മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഒ.കെ. ജോണിയുടെ ലേഖനസമാഹാരമായ ‘അപഹരിക്കപ്പെട്ട സ്വപ്‌നങ്ങൾ ‘എന്ന പുസ്തകത്തിൽനിന്ന് ഒരു ഭാഗം.

To advertise here,

ഒരു പതിറ്റാണ്ടിലേറെയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിനുകീഴിൽ നാൾതോറും അക്രമാസക്തമായിക്കൊണ്ടിരിക്കുന്ന ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കരിനിഴലിലിരുന്നുകൊണ്ടാണ് ഇന്ദിരാഗാന്ധിയുടെ വാഴ്ചക്കാലത്ത് വെറും ഇരുപത്തിയൊന്നുമാസം മാത്രം നീണ്ടുനിന്ന ആഭ്യന്തര അടിയന്തരാവസ്ഥയെക്കുറിച്ചുള്ള നമ്മുടെ ഓർമ്മപുതുക്കൽ. ജനാധിപത്യ-പൗരാവകാശങ്ങളെല്ലാം ഒന്നൊന്നായി അപഹരിക്കപ്പെടുകയും എല്ലാ എതിർശബ്ദങ്ങളും രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുകയും ചെയ്യുന്ന ഒരു ഇരുണ്ടകാലത്ത് സിനിമ ഉൾപ്പടെയുള്ള സകല ആവിഷ്‌കാരമാധ്യമങ്ങളും ഭരണകൂടവിധേയത്വം പുലർത്താൻ നിർബന്ധിതമാവുക അസ്വാഭാവികവുമല്ല.

ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്ത് നിലവിൽവന്ന പ്രസ് സെൻസർഷിപ്പും സർക്കാർ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള നുണപ്രചരണവും പുതിയ രീതികളിൽ അതിനെക്കാൾ സമർത്ഥമായി നടപ്പാക്കാൻ ഇന്നത്തെ ഭരണകൂടത്തിനു കഴിയുന്നുമുണ്ട്. ആകാശവാണിയും ദൂരദർശനും, ഒരു ചെറിയ വിഭാഗം സർക്കാരനുകൂല മാധ്യമങ്ങളും മാത്രമാണ് അന്ന് അടിയന്തരാവസ്ഥയെ പ്രകീർത്തിച്ചിരുന്നതെങ്കിൽ, ഇന്ന് ഭരണകൂടവുമായോ ഭരണകക്ഷിയുമായോ സഖ്യം സ്ഥാപിച്ച ഏതാനും കോർപ്പറേറ്റുകളുടെ വരുതിയിലുള്ള നൂറുകണക്കിന് ടെലിവിഷൻ ചാനലുകളും സംഘപരിവാരത്തിന്റെ പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകർ സജീവമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുംകൂടി ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.

സമഗ്രാധിപത്യസ്വഭാവമുള്ള ഭരണകൂടത്തിന്റെയും പ്രധാനമന്ത്രിയുടെയും സ്തുതിപാഠകരും നുണപ്രചാരകരുമായി വാർത്താമാധ്യമങ്ങളോടൊപ്പം സിനിമയും മാറിക്കഴിഞ്ഞു. കേരളാ സ്റ്റോറിയുടെയും കാശ്മീർ ഫയൽസിന്റെയും മാതൃകയിലുളള വ്യാജപ്രമേയങ്ങൾ ചിത്രീകരിക്കുന്ന സംഘപരിവാർ പ്രൊപ്പഗാൻഡ സിനിമകൾ കൂടിവരികയുമാണ്. പ്രധാനമന്ത്രിതന്നെ അത്തരം സിനിമകളുടെ ബ്രാൻഡ് അംബാസിഡറായി പ്രത്യക്ഷപ്പെടാൻ മടിക്കുന്നുമില്ല. ഹിറ്റ്ലറുടെയും ഗീബൽസിന്റെയും ഔദ്യോഗിക പ്രൊപ്പഗാൻഡ ഫിലിം മേക്കറായിരുന്ന ലെനി റീഫൻസ്താൾ പലവട്ടം വെനീസ് ഫിലിം ഫെസ്റ്റിവലിന്റെ ബഹുമതികളാൽ ആദരിക്കപ്പെട്ടതിനു പിന്നിലും അവരിരുവരുടെയും സ്വാധീനമുണ്ടായിരുന്നുമോർക്കുക.

ചലച്ചിത്രമാധ്യമത്തിൽ സവിശേഷവൈഭവമുണ്ടായിരുന്ന ലോകപ്രശസ്തയായ റീഫൻസ്താളിനെപ്പോലെ മികച്ച ഫിലിംമേക്കർമാരല്ല, അനുപം ഖേറിനെയും വിവേക് അഗ്‌നിഹോത്രിയെയും കങ്കണാ റനോത്തിനെയുംപോലുള്ള കാവിഭക്തരായ രാഷ്ട്രീയ ഭാഗ്യാന്വേഷികളാണ് മോദി സർക്കാരിനുവേണ്ടി തരംതാണ പ്രചരണസിനിമകൾ നിർമിക്കുന്നത് എന്നതു മാത്രമാണ് ഒരാശ്വാസം. ഔദ്യോഗിക-സ്വകാര്യ ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ള വാർത്താമാധ്യമങ്ങളെ വ്യാജവാർത്തകളുടെ വ്യാപനത്തിനും വ്യാജചരിത്രനിർമിതിക്കും കാവിരാഷ്ട്രീയത്തിന് പൊതുസമ്മതിയുണ്ടാക്കാനുമായി ഉപയോഗിക്കുമ്പോൾത്തന്നെയാണ് ബഹുജനമാധ്യമമായ സിനിമയെയും അതേ ദൗത്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.

കള്ളപ്പണക്കാരും മാഫിയകളും പിടിമുറുക്കിയ കമ്പോളസിനിമാവ്യവസായം ഇപ്പോൾ കാവിരാഷ്ട്രീയത്തെയും സുരക്ഷിതകവചമായി സ്വീകരിച്ചിരിക്കുകയാണ്. നെഹ്രുവിയൻ യുഗത്തിന്റെ സംഭാവനകളായ ജനാധിപത്യസ്വഭാവമുള്ളതും സ്വതന്ത്രവുമായ ഔദ്യോഗിക സിനിമാസ്ഥാപനങ്ങളുടെയും ഫിലിം സെൻസർ സർട്ടിഫിക്കേഷൻ ബോർഡിന്റെയും, എന്തിന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെപോലും നടത്തിപ്പ് സംഘപരിവാര ഭക്തരിലേക്ക് കൈമാറ്റംചെയ്യപ്പെട്ടുകഴിഞ്ഞു. അടിന്തരാവസ്ഥയിലേതിന് സമാനമായ ഒരവസ്ഥയാണിത്.

ആകാശവാണിയെയും ദൂരദർശനെയും ഇന്ദിരാവാണിയെന്ന് വിശേഷിപ്പിച്ച എൽ.കെ. അദ്വാനിയുടെ പാർട്ടിയും അതിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി മോദിയും അധികാരത്തിലേറിയതോടെ സർക്കാർ മാധ്യമങ്ങളോടൊപ്പം ചെറുതും വലുതുമായ സകല കോർപ്പറേറ്റ് മാധ്യമങ്ങളും മോദിവാണിയായിക്കഴിഞ്ഞു. 'ഗോഡി മീഡിയ'യെന്നും 'മോദി മീഡിയ'യെന്നും ഇന്ത്യൻ മാധ്യമങ്ങൾക്ക് പരിഹാസപ്പേരുവീണതിന്റെ സാഹചര്യവുമതാണല്ലോ. മോദിയുടെ 'മൻ കീ ബാത്ത്' വിളംബരം ചെയ്യുകയാണ് മാധ്യമദൗത്യം എന്ന പൊതുധാരണ ഉറച്ചുകഴിഞ്ഞു. മാധ്യമസ്വാതന്ത്ര്യം മാത്രമല്ല, ഏത് പരിഷ്‌കൃതസമൂഹത്തിലും അനിവാര്യവും സ്വാഭാവികവുമായ അക്കാദമിക സ്വാതന്ത്ര്യംപോലും വെല്ലുവിളിക്കപ്പെടുന്ന ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയെ ആഴത്തിൽ മനസ്സിലാക്കാൻ ഹ്രസ്വകാലം മാത്രം നിലനിന്ന എഴുപതുകളിലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ നിമിത്തമാകാതിരിക്കില്ല. എന്നാൽ, ഭരണഘടനയെ നിലനിർത്തിക്കൊണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെയും അടിയന്തരാവസ്ഥയിലേതിനെക്കാൾ വലിയ ജനാധിപത്യധ്വംസനം നടത്താൻ ഭരണകൂടത്തിനു കഴിയുമെന്ന പേടിപ്പിക്കുന്ന യാഥാർത്ഥ്യത്തെ മൂടിവെക്കാനോ നിസ്സാരവത്കരിക്കാനോ വേണ്ടിയാണ് ജനാധിപത്യവിരുദ്ധശക്തികളും മാധ്യമങ്ങളും പഴയ അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നതാണ് വൈപരീത്യം. ബി.ജെ.പി. എം.പിയായ സിനിമാതാരം കങ്കണയുടെ എമർജൻസി പോലുള്ള പോപ്പുലർ സിനിമകളുടെ ലക്ഷ്യവും മറ്റൊന്നല്ല.

ഇതര മാധ്യമങ്ങളിൽനിന്ന് വ്യത്യസ്തമായി എക്കാലത്തും മുൻകൂർ സെൻസർഷിപ്പ് ബാധകമായ സിനിമയ്ക്ക് അടിയന്തരാവസ്ഥക്കാലത്ത് അധികനിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ സിനിമയെ പൊതുവിൽ അത് ബാധിച്ചിരുന്നില്ലെന്നതാണ് നേര്. ലാറ്റിനമേരിക്കയിലെയോ കിഴക്കൻ യൂറോപ്പിലെയോ രാഷ്ട്രീയസിനിമകളെപ്പോലെ ഏകാധിപത്യ ഭരണകൂടത്തെയോ അടിച്ചമർത്തലുകളെയോ സാമൂഹികാസമത്വങ്ങളെയോ ചരിത്രത്തെത്തന്നെയോ അർത്ഥവത്തായും സർഗ്ഗാത്മകമായും ആവിഷ്‌കരിക്കുന്നതിൽ ഇന്ത്യൻ സിനിമ ഒരുകാലത്തും ജാഗ്രതപാലിച്ചിട്ടുമില്ല. സിനിമയിലെ സോഷ്യൽ റിയലിസത്തിന്റെ ആദ്യകാല പ്രയോക്താക്കളായ കെ.എ. അബ്ബാസും തപൻ സിൻഹയും ബിമൽ റോയിയും മുതൽ ഋത്വിക് ഘട്ടക്കും മൃണാൾ സെന്നും സത്യജിത് റായിയും ശ്യാം ബെനഗലും ഗോവിന്ദ് നിഹലാനിയും ഉത്പലേന്ദു ചക്രവർത്തിയും വരെയുള്ള ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്മാരുടെ സാമൂഹിക ജാഗ്രതയെയും അവരുടെ വലിയ സംഭാവനകളെയും വിസ്മരിച്ചുകൊണ്ടല്ല ഈ സാമാന്യവത്കരണം.

ഇന്ത്യയിൽ രാഷ്ട്രീയസിനിമയെന്ന് ശരിക്കും വിളിക്കാവുന്ന ഒരു നല്ല സിനിമാധാര ഇല്ലെങ്കിലും രാഷ്ട്രീയബോധ്യങ്ങളോടെ ചലച്ചിത്രരചനയിലേർപ്പെടുന്ന പല തലമുറയിൽപ്പെട്ട ഏതാനും ചലച്ചിത്ര പ്രവർത്തകരുണ്ടെന്നതും കാണാതിരുന്നുകൂടാ. ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലെ മഹാഭൂരിപക്ഷം വിനോദസിനിമകളുടെയും ഉള്ളടക്കം ഭരണകൂടത്തെ അലോസരപ്പെടുത്തുന്നവയല്ലെന്നുമാത്രമല്ല; ഭരണകൂടപ്രത്യയശാസ്ത്രത്തെ പരോക്ഷമായി സാധൂകരിക്കുന്നവയുമാണ്. അതുകൊണ്ട് അടിയന്തരാവസ്ഥക്കാലത്ത് സാഹിത്യത്തിലും ഇതര ദൃശ്യ-ശ്രാവ്യ കലകളിലും പ്രകടമായതുപോലുള്ള ഒരു പ്രതിരോധം സിനിമയിൽ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മറ്റെല്ലാ മേഖലയിലുമെന്നപോലെ സിനിമയിലും ഭരണാധികാരികൾക്കെതിരായ നേരിയ പരാമർശംപോലും കടന്നുകൂടാതിരിക്കാനുള്ള ജാഗ്രത ഇന്ദിരാഭരണകൂടത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ്, ഇന്ദിരയോട് ബാഹ്യതലത്തിൽ രൂപസാദൃശ്യം പുലർത്തുന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന, രാഷ്ട്രീയപ്രാധാന്യമൊന്നുമില്ലാത്ത ഗുൽസാറിന്റെ ആന്ധി എന്നൊരു സാധാരണ വാണിജ്യസിനിമ വളരെ വൈകി താത്കാലികമായെങ്കിലും നിരോധിക്കപ്പെട്ടത്. സിനിമയെ ഭരണകൂടം അത്രത്തോളം ഭയപ്പെട്ടിരുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും അവരുടെ ദുരധികാരപ്രയോഗത്തെയും കുറിച്ചുണ്ടായ കിസ്സാ കുർസി കാ എന്ന ആക്ഷേപഹാസ്യ സിനിമയെടുത്ത അമൃത് നാട്ടയാണ് അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായ ഏക സിനിമാനിർമ്മാതാവെന്നു തോന്നുന്നു. പൂർത്തിയായ സിനിമ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ലെന്നുമാത്രമല്ല; വാർത്താവിതരണ മന്ത്രി വി.സി. ശുക്ലയുടെ നിർദേശപ്രകാരം അതിന്റെ ഫിലിം പ്രിന്റുകളെല്ലാം അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാദൾ സർക്കാരിന്റെ ഭരണകാലത്ത് അമൃത് നാട്ട അതേ തിരക്കഥയിൽ ആ സിനിമ വീണ്ടും നിർമിക്കുകയുമുണ്ടായി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ അപൂർവ സംഭവമാണിത്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ നടന്ന നക്സലൈറ്റ് വേട്ടയുടെ മറവിൽ വിദ്യാർത്ഥിയായിരുന്ന രാജനെ പൊലീസ് പീഡിപ്പിച്ചു കൊന്ന സംഭവത്തെ ആസ്പദമാക്കി രാജൻ പറഞ്ഞ കഥ പോലുള്ള ചില സിനിമകൾ വേറെയുമുണ്ടായിട്ടുണ്ട്. പിൽക്കാലത്ത് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത രാജ്യാന്തര ശ്രദ്ധനേടിയ പിറവിയും അടിയന്തരാവസ്ഥയുടെ ഇരയായ രാജന്റെ പിതാവിനെ മുൻനിർത്തിയുള്ളതാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് ആ കാലത്തെക്കുറിച്ചോ അന്നത്തെ പൊലീസ് ഭീകരതയെക്കുറിച്ചോ അല്ല പ്രതിപാദിക്കുന്നതെന്നതാണ് കൗതുകകരമായ സംഗതി. പൊലീസ് പിടിച്ചുകൊണ്ടുപോയ മകനെക്കാണാതെ ഉഴറുന്ന ഒരു സാത്വികവൃദ്ധന്റെ പിതൃദുഃഖമാണ് ആ സിനിമ കവിഞ്ഞ അനുതാപത്തോടെ ചിത്രീകരിക്കുന്നത്. എന്നുമല്ല, മകനെത്തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന അയാൾക്കു മുന്നിൽ തൂങ്ങിക്കിടക്കുന്ന കലണ്ടറിലെ വർഷം അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ളതാണുതാനും. അതൊരു പിഴവാണെന്നു കരുതാനുമാവില്ല.

പിറവി ഒരു ഡോക്യുമെന്ററി സിനിമയല്ലെങ്കിലും ഇത്തരം സൂചനകൾകൂടി സൃഷ്ടിക്കുന്ന വിവക്ഷകളാണ് സിനിമയുടെ പ്രമേയത്തെ നിർണയിക്കുന്നതെന്ന് പ്രേക്ഷകർ ശ്രദ്ധിക്കാതെപോകുന്നില്ല. അടിയന്തരാവസ്ഥയിലെ ജനാധിപത്യവിരുദ്ധ ഭരണത്തെ ഭരണഘടനയ്ക്ക് എതിരായ ഒരു രാഷ്ട്രീയാധികാരപ്രയോഗം എന്ന നിലയിൽ പരിചരിക്കുന്ന ഭേദപ്പെട്ടതെന്നു പറയാവുന്ന സിനിമകൾ അരനൂറ്റാണ്ടിനിടയിൽ കേരളത്തിലും നിർമിക്കപ്പെട്ടില്ലെന്നതാണ് നിർഭാഗ്യകരം. അടിയന്തരാവസ്ഥയല്ല പ്രമേയമെങ്കിലും, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുശേഷം പൂർത്തീകരിക്കപ്പെടുകയും നിരവധി സെൻസർ കട്ടുകൾക്കുശേഷം പ്രദർശനത്തിനെത്തുകയും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ മാത്രമാണ് ഒരുപക്ഷേ, ആ ഇരുണ്ടകാലത്തിന്റെ വിക്ഷുബ്ധമായ രാഷ്ട്രീയാവസ്ഥയെ കലാപരമായി ആവിഷ്‌കരിക്കുന്ന പ്രസക്തമായ ഒരേയൊരു സിനിമ.

ഇന്ത്യയിലെ രാഷ്ട്രീയകാലാവസ്ഥ കലുഷമാവുകയും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാസിനിമകളും സാഹിത്യവുമെല്ലാം ആധുനികവത്കരണത്തിനു വിധേയമായിത്തുടങ്ങുകയും ചെയ്ത എഴുപതുകളുടെ മധ്യത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ താത്കാലികമായെങ്കിലും വീണ്ടുമൊരു അടിമരാജ്യമാക്കി മാറ്റിയ അടിയന്തരാവസ്ഥയും അടിച്ചേൽപ്പിക്കപ്പെട്ടത്. എന്നാൽ, അക്കാലത്തോ അതിനുശേഷമോ ആ കാലഘട്ടത്തിന്റെ തീക്ഷ്ണമായ വൈയക്തിക-സാമൂഹികാനുഭവങ്ങൾ നമ്മുടെ കൊണ്ടാടപ്പെടുന്ന രാഷ്ട്രീയ സിനിമകളിൽപ്പോലും പ്രത്യക്ഷമായോ പരോക്ഷമായിപ്പോലുമോ ആവിഷ്‌കൃതമായില്ലെന്നത് അവിശ്വസനീയമായിത്തോന്നുന്നു. എഴുപതുകളുടെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷം നമ്മുടെ കഥാസാഹിത്യത്തിലും കവിതയിലും നാടകത്തിലും ചിത്രകലയിലുമെല്ലാം സൃഷ്ടിച്ച സർഗ്ഗവിസ്ഫോടനം മലയാളത്തിലെ സമാന്തര-ആർട്ട് സിനിമകളെ സ്പർശിച്ചില്ലെന്നതാണ് അതിലേറെ അദ്ഭുതം. അതേസമയം, അടിയന്തരാവസ്ഥയുടെ ദുരനുഭവങ്ങൾ നേരിട്ട് പ്രതിപാദ്യവിഷയമായില്ലെങ്കിലും പഴയ സോഷ്യൽ റിയലിസ്റ്റ്‌നിയോറിയലിസ്റ്റ് സിനിമകളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ യാഥാർത്ഥ്യത്തെ പുതിയ രീതിയിൽ സമീക്ഷിക്കുവാനുള്ള ഒരു മൂന്നാം കണ്ണ് സമാന്തര സിനിമാരചയിതാക്കൾക്ക് നൽകിയെന്നതും കാണാതിരുന്നുകൂടാ.

അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പുറത്തുവന്ന സത്യജിത് റായിയുടെയും മൃണാൾ സെന്നിന്റെയും കൽക്കത്ത ചിത്രത്രയങ്ങളാണ് സമകാലിക ഇന്ത്യൻ യാഥാർത്ഥ്യത്തെ ആഴത്തിൽ അനുഭവവേദ്യമാക്കിയതെങ്കിലും ഗോവിന്ദ് നിഹലാനി, ശ്യാം ബനഗൽ, എം.എസ്. സത്യു, പട്ടാഭിരാമ റെഡ്ഡി, ഗിരീഷ് കർണാട് തുടങ്ങിയ ഒരുകൂട്ടം നവതരംഗ സംവിധായകരിലൂടെയാണ് ഈ യാഥാർത്ഥ്യപക്ഷപാതിത്വം ഇന്ത്യൻ ഭാഷാസിനിമകളെ സ്വാധീനിച്ചത്. നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ പി. ലങ്കേഷിന്റെ ക്രാന്തി ബന്തു, ക്രാന്തി എന്ന നാടകത്തെ അവലംബിച്ച് പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത ചണ്ഡമാരുതയാണ് കന്നടസിനിമയിൽ അക്കാലത്തുണ്ടായ ഒരു ശ്രദ്ധേയരചന. അടിയന്തരാവസ്ഥയുടെ ഇരയായി തടവിൽക്കിടക്കേണ്ടിവന്ന സ്നേഹലതാ റെഡ്ഡിയായിരുന്നു ഈ സിനിമയിലെ പ്രധാനകഥാപാത്രമായി വേഷമിട്ടത്. റെഡ്ഡിയുടെ ദേശീയപുരസ്‌കാരം നേടിയ സംസ്‌കാരയിലെ നായികയായി അഭിനയിച്ച സ്നേഹലതാ റെഡ്ഡിയുടെ അവസാനത്തെ ചിത്രവുമാണിത്. അടിയന്തരാവസ്ഥക്കാലത്ത് ഫിലിംസ് ഡിവിഷനുവേണ്ടി സർക്കാർ ഡോക്യുമെന്ററിയെടുക്കാനുള്ള ക്ഷണം നിരാകരിച്ച സത്യജ്ത് റായ് അടിയന്തരാവസ്ഥയ്ക്കുശേഷം കുട്ടികൾക്കായി നിർമ്മിച്ച ഒരു ചിത്രത്തിലൂടെ ഏകാധിപതികളായ ഭരണാധികാരികളെ പരിഹസിക്കുന്ന ഒരു അന്യാപദേശകഥയാണ് ചിത്രീകരിച്ചത്.

 

വിദ്യാഭ്യാസം നേടിയാൽ കുട്ടികൾ വിധേയത്വം മറന്ന് ചോദ്യങ്ങൾ ചോദിച്ചുതുടങ്ങും എന്ന് ഭയപ്പെടുകയും വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയുംചെയ്യുന്ന ഒരു രാജാവാണ് ഹീരക് രാജാർ ദേശേ എന്ന ആ ചിത്രത്തിലെ ഏകാധിപതി. സർവ്വകലാശാലകളും അക്കാദമിക്കുകളും പൊതുബുദ്ധിജീവികളുമെല്ലാം സംഘടിതമായ ആക്രമണങ്ങൾക്കിരയാവുന്ന ഇന്നത്തെ ഇന്ത്യയിലും പ്രസക്തമായൊരു റായ്ച്ചിത്രമാണത്. ഹിന്ദി, ബംഗാളി, മറാഠി, കന്നട ഭാഷകളിലേതുപോലെ സമകാലിക ഇന്ത്യൻ അനുഭവങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കുന്ന നല്ല സിനിമകൾ മലയാളത്തിൽ പക്ഷേ, അപൂർവ്വമായിരുന്നു. ജോൺ എബ്രഹാമിനെയും രവീന്ദ്രനെയും പോലെ രാഷ്ട്രീയസിനിമയെയും സിനിമയുടെ രാഷ്ട്രീയത്തെയും സംബന്ധിച്ച ബോധ്യമുള്ള സംവിധായകരുടെ അഭാവമായിരിക്കാം അതിനു കാരണം.

ഇന്ദിരയുടെ അടിയന്തരാവസ്ഥ മുതൽ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥവരെയുള്ള അരനൂറ്റാണ്ടുകാലം സമഗ്രാധിപത്യ ഭരണകൂടങ്ങൾക്കും ദുരധികാരപ്രയോഗങ്ങൾക്കും വർഗ്ഗീയോന്മാദങ്ങൾക്കും സാമൂഹികാനീതികൾക്കുമെതിരെ തന്റെ മാധ്യമത്തിലൂടെ നിർഭയം നിരന്തരം പോരാടുന്ന ഒരേയൊരു സംവിധായകനെ മാത്രമേ എനിക്ക് ചൂണ്ടിക്കാട്ടുവാനുള്ളൂ: ആനന്ദ് പട്വർദ്ധൻ. അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ അതിനു കാരണമായ ഇന്ത്യയിലെ കലുഷമായ രാഷ്ട്രീയാവസ്ഥയെയും ഇന്ദിരാഭരണത്തിനെതിരായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഉയർന്നുതുടങ്ങിയ വിദ്യാർത്ഥി-ബഹുജന പ്രക്ഷോഭങ്ങളെയും കണിശമായ പക്ഷപാതിത്വത്തോടെ സെല്ലുലോയിഡിൽ രേഖപ്പെടുത്തുവാനാരംഭിച്ച ഈ ഡോക്യുമെന്ററി സംവിധായകൻതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ അണ്ടർഗ്രൗണ്ട് ഫിലിം മേക്കറും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ സിനിമയുടെ നെഗറ്റീവ് അമേരിക്കയിലേക്ക് ഒളിച്ചുകടത്തേണ്ടിവന്ന പട്വർദ്ധൻ പിന്നീട് രഹസ്യപ്രദർശനങ്ങളിലൂടെയാണ് അത് ഇന്ത്യൻ പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷവും സെൻസർ ബോർഡിനോടും ദൂരദർശനോടും നിയമയുദ്ധം നടത്തേണ്ടിവന്ന ഈ ചലച്ചിത്രകാരൻ അന്നത്തേതിനെക്കാൾ ഭയാനകമായ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലും തന്റെ ക്ലേശകരമായ ദൗത്യം തുടരുകയാണ്.

ഒരു രാജ്യത്തിന്റെയും ജനതയുടെയും സഹനത്തിന്റെയും സമരത്തിന്റെയും പ്രതിരോധവാഞ്ഛയുടെയും ആവിഷ്‌കാരത്തിനായി സിനിമാമാധ്യമത്തെ സാർത്ഥകമായി വിനിയോഗിക്കുന്ന പട്വർദ്ധന്റെ അരനൂറ്റാണ്ടുകാലത്തെ ചലച്ചിത്രസപര്യ, മാറിമാറിവരുന്ന ജനവിരുദ്ധമായ ഇന്ത്യൻ ഭരണകൂടങ്ങൾക്കെതിരെയുള്ള പ്രതിരോധവും ജനകീയപ്രതിരോധങ്ങളെ സംബന്ധിച്ച ചലച്ചിത്രപ്രബന്ധങ്ങളുമാണ്. കൽപ്പിതകഥകളുടെ അലങ്കാരക്കുപ്പായമിടുവിക്കാതെ ഇന്ത്യൻ യാഥാർത്ഥ്യത്തെ യഥാതഥമായി പ്രത്യക്ഷപ്പെടുത്തുന്ന ആ സിനിമകൾ അടിയന്തരാവസ്ഥ മുതലുള്ള ഇന്ത്യയുടെ അൻപതുവർഷത്തെ ചരിത്രവുമാണ്. അടിയന്തരാവസ്ഥക്കാലം മുതൽ സിനിമയെയും രാഷ്ട്രീയത്തെയും ഗൗരവപൂർവം പിന്തുടരുന്നവർക്ക് ഈ ഇരുണ്ടകാലത്ത് ചലച്ചിത്രകലയിലുള്ള വിശ്വാസമുറപ്പിച്ച വെള്ളിവെളിച്ചമാണ് ആനന്ദ് പട്വർദ്ധന്റെ സിനിമകൾ.