വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രഖ്യാപിച്ചിട്ടുള്ള വാഹന നിരോധനം ഇന്ന് (ഞായറാഴ്ച) മുതൽ നടപ്പാക്കി തുടങ്ങും. ബി.എസ്.6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ശീതകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

To advertise here,

നിയന്ത്രണങ്ങളുടെ ഭാഗമായി പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനവും കർശനമായി നടപ്പാക്കും. ഇതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും മറ്റ് വിവരങ്ങളും സ്‌കാൻ ചെയ്യാൻ സാധിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനീഷൻ (എ.എൻ.പി.ആർ) ക്യാമറകൾ ഡൽഹിയിലെ 500 പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം നൽകേണ്ടതില്ലെന്നാണ് പമ്പ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദേശം.

ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം, കനത്ത പിഴ ചുമത്തുക, അതിർത്തി മേഖലയിൽ നിന്ന് തിരിച്ചയയ്ക്കുക തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ, അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർമാത്രം നേരിട്ട് എത്തിയാൽ മതി. ബാക്കിയുള്ളവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നും നിർദേശമുണ്ട്. ഡൽഹിയുടെ പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കും. നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്നതിനായി അതിർത്തി ചെക്ക്പോസ്റ്റുകളിലും പ്രധാന പാതകളിലും എ.എൻ.പി.ആർ ക്യാമറകൾ സ്ഥാപിക്കും.

ബാധിക്കുക 10 ലക്ഷം വാഹനങ്ങളെ

ബി.എസ്.6 നിലവാരം പുലർത്താത്ത വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം ഗുർഗാവ്, ഫരീദാബാദ്, നോയ്ഡ, ഗ്രേറ്റർ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ രാജ്യതലസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങളിലെ 10 ലക്ഷത്തിലധികം വാഹനങ്ങളെ ബാധിച്ചേക്കാമെന്നാണ് ഡൽഹി ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗുരുഗ്രാമിലും ഫരീദാബാദിലുംമാത്രം BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത 2 ലക്ഷം വാഹനങ്ങളോളമുണ്ട്. ഇതിൽ 70 ശതമാനവും BS3, BS4 വാഹനങ്ങളാണ്.

ഹരിയാണയിലെ ഈ രണ്ട് ജില്ലകളിലെ ഏകദേശം 50,000 വാണിജ്യ വാഹനങ്ങളും BS6 നിലവാരത്തിന് താഴെയുള്ളവയാണെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നോയ്ഡ, ഗ്രേറ്റർ നോയ്ഡ എന്നിവിടങ്ങളിലെ 4 ലക്ഷത്തിലധികം വാഹനങ്ങൾ BS6 എമിഷൻ മാനദണ്ഡത്തിന് താഴെയാണ്. ഇതിൽ ഭൂരിഭാഗവും BS4 പെട്രോൾ കാറുകളാണ്. ഗാസിയാബാദിൽ BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത 4 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.

സ്ഥിരം യാത്രക്കാരും ചരക്ക് വാഹനങ്ങളും കുടുങ്ങും

സമീപ പ്രദേശങ്ങളിൽനിന്ന് ഡൽഹിയിലേക്ക് പതിവായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും ചരക്ക് വാഹന ഉടമകളെയും ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാം. മോട്ടോർ വാഹനങ്ങൾക്കായുള്ള രാജ്യത്തെ നിലവിലെ ഏറ്റവും ആധുനികവും കർശനവുമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് BS6 വാഹനങ്ങൾ. പെട്രോൾ-ഡീസൽ എഞ്ചിനുകൾ പുറത്തുവിടുന്ന വായു മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളുടെ അനുവദനീയമായ പരിധികളാണ് ഭാരത് സ്റ്റേജ് (BS) മാനദണ്ഡങ്ങൾ നിഷ്‌കർഷിക്കുന്നത്.