അര്‍ബുദരോഗിയായിരിക്കെ താന്‍ കടന്നുപോയ അനൂഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിന്റെ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയിലെ 'ഒരു സന്തുഷ്ട കാന്‍സര്‍കുടുംബം' എന്ന ഭാഗം വായിക്കാം...
നിരന്തരമായ കീമോയും ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളും ഡോ. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഒട്ടും പിഴയ്ക്കാത്ത ചികിത്സയുംകൊണ്ട് എന്റെ കാന്‍സര്‍ കരിഞ്ഞുതുടങ്ങി. അതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടുതുടങ്ങുകയും ചെയ്തു. കരുവാളിച്ച് മൊട്ടയായ തലയില്‍ കുഞ്ഞുരോമങ്ങള്‍ കിളിര്‍ത്തു, കുഴിഞ്ഞ കവിളിലേക്ക് മാംസത്തിന്റെ തുടിപ്പുകയറി, ഉടഞ്ഞുപോയ ശരീരം പതുക്കെ ബലപ്പെട്ടുവന്നു, കെട്ടുപോയ നാവിലേക്ക് രുചികള്‍ ഓരോന്നായി തിരിച്ചുവന്നുതുടങ്ങി. മരണത്തിന്റെ മുഖം കണ്ട് ഞാന്‍ തിരിച്ചുനടക്കുകയാണ്. ഒരുപാട് ഗതികേടുകളിലൂടെ കടന്നുപോന്ന എന്റെ ജീവിതത്തിന് ഇങ്ങനെ ഒരു പരീക്ഷണംകൂടി നേരിടേണ്ടതുണ്ടായിരിക്കാം.
കീമോയും മറ്റു ചികിത്സകളുമായി ഞാനും ആലീസും മാസത്തിന്റെ മിക്ക സമയങ്ങളിലും ലേക്ഷോര്‍ ആശുപത്രിയിലാണ്. മകന്‍ സോണറ്റ് ഇരിങ്ങാലക്കുടയും എറണാകുളവുമായി മനസ്സുവേദനിച്ച് ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് അവന്‍ ഭാര്യ രശ്മിയെയും മക്കളായ ഇന്നുവിനെയും അന്നയെയും കൂട്ടി വരും. അപ്പോള്‍ മരുന്നുമണക്കുന്ന ആസ്പത്രിമുറി ഞങ്ങള്‍ക്ക് വീടുപോലെ പ്രിയപ്പെട്ടതാവും.
കീമോകാലത്തെ എന്റെ എല്ലാ അവസ്ഥാഭേദങ്ങള്‍ക്കും സാക്ഷികളാണ് പ്രിയപ്പെട്ട ഈ കൊച്ചുമക്കള്‍. അവരാണെന്റെ ജീവനെ ഈ ഭൂമിയില്‍നിന്ന് അറ്റുപോകാതെ നിലനിര്‍ത്തുന്നത്. അവരോട് ഒരിക്കല്‍പ്പോലും ഞാന്‍ കയര്‍ത്തു സംസാരിച്ചിട്ടില്ല, അവരെ തമാശയായിപ്പോലും അടിച്ചിട്ടില്ല. എന്നാല്‍, തൊലിപോയ നാവും, നിരന്തരമായ ഛര്‍ദിയും ഉടഞ്ഞ ശരീരവുമായി രൂപംതന്നെ മാറി വീട്ടില്‍ കൂനിക്കൂടിയിരിക്കുന്ന സമയങ്ങളില്‍ എനിക്കു വരുന്ന ദേഷ്യത്തിന് അവരും സാക്ഷികളാണ്. പാതിബോധത്തില്‍ അവരോടും ഞാന്‍ കയര്‍ത്തിട്ടുണ്ട്. മറ്റൊരു അപ്പാപ്പനെക്കണ്ട് അവര്‍ അന്തംവിട്ടു നിന്നിട്ടുണ്ട്. എന്നില്‍നിന്നും അവര്‍ പതുക്കെ അകന്നുനില്ക്കുന്ന കാഴ്ച മങ്ങിയ കണ്ണുകളിലൂടെ ഞാന്‍ വേദനയോടെ കണ്ടിരുന്നിട്ടുണ്ട്.

