ഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ കത്തിനിൽക്കുന്ന ഒരു വീഡിയോയാണ് ഹൈവേയുടെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന ഒരു സൈൻ ബോർഡിലേക്ക് ഒരു ഥാർ ഇടിച്ചുകയറി നിൽക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ അവിശ്വസനീയമായി തോന്നുമെങ്കിലും നിരവധി ആളുകളാണ് ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചത്. ഒടുവിൽ വീഡിയോയുടെ പിന്നിലെ വസ്തുതകൾ പുറത്തുവന്നിരിക്കുകയാണ്.

To advertise here,

ഡൽഹി, ഗുരുഗ്രാം, ജയ്പൂർ എക്‌സിറ്റ് 22 എന്ന എഴുതിയിരിക്കുന്ന ഹൈവേ സൈൻ ബോർഡിലാണ് ഥാർ ഇടിച്ചുകയറിയതായി കാണുന്നത്. ചില പോസ്റ്റുകളിൽ ഈ സംഭവം ജയ്പൂരിൽ നടന്നതാണെന്നും അമിത വേഗത്തിലെത്തിയ ഥാർ ബോർഡിലേക്ക് പറന്നുകയറിയതാണെന്നും മണിക്കൂറുകളോളം അവിടെ കുടുങ്ങി കിടന്നിരുന്നുവെന്നും വളരെ ആധികാരികമായി പോസ്റ്റ് ചെയ്തിരുന്നു. ഇത് വിശ്വസിച്ചാണ് ഭൂരിഭാഗം ആളുകളും പങ്കുവെച്ചതും.

എന്നാൽ, ഇതിനുപിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുകയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ഫാക്ട് ചെക്ക് വിഭാഗം. ഈ വീഡിയോ യഥാർഥ്യമല്ലെന്നും എഐയുടെ സഹായത്തോടെ നിർമിച്ചതാണെന്നുമാണ് അവർ കണ്ടെത്തിയത്. യഥാർഥ അപകടം എന്ന നിലയിൽ ഈ വീഡിയോ പ്രചരിപ്പിച്ചതിലൂടെ നിരവധി ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് പിടിഐ കണ്ടെത്തിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ഇതൊരു അപകടത്തിന്റെ വീഡിയോ ദൃശ്യമായി തോന്നിയാലും സൂക്ഷമമായി പരിശോധിച്ചാൽ ഇത് കൃത്രിമമായി നിർമിച്ചതാണെന്ന് മനസിലാകുന്നുണ്ട്. എത്ര വേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽ പെട്ടതാണെങ്കിലും ഇത്രയും ഉയരത്തിലുള്ള ബോർഡിലേക്ക് ഇടിച്ച് കയറില്ലെന്ന് വിഡിയോ പ്രചരിച്ച് തുടങ്ങിയത് മുതൽ തന്നെ ആളുകൾ കമന്റ് ചെയ്തിരുന്നു. ഇത് വീഡിയോ ഗെയിമുകളിൽ പോലും സാധ്യമല്ലെന്ന തരത്തിലുള്ള കമന്റുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.