അധ്യാപകനും വിവര്‍ത്തകനുമായ ഡോ. ആര്‍സുവിന്റെ ആത്മകഥയാണ് 'അനാഥാലയത്തില്‍ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്.' ജീവിതം അതിന്റെ അര്‍ഥവ്യാപ്തിയോടെ അനുഭവിക്കാന്‍ നിയോഗിക്കപ്പെട്ട ഒരമ്മ തന്റെ ഏഴുമക്കളെയും കൊണ്ട് അഭയം പ്രാപിച്ച കോഴിക്കോട് വെള്ളിമാട്കുന്നിലെ അനാഥമന്ദിരത്തില്‍ നിന്നു തുടങ്ങുകയാണ് ഡോ. ആര്‍സുവിന്റെ കഥ. വിദ്യാഭ്യാസത്തിലൂടെ പതിയെ ജീവിതത്തിലെ കയ്പ്പുകള്‍ മധുരമായിക്കുടിച്ചിറക്കാന്‍ പഠിച്ചു ഡോ. ആര്‍സുവിന്റെ ആത്മകഥയില്‍ നിന്നും...
ഏതു തേജസാ പൂജിതമല്ലനിന്‍...
ഏതു തേജസാ പൂജിതമല്ലനിന്‍
നൂതനോദയസൗഭഗം ബാല്യമേ?
ബാലാമണിയമ്മയുടെ ഈ വരികള്‍ ബാല്യകാലത്തുതന്നെ എന്റെ മനസ്സില്‍ ഇടംനേടിയിരുന്നു. പൂജിതം, സൗഭഗം പോലുള്ള വിശേഷണങ്ങള്‍ എന്റെ ബാല്യത്തിന് ഒട്ടും യോജിച്ചിരുന്നില്ല. അതിനാല്‍ ഞാനതിനെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ആലോചിച്ചുകൊണ്ടിരുന്നു. ഇഷ്ടകളിപ്പാട്ടങ്ങള്‍, വരയും വര്‍ണ്ണവുമുള്ള വസ്ത്രങ്ങള്‍, നല്ല ആഹാരവിഹാര സൗകര്യങ്ങള്‍ എല്ലാം എനിക്കു വിലക്കപ്പെട്ട കനികളായിരുന്നു.
സ്വര്‍ണ്ണപ്പണിയെടുത്തായിരുന്നു അച്ഛന്‍ കുടുംബം പോറ്റിയത്. ഞാന്‍ ജനിച്ച് മൂന്നു മാസം പിന്നിട്ടപ്പോള്‍തന്നെ അച്ഛന്റെ സ്‌നേഹവാത്സല്യങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. അമ്മയും ഏഴു മക്കളും തീരാദുഃഖത്തിന്റെ ആഴക്കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മക്കളില്‍ ഏഴാമനായിരുന്നു ഞാന്‍. അഞ്ച് ആണ്‍മക്കള്‍, രണ്ടു പെണ്‍മക്കള്‍, മുകളില്‍ ആകാശം, താഴെ ഭൂമി - ഇതായിരുന്നു പിന്നീട് അമ്മയുടെ അവസ്ഥ. അവരൊഴുക്കിയ കണ്ണീരിനു കൈയും കണക്കുമില്ലായിരുന്നു.
കണ്ടമ്പലത്ത് രാമന്‍, മീത്തല്‍വീട്ടില്‍ ചെമ്പോട്ടിയില്‍ അമ്മു- ഇവരായിരുന്നു എന്റെ അച്ഛനമ്മമാര്‍. സദാനന്ദന്‍, വിശാലാക്ഷി, ധര്‍മ്മാനന്ദന്‍, പുഷ്പവതി, വിശ്വനാഥന്‍, വിജയന്‍ എന്നിവരാണെന്റെ കൂടപ്പിറപ്പുകള്‍. ഞങ്ങള്‍ മക്കളെല്ലാം പഠിച്ചതു വെള്ളിമാടുകുന്ന് ബാലമന്ദിരത്തിലെ സ്‌കൂളിലായിരുന്നു.
അച്ഛന്‍ കണ്ണടയ്ക്കുമ്പോള്‍ സദാനന്ദേട്ടന്‍ അന്നത്തെ ഇ.എസ്.എല്‍.സി. പാസായ ഘട്ടമായിരുന്നു. ചെറിയ ജോലി മന്ദിരത്തില്‍ത്തന്നെ ചെയ്യാന്‍ സാധിച്ചു. പിന്നെയുള്ള സഹോദരന്മാരും സഹോദരിമാരും കോഴിക്കോട്ട് വെസ്റ്റ്ഹില്ലിലെ അനാഥമന്ദിരത്തിന്റെ കീഴിലുള്ള സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു.
എന്റെ സ്ഥിതി അല്‍പ്പം വ്യത്യസ്തമായിരുന്നു. പ്രായം അഞ്ചു തികഞ്ഞാല്‍ മാത്രമേ സ്‌കൂളില്‍ ചേരാനാകൂ. ഞാന്‍ അനാഥമന്ദിരത്തിലെ ശിശുമന്ദിരത്തിലായിരുന്നു വളര്‍ന്നത്. അമ്മ അവിടത്തെ അവശമന്ദിരത്തിലും. എന്റേതിനു തുല്യമായ ജീവിതസാഹചര്യമുള്ള വേറെയും കുറെ കുട്ടികള്‍ അവിടെയുണ്ടായിരുന്നു. അമ്മയെപ്പോലെ സമദുഃഖികളായ വേറെയും കുറെ സ്ത്രീകള്‍ അവശമന്ദിരത്തിലും. വിജയലക്ഷ്മി, ദേവകി, കല്യാണി, ജാനകി, അമ്മുക്കുട്ടി എന്നിവരുടെ മുഖങ്ങള്‍ എന്റെ മനസ്സിന്റെ കണ്ണാടിയില്‍ തെളിയുന്നു. ഈ അമ്മമാര്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നവരായിരുന്നു. എന്നാല്‍ അവരുടെ പിഞ്ചുകുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് ഒന്നിന്റെയും എത്തുംപിടിയും കിട്ടിയിരുന്നില്ല.
ഏഴകള്‍ക്കൊരുവാസരം നീങ്ങുന്ന-
തേതുമട്ടെന്ന് നിങ്ങളറിയുമോ?
വെണ്ണിക്കുളത്തിന്റെ ഈ വരികളുടെ ആഴവും വിസ്താരവും ഞാന്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. അവശമന്ദിരത്തിലെ അമ്മമാരുടെ മനസ്സിലും മുഖത്തും തളംകെട്ടിയ ഘനീഭൂതദുഃഖം ഈ വരികളില്‍ ഊറിക്കൂടിയിരുന്നു.
ഈ അമ്മമാര്‍ എല്ലാ മക്കളെയും ഓമനിക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. അവരുടെ മൃദുഹൃത്തില്‍ വാരിച്ചിന്താന്‍ ഏറെ മുത്തുകളുണ്ടായിരുന്നു. എന്റെ, നിന്റെ, അവരുടെ എന്നീ വേര്‍തിരിവുകള്‍ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഈ മക്കള്‍ക്കെല്ലാം ജീവിതത്തില്‍ നന്മ വരണമേ എന്നവര്‍ നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു.
സുബ്രഹ്‌മണ്യന്‍, ഉണ്ണികൃഷ്ണന്‍, രാജന്‍, മണി, കൃഷ്ണന്‍കുട്ടി, രവീന്ദ്രന്‍ ഇവരെല്ലാം എന്റെ കളിക്കൂട്ടുകാരായിരുന്നു. അനാഥര്‍ക്ക് അന്നവസ്ത്രാദികള്‍ നല്‍കി സംരക്ഷിക്കാന്‍ സ്ഥാപിതമായ (1937) അനാഥമന്ദിരത്തിനു ദീനസേവനത്തിന്റെ സുദീര്‍ഘചരിത്രമുണ്ട്. എടക്കുളം കരിങ്ങമണ്ണ നാരായണക്കുറുപ്പ് ബ്രിട്ടീഷ് കമ്പനിക്കാരുടെ കപ്പലിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. കോഴിക്കോട് വലിയങ്ങാടിയിലൂടെ ഒരുനാള്‍ റിക്ഷയില്‍ പോകുമ്പോള്‍ അദ്ദേഹം ഒരു ദാരുണദൃശ്യം കണ്ടു. ഒരു വൃദ്ധന്‍ തളര്‍ന്നു റോഡരികില്‍ കിടക്കുന്നു. പേരറിയാത്തവരുടെയും നോവറിയാന്‍ സന്നദ്ധരാകുന്ന കുറച്ചുപേര്‍ എന്നും നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. കെ.എന്‍. കുറുപ്പ് ആ അപരിചിത വൃദ്ധന്റെ ജീവിതസാഹചര്യം മനസ്സിലാക്കി.
ആരുടെ കാലില്‍ത്തറയ്ക്കുന്ന മുള്ളു-
മെന്നാത്മാവിനെ കുത്തിനോവിക്കും.
ഈ മനഃസ്ഥിതിയുള്ള വ്യക്തിയായിരുന്നു കെ.എന്‍. കുറുപ്പ്. തെരുവില്‍ക്കിടന്ന ആ അവശന്റേതിനു തുല്യമായ ജീവിതം പേറുന്ന വേറെയും കുറെപ്പേര്‍ ചുറ്റുമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത്തരക്കാര്‍ക്കായി ഒരു അഭയസ്ഥാനം നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചന അദ്ദേഹത്തെ ആര്‍ദ്രചിത്തനാക്കി. ചാലപ്പുറത്തും പിന്നീടു നടക്കാവിലുമൊക്കെ ചില വീടുകള്‍ വാടകയ്‌ക്കെടുത്ത് അദ്ദേഹം തന്റെ ആഗ്രഹം സഫലീകരിക്കാന്‍ തുനിഞ്ഞു.
കെ.എന്‍. കുറുപ്പിന്റെ ദീനാനുകമ്പ പലരിലും മതിപ്പും മമതയുമുണ്ടാക്കി. പണമായും വിഭവങ്ങളായും സഹായമേകാന്‍ ചില കച്ചവടക്കാര്‍ മനസ്സുവെച്ചു. സാമൂഹികപ്രവര്‍ത്തകരും അതിനെ പിന്തുണച്ചു. അനാഥക്കുറുപ്പ് എന്നു പരിഹാസം ചൊരിഞ്ഞ കുറച്ചുപേരുമുണ്ടായിരുന്നു. ആനക്കര വടക്കത്ത് തറവാട്ടിലെ അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കുട്ടിമാളുഅമ്മ മനസ്സുകൊണ്ടും വപുസ്സുകൊണ്ടും അനാഥമന്ദിരത്തെ തുണച്ചു. സാമൂഹികസേവനത്തെയും അവര്‍ അതിന്റെ ഭാഗമായി കാണുകയായിരുന്നു. കെ.എന്‍. കുറുപ്പും എ.വി. കുട്ടിമാളുഅമ്മയും രക്തബന്ധമുള്ളവരായിരുന്നില്ലെങ്കിലും അവരുടെ സേവനതൃഷ്ണ ഏകീഭവിച്ചു. അതോടെ അനാഥമന്ദിരത്തിന്റെ പ്രവര്‍ത്തനത്തിനു നല്ല ദിശാബോധം ലഭിച്ചു.

എന്റെ കുടുംബത്തിന് ഈ മന്ദിരത്തിന്റെ സ്‌നേഹത്തണല്‍ ലഭിച്ചു. അവിടെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി പല പ്രായത്തിലുള്ളവര്‍ ഉണ്ടായിരുന്നു.
അവശന്മാരാര്‍ത്തന്മാര്‍ ആലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
എന്ന ചോദ്യം സമൂഹമനസ്സില്‍ നീറ്റലുണ്ടാക്കിയിരുന്നു. എന്നാലാവുന്നത്ര ഞാനതു നിര്‍വ്വഹിക്കാമെന്ന് ദൃഢനിശ്ചയം ചെയ്ത അനാഥമന്ദിര സ്ഥാപകരെ സമൂഹം വണങ്ങിനിന്നു. സ്ഥാപകരെക്കാള്‍ പ്രായം കൂടിയവരും മന്ദിരത്തില്‍ അഗതികളായി എത്തിയിരുന്നു. പ്രായഭേദമെന്യേ എല്ലാവരും അവരെ അച്ഛന്‍, അമ്മ എന്നായിരുന്നു വിളിച്ചത്. അവിടെ ഔചിത്യ- അനൗചിത്യ അതിര്‍രേഖകള്‍ തീര്‍ത്തും അസംഗതമായിരുന്നു. എനിക്കും എന്റെ സമപ്രായക്കാരായ കുട്ടികള്‍ക്കും ഇവരുടെ സ്‌നേഹത്തലോടല്‍ ലഭിച്ചുവന്നു. ബാലമനസ്സ് നവനീതസമാനമാണല്ലോ. ഞങ്ങള്‍ കുട്ടികള്‍ ഒന്നിച്ചു കളിച്ചും കുളിച്ചും ഭുജിച്ചും ഇണങ്ങിയും പിണങ്ങിയുമൊക്കെ കഴിച്ചുകൂട്ടി. നേരത്തു കുളിപ്പിക്കാനും ഭക്ഷണം തരാനും ഉറക്കാനുമെല്ലാം മുതിര്‍ന്ന കുറെ സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു.
