ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനം അനുവദനീയമായ റൂട്ട് ലംഘിച്ചെന്ന കാരണത്താൽമാത്രം ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം സാങ്കേതിക കാരണങ്ങളാൽ ഇൻഷുറൻസ് തുക നിഷേധിക്കുന്നത് നീതിബോധത്തിനെതിരാണ്. മോട്ടോർവാഹന ഇൻഷുറൻസിന്റെ സാമൂഹികലക്ഷ്യം ഇല്ലാതാക്കരുതെന്നും കർണാടകത്തിൽനിന്നുള്ള കേസിൽ സുപ്രീംകോടതി പറഞ്ഞു.

To advertise here,

അനുവദനീയമായ റൂട്ടിൽനിന്ന് മാറി ഓടിയ ബസ്സിടിച്ചാണ് അപകടമുണ്ടായത്. 2014-ൽ നടന്ന അപകടത്തിൽ ബസ്സിടിച്ച് മരിച്ച ബൈക്ക് യാത്രികന് ഇൻഷുറൻസ് കമ്പനി പണം നൽകണമെന്നും പിന്നീടത് ബസ്സുടമയിൽനിന്ന് ഈടാക്കാമെന്നുമാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരേ ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയും ബസ്സുടമ കെ. നാഗേന്ദ്രയും നൽകിയ അപ്പിലാണ് സുപ്രീം കോടതി തള്ളിയത്.

വാഹനം റൂട്ട് ലംഘിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം സുപ്രീംകോടതി തള്ളി. അപകടങ്ങളുണ്ടാകുമ്പോൾ നേരിട്ടുള്ള ബാധ്യതയിൽനിന്ന് വാഹനയുടമയെ സംരക്ഷിക്കാനാണ് ഇൻഷുറൻസ് പോളിസി.

റൂട്ട് ലംഘിച്ചുവെന്നും മറ്റുമുള്ള സാങ്കേതികകാരണങ്ങളാൽ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതിരിക്കുന്നത് കുറ്റകരമായ അനീതിയാണെന്നും ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.