ഫെയ്സ്ബുക്കിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ മലയാള നോവല്‍ എന്ന വിശേഷണവുമായാണ് ആര്.രാജശ്രീയുടെ ''കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'' എന്ന നോവല്‍ നമ്മുടെ ശ്രദ്ധയിലേക്ക് കടന്നു വന്നത്. ആഖ്യായികാ ഭാവുകത്വത്തിന്റെ അതിരുകളെ പുനര്‍നിര്‍ണ്ണയിക്കുന്ന നോവലാണ് ''കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത''.
പ്രാദേശികബോധം വളരെ മൗലികവും സ്വാഭാവികവുമായ ഒരു വിവേചനോപാധിയായി മനുഷ്യന് തന്റെ സാമൂഹ്യജീവിതം ആരംഭിച്ചതുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടാകണം. കേരളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളുടെയും അവയുടെ ഭൂപ്രകൃതി, സംസ്കാരം, ജീവിതശൈലി എന്നിവയുടെയും പ്രതിഫലനം ഇത്തരത്തില്‍ പല ഉച്ചനീചത്വങ്ങളും മാനവിക പൊതുബോധത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഡോ. കെ. എന്‍. ഗണേഷിന്റെ ''കേരളത്തിന്റെ ഇന്നലെകള്‍'' എന്ന പുസ്തകത്തില്‍ ഇതിന്റെ ചരിത്രപരവും സാമ്പത്തികവുമായ പാശ്ചാത്തല വിവരങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടോടു കൂടി കാര്‍ഷികാടിസ്ഥാനത്തിലുള്ള ഒരു നാഗരീക സ്വഭാവംതിരുവിതാംകൂറിന്റെ സമ്പദ്വ്യവസ്ഥയിലും സംസ്കാരത്തിലും ഉടലെടുക്കുന്നതായി ഈ പുസ്തകം പറയുന്നുണ്ട്. തുടര്‍ന്ന് കച്ചവടം അടക്കമുള്ള എല്ലാ മേഖലയിലും നാഗരീകതയുടെ സ്വഭാവം തിരുവിതാംകൂറില്‍ കടന്നു വരുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വടക്കന്‍ മലബാറുകാരായ രണ്ടു സ്ത്രീകളുടെ ക്ഷമാപണരഹിതമായ സ്വാതന്ത്ര്യ(Unapolagetic freedom)ത്തിന്റെ കഥ പറയുകയാണ് ഡോ.ആര്.രാജശ്രീ ''കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'' എന്ന നോവലിലൂടെ. തികച്ചും വൈയ്യക്തികമായി സമീപിക്കുകയാണെങ്കില്‍ വായനയില്‍ ഒരു താദാത്മ്യാനുഭവം സമ്മാനിച്ച വളരെ ചുരുക്കം കൃതികളില്‍ ഒന്നാണ് ഇത്.
1852-ല്‍ കാതറിന് ഹന്നാ മാലന്സ് എന്ന ക്രിസ്തീയ മിഷനറി പ്രവര്‍ത്തക ബംഗാളിയില്‍ എഴുതി, റവ.ജോസഫ് പീറ്റ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത നോവല്‍ ആണ് ''ഫുല്‍മോണി, കോരുണ എന്ന് പേരായ രണ്ടു സ്ത്രീകളുടെ കഥ''. ദൈവഭയം ഉള്ളവളും സത്സ്വഭാവിയുമായ ഫുല്‍മോണിയുടെയും താന്തോന്നിയും ലൗകീകസുഖങ്ങളെ ഇഷ്ടപ്പെടുന്നവളുമായ കോരുണയുടെയും കഥ പറയുന്ന നോവല്‍ ഒരു 'സദാചാരസംഹിത (Morality text)' ആയാണ് കാതറീന് മാലന്സ് രചിച്ചതെന്ന് നമുക്ക് ഊഹിക്കാം. കഥയില്‍ അവസാനം നന്മയുടെ വെളുപ്പ് തിന്മയുടെ കറുപ്പിനെ ജയിക്കുന്നു.
ഈ സദാചാരപാഠത്തെ പേരുകൊണ്ട് പോലും പ്രകടമായി കളിയാക്കുകയാണ് രാജശ്രീയുടെ നോവല്‍. പ്രധാനകഥാപാത്രങ്ങളായ കല്യാണിയും ദാക്ഷായണിയും ഈ ലോകത്തെ തങ്ങളുടെ ലൗകീകമായ പ്രശ്നങ്ങളെ അങ്ങനെതന്നെ നേരിടുന്ന 'ഗ്രേ ഷെയ്ഡു'ള്ള കഥാപാത്രങ്ങളാണ്. കറുപ്പ്-വെളുപ്പ്, നന്മ-തിന്മ, ഭൗതികം-ആത്മീയം, തുടങ്ങിയ ദ്വന്ദ്വവിപരീതങ്ങളെ അഥവാ ബൈനറി ഓപ്പോസിറ്റുകളെ ഉടച്ചുവാര്‍ക്കുകയാണ് എഴുത്തുകാരി തന്റെ നായികമാരിലൂടെ ചെയ്യുന്നത്.
ബ്ലാക്ക് അമേരിക്കന്‍ നോവലിസ്റ്റും പുലിറ്റ്സര്‍ പ്രൈസ് ജേതാവുമായ ആലിസ് വാക്കറുടെ ''ദ കളര്‍ പര്‍പ്പിള്‍'' എന്ന നോവലുമായി പല ഘടകങ്ങളിലും രാജശ്രീയുടെ നോവല്‍ സാമ്യത പുലര്‍ത്തുന്നു. ആലിസ് വാക്കര്‍, അന്നത്തെ മുഖ്യധാരാഫെമിനിസം കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ മാറ്റിനിര്‍ത്തിയപ്പോള്‍ രൂപം നല്കിയ 'വുമനിസം' എന്ന ആശയവും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഫെമിനിസത്തെയും മറ്റ് അനേകം ആന്തരികമായ വിവേചനങ്ങളെയും (ജാതി, വംശം, വര്‍ണം, ലിംഗം, ദേശം, സെക്ഷ്വാലിറ്റി) ഉള്‍കൊള്ളുന്ന ഒരു ഛത്രപദ(Umbrellaterm) മാണ് വുമനിസം. അത് സ്ത്രീത്വത്തിന്റെയും സ്ത്രൈണതയുടെയും ആഘോഷമാണ്. സ്ത്രീകളെല്ലാം സ്ത്രീകളായിരിക്കുന്നതുകൊണ്ടു മാത്രം തങ്ങളുടെ അനുഭവങ്ങളിലും പ്രശ്നങ്ങളിലും ഒരു സമാനത കാണുമെന്നും അത് പങ്കുവയ്ക്കപ്പെടെണ്ടതാണ് എന്നും വുമനിസം പറയുന്നു. ഇരട്ടവിവേചനം അഥവാ ഡബിള്‍ ഡിസ്ക്രിമിനേഷന്‍ ആണ് വുമനിസത്തിന്റെ അടിത്തറ. അമേരിക്കയുടെ സാഹചര്യമനുസരിച്ച് കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു വനിത തന്റെ വര്‍ഗത്തിന്റെയും ജെന്‍ഡറിന്റെയും അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്നു. ഇന്ത്യയില്‍ ദളിത്സ്ത്രീകളും ഇരട്ടവിവേചനത്തിന്റെ ഇരകളാണ്. എന്നാല്‍ നോവലില്‍, കല്യാണി ദാക്ഷായണിമാര്‍ വിവേചനം നേരിടുന്നത് പ്രദേശത്തിന്റെ പേരിലാണ്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള പുരുഷന്മാര് മലബാറിലെ മണ്ണിനോടും പെണ്ണിനോടും കാണിച്ചിരുന്ന അധികാരത്തിന്റെ കഥയാണത്. ഈ നോവലിനെ തീര്‍ത്തും ഫെമിനിസ്റ്റ് നോവല്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് നോവലിന് ആമുഖമെഴുതിയ ശ്രീ. എന്‍. ശശിധരന് പറയുന്നുണ്ടെങ്കിലും അത് സാധൂകരിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.
കഥാപാത്ര നിര്‍മ്മിതിയിലാണ് രാജശ്രീയിലും ആലിസ് വാക്കറിലും സമാനതകള്‍ കാണാന്‍ കഴിയുന്നത്. ''ദ കളര്‍ പര്‍പ്പിളി''ലെ മുഖ്യകഥാപാത്രമായ സെലിയുടെ, ക്രൂരനും ഷോവനിസ്റ്റും ആയ ഭര്‍ത്താവിന്റെ കഥാപാത്രത്തിനെ നോവലിലുടനീളം mr.___ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇവിടെ ദാക്ഷായണിയുടെ ഭര്‍ത്താവിനെ നോവലില്‍ ഉടനീളം അയാളുടെ തൊഴിലിന്റെ പേരില്‍ 'ആണിക്കാരന്' എന്നാണ് പ്രതിപാദിക്കുന്നത്. ഇത്തരം നാമകരണം സ്ത്രീകളുടെ മനസ്സില്‍ ഈ പുരുഷന്മാരുടെ സ്ഥാനം എത്ര പരിമിതവും ശൂന്യവും ഭീതികരവും ആണെന്ന് പറഞ്ഞുവെക്കുന്നു. ഇത്തരം കഥാപാത്രങ്ങള്‍ ഒരു വ്യക്തിയല്ല, മരിച്ച ഒരുപാട് പേരുടെ പ്രതിനിധി ആണെന്ന് കൂടി ഇത് അര്‍ത്ഥമാക്കുന്നുണ്ട്.
നോവലിന്റെ കേന്ദ്രബിന്ദുക്കളായ കല്യാണിയും ദാക്ഷായണിയും ചെറുപ്പം മുതലുള്ള ഉറ്റ ചങ്ങാതിമാരാണ്. ഇരുവര്‍ക്കും ഒരുപാട് സമാനതകളും വൈരുധ്യങ്ങളുമുണ്ട്. ജീവിതത്തോടുള്ള കാഴ്ചപ്പാട് ഇരുവര്‍ക്കും സമാനമാണ് എങ്കിലും ജീവിതം രണ്ടു പേരെയും ആദേശം ചെയ്തത് രണ്ടു തരത്തിലാണ്.
നോവലിന്റെ പ്രധാനചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന് വടക്കും തെക്കും തമ്മിലുള്ള സംസ്കാരത്തിന്റെയും അധികാരത്തിന്റെയും ക്രയവിക്രയങ്ങള്‍ തന്നെയാണ്. മലബാറിലേക്കുള്ള തിരുവിതാംകൂറുകാരുടെ കുടിയേറ്റത്തിന്റെ പശ്ചാത്തലം രാജശ്രീ വളരെ വ്യക്തമായി നോവലിന്റെ പലയിടത്തും വിതറിയിട്ടിട്ടുണ്ട്. ദാക്ഷായണിയുടെ ഭര്‍ത്താവായ ആണിക്കാരനും ആഖ്യാതാവിന്റെ ഭര്‍ത്താവായ വിനയനും എന്‍ജിനിയറും എല്ലാം തെക്കര്‍ക്ക് മലബാര്കാരോടുള്ള സമീപനം വരച്ചിടുന്നു. തെക്കന്മാര് മലബാറുകാരോട് കാണിക്കുന്ന സാംസ്കാരിക അധികാരം (Cultural Hegemony) നോവലില്‍ പലയിടങ്ങളിലും കാണാം. തിരുവിതാംകൂറുകാരുടെ കൗശലവും സ്വാര്‍ത്ഥബുദ്ധിയും കുടുംബം എന്ന സ്ഥാപനത്തെ എങ്ങിനെ അധികാരകേന്ദ്രമാക്കി മാറ്റിക്കൊണ്ട് നടപ്പിലാക്കുന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. താരതമ്യേന നാഗരീകത കൂടിയ ഇടമായാണ് നോവലില്‍ തെക്ക് രൂപപ്പെടുന്നത്. മലബാറാകട്ടെ തികച്ചും അസംസ്കൃതവും വന്യവും ആണെന്ന് കാണിക്കുന്നു.
