മുംബൈ: കഴിഞ്ഞവര്‍ഷം ജൂലായില്‍ ഇ-സര്‍വൈലന്‍സ് നിലവില്‍ വന്നതിനുശേഷം, മുംബൈ-പുണെ അതിവേഗപാതയിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വാഹനഉടമകള്‍ക്ക് അയച്ചത് 27.76 ലക്ഷം ഇ-ചലാനുകള്‍. 470 കോടിയുടെ പിഴയാണ് ഇതിലൂടെ ലഭിക്കേണ്ടത്.ഇതുവരെ ലഭിച്ചിട്ടുള്ളത് 51 കോടി രൂപ മാത്രം.

To advertise here,

ഗതാഗതവകുപ്പ് പങ്കിട്ട കണക്കുകള്‍ പ്രകാരം, 95 കിലോമീറ്റര്‍ അതിവേഗപായില്‍ വേഗപരിധി ലംഘിച്ചതില്‍ ഭൂരിഭാഗവും കാറുകളായിരുന്നു. 17.20 ലക്ഷത്തിലധികം ഇ-ചലാനുകളാണ് ഈ വിഭാഗത്തില്‍ അയച്ചത്. ഹെവി ഗുഡ്സ് കാരിയറുകള്‍ ( 3.27 ലക്ഷം ഇ-ചലാനുകള്‍ )ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ (2.48 ലക്ഷം ഇ-ചലാനുകള്‍)ടാക്‌സികള്‍( 2 ലക്ഷം ചലാനുകള്‍)മീഡിയം ഗുഡ്സ് വാഹനങ്ങള്‍ക്ക് (85,468 ഇ-ചലാനുകള്‍) മീഡിയം പാസഞ്ചര്‍ ബസുകള്‍ക്ക്( 14,764 ഇ-ചലാനുകള്‍) എന്നിങ്ങനെ പോകുന്നു മറ്റ് വാഹനങ്ങളുടെ പേരിലുള്ള ഗതാഗതലംഘനത്തിന്റെ വിവരങ്ങള്‍.

2024 ജൂലായ് 19 മുതല്‍ ഈ വര്‍ഷം ജൂലായ് 17 വരെയുള്ള കണക്കാണ് കെ.വി. ഷെട്ടി എന്ന ട്രാന്‍സ്‌പോര്‍ട്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം ഗതാഗതവകുപ്പ് കൈമാറിയിട്ടുള്ളത്. തിരക്കേറിയ മുംബൈ-പുണെ അതിവേഗപാതയിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകളും എഐ അധിഷ്ഠിത ഇന്റിലിജന്റ് ട്രാഫിക മാനേജ്മെന്റ് സിസ്റ്റവും നടപ്പാക്കിയിട്ടുണ്ട്.

ഈ സംവിധാനം അനുസരിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ (സിസിസി)ജീവനക്കാര്‍ പരിശോധിക്കുകയും ചലാനുകള്‍ ഉണ്ടാക്കി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്യും. അവര്‍ അംഗീകരിച്ചതിന് ശേഷമേ വാഹനഉടമകള്‍ക്ക് ലഭിക്കുകയുള്ളൂ. 

ഇ-ചലാനുകളുടെ കുത്തൊഴുക്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ അതൃപ്തരാണ്. ഹെവി വാഹനങ്ങള്‍ക്ക് ഇ-ചലാന്‍ വ്യാപകമാകുന്നതിനെതിരേ കഴിഞ്ഞ മാസം ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ പണിമുടക്ക് നടത്തിയിരുന്നു, എന്നാല്‍ ,സംസ്ഥാന സര്‍ക്കാര്‍ ഒരു പാനല്‍ രൂപവത്കരിച്ചതിനെത്തുടര്‍ന്ന് അവര്‍ സമരത്തില്‍നിന്ന് പിന്‍മാറിയിരുന്നു.