ഇതു മനസ്സിലാക്കിയ ആലീസ് അവരോടു പറയും: 'അപ്പാപ്പന് കീമോ ചെയ്യുന്നതോണ്ടുള്ള ദേഷ്യമല്ലേ. മക്കള് കരയണ്ട.'
കാന്‍സര്‍ കരിഞ്ഞുതുടങ്ങിയതോടെ എന്റെ ശരീരത്തിനൊപ്പം സൂക്ഷ്മമായ സ്വഭാവങ്ങള്‍ക്കും വന്നുതുടങ്ങിയ മാറ്റങ്ങള്‍ കുട്ടികളും കാണുന്നുണ്ട്. അവര്‍ ഒന്നും പറയുന്നില്ല എന്നുമാത്രമേയുള്ളൂ, മുതിര്‍ന്ന ഞങ്ങളെക്കാള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്.
ഒരുദിവസം അവര്‍ ആശുപത്രിയില്‍ വന്നു. ഞങ്ങള്‍ ചെറിയ ചെറിയ കളികളില്‍ മുഴുകി. പെട്ടെന്ന് എന്തോ കാര്യത്തിന് എനിക്ക് ചെറുതായി ദേഷ്യം വന്നു. കട്ടിലിന്റെ അറ്റത്തുനിന്ന് അവര്‍ എന്തോ വികൃതി കാണിച്ചതിനാണ്. ഞാന്‍ ചെറുതായി രണ്ടുപേരെയും ശകാരിച്ചു. അപ്പോള്‍ ഇന്നുവും അന്നയും എന്റെ മുന്നില്‍വന്ന് അറ്റന്‍ഷനായി നിന്ന് ചോദിക്കുകയാണ്:
'ഇതുവരെ കീമോവിന്റെ ദേഷ്യാണ്, കീമോവിന്റെ ദേഷ്യാണ് എന്നാണ് അമ്മാമ്മ പറഞ്ഞിരുന്നത്. ഇപ്പം ഇത് എന്തൂട്ട് ദേഷ്യാ? കീമോ കഴിഞ്ഞില്ലേ?'
അതുകേട്ട് ഞാന്‍ ഒരേസമയം അമ്പരക്കുകയും ആര്‍ത്തുചിരിക്കുകയും ചെയ്തു. ആ ചിരിയുടെ നിമിഷത്തില്‍ ഞാന്‍ എന്റെ രോഗവും ആ ആശുപത്രിമുറിക്കുള്ളില്‍ നിറഞ്ഞുകവിഞ്ഞ ഒരുപാടൊരുപാട് രോഗികളുടെ യാതനകളും മറന്നു. ഒരു ജീവിതകാലം മുഴുവന്‍ മനുഷ്യരെ ചിരിപ്പിച്ച എന്നെ ചിരിപ്പിക്കുന്നത് ഈ കുട്ടികളാണ്. അതും, രോഗക്കിടക്കയില്‍. എത്ര വലിയ രോഗത്തിനിടയിലും, എത്ര കൊടിയ യാതനകള്‍ക്കിടയിലും ഇത്തരം ചെറിയ ചിരിയുടെ വെളിച്ചങ്ങള്‍ ഉണ്ടാവും. എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ പലപ്പോഴും ആ ചെറുവെളിച്ചങ്ങളെ കാണാറില്ല. അവയാണ് ജീവിതത്തിലേക്കുള്ള വഴിവിളക്കുകള്‍ എന്ന് തിരിച്ചറിയാറില്ല.
എന്റെ അസുഖത്തിനുശേഷം ആലീസ് പഴയ ആലീസായിരുന്നില്ല. പലപ്പോഴും എന്നെക്കാള്‍ തമാശ പറയുകയും എന്നെ നന്നായി കളിയാക്കുകയും ചെയ്തിരുന്ന ആലീസ് ഇല്ലാതായി. മിക്ക സമയവും അവള്‍ എന്തോ ആലോചനയിലായിരിക്കും. അല്ലെങ്കില്‍ പ്രാര്‍ഥനയില്‍, അതുമല്ലെങ്കില്‍ തനിയേ കരയും. ഇതു മൂന്നും സഹിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഞാന്‍ എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞ് അവളെ എപ്പോഴും ചിരിപ്പിക്കാന്‍ ശ്രമിക്കും. തീരേ വയ്യാതെ തളര്‍ന്ന് പാതിബോധത്തില്‍ കിടക്കുമ്പോഴും ഞാന്‍ ആലീസിനായി തമാശകള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. കാരണം ആലീസ് കരയുന്നത് എനിക്കിഷ്ടമല്ല.
ഒരുദിവസം ലേക്ഷോര്‍ ആശുപത്രിയിലെ ഞങ്ങളുടെ മുറിയില്‍ പരസ്പരം നോക്കി അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ ആലീസിനോടു പറഞ്ഞു:
'ആലീസേ, ഏതായാലും നമ്മളുടെ ജീവിതം ഇപ്പോള്‍ ആശുപത്രിയിലാണ്. നീയൊരു കാര്യം ചെയ്യ്, വെറുതെ ഒരു ടെസ്റ്റ് നടത്തിക്കോ. 'മാമോഗ്രാം' എന്ന കാന്‍സര്‍ ടെസ്റ്റ് ഇപ്പോള്‍ സ്ത്രീകളൊക്കെ ചെയ്യാറുണ്ട്.'
'എനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല' എന്നുപറഞ്ഞ് ആലീസ് എന്റെ നിര്‍ദേശത്തെ നിരസിച്ചു. പിന്നെയും ഞാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ ആലീസ് പറഞ്ഞു:
'ഇനി ടെസ്റ്റൊക്കെ നടത്തി അവസാനം കാന്‍സര്‍ ഇല്ല എന്ന് തെളിഞ്ഞാല്‍ ടെസ്റ്റിന് അടച്ച പൈസ വെറുതെയാവില്ലേ?'
ആലീസിന്റെ ഈ മറുപടി കേട്ട് ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു. എന്താണ് എന്റെ ഭാര്യ ഉദ്ദേശിക്കുന്നത് എന്ന് അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ പറ്റിയില്ല. തമാശയായാണോ, കാര്യമായാണോ അവള്‍ ഇതുപറയുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് മദിരാശിയിലെ ഞങ്ങളുടെ ദരിദ്രജീവിതകാലത്ത്, ഒരിക്കല്‍ കഠിനമായ തലവേദന വന്ന് ന്യൂറോസര്‍ജനെ കാണിക്കാന്‍ കൊണ്ടുപോകുമ്പോഴും ആലീസ് ഇതേ ചോദ്യം എന്നോടു ചോദിച്ചിട്ടുണ്ട്. എന്നിട്ടും എന്റെയുള്ളില്‍ തിരപോലെ വന്ന ചിരിയടക്കി ഞാന്‍ അവളെ 'മാമോഗ്രാ'മിന് നിര്‍ബന്ധിച്ചു. അമേരിക്കയിലൊക്കെ ഇത് എല്ലാ സ്ത്രീകളും ചെയ്യുക പതിവാണ് എന്ന കാര്യം ഞാന്‍ കേട്ടിരുന്നു. ആലീസിനും അതറിയാം. അവള്‍ സമ്മതിക്കുന്നില്ല എന്നു മാത്രം. പിന്നെ 'മാമോഗ്രാം' എന്ന വാക്കും എനിക്കിഷ്ടമായി. ഒടുവില്‍ ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ ആലീസ് സമ്മതിച്ചു. ടെസ്റ്റിന് വിധേയയായി.
'അമ്മ' സംഘടന ധനശേഖരണത്തിനായി ദുബായിയിലും കൊച്ചിയിലും രണ്ടു സ്റ്റേജ് ഷോകള്‍ നടത്താന്‍ തീരുമാനിച്ച സമയമായിരുന്നു അത്. എറണാകുളത്ത് റിഹേഴ്സല്‍ വെച്ചു. എല്ലാ നടന്മാരും നടിമാരും കൊച്ചിയില്‍ എത്തി. റിഹേഴ്സല്‍ ആരംഭിച്ചു. ലേക്ഷോര്‍ ആശുപത്രിയില്‍ ഞാനുണ്ട്. എനിക്ക് റിഹേഴ്സലിനു പോകാന്‍ ഡോ. ഗംഗാധരന്‍ അനുവാദം തന്നു.

റിഹേഴ്സല്‍ ക്യാംപില്‍ എനിക്ക് പ്രിയപ്പെട്ട എല്ലാവരുമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ജയറാമും തുടങ്ങി എല്ലാവരും. അവരെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരാണ്. ആ സംഘത്തില്‍ റിഹേഴ്സലിന് മേല്‍നോട്ടം കൊടുത്തുനിന്നപ്പോള്‍ എന്റെ ശരീരത്തിലെ അസുഖത്തിന്റെ അവശേഷിക്കുന്ന തുള്ളികള്‍പോലും വാര്‍ന്നുപോകുന്നതുപോലെ തോന്നി. പ്രിയപ്പെട്ടവരുടെ സാമീപ്യവും അതില്‍നിന്നുണ്ടാകുന്ന സന്തോഷവും ഏതു രോഗത്തിനും, അത് കാന്‍സറായാല്‍പ്പോലും വലിയ മരുന്നാണ് എന്ന് എനിക്ക് ബോധ്യമായി. രാത്രി ഞാന്‍ തിരിച്ച് ആശുപത്രിയിലെത്തും. റിഹേഴ്സല്‍ ക്യാംപിലെ തമാശകള്‍ ആലീസിനോടു പറയും. അവളെ ചിരിപ്പിക്കാന്‍ ശ്രമിക്കും.
ആലീസിന് മാമോഗ്രാം ടെസ്റ്റ് കഴിഞ്ഞു. കഴിഞ്ഞപ്പോള്‍, ഒരു ദിവസം ഡോക്ടര്‍ പറഞ്ഞു: 'കുഴപ്പമൊന്നുമില്ല, എന്നാലും ബയോപ്സിക്ക് ഒന്നയച്ചുകളയാം.'
'ബയോപ്സി' എന്നുകേട്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. പക്ഷേ, പെട്ടെന്നുതന്നെ ഞാന്‍ സാധാരണനിലയിലേക്ക് തിരിച്ചുവന്നു. ആലീസിന് ഒരു കുഴപ്പവും വരില്ല. കാരണം, കാന്‍സര്‍ പകരുന്ന രോഗമല്ല. ആലീസിന്റെ മനസ്സില്‍ ചെറിയ ആകുലത ഉരുണ്ടു കൂടിയിട്ടുണ്ട് എന്ന് അവളുടെ വാക്കുകളില്‍നിന്നും പെരുമാറ്റങ്ങളില്‍നിന്നും എനിക്ക് മനസ്സിലായി. അവള്‍ കൂടുതല്‍ക്കൂടുതല്‍ എന്തോ ആലോചിച്ചിരുന്നു.
ഞങ്ങളുടെ സംഘം റിഹേഴ്സലുകള്‍ തീര്‍ത്ത് ദുബായിലേക്ക് പോകാന്‍ തയ്യാറായി. എല്ലാവര്‍ക്കും ഒന്നിച്ച് പോകാനായി ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തതായിരുന്നു. ഡോ. ഗംഗാധരന്‍ എനിക്കും പോകാന്‍ അനുവാദം തന്നു. ഒരുദിവസം മുന്‍പേ എന്റെ പെറ്റ്സ്‌കാനിന്റെ റിസള്‍ട്ടു വന്നിരുന്നു. 'ലിംഫോമ' യുടെ അവസാനലക്ഷണവും മാഞ്ഞിരിക്കുന്നു. എന്നെക്കാളധികം എന്റെ കുടുംബം സന്തോഷിച്ചു. ആലീസ് ഒന്നു തെളിഞ്ഞു ചിരിച്ചു. ഞാനും ചിരിച്ചു, പെട്ടെന്നുതന്നെ ഉള്ളില്‍ എന്തോ നിഴല്‍ വീണു.
ഞങ്ങള്‍ രാവിലെ ആശുപത്രി വിട്ടു. എനിക്ക് വീട്ടില്‍പ്പോയി പെട്ടി പാക്കുചെയ്ത് ഉടന്‍ തിരിച്ചുവരണം. വൈകുന്നേരം നാലരയ്ക്കാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള ഞങ്ങളുടെ വിമാനം. ഭൂമിയിലും ആകാശത്തും 'അമ്മയെ' നയിക്കാന്‍ ഞാന്‍ എത്തണം. തിരിച്ചുകിട്ടിയത് കൈവിട്ടുപോയി എന്നു കരുതിയ ജീവിതമാണ്. എനിക്കത് എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കണം. സഞ്ചരിക്കുന്ന വാഹനത്തെക്കാള്‍ വേഗത്തില്‍ എന്റെ മനസ്സ് പാഞ്ഞു. യാത്രയ്ക്കിടെ സ്വാഭാവികമായും ഞങ്ങള്‍ ആഹ്ലാദത്തില്‍ മുങ്ങേണ്ടതാണ്. കാരണം, എന്റെ രോഗം പൂര്‍ണമായും മാറി. വിഷാദത്തിന്റെ വലിയൊരു കാര്‍മേഘം കുടുംബത്തിന്റെ ശിരസ്സിനു മുകളില്‍നിന്ന് നീങ്ങിപ്പോയിരിക്കുന്നു. അതിന്റെ സന്തോഷത്തിന്റെ വെളിച്ചം ഉണ്ടാകേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ടോ അതുണ്ടായില്ല. ആരും അധികം സംസാരിച്ചില്ല. ചിരിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ആവശ്യത്തിനുള്ള സംസാരം മാത്രം. കുട്ടികള്‍പോലും.
അങ്കമാലിയില്‍ എത്തിയപ്പോള്‍ ചായ കുടിക്കണം എന്നു തോന്നി. കുട്ടികള്‍ക്ക് ഒന്ന് ഓടിക്കളിക്കാന്‍കൂടിപ്പറ്റുന്ന ഒരു ഹോട്ടലുണ്ട് അവിടെ. പലപ്പോഴും ഈ വഴിയാത്രകള്‍ക്കിടെ ഞങ്ങള്‍ അവിടെക്കയറുക പതിവാണ്. ഇത്തവണയും അവിടെത്തന്നെയാക്കി. ഉച്ചകഴിഞ്ഞുള്ള സമയമായതിനാല്‍ വലിയ തിരക്കില്ലായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് ഒരു മേശയ്ക്കുചുറ്റുമിരുന്നു. ചായയും ചെറിയ ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. വലിയ വര്‍ത്തമാനമൊന്നുമുണ്ടായില്ല. എന്റെ കുടുംബത്തിന്റെ ഈയവസ്ഥയില്‍ എനിക്കും ഉള്ളില്‍ സങ്കടമുണ്ടായി. പക്ഷേ, എന്റെ മനസ്സും പഴയതുപോലെ സന്തോഷിക്കുന്നില്ലല്ലോ, മഹാരോഗം മാറിപ്പോയതിന്റെ വലിയ ആഘോഷം എന്റെ മനസ്സിനുമില്ലല്ലോ എന്നാലോചിച്ചപ്പോള്‍ ഞാന്‍ മിണ്ടാതെയിരുന്നു.

ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ ചായ കുടിച്ചുതീര്‍ത്തു. ആലീസ് അന്നയെയും കൂട്ടി കൈകഴുകാന്‍ പോയി. മേശയ്ക്കപ്പുറവുമിപ്പുറവും ഞാനും സോണറ്റും രശ്മിയും ഇന്നസെന്റ് ജൂനിയറും മാത്രമായി. അപ്പോള്‍, സോണറ്റിന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. അതെടുത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ എനിക്ക് മനസ്സിലായി മറുതലയ്ക്കല്‍ ഡോ. ഗംഗാധരനാണ് എന്ന്. ആലീസിന്റെ മാമോഗ്രാം ടെസ്റ്റ് റിസള്‍ട്ട് വന്നിരിക്കുന്നു. ഡോ. ഗംഗാധരന്‍ ഒരു മിനിട്ടുപോലും സംസാരിച്ചില്ല. ഞാന്‍ സോണറ്റിന്റെ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി. അവ രണ്ടും അലറിക്കരയുകയാണ്. അവന്റെ അമ്മയ്ക്കു വേണ്ടി.
ഒരക്ഷരംപോലും അവന്‍ പറയേണ്ടിവന്നില്ല, എനിക്കും അവന്റെ ഭാര്യ രശ്മിക്കും കാര്യം മനസ്സിലായി. ആലീസിനും കാന്‍സറാണ്! ഞങ്ങളാരും കരഞ്ഞില്ല. കരയാനുള്ള ശേഷിപോലും ഞങ്ങള്‍ക്കില്ലായിരുന്നു. ഞങ്ങള്‍ ഈ ഭൂമിയില്‍നിന്നുതന്നെ പിഴുതുമാറ്റപ്പെട്ട മൂന്നു ജീവനുകള്‍ ആയിക്കഴിഞ്ഞിരുന്നു. ഒന്നും പറയാതെ തണുത്തുറഞ്ഞ് ഞങ്ങള്‍ ആ ഹോട്ടലിലെ മേശയ്ക്കുചുറ്റും ഇരുന്നു. അതുവരെ ഞങ്ങള്‍ക്കൊപ്പം ഇരുന്നിരുന്ന ഇന്നസെന്റ് ജൂനിയര്‍ ആലീസും അന്നയും കൈകഴുകാന്‍ പോയ ഇടത്തേക്ക് ഓടി.
'അമ്മാമേ, അമ്മാമേടെ റിസള്‍ട്ട് വന്നു.'
അവന്‍ പറയുന്നത് ഞാന്‍ കേട്ടു. പിന്നെയൊന്നും അവന്‍ പറഞ്ഞില്ല. ആലീസ് വന്ന് ഞങ്ങള്‍ക്കൊപ്പമിരുന്നു. ഒന്നും മിണ്ടിയില്ല. എനിക്ക് അവളുടെ കണ്ണിലേക്കു നോക്കാനുള്ള ശക്തിയില്ലായിരുന്നു. ബില്ലു കൊടുത്ത് ഞങ്ങള്‍ ഇറങ്ങി.
കാര്‍ നീങ്ങിയതോടെ ആലീസ് പിന്‍സീറ്റിലിരുന്ന് പൊട്ടിക്കരയുന്നത് ഞാന്‍ കേട്ടു. ഇന്നുവിനുപോലും മനസ്സിലായ കാര്യങ്ങള്‍ അവള്‍ക്ക് മനസ്സിലാവാതിരിക്കില്ലല്ലോ. ഞാന്‍ തിരിഞ്ഞുനോക്കിയില്ല. ആലീസ് കരഞ്ഞുകൊണ്ടേയിരിക്കുന്നതിനിടെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു പറഞ്ഞു:
'ഞാന്‍ വരുന്നില്ല ബാബൂ, നിങ്ങള്‍ പോയിവാ.'
ഒന്നും മനസ്സിലാവാതെ ബാബു കാര്യം ചോദിച്ചപ്പോള്‍ അല്പം താഴ്ത്തിയ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
'ആലീസിനും...'
ഒരു ഞെട്ടലോടെ ബാബു ഫോണ്‍ കട്ട് ചെയ്തു.
ആലീസിന്റെ കരച്ചില്‍ താണുതാണുവന്നു. അവളിപ്പോള്‍ രശ്മിയുടെ മടിയില്‍ തളര്‍ന്നുകിടക്കുകയാവണം. വണ്ടിയോടിച്ചുകൊണ്ടിരുന്ന സോണറ്റിന്റെ കണ്ണുകളില്‍ എന്റെ ബയോപ്സി റിസള്‍ട്ടും വാങ്ങി മടങ്ങുമ്പോള്‍ കണ്ട അതേ ഭാവം. കരച്ചിലിന്റെ കടല്‍പോലെ കണ്ണുകള്‍. ഞാന്‍ തിരിഞ്ഞുനോക്കിയില്ല. എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു. ഈ അവസ്ഥയെപ്പറ്റി എന്താണ് ആലോചിക്കേണ്ടത് എന്നുകൂടി അറിയില്ല. ഒരുവേള പൊട്ടിച്ചിതറിപ്പോകുമായിരുന്ന മനസ്സിനെ പിടിച്ചുകെട്ടാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. മനുഷ്യനെ ചിരിപ്പിക്കുന്നവര്‍ക്ക് കരയാന്‍ അവകാശമില്ല. എന്നെ ചികിത്സിച്ച ഡോക്ടര്‍ ലിസിക്ക് കാന്‍സര്‍ വന്നപ്പോള്‍ കഥകളില്‍ എഴുതിയാല്‍പ്പോലും ആരും വിശ്വസിക്കാത്ത ദുരന്തമാണ് അത് എന്ന് ഞാന്‍ വിശ്വസിച്ചു. എന്നാല്‍ എന്റെ രോഗം മാറി തൊട്ടടുത്ത നിമിഷംതന്നെ ആലീസിനും അതേ അസുഖമാണ് എന്നറിഞ്ഞപ്പോള്‍ എന്റെയീ ജീവിതത്തോളം വലിയ കഥയില്ല എന്നും മനസ്സിലായി. ഇനിയും എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നത് എന്നറിയാതെ ഞാന്‍ മരിച്ച കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് വാഹനം മെല്ലെയാവുമ്പോഴെല്ലാം ആളുകള്‍ കൈചൂണ്ടി ചിരിച്ചു, 'ഇന്നസെന്റ്, ഇന്നസെന്റ്!' അവരെ നോക്കി ഞാന്‍ കരയുന്നതുപോലെ ചിരിച്ചു.
വീട്ടിലെത്തിയതും എല്ലാവരും അവരവരുടെ മുറികളിലേക്കു പോയി. ഞാന്‍ ചാരുകസേരയെടുത്ത് മുറ്റത്തെ മാവിന്‍ചോട്ടിലിട്ട് അതില്‍ നീണ്ടുനിവര്‍ന്നു കിടന്നു. വീട്ടില്‍ ആലീസിനെ സഹായിക്കുന്ന ദേവയാനി എനിക്ക് ദുബായിലേക്കു പോകാനുള്ള വസ്ത്രങ്ങള്‍ തേച്ചുമടക്കി പെട്ടിയിലാക്കി പൂമുഖത്ത് കൊണ്ടുവെച്ചിരിക്കുന്നു. അവരോടു നേരത്തേ പറഞ്ഞിരുന്നു, വന്നയുടനെ ഞാനിറങ്ങുമെന്ന്. കുറെനേരം ഞാന്‍ അങ്ങനെ കണ്ണടച്ചുകിടന്നു. വെയില്‍ മങ്ങിത്തുടങ്ങി. മേഘങ്ങള്‍ ചുകന്നുതുടങ്ങി. എന്റെ കാല്‍ച്ചുവട്ടില്‍ കൊഴിഞ്ഞുകിടന്ന മാവിലകള്‍ നേര്‍ത്ത കാറ്റില്‍ പറന്നു. മെല്ലെമെല്ലെ സന്ധ്യയായി വന്നു. പുറത്തും അകത്തും ആരും ലൈറ്റിടുന്നില്ല. കുട്ടികളുടെ ശബ്ദംപോലും കേള്‍ക്കുന്നില്ല. മരിച്ച വീട്ടില്‍ പലപല അനക്കങ്ങളും അടക്കിപ്പിടിച്ച സംസാരങ്ങളുമെങ്കിലും ഉണ്ടാകും. ഇത് അതുമില്ല. എവിടെയും ഇരുട്ടും മരവിച്ച നിശ്ശബ്ദതയും മാത്രം.
