വാഹന യാത്രക്കാരുടെ പേടിസ്വപ്നമായ 'കറുത്ത ഇടം' (ബ്ലാക് സ്പോട്ട്) സുരക്ഷിതമാക്കാന്‍ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 3.15 കോടി രൂപ എവിടെപ്പോയി? തുക അനുവദിച്ചെന്ന അറിയിപ്പ് നേരത്തേ ലഭിച്ചെങ്കിലും ഫണ്ട് ഇതുവരെ എറണാകുളം ജില്ലയ്ക്ക് കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. 

To advertise here,

റോഡപകടങ്ങള്‍ പതിവായി നടക്കുന്ന 39 റോഡുകളെ ബ്ലാക് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളില്‍ ഉടന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിക്ക് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇതിനാവശ്യമായ 3.15 കോടി രൂപ അനുവദിച്ചെന്ന അറിയിപ്പ് ലഭിച്ചു.

ബ്ലാക് സ്പോട്ട് പട്ടികയില്‍ പെട്ട റോഡുകളില്‍ സുരക്ഷാ ക്രമീകരണം ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയപ്പോഴാണ് അതോറിറ്റിയുടെ കൈയില്‍ ഫണ്ടില്ലെന്ന അറിയിപ്പ് വന്നത്. ഇതോടെ സുരക്ഷയൊരുക്കാന്‍ ഇറങ്ങിയ വാഹന വകുപ്പും വെട്ടിലായി. ആദ്യം അനുവദിച്ച തുക എവിടെ പോയെന്ന ചോദ്യമാണ് ഉയരുന്നത്. 

അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര റോഡ് അറ്റകുറ്റപ്പണി, ക്യാമറകള്‍, ഹമ്പുകള്‍, ഡിവൈഡറുകള്‍, മുന്നറിയിപ്പു ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, സീബ്രാ വരകള്‍ ക്രമീകരിക്കുക, റോഡിലെ തടസ്സങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. 

കൂടാതെ തെരുവുവിളക്കില്ലാത്ത പ്രദേശങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നെങ്കിലും അതും പ്രഖ്യാപനത്തില്‍ ഒതുങ്ങി. നാറ്റ്പാക്കും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ജില്ലയുടെ വിവിധ റോഡുകളില്‍ പഠനം നടത്തിയാണ് ബ്ലാക് സ്പോട്ട് കണ്ടെത്തിയത്.