തിരുവനന്തപുരം: കാല്‍ലക്ഷം രൂപ വിലയുള്ള 3636 ഫാന്‍സി നമ്പര്‍ 3000 രൂപയ്ക്ക് വില്‍പനയ്ക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാഹന്‍ വെബ്സൈറ്റാണ് സംസ്ഥാന ഗതാഗതവകുപ്പ് അറിയാതെ ഫാന്‍സി നമ്പറിന്റെ വില കുറച്ചത്. സോഫ്റ്റ്വേര്‍ പിഴവാണിതെന്നാണ് പ്രാഥമിക നിഗമനം. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ നിയന്ത്രിത സംവിധാനമായതിനാല്‍ എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വിശദപരിശോധനയില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.
താത്കാലിക രജിസ്ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ക്ക് മാത്രമാണ് ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഫാന്‍സി നമ്പര്‍ അനാവശ്യമായി ബുക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ബുക്കിങ്ങും ലേലവും പൂര്‍ണ്ണമായും സോഫ്റ്റ്വെയറാണ് നിയന്ത്രിക്കുന്നത്. നമ്പറുകളുടെ പ്രാധാന്യവും ആവശ്യക്കാരുടെ എണ്ണവും പരിഗണിച്ച് 5000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ നമ്പറുകള്‍ക്ക് അടിസ്ഥാന വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
ലേലമില്ലെങ്കില്‍ അടിസ്ഥാന തുക അടച്ച് ബുക്ക് ചെയ്ത വ്യക്തിക്ക് തിങ്കളാഴ്ച രാവിലെ നമ്പര്‍ അനുവദിക്കും. സോഫ്റ്റ്വേര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തായാക്കുമ്പോള്‍ അതില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പതിപ്പിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഈടാക്കുന്ന തുക പരിശോധിക്കേണ്ടതില്ല. അതിനാല്‍ സോഫ്റ്റ്വേര്‍ ഡിസ്‌കൗണ്ട് അനുവദിച്ചകാര്യം മോട്ടോര്‍വാഹനവകുപ്പും അറിഞ്ഞിട്ടില്ല.
അടുത്തിടെ ഫാന്‍സി നമ്പര്‍ നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. കൂടുതല്‍ നമ്പരുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഗതാഗത വകുപ്പ് നല്‍കിയ നിരക്കുകളാണ് സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ചത്. പിന്നീട് ഇതില്‍ എങ്ങനെ മാറ്റം സംഭവിച്ചുവെന്ന് വ്യക്തമല്ല. ഇതാദ്യമായല്ല വാഹന്‍ സോഫ്റ്റ്വേറിലെ പിഴവ് കാരണം സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുള്ളത്. നികുതി നിശ്ചയിക്കുന്നതിലും വാഹന്‍ സോഫ്റ്റ്വേറിന് പിഴവ് സംഭവിച്ചിരുന്നു.
ഇത് പിന്നീട് കണ്ടെത്തുമ്പോഴും വാഹന ഉടമയ്ക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. തുക കിട്ടാനുണ്ടെന്ന് കാണിച്ച് വാഹനത്തിന് മോട്ടോര്‍വാഹനവകുപ്പ് സേവന വിലക്ക് ഏര്‍പ്പെടുത്തും. വില്‍പന ഉള്‍പ്പെടെ എന്തെങ്കിലും അപേക്ഷ സമര്‍പിക്കുമ്പോഴാകും വിലക്കുണ്ടെന്ന് അറിയാന്‍ കഴിയുക.
Content Highlights: Software glitch on Vahan website sells ₹25,000 fancy number for ₹3,000 in Kerala.
Published: 31 Jul 2025, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented