തൃശ്ശൂർ: 100 കിലോമീറ്റർ വേഗത്തിലോടും. തടസ്സങ്ങൾ കണ്ടാൽ ആറു മീറ്റർ അകലെ നിൽക്കും. വേഗനിയന്ത്രണ ബോർഡുകൾ മനസ്സിലാക്കി വേഗം നിയന്ത്രിക്കും. സിഗ്‌നലുകൾ അനുസരിക്കും. കുന്നും മലയും കയറും. ഡ്രൈവർ ആവശ്യമില്ല. ഇപ്പറയുന്നത് വിദേശത്തെ വിലകൂടിയ ടെസ്‌ല പോലുള്ള വാഹനങ്ങളെപ്പറ്റിയല്ല.

To advertise here,

തൃശ്ശൂരിലെ സർക്കാർ എൻജിനീയറിങ്ങ് കേളേജിലെ വിദ്യാർഥികൾ സ്വന്തം പണമുപയോഗിച്ച് നിർമിച്ച തനിനാടൻ ടെസ്‌ലയാണ്. വെറുതേ നിർമിച്ചതല്ല, ജൂലായിൽ ചെന്നൈയിൽ നടക്കുന്ന ഓട്ടോമോട്ടീവ് ബാഹാ കോംപറ്റീഷനിൽ ഈ വണ്ടി മത്സരിക്കുന്നുണ്ട്.

സർക്യൂട്ടുകൾ സ്വയം നിർമിച്ചും സോഫ്റ്റ്‌വെയർ വികസിപ്പിച്ചും വാഹനഭാഗങ്ങൾ വാങ്ങി കൂട്ടിയോജിപ്പിച്ചുമാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം യാഥാർഥ്യമാക്കിയത്. ഒറ്റച്ചാർജിന് 30 കിലോമീറ്റർ യാത്രചെയ്യാം.

മുൻപിൽ റഡാറുണ്ട്. സ്റ്റീയറിങ്ങിനു മുകളിൽ ക്യാമറയും. റോഡിലേക്ക് സെൻസറുകളും. ഇവയാണ് ബോർഡുകൾ വായിച്ചും തടസ്സങ്ങൾ കണ്ടെത്തിയും ട്രാക്കുകൾ നോക്കിയും വാഹനത്തെ നിയന്ത്രിക്കുന്നത്. ഗ്രാഫിക് പ്രോസസിങ്ങ് യൂണിറ്റാണ് യന്ത്രസംവിധാനം.

സ്വയം പ്രവർത്തിക്കുന്ന സ്റ്റിയറിങ്, ബ്രേക്ക്, ആക്‌സിലറേറ്റർ എന്നിവയാണ് പ്രധാന ഭാഗങ്ങൾ. ഇവയാണ് ആളില്ലാതെ ഓടാൻ വാഹനത്തെ സഹായിക്കുന്നത്. കലാലയത്തിലെ ഇലക്ട്രിക്കൽ എൻജിനിയറിങ്ങ് വിഭാഗമാണ് വാഹനം തയ്യാറാക്കിയത്.