മാതൃഭൂമി ബുക്‌സ് പ്രസദ്ധീകരിച്ച ഡോ. ആര്‍സുവിന്റെ ആത്മകഥയായ 'അനാഥാലയത്തില്‍ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്' എന്ന പുസ്തകത്തിൽനിന്ന്: 

To advertise here,

ഴുത്തച്ഛന്റെ രാമായണത്തില്‍ മോതിരക്കല്ലുകള്‍ പോലെ ശോഭിക്കുന്ന ചില വരികളുണ്ട്. സുന്ദരകാണ്ഡത്തില്‍ 'രാവണന്റെ പുറപ്പാട്' എന്ന ഭാഗത്ത് രാവണന്റെ ചിന്തയിലെത്തുന്ന ഒരു ഭാവമാണിത്. ചിലര്‍ക്ക്, ചിലകാലം എന്നീ പ്രയോഗങ്ങള്‍ എനിക്കു വളരെ ചിന്തോദ്ദീപകമായി തോന്നി. 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ 1985 ജനുവരി ഒന്നാം തീയതിയായിരുന്നു ഞാന്‍ ചുമതലയേറ്റത്. അന്താരാഷ്ട്ര യുവജനവര്‍ഷമായിരുന്നു അത്. 35-ാം വയസ്സിലേക്ക് ചുവടുവെക്കുന്ന ഘട്ടമായിരുന്നു അത്. ആദ്യം ഞാന്‍ വൈസ് ചാന്‍സലര്‍ ടി.എന്‍. ജയചന്ദ്രനെ ചെന്നുകണ്ടു. അദ്ദേഹം അതിശയം പ്രകടിപ്പിച്ചു: 'ഇവിടെ നിരവധിപേര്‍ക്ക് എന്റെ വി.സി. കാലത്തു നിയമനം ലഭിച്ചിട്ടുണ്ട്. ജോലിയില്‍ പ്രവേശിക്കും മുമ്പ് എന്നെ ആരും വന്നു കണ്ടിട്ടില്ല. താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു. ഭാവുകങ്ങള്‍ നേരുന്നു. യൂണിവേഴ്‌സിറ്റിക്കു സല്‍പ്പേര് ഉണ്ടാക്കുന്നതാകട്ടെ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍.' ഈ വാക്കുകള്‍ എന്റെ മനസ്സില്‍ അമൃതധാരയായി ചൊരിഞ്ഞു.

ഞാന്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ പതിനേഴുപേര്‍ വന്നിരുന്നു. പ്രായപരിധി കഴിഞ്ഞ ഒരാളും ഉണ്ടായിരുന്നു. മൂന്നു മാസത്തെ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പങ്കെടുത്തത് പിഎച്ച്.ഡിക്കു തത്തുല്യയോഗ്യതയായി വിജ്ഞാപനത്തില്‍ എഴുതിച്ചേര്‍ത്തിരുന്നു. വിജ്ഞാപനം തയ്യാറാക്കുമ്പോള്‍ ടി.എന്‍. വിശ്വംഭരന്‍ സാറായിരുന്നു ഹെഡ്ഡിന്റെ ചുമതല വഹിച്ചിരുന്നത്. 20 വര്‍ഷത്തിലേറെ അധ്യാപന പരിചയം ഈ ഉദ്യോഗാര്‍ത്ഥിക്കുണ്ടായിരുന്നു. അന്നത്തെ ഹെഡ്ഡിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം. സെലക്ഷന്‍ കമ്മിറ്റി ആ യോഗ്യത പിഎച്ച്.ഡിക്കു തുല്യമായി പരിഗണിച്ചില്ല. ഒരു ജേണലിസ്റ്റിന്റെ പത്‌നിക്ക് ശക്തമായ ശുപാര്‍ശയുള്ളതായി ഊഹാപോഹമുണ്ടായിരുന്നു. അവര്‍ക്ക് ഒരു വര്‍ഷത്തെ അധ്യാപനപരിചയം പോലുമുണ്ടായിരുന്നില്ല. എങ്ങനെയോ തിരിഞ്ഞുമറിഞ്ഞ് നറുക്ക് വീഴുകയായിരുന്നു. 

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.

