തൃശ്ശൂർ: സംസ്ഥാനത്തെ ദേശീയപാതകളിലെ റോഡ് സുരക്ഷ ഒരു മാസത്തിനകം ശക്തിപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മുഴുവൻസമയ റോഡ് പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിൽ 722 യൂണിഫോം തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഗതാഗതവകുപ്പിന് ഈയിടെ കത്ത് നൽകിയിരുന്നു.

To advertise here,

ഓരോ 50 കിലോമീറ്ററിലും ഒരു നിരീക്ഷണ സ്‌ക്വാഡ് പരിശോധനയ്ക്കുണ്ടാകണമെന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചത്. പോലീസിലെയും ഗതാഗതവകുപ്പിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ഹൈവേ നിരീക്ഷണ സംഘങ്ങളെയാണ് നിയോഗിക്കേണ്ടത്. റോഡപകടങ്ങൾ തടയുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാരും ബന്ധപ്പെട്ട അധികാരികളും പരാജയപ്പെട്ടെന്ന് കാണിച്ച് ചാലക്കുടി സ്വദേശി അഡ്വ. ക്ലമൻസ് തൊട്ടാപ്പിള്ളി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

510 അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എ.എം.വി.ഐ.), 198 മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എം.വി.ഐ.), 14 ജോ. ആർ.ടി.ഒ. എന്നീ തസ്തികകൾ ആവശ്യപ്പെട്ട് സെപ്റ്റംബർ 18-നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കത്തു നൽകിയത്. ഇതിന് 42.6 കോടി രൂപ വാർഷിക ചെലവ് വരുമെങ്കിലും നടപ്പാക്കിയാൽ റോഡിലെ നിയമലംഘനം, നികുതി പിരിവ് എന്നിങ്ങനെയായി ഏകദേശം 360 കോടി രൂപ സർക്കാരിന് വാഷികവരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

റോഡ് സുരക്ഷ ഉറപ്പാക്കേണ്ട ചുമതല മോട്ടോർ വാഹന വകുപ്പിനാണ്. 'ശബരിമല സേഫ് സോൺ' പദ്ധതി വിജയമായതോടെയാണ് ഇതിനു സമാനമായി സംസ്ഥാനത്തുടനീളം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി 2018-ൽ 'സേഫ് കേരള പദ്ധതി' തുടങ്ങിയത്. ഇതിനായി താലൂക്ക് അടിസ്ഥാനത്തിൽ 85 എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകളും രൂപവത്കരിച്ചു. രണ്ട് എ.എം.വി.ഐ., ഒരു എം.വി.ഐ. എന്നിവർ ഉൾപ്പെടുന്നതാണ് ഒരു സ്‌ക്വാഡ്. ഇവർ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഒരു ഷിഫ്റ്റിനുള്ള ഉദ്യോഗസ്ഥരെയേ നിയമിക്കാനായുള്ളൂ. നിലവിൽ 85 എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകളിലായി 269 ഉദ്യോഗസ്ഥരാണുള്ളത്.