ഏടത്തി എന്നൊക്കെയാണു ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്. പിന്നീടാണ് അവരുടെ പേരുകള്‍ അറിഞ്ഞത്. മീനാക്ഷിക്കുട്ടിയമ്മ, കല്യാണിയമ്മ, ലക്ഷ്മിക്കുട്ടി വാരസ്യാര്‍, ദേവസേന, രുഗ്മിണി അങ്ങനെ ചില പേരുകള്‍ ഓര്‍മ്മവരുന്നു.
ശിശുമന്ദിരത്തിനു തൊട്ടടുത്തായി ഒരു നഴ്‌സിങ് ഹോം ഉണ്ടായിരുന്നു. അവിടെ ഡോക്ടറും കമ്പൗണ്ടറും നഴ്‌സുമെല്ലാം സേവനനിരതരായിരുന്നു. നഴ്‌സിങ് ഓര്‍ഡര്‍ലി യോഗ്യത നേടിയവരെയും അവിടെ നിയമിച്ചിരുന്നു. മന്ദിരത്തിലെത്തന്നെ ചിലരെ ഈ കോഴ്‌സ് പഠിപ്പിച്ച് യോഗ്യരാക്കി നിയമിച്ചിരുന്നു. മാധവിക്കുട്ടി, നാരായണി, വിശാലാക്ഷി (എന്റെ ജ്യേഷ്ഠത്തി) ഇവരെല്ലാം അവിടെ സേവനമനുഷ്ഠിച്ചവരാണ്. ചില അമ്മമാര്‍ക്കു കുഞ്ഞുങ്ങളെ പോറ്റാന്‍ വഴിയില്ലായിരുന്നു. ചിലര്‍ സമൂഹത്തില്‍ കളങ്കിതരായി അപഥസഞ്ചാരം നടത്തിയിരുന്നു. അവര്‍ക്കു പിറന്ന കുഞ്ഞുങ്ങള്‍ക്കും അഭയം നല്‍കാന്‍ അനാഥമന്ദിര സ്ഥാപകര്‍ ശ്രദ്ധിച്ചിരുന്നു. ആ ദീര്‍ഘവീക്ഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് പുളകമനുഭവപ്പെടുന്നു. മന്ദിരത്തിന്റെ അതിരിലുള്ള ഒരു സ്ഥലം പ്രത്യേകം സജ്ജമായിരിക്കുന്നു. സാമാന്യം വിശാലമായ ഒരു പെട്ടി, മിനുസമായ കിടക്ക അതില്‍ വെച്ചിരുന്നു. കുട്ടികളെ പോറ്റാന്‍ മനസ്സോ മാര്‍ഗ്ഗമോ ഇല്ലാത്തവരെ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പെട്ടി. കുട്ടിയെ സുരക്ഷിതമായി അതില്‍ കിടത്തി അമ്മമാര്‍ക്കു പോകാം. തൊട്ടിലില്‍ കുട്ടിയെ കിടത്തുമ്പോള്‍ ഒരു മണി മുഴങ്ങും അത് ഓഫീസില്‍ കേള്‍ക്കും. മന്ദിരത്തിലെ നഴ്‌സ് വന്നു സ്‌നേഹവായ്‌പോടെ കുഞ്ഞിനെ എടുത്തു നഴ്‌സിങ് ഹാളിലെത്തിക്കും. തുടര്‍ന്ന് എല്ലാ പരിചരണവും അവിടെനിന്നു ലഭിക്കും. ജനനത്തീയതി, പേരിടല്‍, പാലുകുടി, ചോറൂണ് അത്തരം ചടങ്ങുകളെല്ലാം നടക്കും. ഇങ്ങനെ വളര്‍ന്ന ചില കുട്ടികളെ മക്കളില്ലാത്ത ദമ്പതിമാര്‍ ദത്തെടുത്തു കൊണ്ടുപോകും. അന്നതിനു വലിയ നിയമകടമ്പകള്‍ ഒന്നുമുണ്ടായിരുന്നില്ല. അവരെ പോറ്റിവളര്‍ത്തിയ അമ്മമാര്‍ വ്യസനത്തോടെയെങ്കിലും നന്മനേര്‍ന്നു യാത്രയാക്കും.
ശിശുമന്ദിരത്തിലെ ചുമരില്‍ കുറെ ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് തൂക്കിയതു ഞാന്‍ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. മന്ദിരത്തിന്റെ സ്‌നേഹത്തണലില്‍ വളര്‍ന്ന ചിലര്‍ വലുതായി ജോലി കിട്ടിയശേഷം വിവാഹിതരായി. അവരുടെ വിവാഹഫോട്ടോകളായിരുന്നു ആ ചുവരുകളില്‍ കൊളുത്തിയിട്ടത്. അവരില്‍ പലരേയും ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരില്‍ കണ്ടിരുന്നു. കെ. തങ്കപ്പന്‍- കാര്‍ത്ത്യായനി ദമ്പതിമാര്‍ മന്ദിരത്തിന്റെ അഭിമാനമായി മാറിയിരുന്നു.
എന്റെ അമ്മ താമസിച്ച അവശമന്ദിരത്തിലെ മുറി എനിക്കൊരു തീര്‍ത്ഥാടനസ്ഥാനമായി ഇന്നും തോന്നുന്നു. ഞാനവിടെ ചെല്ലുമ്പോള്‍ വാരിപ്പുണര്‍ന്ന് ഉമ്മതരാന്‍ മറ്റുള്ളവരാണ് മുന്നിലെത്തിയിരുന്നത്. അമ്മയ്ക്ക് എന്നെ മടിയില്‍വെച്ചു താലോലിക്കാനും ഓമനിക്കാനും ഊഴം കിട്ടിയത് ഏറ്റവും ഒടുവിലായിരുന്നു. ആരോരുമില്ലാത്ത ഒരു മുത്തശ്ശി അവിടെയുണ്ടായിരുന്നു- കുട്ടിമാളു മുത്തശ്ശി. അവരുടെ ദേഹമാകെ ചുളിവ് വീണിരുന്നു. പല്ലുകള്‍ വായയോട് എന്നോ യാത്രപറഞ്ഞുകഴിഞ്ഞിരുന്നു. അവര്‍ക്കു കിട്ടിയ ഭക്ഷണത്തില്‍നിന്ന് ഒരോഹരി അവര്‍ എനിക്കുവേണ്ടി മാറ്റിവെച്ചിരുന്നു.
മനസ്സിനെ ഭീതിപ്പെടുത്തുന്ന ചില കാര്യങ്ങളും അക്കാലത്ത് കേള്‍ക്കുകയുണ്ടായി. ശ്മശാനത്തിന് അന്നു പ്രചാരത്തിലുള്ള വാക്ക് ചുടുകാട് എന്നായിരുന്നു. അതു മന്ദിരത്തിന്റെ അടുത്തായിരുന്നു. അതിനെ ചുറ്റിപ്പറ്റി കേട്ട കാര്യങ്ങള്‍ എന്റെ പിഞ്ചുമനസ്സില്‍ പേടിപരത്തി.
ദാനധര്‍മ്മങ്ങള്‍ക്കായി പലരും മന്ദിരത്തില്‍ വന്നിരുന്നു. അവര്‍ വന്നാല്‍ എല്ലാവരും കൈകൂപ്പി നില്‍ക്കും. മധുരപലഹാരങ്ങള്‍, ഓറഞ്ച്, നെല്ലിക്ക ഇങ്ങനെ പലതുമായിട്ടായിരിക്കും അവര്‍ വരിക. ജീവിതത്തില്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകാന്‍ എല്ലാവരും ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ പറയും. ഇതിന്റെ പൊരുളറിയാന്‍ ഞങ്ങളുടെ ശിശുമനസ്സ് അന്നു പാകപ്പെട്ടിരുന്നില്ല. വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ വന്ന ഒരു അതിഥിയെക്കുറിച്ച് എന്റെ മനസ്സില്‍ നേര്‍ത്തൊരോര്‍മ്മയുണ്ട്. ആ അതിഥി ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു. കുട്ടികളുടെ കൈയില്‍ തൂവെള്ളക്കടലാസുകൊണ്ടുള്ള ഓരോ കൊടി തന്നു. 'ചാച്ചാ നെഹ്രു കീ ജയ്' എന്നു ഞങ്ങള്‍ കുട്ടികള്‍ അന്ന് ഉറക്കെ വിളിച്ചു. കുട്ടികള്‍ക്കാര്‍ക്കുംതന്നെ ഇതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാന്‍ ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം..
നെഹ്രു എത്തുമ്പോള്‍ ഒരു ചെറിയ കുട്ടി അദ്ദേഹത്തെ മാലയണിയിക്കണമെന്നു കമ്മിറ്റി തീരുമാനിക്കുകയും രണ്ടുപേരെ ഇതിനായി അവര്‍ കണ്ടെത്തുകയും ചെയ്തു. ഒന്നു രാജനും രണ്ടാമന്‍ ഞാനുമായിരുന്നു. രാജന്‍ നല്ല വെളുത്ത് സുന്ദരനായ കുട്ടിയായിരുന്നു. അവസാന സെലക്ഷനില്‍ ആ സൗഭാഗ്യം കിട്ടിയതു രാജനായിരുന്നു. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. കളിക്കൂട്ടുകാരന് അവസരം കിട്ടിയതില്‍ സന്തോഷവും തോന്നി. ചില കാര്യങ്ങളുടെ പ്രാധാന്യം അതു നടക്കുന്ന സമയത്തു മനസ്സിലാവാതെപോകും.
നെഹ്രു വെസ്റ്റ്ഹില്ലില്‍ വന്ന സന്ദര്‍ഭം അടയാളപ്പെടുത്തുന്ന ഒരു ഫോട്ടോ മന്ദിരത്തിന്റെ ചുമരില്‍ ഇപ്പോഴും തൂങ്ങുന്നുണ്ട്. കുട്ടിമാളുഅമ്മ, കാമരാജ്, കോഴിപ്പുറത്ത് മാധവമേനോന്‍, കെ. കൃഷ്ണന്‍ എന്നിവരും ആ ഫോട്ടോയിലുണ്ട്. ഇത് 1956-ല്‍ നടന്ന കാര്യമായിരിക്കുമെന്ന് ഊഹിക്കുന്നു. പില്‍ക്കാലത്ത് അലഹബാദിലെ ആനന്ദഭവനിലും ഡല്‍ഹിയിലെ തീന്‍മൂര്‍ത്തിഭവനിലുമൊക്കെ പോയപ്പോഴാണ് മന്ദിരത്തില്‍ നെഹ്രു വന്ന സന്ദര്‍ഭത്തിന്റെ മാറ്റും മഹിമയും എന്റെ ഉള്ളില്‍ ആഴ്ന്നിറങ്ങിയത്.
മന്ദിരത്തില്‍നിന്നും നന്നേ അടുത്താണ് കടപ്പുറം. ഇടയ്ക്ക് കുട്ടികളെ കടല്‍ കാണിക്കാന്‍ കൊണ്ടുപോകാറുണ്ടായിരുന്നു. തിരമാലകള്‍ ഒന്നിനു പിറകെ ഒന്നായി വരുന്ന രംഗം നല്ല രസകരമായിരുന്നു. കുട്ടികള്‍ വെള്ളത്തിന്റെയടുത്ത് പോകാതിരിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കടലിലെ തിരമാല അതിന്റെ മുകളിലുള്ള നുര- ഇതെല്ലാം ബാല്യകാലത്ത് കാണുമ്പോഴുണ്ടാകുന്ന ആനന്ദം ഒന്നുവേറെത്തന്നെയാണ്. തിരിച്ചുവരുമ്പോള്‍, ചെറിയ മുളന്തണ്ടുകെട്ടിയ വീര്‍പ്പിച്ച ബലൂണ്‍, ഓറഞ്ച്- ഇവ കൈയില്‍ തന്നിരുന്നു. ആവേശത്തിമര്‍പ്പില്‍ നടക്കുമ്പോള്‍ ബലൂണിലെ കാറ്റൊഴിഞ്ഞുപോയാല്‍ വലിയ സങ്കടം തോന്നും. ഓറഞ്ചുതിന്ന് അതിന്റെ മധുരം നുകരുമ്പോള്‍ സങ്കടത്തിന് ആശ്വാസം ലഭിച്ചിരുന്നു. ഇനിയെന്നാണു കടപ്പുറത്ത് പോവുകയെന്ന ഞങ്ങളുടെ ചോദ്യത്തിന് അടുത്തയാഴ്ച എന്നുത്തരം കിട്ടിയിരുന്നു. പിന്നെ ആ ആഴ്ച വരാനുള്ള കാത്തിരിപ്പിലായിരുന്നു.
Content Highlights: dr asrus autobiography anadhalayathil ninnu viswavidyalayathilekk excerpts
Published: 29 Aug 2024, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented