വാഹന നിർമാണ മേഖലയിൽ വഴിത്തിരിവായേക്കാവുന്ന നയംമാറ്റം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് നിക്ഷേപമുള്ള ഓട്ടോമൊബൈൽ, മോട്ടോർവാഹന ഘടക നിർമാണ കമ്പനികൾ പിഎൽഐ (Production-Linked Incentive) പദ്ധതി പ്രകാരമുള്ള ആനുകൂല്യം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

To advertise here,

ജെഎസ്ഡബ്ല്യു - എംജി മോട്ടോർ ഇന്ത്യ, ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് സുപ്രധാന ഘടകങ്ങൾ നിർമിച്ചു നൽകുന്ന ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ് എന്നിവ ഉൾപ്പെടെയുള്ളവയ്ക്ക് ഈ നീക്കം പ്രയോജനപ്പെട്ടേക്കാമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഈ മാസം ആദ്യം ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർണായക നയംമാറ്റം കേന്ദ്രം പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ടാറ്റ അടക്കമുള്ള കമ്പനികൾക്ക് എങ്ങനെ ഗുണംചെയ്യും?

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് സുപ്രധാന ഘടകങ്ങൾ നിർമിച്ചു നൽകുന്ന ടാറ്റ ഓട്ടോകോംപ് സിസ്റ്റത്തിന് ചൈനീസ് കമ്പനികളുമായി രണ്ട് പങ്കാളിത്തങ്ങളുണ്ട്. പ്രെസ്ലൈറ്റ് ഇലക്ട്രിക് ബെയ്ജിങ്ങ് എന്ന കമ്പനിയുമായി പങ്കാളിത്തമുള്ള ടാക്കോ പ്രെസ്ലൈറ്റാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള നൂതന ഇലക്ട്രിക് ഡ്രൈവ്ട്രെയിനുകളും ട്രാക്ഷൻ മോട്ടോറുകളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത്. എയർ ഇന്റർനാഷണൽ ഷാങ്ഹായ് കമ്പനിയുമായി സഹകരണമുള്ള ടാക്കോ എയർ ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എയർ കണ്ടീഷനിങ് സിസ്റ്റങ്ങളും നിർമ്മിച്ച് നൽകുന്നുണ്ട്.

ഇന്ത്യയിൽ എംജി ബ്രാൻഡഡ് പാസഞ്ചർ വാഹനങ്ങൾ വിൽക്കുന്ന ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്തയ്ക്കും ഈ നീക്കം പ്രയോജനപ്പെട്ടേക്കും. ജെഎസ്ഡബ്ല്യു ഗ്രൂപ്പും ചൈനയുടെ സെയ്ക് മോട്ടോറും തമ്മിലുള്ള സംയുക്ത സംരംഭമാണത്.

നിലപാട് മാറ്റത്തിന് പിന്നിലെന്ത്?

2020 ജൂണിലെ ഗൽവാൻ സംഘർഷത്തെത്തുടർന്നുണ്ടായ പിരിമുറുക്കങ്ങൾക്കുശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിലപാടുമാറ്റം കേന്ദ്രത്തിന്റെ പരിഗണനയിൽ വരുന്നത് എന്നാണ് സൂചന. ഈ മാസം ആദ്യം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്‌സ് ഉച്ചകോഴിക്കായി ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഇരുരാജ്യങ്ങളും മന്ത്രിതല, ഉദ്യോഗസ്ഥതല ചർച്ചകൾ സജീവമാകുകയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമുണ്ടാകുകയും ചെയ്തിരുന്നു. ചൈനീസ് നിക്ഷേപങ്ങൾ ഉൾപ്പെടുന്ന എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) അനുമതികൾ വേഗത്തിലാക്കാൻ ഇന്ത്യ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ചൈനീസ് എഫ്ഡിഐ പ്രൊപ്പോസലുകൾക്കുള്ള അനുമതി വൈകിയത് ചില പിഎൽഐ അപേക്ഷകളുടെ നടപടികളെ ബാധിച്ചിരുന്നു. ഇലക്ട്രോണിക് ഘടകങ്ങൾക്കായി ചൈനീസ് കമ്പനിയുമായി ഡിക്‌സൺ ടെക്‌നോളജീസ് ഏർപ്പെട്ട പങ്കാളിത്തം അടക്കമുള്ളവയുടെ ഏതാനും അപേക്ഷകൾക്ക് ഇതിനകം തന്നെ പിഎൽഐ ആനുകൂല്യങ്ങൾക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

എന്താണ് പിഎൽഎ പദ്ധതി

25,938 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2021 സെപ്റ്റംബറിലാണ് വാഹന നിർമാണ രംഗത്തെ പിഎൽഐ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഉത്പാദനം വർധിപ്പിക്കൽ, നിക്ഷേപം, ആഭ്യന്തര മൂല്യവർധന എന്നിവയുമായി ബന്ധപ്പെട്ടാണ് വാഹന നിർമാതാക്കൾക്കും ഘടക നിർമാതാക്കൾക്കും പ്രോത്സാഹനം ലഭിക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) അനുമതിയള്ള നിലവിലുള്ള പിഎൽഐ അപേക്ഷകൾ കേന്ദ്രം പരിഗണിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. പിഎൽഐ പദ്ധതി പ്രകാരമുള്ള പുതിയ അപേക്ഷകൾക്കായി പുതിയ വിൻഡോ തുറക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.