
ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്മിറ്റിന്റെ മറവില് വിവിധ സ്ഥലങ്ങളില് നിര്ത്തി യാത്രക്കാരെ കയറ്റി സര്വീസ് നടത്തുന്ന അന്യസംസ്ഥാനബസുകള്ക്ക് തമിഴ്നാട്ടില് വിലക്ക്. കേരളത്തില്നിന്നുള്ളവ അടക്കം 545 ബസുകള്ക്കാണ് വിലക്കേര്പ്പെടുത്തിയത്. സ്റ്റേജ് കാര്യേജിനുള്ള പെര്മിറ്റ് എടുക്കാത്തതിനാല് സര്ക്കാരിന് വന്തുക നികുതിനഷ്ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
പെര്മിറ്റ് എടുക്കുന്നതിന് അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിച്ചു. ബുധനാഴ്ചമുതല് സര്ക്കാര് പെര്മിറ്റില്ലാതെവരുന്ന ബസുകള്ക്കെതിരേ നടപടിയെടുക്കുമെന്ന് ട്രാന്സ്പോര്ട്ട് കമ്മിഷണര് അറിയിച്ചു. ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് നേടിയത് ശേഷം സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്വീസ് നടത്തുന്നതു തടയാന് സര്ക്കാര് തീരുമാനിക്കുകയായിരുന്നു.
650 ബസുകള് ഇത്തരത്തില് സര്വീസ് നടത്തുന്നതായി കണ്ടെത്തി. തുടര്ന്ന് ഇവര്ക്ക് പെര്മിറ്റ് നേടാന് സമയം അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്ച സമയപരിധി അവസാനിച്ചപ്പോള് 105 ബസുകള് മാത്രമാണ് പെര്മിറ്റ് നേടിയത്. ഇതോടെ ബാക്കിയുള്ള 545 ബസുകള്ക്ക് വിലക്കേര്പ്പെടുത്തുകയായിരുന്നു.
വിലക്ക് ഏര്പ്പെടുത്തിയതിന് പിന്നാലെ ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റിന്റെ മറവില് സംസ്ഥാനത്ത് സ്റ്റേജ് ക്യാരേജായി സര്വീസ്നടത്തുന്ന അന്യസംസ്ഥാന ബസുകള്ക്കെതിരേ നടപടിയാരംഭിച്ചു. ഇത്തരത്തില് സര്വീസ് നടത്തുന്ന ബസുകള് പിടിച്ചെടുക്കാനാണ് തീരുമാനം. ഇതിനായി ട്രാന്സ്പോര്ട്ട് അധികൃതരുടെ നേതൃത്വത്തില് പരിശോധനകള് തുടങ്ങി.
അന്യസംസ്ഥാനങ്ങളില് രജിസ്റ്റര്ചെയ്തിട്ടുള്ള 800-ഓളം ബസുകള് സംസ്ഥാനത്ത് പ്രത്യേകം പെര്മിറ്റെടുക്കാതെ ടൂറിസ്റ്റ് പെര്മിറ്റുമായി സര്വീസ്നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സര്ക്കാരിന് പ്രതിവര്ഷം 32 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി. തുടര്ന്നാണ് സംസ്ഥാനത്ത് പ്രത്യേകം രജിസ്റ്റര്ചെയ്യാന് നിര്ദേശിച്ചത്. ഇതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതോടെയാണ് പരിശോധനകള് തുടങ്ങിയത്.
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റുള്ള വാഹനങ്ങള് സ്റ്റേജ് കാര്യേജായി സര്വീസ് നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് കേരളവും മുമ്പ് നിലപാട് എടുത്തിരുന്നു. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റുള്ള വാഹനങ്ങള് സ്റ്റേജ് കാര്യേജായി സര്വീസ് നടത്തുന്നത് കെ.എസ്.ആര്.ടി.സി. പോലുള്ള സര്വീസുകളെ ബാധിക്കുമെന്ന് കേരള ഹൈക്കോടതിയും നിലപാട് എടുത്തിരുന്നു.
അന്യസംസ്ഥാനങ്ങളില് രജിസ്റ്റര് ചെയ്തിട്ടുള്ള അഖിലേന്ത്യ ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങളില്നിന്ന് സംസ്ഥാനങ്ങള് പ്രവേശന നികുതി ഈടാക്കുന്നതിനെതിരേ സ്വകാര്യ ബസുടമകള് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇടക്കാല ഉത്തരവ് നിലനില്ക്കെ കേരളവും, തമിഴ്നാടും പ്രവേശന നികുതി ഈടാക്കുന്നുവെന്നായിരുന്നു ഇവര് സുപ്രീംകോടതിയെ അറിയിച്ചത്.
Content Highlights: Tamilnadu government banned 545 all india tourist bus operations in the state
Published: 20 Jun 2024, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented