തിരുവനന്തപുരം: ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത കള്ളക്കഥയാണെന്നും വിഷയത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും പി.എ. മുഹമ്മദ് റിയാസ്. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുതിയ അസംബന്ധങ്ങൾ ഉണ്ടെന്നും ഇ.ഡി. ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

To advertise here,

‘ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ.ഡി. ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇ.ഡി. അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും.’-പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സി.എം.ആർ.എൽ. പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. സി.എം.ആർ.എല്ലിൽ നിന്ന് ടി. വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ പണം ദുബായിലേക്ക് കടത്തിയെന്നും ആരോപിക്കുന്ന ഇ.ഡി. റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇ.ഡി. കൈമാറിയ തെളിവുകൾ സർക്കാരിന് അവഗണിക്കാനാവില്ലെന്നും, കേസെടുത്തില്ലെങ്കിൽ അത് സർക്കാരിനെ ബാധിക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചത്. പിണറായി വിജയൻ, ടി. വീണ എന്നിവർക്കൊപ്പം മുഹമ്മദ് റിയാസിന്റെ പേരിലും കേസെടുക്കുമെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് റിയാസ് നിലപാട് വ്യക്തമാക്കിയത്.