അപകടകരമായ രീതിയിൽ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് ഇനി നിയമപാലകരുടെ കണ്ണുവെട്ടിക്കാനോ പിഴയടച്ച് തലയൂരാനോ കഴിയണമെന്നില്ല. ഇത്തരക്കാർക്ക് ജിപിഎസ് കുരുക്കിടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യു.എസ് സംസ്ഥാനമായ വെർജീനിയ.

To advertise here,

അമിതവേഗത്തിന് ആവർത്തിച്ച് പിടിക്കപ്പെടുന്നവർക്ക്ക്ക് തുടർന്ന് എത്ര വേഗത്തിൽ വാഹനമോടിക്കാം എന്നതിന് പരിധി നിശ്ചയിക്കുന്ന ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പദ്ധതിക്ക് വെർജീനിയ തുടക്കമിടുകയാണ്. ഇത്തരക്കാർ ബോധപൂർവം ശ്രമിച്ചാലും അവരുടെ വാഹനം പിന്നീട് നിശ്ചിത വേഗപരിധി കടക്കില്ല.

റോഡപകടങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളും സമാനമായ ഇടപെടലുകൾ വൈകാതെ നടത്തിയേക്കാം എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റൻസ് (ISA) എന്നറിയപ്പെടുന്ന ഉപകരണമാണ് അമിതവേഗം നിയന്ത്രിക്കുന്നത്.

പൈലറ്റ് പ്രോജക്ട് ആരംഭിച്ച ശേഷം വിവിധ വാഹനങ്ങളിൽ 100 -ലധികം വേഗത നിയന്ത്രിക്കുന്ന ഉപകരണങ്ങൾ വെർജീനിയ ഘടിപ്പിച്ചു കഴിഞ്ഞുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു. ശ്രദ്ധമായി വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടവരുടെയോ ശിക്ഷിക്കപ്പെട്ടവരുടെയോ വാഹനങ്ങളുലാണ് ഭൂരിഭാഗം ഉപകരണങ്ങളും ഘടിപ്പിച്ചത്. ഈ ഉപകരണം ഘടിപ്പിക്കാൻ സമ്മതിച്ചാൽ അവരുടെ ഡ്രൈവിങ്് ലൈസൻസ് സസ്‌പെൻഡ് ചെയ്യില്ല. അവർക്ക് വാഹനം ഓടിക്കുന്നത് തുടരാൻ സാധിക്കും.

തത്സമയ സാറ്റലൈറ്റ് പൊസിഷനിങ്ങും ഡിജിറ്റൽ മാപ്പുകളും ഉപയോഗിച്ചാണ് ഈ ഉപകരണം വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നത്. വാഹനം കൃത്യമായി എവിടെയാണ് ഉള്ളതെന്ന് നിർണയിക്കാൻ ഓൺ-ബോർഡ് സിസ്റ്റം ജിപിഎസ് ഉപയോഗിക്കുന്നു. തുടർന്ന് വാഹനത്തിന്റെ സ്ഥാനത്തെ, നിയമപരമായി നിശ്ചയിച്ചിട്ടുള്ള വേഗത പരിധികളുടെ ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നു. നിയമപരമായ വേഗപരിധി മറികടക്കാൻ ഡ്രൈവർ ആക്‌സിലറേറ്റർ അമർത്തിയാലും വാഹനത്തിന്റെ വേഗത വർദ്ധിക്കില്ല. അടിയന്തര സാഹചര്യങ്ങളിലോ ഹൈവേകളിൽ പ്രവേശിക്കുമ്പോഴോ ഡ്രൈവർമാർക്ക് അധിക വേഗത കൈവരിക്കുന്നതിനായി പരിമിതമായ അവസരങ്ങൾ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.