മലബാറിലെ ഭൂപ്രകൃതി പോലെതന്നെ വളരെ അസംസ്കൃതവും വന്യവുമാണ് നോവലില്‍ ഉടനീളം നമ്മള് പരിചയപ്പെടുന്ന മലബാറിലെ സ്ത്രീകളും. കല്യാണിയും ദാക്ഷായണിയും ചേയിക്കുട്ടിയും വല്ല്യേച്ചിയും തുടങ്ങി ആഖ്യാതാവ് അടക്കമുള്ളവര്‍ ഒട്ടും ഇണക്കപ്പെടാത്ത, സ്വതന്ത്രരായ സ്ത്രീകളാണ്. നോവലിന്റെ വളരെ ചെറിയൊരു ഭാഗത്ത് മാത്രം എത്തിനോക്കുന്ന നബീസു പോലും സ്വയം പര്യാപ്തയായ, അതിനു വേണ്ടി പൊരുതുന്ന സ്ത്രീയാണ്. ഈ സ്വയംപര്യാപ്തതാബോധമാണ് ആണിക്കാരന് തന്റെ സമ്പാദ്യം എണ്ണിക്കൊടുക്കുന്നതില് നിന്ന് ദാക്ഷായണിയെ പിന്തിരിപ്പിക്കുന്നത്. സ്വന്തം ലൈംഗീകതയെയും തങ്ങളുടെ 'വീറ്റോ പവറാ'യി മാറ്റാന്‍ ഈ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ആണിക്കാരനെയും കോപ്പുകാരനേയും അവര്‍ ജയിക്കുന്നത് അങ്ങനെയാണ്. എത്രയൊക്കെയായാലും സ്വന്തം സ്വാതന്ത്ര്യം ഉറപ്പിക്കാന്‍ കുഞ്ഞിപ്പെണ്ണിന് കഴിയാത്തത്, അവള് തെക്കുനിന്നുള്ള സംസ്കൃതവും പരിഷ്കൃതവുമായ ചുറ്റുപാടിന്റെ സന്തതി ആയതുകൊണ്ടാണ്.
മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും അവിടുത്തെ ഭൂപ്രകൃതിയുടെയും സ്ത്രീകളുടെയും ബന്ധത്തെക്കുറിച്ചും പറയുക വഴി, പ്രകൃതിയും സ്ത്രീയും ഒന്നാണെന്നും അവരുടെ സഹനവും അവര്‍ നേരിടുന്ന ചൂഷണവും സമാനമാണെന്നും ഉള്ള 'ഇക്കോ ഫെമിനിസ്റ്റ്' ചിന്തയുടെ പ്രതിഫലനം നോവലില്‍ ഉണ്ടാവുന്നുണ്ട്. മലബാറിലെ നിലവും പെണ്ണുമൊന്നും 'ഉരുപ്പടി'കളായി കണക്കാക്കപ്പെടാതിരുന്ന നാല്പതുകളാണ് നോവലിന്റെ ഭൂമിക. അതുകൊണ്ട് തന്നെയാണ് ആണിക്കാരന്റെ ''ഞാന്‍, എന്റെ ഫാര്യ, എന്റെ കൊച്ചുങ്ങള്'' എന്ന കുടുംബസങ്കല്പം ദാക്ഷായണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്.
ദേശം, വീട്, നാട് എന്നീ ഘടകങ്ങളെല്ലാം തന്നെ ഒരു സ്വായത്തബോധ(Sense of belonging)ത്തിന്റെയും പ്രവാസബോധത്തിന്റെയും(Diasporic feeling) ഹേതുവായി പ്രത്യക്ഷപ്പെടുന്നുണ്ട് നോവലില്‍; പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകളുടെ കാര്യത്തില്‍ ഇതെത്രമാത്രം രൂക്ഷമാണ് എന്ന് കൂടി നോവല്‍ വരച്ചിടുന്നു. വിവാഹാനന്തരം സ്വന്തം എന്നൊരു ഇടം എവിടെയും ഇല്ലാതാകുന്ന അവസ്ഥ ദാക്ഷായണിയെ അസ്വസ്ഥയാക്കുന്നുണ്ട്. ഒരു മേലധികാരിയും ഓഡിറ്ററുമായുള്ള ഒരു പുരുഷന്റെ കടന്നുകയറ്റം അവര്‍ക്ക് സഹിക്കാനാവുന്നതല്ല. അവിടെ നിന്നാണ് സ്വന്തമായി പശുവിനെ വാങ്ങിക്കൊണ്ട് വ്യക്തിത്വം സ്ഥാപിക്കാന്‍ ദാക്ഷായണി തീരുമാനിക്കുന്നത്. കൊല്ലത്തെ ഭര്‍തൃഗൃഹത്തില്‍ എത്തുന്ന ദാക്ഷായണി, അവിടുത്തെ പശു പോലും തന്റെ സ്വന്തമല്ല എന്ന് മനസ്സിലാക്കുന്നുണ്ട്. സ്വന്തം വേരിലേക്കുള്ള, ഇടത്തിലേക്കുള്ള ദാക്ഷായണിയുടെ മടക്കം നോവല്‍ അടയാളപ്പെടുത്തുന്നു. തിരിച്ചുവരവില്‍ നാട് തന്നെ പഴയതുപോലെ അല്ല ഉള്‍കൊള്ളുന്നത് എന്ന് അവള് അറിയുന്നുണ്ട്. സ്ത്രീകള്‍ക്ക് വേരില്ല എന്ന് സമൂഹം പറയുന്നുണ്ട് അവിടെയൊക്കെ.
വീടെന്ന സ്ഥാപനത്തിനപ്പുറം വീടെന്ന അവസ്ഥയെ കണ്ടെത്താന്‍ ബോധപൂര്‍വമായ ശ്രമം നോവലില്‍ രാജശ്രീ നടത്തുന്നുണ്ട്. കല്യാണിയുടെ ജീവിതത്തില്‍ വീടെന്ന ഘടകത്തിന് വലിയ പ്രാധാന്യമുണ്ട്. കോപ്പുകാരന്റെ അമ്മ ചേയിക്കുട്ടിയും കല്യാണിയും അന്യോന്യം വീടായി തിരിച്ചറിയപ്പെടുന്ന നിമിഷങ്ങള്‍ കഥയിലെ ഏറ്റവും സ്നിഗ്ധമായ നിമിഷങ്ങളാണ്. സ്നേഹബന്ധങ്ങള്‍ അറിയാതെ രൂപപ്പെടുന്നവയാണ് എന്നും അവയ്ക്ക് സദാചാരപരിധികള്‍ ഒന്നും ബാധകമല്ല എന്നും ചേയിക്കുട്ടിയും കല്യാണിയും ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി തിരിച്ചറിയുന്നു. കല്യാണിക്ക് ലക്ഷ്മണനുമായുള്ള ബന്ധമറിഞ്ഞിട്ടും ചേയിക്കുട്ടിക്കോ കോപ്പുകാരനോ കല്യാണിയെ തിരസ്കരിക്കാന്‍ കഴിയുന്നില്ല. ലക്ഷ്മണന്റെ മിതഭാഷിയും 'സത്സ്വഭാവിയു'മായ ഭാര്യയ്ക്ക് കല്യാണിയോളം ഒരു വീടൊരുക്കാനും കഴിയുന്നുമില്ല.
കല്യാണി അനുഭവങ്ങളിലൂടെ അറിയുന്ന വീടും നാടുമല്ല ദാക്ഷായണി തന്റെ അനുഭവങ്ങളിലൂടെ അറിയുന്നത്. അതിന്റെ പ്രക്ഷിപ്തമായ പ്രകടനമാണ് ദാക്ഷായണി ''മംഗലം കൊണ്ട് ചെലയാക്ക് രണ്ട് നാട്, രണ്ട് ബീട്, രണ്ടച്ചന്, രണ്ടമ്മ എല്ലം എരട്ടി. ചെലയാക്ക് ഉള്ളതും പോയെന്റുണ്ണിയമ്മേന്ന കത പോലെയാവും.'' എന്ന് പറയുന്ന ഭാഗം.
പശു നോവലിന്റെ ഒരു അവിഭാജ്യഘടകമായി വര്‍ത്തിക്കുന്നുണ്ട്. കഥയുടെ പല ഭാഗത്തായി പശു ഒരു രൂപകമായും ചിഹ്നമായും ആഘ്യാതാവായും അധികാര്‍ത്ഥ(hyponymy)മായുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാവിയില്‍ സംഭവിക്കേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞുവയ്ക്കുക(foreshadowing) എന്നത് സാഹിത്യത്തിലെ ഒരു സങ്കേതമാണ്. ഈ നോവലില്‍ അത്തരം രംഗങ്ങളെല്ലാം വിവരിക്കുന്നത് പശുവിനെ സര്‍വജ്ഞനായ ആഖ്യാതാവാക്കിക്കൊണ്ടാണ്. രണ്ട് വ്യത്യസ്ത വാദമുഖങ്ങള്‍ അവതരിപ്പിക്കാനും, കല്യാണിയുടെയും ദാക്ഷായണിയുടെയും തിരിച്ചുവരവിന്റെ പ്രതീകമായും രാജശ്രീ പശുവിനെ ഉപയോഗിച്ചിരിക്കുന്നു.
ആഖ്യാതാവിന്റെ കഥാപാത്രം കല്യാണിയുടെയും ദാക്ഷായണിയുടെയും തുടര്‍ച്ചയെ കാണിക്കുവാനായി സൃഷ്ടിക്കപ്പെട്ടതാവണം. ആഖ്യാതാവും മന:ശാസ്ത്രജ്ഞനും തമ്മില്‍ അവസാനഭാഗത്തു നടത്തുന്ന സംഭാഷണം, സ്ത്രീകളുടെ വ്യക്തിജീവിതത്തില്‍ ഇടപെടുമ്പോള്‍ പൊതുസമൂഹം നടത്തുന്ന സ്ഥിരം സാരോപദേശവിവരണമാണ്. ഇതിനെ മലബാറിലെ ഭാഷയിലെഴുതിയ സംഭാഷണവും വിവരണവും ഉപയോഗിച്ച് അങ്ങേയറ്റം ആക്ഷേപഹാസ്യപരമായാണ് രാജശ്രീ പ്രതിഫലിപ്പിച്ചിരിക്കുന്നത്. അതുവഴി പല സ്റ്റീരിയോടൈപ്പുകളെയും അവര്‍ ഉടച്ചുവാര്‍ക്കുന്നു. കഥകളും, ഉപകഥകളും, ഫോക്ലോറും ഇതിഹാസങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങളും എന്നിങ്ങനെ നോവല്‍ പ്രതിഷ്ടിക്കപ്പെട്ട നാടിന്റെ സാംസ്കാരികസമ്പത്തിനെ എഴുത്തുകാരി നല്ല രീതിയില്‍ ചൂഷണം ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ സത്യാഗ്രഹം മുതല്‍ റിപ്പര്‍ കൊലപാതകങ്ങള്‍ വരെയുള്ള ചരിത്രസംഭവങ്ങളും വിശ്വസനീയമാംവിധം നോവലില്‍ ഉള്‍പ്പെടുത്താന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. വളരെ അന്തര്‍ലീനമായി പരാമര്‍ശിച്ച ചില ജാതിചര്ച്ചകളും നോവലില്‍ ഉണ്ടാകുന്നുണ്ട്.

Content Highlights: R Rajasree Malayalam Book Review Mathrubhumi Books
Published: 02 Dec 2020, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,

Most Commented