ഏഴര വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഇരുപതോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതും എനിക്ക് അനുകൂലഘടകമായി. ഇന്റര്‍വ്യൂവിനു വി.സിയുടെ ചേംബറില്‍ എത്തിയപ്പോള്‍ ഞാനവിടെ വഴുതി മലര്‍ന്നടിച്ചു വീണു. ആ മുറിയിലെ ടൈല്‍സ് ഒരു ദിവസംമുമ്പ് പോളീഷ് ചെയ്തതായിരുന്നു. ഞാനാകെ തളര്‍ന്നുപോയി. ഉത്തരേന്ത്യയില്‍നിന്നുള്ള ഒരു പ്രൊഫസര്‍ എക്‌സ്‌പെര്‍ട്ടായി വന്നിരുന്നു. വൈസ് ചാന്‍സലര്‍ ഐ.എ.എസ്സുകാരനായിരുന്നു. ശുപാര്‍ശകള്‍ തീരെ ഗൗനിക്കാത്ത വ്യക്തിയായിരുന്നു. ഹിന്ദി വകുപ്പുമേധാവിയുടെ ചുമതല വഹിച്ച ഡോ. ജി. ഗോപിനാഥന്‍ സാര്‍ ഇന്റര്‍വ്യു ബോര്‍ഡിലുണ്ടായിരുന്നു. മൈസൂരിലെ പ്രൊഫസര്‍ രാജേശ്വരയ്യയായിരുന്നു മറ്റൊരു എക്‌സ്‌പെര്‍ട്ട്. 

ഗവേഷണപ്രബന്ധത്തിലെ നിഗമനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു തട്ടുംതടവുമില്ലാതെ ഉത്തരം പറയാനായി. ജയചന്ദ്രന്‍ സാര്‍ മലയാളത്തിലെ ഇന്റര്‍വ്യൂ സാഹിത്യം, മലയാളികളായിരിക്കെ ഹിന്ദിയില്‍ പ്രാഗല്ഭ്യം നേടിയവര്‍, കേരളത്തില്‍നിന്നുള്ള ഹിന്ദി ആനുകാലികങ്ങള്‍ ഇവയെക്കുറിച്ചും ഏതാനും ചോദ്യങ്ങള്‍ ചോദിച്ചു. ഇതെല്ലാം എനിക്ക് അഭിരുചിയുള്ള വിഷയങ്ങള്‍ ആയതിനാല്‍ നന്നായി ഉത്തരം പറയാനായി.

placeholder
ഡോ. ആര്‍സു, പുസ്തകത്തിന്റെ കവര്‍ പേജ്‌ | Mathrubhumi

വി.സിയുടെ ആശീര്‍വാദം ലഭിച്ചശേഷം ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ടു. എനിക്ക് അധ്യാപകരോടൊപ്പം ഇരിക്കാന്‍ സാധിച്ചില്ല. ഗവേഷകരുടെ മുറിയില്‍ പലരോടൊപ്പം ഇരിക്കാനാണ് ഗോപിസാര്‍ പറഞ്ഞത്. 'ബ്രാഹ്‌മണ്‍ കുല്‍ മേം അഛ്യൂത്' എന്ന നിരാലയുടെ വരി ഞാനോര്‍ത്തു. ഈ അസൃപ്ശ്യതയുടെ ഹേതു എനിക്ക് ഊഹിക്കാനായില്ല. ശരി, വീണിടം വിഷ്ണുലോകമാകട്ടെയെന്നു ഞാന്‍ കരുതി.

ടൈംടേബിള്‍ എനിക്കു നല്‍കിയിരുന്നില്ല. ഇന്ദിരാ നായര്‍, ഗീത എന്നീ വിദ്യാര്‍ത്ഥിനികള്‍ മുറിയില്‍ വന്ന് ഇപ്പോള്‍ സാറിന്റെ ക്ലാസാണെന്നു പറഞ്ഞു. സുമിത്രാനന്ദന്‍ പന്തിനെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. ഛായാവാദി കവികള്‍-അവരില്‍ സുമിത്രാനന്ദന്‍ പന്തിന്റെ സ്ഥാനം എന്ന വിഷയത്തില്‍ ഞാന്‍ ആദ്യ ക്ലാസെടുത്തു. ഡോ. നഗേന്ദ്ര, പ്രേമലത ബാഫ്‌ന, മാലതി ജോഷി - എന്നിവരുടെ നിരൂപണങ്ങള്‍ പലതും ഓര്‍മയിലുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ സാമാന്യം നന്നായി കുറെ കാര്യങ്ങള്‍ പഠിപ്പിക്കാനായി. പുതിയ അധ്യാപകന്റെ ക്ലാസ് വളരെ ജിജ്ഞാസയോടെ വിദ്യാര്‍ത്ഥികള്‍ കേട്ടു. ഇവിടെ പഠിച്ച് ഗവേഷണബിരുദം നേടിയ ആദ്യത്തെ പൂര്‍വവിദ്യാര്‍ത്ഥി അധ്യാപകനായത് ഞാനായിരുന്നു. ആ ഒരു ഉത്തരവാദിത്വം കനപ്പെട്ടതാണെന്നു ഞാനോര്‍ത്തു.

ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗോദാന്‍, ദീക്ഷ എന്നീ നോവലുകള്‍ പഠിപ്പിക്കാനുണ്ടായിരുന്നു. ഗോദാന്‍ (പ്രേംചന്ദ്) റിയലിസ്റ്റിക് നോവലായിരുന്നു. കര്‍ഷകരുടെ ജീവിതപ്രശ്‌നങ്ങളായിരുന്നു ഇതിന്റെ പ്രമേയം. ഇന്ദ്രനാഥ് മദാന്‍, ഹംസരാജ് രഹ്ബര്‍, രാം വിലാസ് ശര്‍മ എന്നിവരുടെ പഠനങ്ങള്‍ സശ്രദ്ധം വായിച്ചാല്‍ പ്രേംചന്ദിനെ ആഴത്തില്‍ വിലയിരുത്താനാകുമെന്ന് പറഞ്ഞത് വിദ്യാര്‍ഥികള്‍ അനുസരിച്ചു. രാമായണകഥയിലെ വിശ്വാമിത്ര- രാമപ്രകരണമായിരുന്നു ദീക്ഷയിലെ ഉള്ളടക്കം. യുവാവായ രാമനെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്തനാക്കുകയാണ് വിശ്വാമിത്രന്‍ ചെയ്തത്. പുതിയ നോവലായതു കാരണം പഠനങ്ങള്‍ ലഭ്യമല്ലായിരുന്നു.

നോവലിസ്റ്റുതന്നെ ആ കാര്യത്തില്‍ വളരെയധികം സഹായിച്ചു. ബുക്‌റിവ്യുകള്‍ അയച്ചുതന്നു. തുടര്‍വര്‍ഷങ്ങളില്‍ ജയശങ്കര്‍ പ്രസാദിന്റെ മഹാകാവ്യം കാമായനി പഠിപ്പിക്കാനുള്ള ചുമതല കിട്ടി. കവി ജീവിച്ചിരുന്ന കാലത്തും പീന്നീടുമുള്ള കുറെ നിരൂപണങ്ങള്‍ സമാഹരിച്ച് അലഹാബാദ് യൂണിവേഴ്‌സിറ്റിയുടെ ഗിരിജാറായ് എഡിറ്റ് ചെയ്ത പുസ്തകം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തി. മിത്ത്, മനശ്ശാസ്ത്രം, തത്ത്വചിന്ത ഇവയെല്ലാം മേളിക്കുന്ന ഈ കൃതി ഹിന്ദി സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്.

വിവര്‍ത്തനത്തില്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങിയ സമയമായിരുന്നു ഇത്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളുടെ വിവര്‍ത്തനത്തില്‍ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. ആ പദാവലി പരിചയപ്പെടുത്തുകയായിരുന്നു മുഖ്യലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഹിന്ദി ഓഫീസര്‍, ട്രാന്‍സ്ലേറ്റര്‍ പദവികളിലേക്കുള്ള യോഗ്യതയായിരുന്നു ഈ ഡിപ്ലോമ. തൊഴിലധിഷ്ഠിത കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രദ്ധ പതിപ്പിച്ചു. രാവിലെ ഒമ്പതുമണിക്കു തുടങ്ങി ഒരു മണിക്കൂറായിരുന്നു ക്ലാസ്. അവര്‍ ഇംഗ്ലീഷ്-ഹിന്ദി പത്രങ്ങള്‍, ടിവി ഇവയിലെ ദേശീയവാര്‍ത്തകള്‍ പതിവായി വായിക്കുകയും കേള്‍ക്കുകയും ചെയ്തു.

പത്തു വാക്യങ്ങള്‍ എഴുതി ക്ലാസ് തുടങ്ങുമ്പോള്‍ വായിക്കുക, അത് ചര്‍ച്ച ചെയ്യുക എന്ന രീതി അവലംബിച്ചത് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും സഹായകമായി. ഒരു വാക്കെങ്കിലും നിശ്ചയമായും സാങ്കേതികപദമായി അതില്‍ വന്നിരിക്കണമെന്ന നിബന്ധനവെച്ചിരുന്നു. സാഹിത്യേതര കാര്യങ്ങള്‍ക്കു ഭാഷ ഉപയോഗിക്കുന്നവിധം ഇതില്‍നിന്ന് പരിശീലിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു. ഒരു പുസ്തകത്തിന്റെ അറുപതു പേജ് മലയാളത്തില്‍നിന്നോ ഇംഗ്ലീഷില്‍നിന്നോ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തുന്നതും കോഴ്‌സിന്റെ പ്രാക്ടിക്കല്‍ ആയിരുന്നു. അതു സാഹിത്യമോ സാങ്കേതിക വിഷയമോ ആകാം. അതിനായി ഒരു ഗൈഡ് ഉണ്ടാകും. മിക്ക വിദ്യാര്‍ത്ഥികളും ഇതു സീരിയസായി എടുത്തിരുന്നു.

അനുവാദ്, ഗവേഷണ, ഭാഷ-എന്നീ മാസികകള്‍ വിദ്യാര്‍ത്ഥികള്‍ വായിച്ചിരുന്നു. ഗാര്‍ഗി ഗുപ്ത, കൈലാശ് ചന്ദ്ര ഭാട്യ, ദേവേന്ദ്രനാഥ് ശര്‍മ എന്നിവരുടെ പുസ്തകങ്ങള്‍ ഹിന്ദിയിലെ സാങ്കേതിക-ശാസ്ത്ര പദാവലി വിദ്യാര്‍ത്ഥികള്‍ക്കു നന്നായി പരിചയപ്പെടുത്തുന്നവയായിരുന്നു. വേറെയും ഭാഷാവിഭാഗങ്ങള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടെങ്കിലും അവിടെ വിവര്‍ത്തനപരിശീലനം നല്‍കുന്ന കോഴ്‌സുകള്‍ നടപ്പാക്കിയിട്ടില്ല. പത്താം ക്ലാസ് യോഗ്യത നേടിയവര്‍ക്കായി ഒരു സര്‍ട്ടിഫിക്കറ്റു കോഴ്‌സും ഹിന്ദി വിഭാഗത്തില്‍ 1985 മുതല്‍ നടക്കുന്നുണ്ട്. ജി. ഗോപിനാഥന്‍ സാറാണ് ഇതിനെല്ലാം തുടക്കംകുറിച്ചത്. യൂണിവേഴ്‌സിറ്റി അതിനു നല്ല പിന്തുണയും നല്‍കി.

സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കു ലഭിക്കുന്ന ഒരു സൗഭാഗ്യം ഗവേഷണ ഗൈഡ് ആകാമെന്നതാണ്. മൂന്നു ഗവേഷണ ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കണമെന്നതാണ് ഇതിനുള്ള നിബന്ധന. എനിക്കതിന് അപ്രൂവല്‍ ലഭിക്കാന്‍ വിഘ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മൗലികതയുള്ള കുറെ വിഷയങ്ങള്‍ ഞാന്‍ ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. അവയില്‍നിന്ന് ഇഷ്ടശാഖയിലുള്ള ഒരു വിഷയം തിരഞ്ഞെടുക്കാന്‍ ഗവേഷകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സൗകര്യം നല്‍കിയിരുന്നു. വിഷയങ്ങള്‍ കണ്ട് ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ഒന്നിലേറെ വിഷയങ്ങള്‍ അവര്‍ ഇഷ്ടപ്പെടാറുണ്ട്.

ശാപം കിട്ടിയ പുരാണകഥാപാത്രങ്ങള്‍ ആധുനിക ഹിന്ദി കവിതയില്‍, നാഗാര്‍ജ്ജുന്‍ -ധൂമില്‍ കവിതകളുടെ സാമൂഹികചേതന, ജീവചരിത്ര നോവലുകള്‍ 1990നു ശേഷം, ഇന്ത്യാവിഭജനം നോവലില്‍, ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഹിന്ദി കവികള്‍, ജ്ഞാനപീഠ പുരസ്‌കാരം നേടിയ വ്യത്യസ്ത ഭാഷകളിലെ എഴുത്തുകാരികള്‍, തീവ്രവാദസ്വരം ഹിന്ദി നോവലില്‍, പരിസ്ഥിതി-വികസന പ്രശ്‌നങ്ങള്‍ ഹിന്ദി നോവലില്‍, വൈജ്ഞാനികസാഹിത്യത്തിന്റെ വിവര്‍ത്തനപ്രശ്‌നങ്ങള്‍, ഹിന്ദി കവികളെഴുതിയ നോവലുകള്‍, ദക്ഷിണേന്ത്യന്‍ ഭാഷകളില്‍നിന്ന് ഹിന്ദിയിലെത്തിയ നോവലുകള്‍, ഹിന്ദി നോവലുകളിലെ ജേര്‍ണലിസ്റ്റ് കഥാപാത്രങ്ങള്‍ ഇവയാണ് എന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ പൂര്‍ത്തിയായ ഗവേഷണപഠനങ്ങള്‍. മിക്കവയും പുസ്തകരൂപത്തില്‍ പുറത്തുവന്നതില്‍ ഗൈഡ് എന്ന നിലയില്‍ എനിക്കു വലിയ സന്തോഷം നല്‍കി.

ഗംഗാപ്രസാദ് വിമല്‍, രണ്‍ജിത്സാഹ, വേദ് പ്രകാശ് അമിതാഭ്, ബാലശൗരി റെഡ്ഡി, രാംദരശ് മിശ്ര, പാണ്ഡുരംഗറാവു, ആദേശ്വര്‍ റാവു, ശൈലേന്ദ്രകുമാര്‍ ത്രിപാഠി, ശേഷാരത്‌നം, ഡി.എന്‍. പ്രസാദ് അങ്ങനെ പലരും പിഎച്ച്.ഡി. വൈവ നടത്താന്‍ വന്ന എക്‌സ്‌പേര്‍ട്ട്‌സ് ആയിരുന്നു. ഗവേഷകര്‍ നല്ല പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്നുവെന്നവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഗൈഡ് എന്ന നിലയില്‍ എനിക്ക് അതിരറ്റ സന്തോഷമുണ്ടായി. എന്റെ മുമ്പിലിരുന്ന് അവര്‍ നേരിട്ടു വായിച്ച്, വേണ്ട തിരുത്തലുകള്‍ അപ്പപ്പോള്‍ വരുത്തുന്നതായിരുന്നു എന്റെ രീതി; ഗവേഷകവിദ്യാര്‍ത്ഥികള്‍, അവര്‍ എഴുതിയ അധ്യായങ്ങള്‍ എന്റെ മേശപ്പുറത്ത് വെച്ചിട്ടുപോയശേഷം ഞാന്‍ സൗകര്യപൂര്‍വം വായിച്ചുനോക്കുന്ന രീതിയായിരുന്നില്ല. ചിലര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അതിരാവിലെ എന്റെ വീട്ടില്‍വന്നു കറക്ഷന്‍സ് നടത്തിയ സന്ദര്‍ഭം ഞാന്‍ നന്നായി ഓര്‍ക്കുന്നു. 

സദാ തിരക്കുപിടിച്ച ആളായിരുന്നതുകൊണ്ട് എന്റെ ഗൈഡില്‍നിന്ന് ഈ സൗകര്യം എനിക്കു ലഭിച്ചിരുന്നില്ല. സര്‍വ്വകലാശാലയില്‍ അന്ന് ഇരുപത്തിയഞ്ചു പഠനവിഭാഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു എന്‍.എസ്.എസ്. യൂണിറ്റ് ഇല്ലാത്തതിന്റെ പോരായ്മ വൈസ് ചാന്‍സലര്‍ ടി.എന്‍. ജയചന്ദ്രന്‍ കണ്ടെത്തി. ഒരുദിവസം എന്നെ ചേംബറിലേക്കു വിളിച്ചുവരുത്തി. ക്യാമ്പസില്‍ തുടങ്ങാനുദ്ദേശിക്കുന്ന എന്‍.എസ്.എസ്. യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി സുരേന്ദ്രന്‍ ചുമതലയേറ്റെടുക്കണമെന്നു നിര്‍ദ്ദേശിച്ചു. ഞാനതിനോടു യോജിച്ചു. കുറെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. എന്‍.എസ്.എസ്സില്‍ ചേരാന്‍ താത്പര്യമുള്ളവരുടെ ഒരു യോഗം സെനറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്തപ്പോള്‍ നല്ല പ്രതികരണമാണുണ്ടായത്. വി.സി. പ്രഥമയോഗത്തില്‍ സംബന്ധിച്ചത് അവരുടെ താത്പര്യം വര്‍ധിപ്പിച്ചു.

അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചശേഷം പറഞ്ഞു. ഈ സര്‍വ്വകലാശാല മൂന്ന് പഞ്ചായത്തുകളിലായാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ എത്ര വിദ്യാര്‍ത്ഥികള്‍ ഇവിടത്തെ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പഠിക്കുന്നുണ്ടെന്ന് ഒരു സര്‍വ്വേ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കണം. എ.ഡി. ബ്ലോക്കിന്റെയും ലൈബ്രറിയുടെയുമിടയില്‍ നല്ലൊരു സ്‌പേസ് ഉണ്ട്. അവിടെ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമദാനം നടത്തണം. എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റും ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റും സഹായിക്കും. മറ്റു ചെലവുകള്‍ യൂണിവേഴ്‌സിറ്റി വഹിക്കും. ഞാനും ഇടയ്ക്കു നിങ്ങളോടൊപ്പം ഉണ്ടാകും. യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളില്‍ ഒരിടത്തെങ്കിലും ഒരു രക്തപരിശോധനാ ക്യാമ്പ് നാട്ടുകാര്‍ക്കായി നടത്തണം. ഗ്രൂപ്പ് തെളിയിക്കാനുള്ള ടെസ്റ്റ് നടത്താന്‍ മെഡിക്കല്‍ കോളേജ് എന്‍.എസ്.എസ്സിന്റെ സഹായം തേടാം. ആദ്യ യോഗത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികളുടെ ഉത്സാഹത്തിമിര്‍പ്പ് കണ്ടപ്പോള്‍ വി.സി. സന്തോഷവാനായി. 

വിദ്യാര്‍ത്ഥികളുടെ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖയായി. നന്ദിനി, ലാലി, സുരേഷ്, ഹരികുമാര്‍, ഗോപാലകൃഷ്ണന്‍, രാജന്‍, അലി, ചന്ദ്രന്‍ എന്നിവര്‍ ചുമതലകള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥികള്‍ക്കു പഠനസൗകര്യം ക്യാമ്പസില്‍ ലഭിക്കുന്നതിനെക്കുറിച്ചുള്ള സര്‍വേ വേഗം നടത്താനായി. കാക്കഞ്ചേരിയില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി മാത്രമാണിവിടെ പഠിക്കുന്നത്. സുവോളജി വിഭാഗത്തില്‍. നാട്ടുകാരനായ ഒരധ്യാപകനുമുണ്ടെന്നറിഞ്ഞു. മാത്തമറ്റിക്‌സിലെ കുമാരന്‍കുട്ടി സര്‍. നോണ്‍ ടീച്ചിങ് വിഭാഗത്തില്‍ ധാരാളം പേര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വി.സി.ക്കു കൈമാറി. പ്രദേശത്തെ വായനശാലകള്‍ വഴി ബോധവത്കരണം നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു.

രക്തപരിശോധനാ ക്യാമ്പുകള്‍ നല്ല ഉണര്‍വുണ്ടാക്കി. സാധാരണക്കാര്‍ സര്‍വകലാശാലയുമായി അടുക്കുന്നതിന് അത് വഴിവെളിച്ചു. അവിടത്തെ രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ചുചേര്‍ന്നു സ്വാഗതസംഘമുണ്ടാക്കി. ഒലിപ്രംകടവ് പ്രൈമറി സ്‌കൂളിലെ ക്യാമ്പ് നാടിന്റെ ഉത്സവമായി. ഭക്ഷണം നല്‍കിയത് സ്വാഗതസംഘമായിരുന്നു. മെഡിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഗ്രാമത്തിലെത്തിയപ്പോഴുണ്ടായ ഉത്സാഹത്തിന് അതിരുണ്ടായിരുന്നില്ല. മൈക്രോസ്‌കോപ്പ്, സ്റ്റെതസ്‌കോപ്പ്, കെമിക്കല്‍സ് എല്ലാം മെഡിക്കല്‍ കോളേജ് ടീം കൊണ്ടുവന്നിരുന്നു. മെഡിസിന്‍ വിഭാഗം പ്രൊഫ. എം.വി.ഐ. മമ്മി, വിദ്യാര്‍ത്ഥികളായ അന്‍വറുദ്ദീന്‍, ശശിധരന്‍ ഇവരെല്ലാം നാട്ടുകാരുടെ രക്തപരിശോധനയ്ക്ക് മുന്നില്‍നിന്നു. 

placeholder
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌

ബ്ലഡ് ഗ്രൂപ്പ് ലിസ്റ്റ് തയ്യാറാക്കി പ്രദേശത്തെ ക്ലബ്ബുകള്‍ക്കും വായനശാലകള്‍ക്കും നല്‍കിയപ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന ഭാവത്തിലായിരുന്നു നാട്ടുകാര്‍. മറ്റു പഞ്ചായത്തുകളിലും ഇതിന്റെ ആവര്‍ത്തനമുണ്ടായി. മഹാനഗരങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥികളും ഗ്രാമീണരും തമ്മിലുണ്ടായ സൗഹൃദം അപൂര്‍വ്വ ഉദാഹരണമായി മാറി. വിദ്യാര്‍ത്ഥികള്‍ ഗ്രാമത്തിലേക്ക് എന്ന ആശയത്തിനു പ്രാധാന്യം നല്‍കി ഗാന്ധിജിയുടെ ജന്മശതാബ്ദി വര്‍ഷത്തിലായിരുന്നു അഖിലേന്ത്യാതലത്തില്‍ എന്‍.എസ്.എസ്. രൂപീകരണം നടന്നത്. ആ ലക്ഷ്യം ചെറിയ രീതിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതില്‍ വലിയ ചാരിതാര്‍ത്ഥ്യം തോന്നി.

ചേവായൂരിലെ ഗവ. കുഷ്ഠരോഗാശുപത്രിയില്‍ കുറച്ച് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കാമോ എന്ന് ഫിസിയോ തെറാപ്പിസ്റ്റ് പി.കെ. ഗോപി അഭ്യര്‍ത്ഥിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ ചുമതല ഏറ്റെടുത്തു. അവിടെ നടന്ന ചടങ്ങ് ഹൃദയസ്പര്‍ശിയായിരുന്നു. അതില്‍ നന്ദി പറയാനെത്തിയത് രോഗം സാമാന്യം ഭേദപ്പെട്ട ഒരു വ്യക്തിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഗാനം, മോണോ ആക്ട്, മിമിക്രി എന്നിവ അവതരിപ്പിച്ചു. ഇരുളടഞ്ഞ അവരുടെ ജീവിതത്തിലേക്ക് പ്രകാശം കടന്നെത്തുകയായിരുന്നു. 'ഞങ്ങള്‍ക്ക് നല്ല സന്തോഷമുണ്ട്. കൈയടിച്ച് സന്തോഷം പ്രകടിപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് കൈയടി കുറഞ്ഞുപോയത്. മറ്റൊന്നും ധരിക്കരുത്' എന്ന് നന്ദി പറയുമ്പോള്‍ അവിടത്തെ അന്തേവാസി പറഞ്ഞത് എല്ലാവരുടെയും മനസ്സില്‍ത്തട്ടി. 

ചന്ദ്രന്‍, നന്ദിനി, ശ്രീദേവി എന്നിവര്‍ ഈ പരിപാടിക്കു നേതൃത്വം നല്‍കി. പിന്നീടൊരിക്കല്‍ വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ കഴിയുന്ന പിഞ്ചുകുട്ടികളെയും വൃദ്ധരെയും ചെന്നുകണ്ടു. കോഴ്‌സില്‍നിന്ന് കിട്ടാത്ത അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ശനത്തില്‍നിന്നു ലഭിക്കുകയായിരുന്നു. കാരുണ്യങ്ങളുടെ ഉറവുകള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കിനിയുകയായിരുന്നു.

ഇന്റര്‍ കോളേജിയറ്റ് നേതൃത്വപരിശീലന ക്യാമ്പ് സെനറ്റ് ഹൗസില്‍ നടത്താനായത് മറ്റൊരു നേട്ടമായിരുന്നു. ആതിഥേയ യൂണിറ്റ് എല്ലാ ചുമതലകളും നിര്‍വ്വഹിക്കാന്‍ ഒരുങ്ങിനിന്നു. റിസോഴ്‌സ് പേഴ്‌സണ്‍സ് ആയി സര്‍വ്വകലാശാലയിലെ വിവിധ അദ്ധ്യാപകരെ ക്ഷണിച്ചു. എം.ജി.എസ്. നാരായണന്‍ സ്വാതന്ത്ര്യസമരകാല നേതൃത്വത്തിന്റെ സവിശേഷതകളെക്കുറിച്ച് ക്ലാസെടുത്തു. വിദ്യാഭ്യാസ മനഃശാസ്ത്രം ഡോ. കെ. സോമന്‍ അവതരിപ്പിച്ചു. ഡോ. ഫാറൂഖി ഫിലോസഫിയില്‍ ക്ലാസെടുത്തു. ഇന്ത്യന്‍ സംസ്‌കാരത്തെ വിലയിരുത്തിക്കൊണ്ട് റഷ്യന്‍ പ്രൊഫസര്‍ മലിഷേഖ് സംസാരിച്ചു. സംഘസംവാദം വളരെ സജീവമായി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കി.

എന്‍. ബാലാമണിയമ്മയ്ക്ക് സരസ്വതി സമ്മാന്‍ ലഭിച്ചപ്പോള്‍ അവരെ ആദരിക്കാന്‍ തീരുമാനിച്ചു. സെനറ്റ് ഹൗസില്‍ ചേര്‍ന്ന പരിപാടിയില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അവര്‍ അറിവുനേടിയ വഴികള്‍ പറഞ്ഞപ്പോള്‍ പുതിയ തലമുറ അദ്ഭുതംകൂറി നിന്നു. പത്രങ്ങള്‍ അതിനു നല്ല കവറേജ് നല്‍കി. നെഹ്രു ജന്മശതാബ്ദിയില്‍ സുകുമാര്‍ അഴീക്കോട് ചെയ്ത പ്രസംഗം വിദ്യാര്‍ത്ഥികള്‍ക്കു മറക്കാനാവാത്ത ഒരനുഭവമായി. പ്രസംഗത്തിനിടെ നിനച്ചിരിക്കാതെ കറന്റു പോയി. ഒരു അപശബ്ദം പോലും അപ്പോള്‍ ഉണ്ടാകാതിരുന്നതിനെ കറന്റു വന്നപ്പോള്‍ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇത് എന്‍.എസ്.എസ്സിന്റെ സംസ്‌കാരമാണെന്നായിരുന്നു അഴീക്കോട് സാറിന്റെ പ്രതികരണം.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.

ഹിന്ദി വൈവയ്ക്ക് ക്ഷണിച്ചതിനെത്തുടര്‍ന്ന് ഗുരുനാനാക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നെത്തിയ പ്രൊഫസര്‍ രമേഷ് കുന്തള്‍മേഘ് സുവര്‍ണക്ഷേത്രത്തില്‍ നടന്ന വെടിവെപ്പിനെപറ്റി വിവരിച്ചത് ശ്വാസമടക്കിപ്പിടിച്ചാണ് വിദ്യാര്‍ഥികള്‍ കേട്ടത്. 'ക്ഷേത്രത്തില്‍ ആയുധശേഖരണം നടത്തുന്നത് തെറ്റാണ്. എന്നാല്‍ അവിടെ കടന്നുചെന്ന് വിശ്വാസികളെല്ലാവരെയും ഭീകരവാദികളായി മുദ്രകുത്തി വെടിവെക്കുന്നത് അതുപോലെതന്നെ കാടത്തമാണ്.' ഇക്കാര്യത്തില്‍ ഭരണകൂടവും വിശ്വാസികളും വിവേകം പുലര്‍ത്താത്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

മനഃശാസ്ത്രജ്ഞന്‍ പി.എം. മാത്യു വെല്ലൂര്‍ ഒരു ചടങ്ങിന് കോഴിക്കോട്ടു വന്നിരുന്നു. അദ്ദേഹത്തെ എന്‍.എസ്.എസ്. ക്ഷണിച്ചു. 'കുമാരീകുമാരന്മാരുടെ മനഃശാസ്ത്രപ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ചൂടും പുകയുമുള്ളതായിരുന്നു ഈ സെഷന്‍. ക്വിറ്റിന്ത്യാ സമരത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നല്ലൊരു പരിപാടി നടത്താനായി. ആ കാലത്തെ യുവാക്കളുടെ സാമൂഹികപ്രവര്‍ത്തനം എങ്ങനെയായിരുന്നു എന്നാണ് ചര്‍ച്ച ചെയ്തത്. ഇ. മൊയ്തുമൗലവി, എന്‍.വി. കൃഷ്ണവാര്യര്‍ എന്നിവരുടെ അനുഭവസ്മരണകള്‍ പുതിയ തലമുറയ്ക്ക് ചരിത്രത്തില്‍ ലഭിക്കാത്ത അനുഭവങ്ങള്‍ പകര്‍ന്നുനല്‍കി.