പെട്ടെന്ന്, ദേവയാനി വന്ന് ഒരുക്കിവെച്ച പെട്ടിയെടുത്ത് അകത്തേക്കു കൊണ്ടുപോയി. ആരും ഒരക്ഷരം പറയാതെ അവര്‍ക്കും എല്ലാം മനസ്സിലായി. വലിയ വേദനകളും ദുരന്തങ്ങളും പങ്കുവെക്കാന്‍ മനുഷ്യര്‍ക്ക് ഭാഷ വേണ്ട എന്ന് എനിക്കു മനസ്സിലായി. കുറെനേരം ഞാന്‍ അങ്ങനെ കിടന്നു. ഇരുട്ടുവീണു. വീട്ടിലും ഇരുട്ടുതന്നെ. അപ്പോള്‍, എന്റെ തലയ്ക്കു മുകളിലൂടെ, നെടുമ്പാശ്ശേരിയില്‍നിന്നു പറന്നുയര്‍ന്ന വിമാനം കടന്നുപോയി. അമ്മയുടെ അംഗങ്ങളെയുംകൊണ്ട് ദുബായിലേക്കുള്ള ഇളംനീല ചാര്‍ട്ടേഡ് ഫ്ളൈറ്റ്. അതിന്റെ ഇരമ്പം കേട്ട് ഞാന്‍ കണ്ണടച്ചുകിടന്നു.
അന്നുരാത്രി ഞങ്ങളാരും ഭക്ഷണം കഴിച്ചില്ല. കുട്ടികള്‍ സാധാരണ ഞങ്ങളുടെയടുത്തായിരുന്നു കിടക്കാറുള്ളത്. അന്ന് അവര്‍ അവരുടെ അമ്മയുടെയും അച്ഛന്റെയും അടുത്തുതന്നെ കിടന്നു. കിടപ്പുമുറിയില്‍ ഞാനും ആലീസും മാത്രമായി. ആലീസ് തിരിഞ്ഞുകിടക്കുകയാണ്. ഉറങ്ങിയിട്ടില്ല. ശ്വാസോച്ഛ്വാസത്തിനിടയിലൂടെ നേരിയ തേങ്ങലുമുണ്ട്. ഞാന്‍ അടുത്തുവന്ന് കിടന്നത് അവള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ കണ്ണിലേക്ക് നോക്കാന്‍ ആലീസും അവളുടെ കണ്ണിലേക്കു നോക്കാന്‍ ഞാനും ഇപ്പോള്‍ ഭയക്കുന്നു.
ഞാന്‍ ആലീസിനെ ചേര്‍ത്തുപിടിച്ചു. ഇപ്പോള്‍ അവളുടെ തേങ്ങലുകള്‍ എന്റെ നെഞ്ചില്‍ വന്ന് അടിക്കുന്നുണ്ട്. അതിന്റെ വേദന ഉള്ളില്‍ സഹിച്ചുകൊണ്ട് ഞാന്‍ ആലീസിന്റെ ചെവിയില്‍ പറഞ്ഞു:
'ആലീസ്, കാന്‍സര്‍ പകരും എന്ന് ഇനി നമുക്ക് പേടിക്കേണ്ട. പിന്നെ ടെസ്റ്റ് ചെയ്തിട്ട് രോഗം ഇല്ലെങ്കില്‍ കാശ് പോവില്ലേ എന്ന നിന്റെ പേടിയും ഇനി വേണ്ട. കൊടുത്ത കാശ് ഇപ്പോള്‍ വസൂലായില്ലേ. അതിന് ദൈവത്തിനോട് നന്ദി പറയ്. നമ്മളിപ്പോള്‍ ഒരു സന്തുഷ്ട കാന്‍സര്‍കുടുംബമായി.'
അതുകേട്ട് ആലീസ് പതിവുപോലെ ചിരിച്ചില്ല. പക്ഷേ, ആ തേങ്ങല്‍ ഒരുവേള നിലച്ചു. ഉള്ളില്‍ അവള്‍ ചിരിച്ചതാവാം.
Content Highlights: Cancer Wardile Chiri, Memories of actor Innocent, World cancer day, Book excerpt, Mathrubhumi books
Published: 04 Feb 2024, 02:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented