന്നെ, നാല്പതു വര്‍ഷത്തിലേറെ സര്‍വകലാശാല തലത്തില്‍ പഠിപ്പിച്ചിട്ടും നന്നായി പഠിപ്പിക്കുന്നത് എങ്ങനെ എന്ന് ഇപ്പോഴും അറിയില്ല എന്നാണ്. അതുകൊണ്ടാണ്, അധ്യാപനത്തെ കല എന്നുപറയുന്നത്. തെറ്റില്‍നിന്ന് പാഠമുള്‍ക്കൊള്ളുക, നമ്മുടെ അവസ്ഥകളില്‍നിന്ന് പഠിക്കുക -ഇതിനെല്ലാം അധ്യാപകന്‍ നിരന്തര വിദ്യാര്‍ത്ഥികൂടി ആകേണ്ടതുണ്ട്. നമ്മുടെ ജീവിതവീക്ഷണവും ലോകവീക്ഷണവും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുന്നുണ്ട്. 

സമൂഹത്തില്‍നിന്ന് എനിക്കു ജാതിവിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ക്ലാസ്മുറിയില്‍ അതുണ്ടായിട്ടില്ല. അവര്‍ എന്നെ താഴ്ന്ന ആളായി കണ്ടിട്ടില്ല. അത് എന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നു. ക്ലാസ്മുറിയില്‍ സത്യസന്ധമായ നിലപാടെടുക്കുന്നതിനാലാണ് ഇതെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ അറിവില്ലായ്മയെ മറികടക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നുണ്ട് എന്ന തോന്നലുമുണ്ടാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും ഒരു നല്ല അധ്യാപകനല്ല ഞാന്‍, അതാകാനും അറിഞ്ഞുകൂടാ. 

ഓരോ ക്ലാസും ഓരോ അനുഭവമായിരുന്നു. അധികാരികളെ ആദരിക്കുന്നവരോ വ്യവസ്ഥിതിയോടു വിധേയത്വമുള്ളവരോ ഭയമുള്ളവരോ ആകരുത് നല്ല അധ്യാപകര്‍. ഇത്തരമൊരു കാഴ്ചപ്പാടില്‍നിന്നാണ് ഞാന്‍ എന്നിലെ അധ്യാപകനെ രൂപപ്പെടുത്തിയത്. ക്ലാസ്മുറിയില്‍ വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന ആളല്ല ഞാന്‍, അത് വളരെ എളുപ്പമുള്ള കാര്യമാണ്. ചിന്തിപ്പിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. 

സര്‍വകലാശാലയിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. അധ്യാപകരുമായിട്ടല്ല. ഇപ്പോഴും അതേ, യുവാക്കളുമായിട്ടാണ് അടുപ്പം. കാര്യവട്ടത്തുള്ളപ്പോള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് എനിക്ക് എതിര്‍പ്പുണ്ടായിട്ടില്ല. അധ്യാപകന്‍ എന്ന നിലയ്ക്കു മാത്രമല്ല, എനിക്ക് അവരില്‍ ഒരു രക്ഷിതാവെന്ന നിലയ്ക്കുകൂടി സ്വാധീനമുണ്ടായിരുന്നു.

കുറേ വിഷയങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, വിദ്യാര്‍ത്ഥികളെയും സമൂഹത്തെ ഒന്നാകെയും മുന്നോട്ടുനയിക്കാനുള്ള സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്കു കഴിയണം. പരിപൂര്‍ണ അക്കാദമിക സ്വാതന്ത്ര്യമുള്ള ടാറ്റ കാമ്പസിലെ വിദ്യാര്‍ത്ഥികളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ ചെറിയ തെറ്റു ചെയ്താല്‍ ഞാന്‍ ക്ഷമിക്കും, എന്നോട് വ്യക്തിപരമായ തെറ്റു ചെയ്താലും ക്ഷമിക്കും, മക്കളല്ലേ എന്ന പരിഗണനയില്‍. വളരെ അപകടകരമായ പ്രശ്‌നമുണ്ടായാല്‍പോലും പൊലീസിനു വിട്ടുകൊടുക്കുന്നതല്ല ന്യായമായ സമീപനം. 

കേരളത്തിലെ സര്‍വകലാശാലകള്‍ വെറും പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങളാണിന്ന്. മാത്രമല്ല, അവ ഫ്യൂഡല്‍ സ്ഥാപനങ്ങളുമാണ്. ഫ്യൂഡല്‍ മൂല്യങ്ങള്‍-അച്ചടക്കം, അനുസരണം, വിധേയത്വം-ഈ കാര്യങ്ങളാണ് സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിക്കുന്നത്. നേരേമറിച്ച്, ചോദ്യംചെയ്യല്‍, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം തുടങ്ങിയ ആധുനികമൂല്യങ്ങളാണ് പാശ്ചാത്യ സര്‍വകലാശാലകളില്‍ പലതും ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രശസ്ത മാര്‍ക്‌സിസ്റ്റ് പണ്ഡിത റോസ ലക്‌സംബര്‍ഗ് പറഞ്ഞു, ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ്. സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി 1919-ല്‍ ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്ന മഹതിയാണവര്‍. മാര്‍ക്‌സിനെ വിമര്‍ശിച്ച മാര്‍ക്‌സിസ്റ്റ് ചിന്തക. 1913- ല്‍ എഴുതിയ ലക്‌സംബര്‍ഗിന്റെ 'ദി അക്കുമുലേഷന്‍ ഓഫ് കാപ്പിറ്റല്‍' വിശദപഠനം അര്‍ഹിക്കുന്നു.

ഫ്യൂഡല്‍മൂല്യങ്ങളെ വ്യവസ്ഥിതിയെ നിലനിര്‍ത്തുന്ന ഉപകരണങ്ങളായി അധികാരികള്‍ കാണുന്നു. അധികാരികളെ പിണക്കാന്‍ പറ്റില്ലല്ലോ. സര്‍വകലാശാലകളില്‍ വേണ്ടത് അധികാരികളല്ല, ചിന്താപരമായ ഔന്നത്യമുള്ള നേതാക്കളാണ്. സര്‍വകലാശാലകളുടെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് നാം പറയാറുണ്ട്. സിന്‍ഡിക്കേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളാണു വരുന്നത്. ഇവര്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ താത്പര്യമുള്ളവരോ അതിന് കഴിവുള്ളവരോ അല്ല. നമ്മുടെ സര്‍വകലാശാലകളെ സംബന്ധിച്ച് നിയമനങ്ങളും കെട്ടിടനിര്‍മാണവുമാണ് പ്രധാനം. ഇതിന് വന്‍തുക ചെലവിടും. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുപ്രീം അക്കാദമിക് കൗണ്‍സില്‍ എന്ന ഉന്നത ബോഡിയില്‍ വിദഗ്ധരാണുള്ളത്, രാഷ്ട്രീയ പ്രതിനിധികളല്ല.

വിദ്യാര്‍ത്ഥികള്‍ക്കാകട്ടെ, പരീക്ഷ എഴുതണം, ബിരുദം എടുക്കണം എന്ന താത്പര്യമാണുള്ളത്, അല്ലാതെ വിജ്ഞാനം വികസിപ്പിക്കണം എന്ന ലക്ഷ്യമല്ല. ഞാന്‍ കേരള സര്‍വകലാശാലയില്‍ ഉണ്ടായിരുന്ന കാലത്ത് 'തേസ്‌ഡേ ക്ലബ്' എന്ന വേദിയുണ്ടായിരുന്നു. അവിടെ നല്ല തുറന്ന ചര്‍ച്ച നടന്നിരുന്നു. 
വിജ്ഞാനത്തിന്റെ സാര്‍വലൗകികതയ്ക്കുവേണ്ടിയായിരിക്കണം സര്‍വകലാശാലകള്‍ നിലകൊള്ളേണ്ടത്. അവ നാളേക്കുള്ള സ്ഥാപനങ്ങളാണ്. ഇന്ന് നാം അംഗീകരിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ആശയങ്ങള്‍ അവിടെ വളര്‍ന്നുവരും. സ്ഥലകാല പരിമിതികള്‍ക്കപ്പുറത്തു നില്‍ക്കുന്ന ആശയങ്ങളാണ് സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത്. അവയേ നിലനില്‍ക്കുകയുള്ളൂ.

ഗവേഷണത്തിന് പ്രസക്തി എന്ന ഒന്നില്ല. ഐസക് ന്യൂട്ടണ്‍ 17-ാം നൂറ്റാണ്ടില്‍ ആവിഷ്‌കരിച്ച മൂന്നാമത്തെ ചലനസിദ്ധാന്തത്തിന് അന്ന് പ്രസക്തിയുണ്ടായിരുന്നില്ല. ആ സിദ്ധാന്തം പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ഈ സിദ്ധാന്തം ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപണം നടത്തി, ഉപഗ്രഹ സാങ്കേതികവിദ്യ വന്നു. ഗവേഷണം രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കണം എന്നു പറയുന്നത് ബാലിശമായ അഭിപ്രായമാണ്. ഇത്തരം അഭിപ്രായക്കാരാണ് നയരൂപീകരണത്തില്‍ വരുന്നത്. സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത് ധിഷണാശാലികളെയാണ്, ഭരണാധികാരികളെയല്ല.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, മുസ്ലിം സംഘടനകള്‍, ക്രൈസ്തവസഭകള്‍ എന്നിവയുടെ കീഴിലാണ്. ഈ നാല് സാമൂഹിക വിഭാഗങ്ങളില്‍നിന്നാണ് വൈസ് ചാന്‍സലര്‍മാര്‍ വരുന്നത്. അല്ലാതെ വിദ്യാഭ്യാസ വിചക്ഷണന്മാരോ രാഷ്ട്രീയനേതാക്കളോ അല്ല. ഈ ശക്തികളാണ് അക്കാദമിക് മേഖലയെ നിയന്ത്രിക്കുന്നത്. ഇത് സര്‍വകലാശാല സംവിധാനത്തിന് യോജിച്ചതല്ല. അവിടെ വേണ്ടത്, വിഭിന്ന വീക്ഷണങ്ങളാണ്. റോസ ലക്‌സംബര്‍ഗ് പറഞ്ഞല്ലോ, വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന്. സ്വതന്ത്രചിന്തയുടെ വളര്‍ച്ചയ്ക്ക് അല്പം അരാജകത്വം ആവശ്യമാണ്. സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത് പണ്ഡിതന്മാരെയും ചിന്തകരെയും വിമര്‍ശകരെയുമാണ്.

 മുദ്രാവാക്യത്തൊഴിലാളികളെ സൃഷ്ടിക്കാനുള്ള ഒരിടമായി സര്‍വകലാശാലകള്‍ മാറി, അതുകൊണ്ടുതന്നെ അവിടെ ചിന്തകര്‍ ഉണ്ടാകുന്നില്ല. ഭരണാധികാരം കടന്നുവരുന്നതാണ് സര്‍വകലാശാലകളുടെ ശാപം. അധികാരം പൊതുവേ ക്രിയേറ്റിവിറ്റിക്ക് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുക.

അധികാരം പിടിക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമല്ല സര്‍വകലാശാല; അധികാരത്തെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമാണ്. അധികാരത്തെ ആദരിക്കുന്നൊരു സമൂഹം നാശോന്മുഖമാണ്. അതിന് നിലനില്‍ക്കാനും മുന്നോട്ടുപോകാനും അര്‍ഹതയില്ല.