45 ദിവസത്തിനകം E20 യുമായി പൊരുത്തപ്പെടുന്ന പുതിയ മോഡല്‍ വാഹനം മാറ്റിസ്ഥാപിക്കാന്‍ മാരുതി സുസുക്കിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി. ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം. ഗ്രാൻഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് എസ്‌യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് നിർദ്ദേശം നൽകി.
വാഹന ഉടമയായ റായ്പൂർ സ്വദേശി ഡോ. പ്രേംരാജ് ദേബ്തയാണ് പരാതിക്കാരൻ. അദ്ദേഹത്തിന്റെ ഗ്രാൻഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് Zeta+ വാഹനത്തിന് വാങ്ങിയതിന് ശേഷം ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2023 ജനുവരിയിൽ നിർമ്മിച്ച വാഹനം 2024 ജൂണിലാണ് അദ്ദേഹം വാങ്ങുന്നത്. അഞ്ച് മാസത്തിനുള്ളിൽ വാഹനം നിന്നുപോകുന്നത് പതിവായി.
ഇന്ധന ടാങ്കിൽ തൈര് പോലുള്ള വസ്തു
ഇതേത്തുടർന്ന് അദ്ദേഹത്തിന് വാഹനം അംഗീകൃത സർവീസ് സെന്ററുകളിൽ പലതവണ കൊണ്ടുപോകേണ്ടിവന്നു. ഇന്ധന ടാങ്കിൽ മാലിന്യം കണ്ടെത്തിയതിനെത്തുടർന്ന് പലതവണ അത് ക്ലീൻ ചെയ്യേണ്ടിവന്നു. എന്നാൽ, അറ്റകുറ്റപ്പണികൾക്ക് ശേഷവും വാഹനം കേടാകുന്നത് തുടർന്നു. ഇതോടെ ഇന്ധനടാങ്കിൽ കണ്ടെത്തുന്ന മാലിന്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ അദ്ദേഹം തീരുമാനിച്ചു. സർക്കാർ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ഇന്ധനത്തിൽ തൈര് പോലെയുള്ള വെളുത്ത നിറത്തിലുള്ള പദാർഥം കണ്ടെത്തി.
എഥനോളാണ് അതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതോടെയാണ് തന്റെ വാഹനം ആവർത്തിച്ച് കേടുവരുന്നതിന്റെ കാരണം അദ്ദേഹത്തിന് മനസിലാകുന്നത്. വാഹനം വാങ്ങിയ സമയത്ത് അത് E20 പെട്രോളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നതല്ല എന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഉടമ പറയുന്നു.
ഉപഭോക്തൃ കമ്മീഷന്റെ കണ്ടെത്തലുകൾ
ഇരുവിഭാഗത്തിന്റെയും വാദം കേൾക്കുകയും പരിശോധനാഫലം അടക്കമുള്ള രേഖകൾ പരിശോധിക്കുകയും ചെയ്തശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. വർക്ക്ഷോപ്പുകളിൽ പലതവണ കൊണ്ടുപോയിട്ടും വാഹനത്തിന് സമാനമായ പ്രശ്‌നങ്ങൾ തുടർച്ചയായി ഉണ്ടായത് കേസിന് കൂടുതൽ ബലം നൽകി. പെട്രോൾ പമ്പുകളിൽ E20 പെട്രോളാണ് സാധാരണയായി ലഭ്യമാകുന്നതെന്നും മറ്റ് പ്രായോഗികമായ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
അതിനിടെ, വാഹനം E20 യുമായി പൊരുത്തപ്പെടുന്നതാണെന്നും തേയ്മാനം, പരിപാലനത്തിലെ വീഴ്ചകൾ അല്ലെങ്കിൽ E20-യുമായി ബന്ധമില്ലാത്ത കാരണങ്ങൾ എന്നിവമൂലമാണ് തകരാറുകൾ സംഭവിച്ചതെന്നും വാഹന നിർമ്മാതാവും ഡീലറും വാദിച്ചു. എന്നാൽ, ഈ വാദം കമ്മീഷൻ അംഗീകരിച്ചില്ല.
മാനസിക ക്ലേശത്തിന് 1 ലക്ഷം നൽകണം
45 ദിവസത്തിനകം E20 യുമായി പൊരുത്തപ്പെടുന്ന പുതിയ മോഡൽ വാഹനം മാറ്റിസ്ഥാപിക്കാൻ മാരുതി സുസുക്കിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. അത് സാധ്യമല്ലെങ്കിൽ, കാറിന്റെ വില, RTO ചാർജുകൾ, ഇൻഷുറൻസ് പ്രീമിയം എന്നിവ ഉൾപ്പെടെ 20.50 ലക്ഷം രൂപ തിരികെ നൽകണം.
കൂടാതെ, അനുഭവിച്ച മാനസിക പീഡനത്തിന് 1 ലക്ഷം രൂപയും നിയമ നടപടികളുടെ ചെലവുകൾക്കായി 10,000 രൂപയും കമ്മീഷൻ ഉടമയ്ക്ക് അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ പലിശയും നൽകേണ്ടിവരും.
Content Highlights: First consumer court ruling in India regarding E20 fuel compatibility issues., Maruti Suzuki ordered to replace the Grand Vitara or refund Rs 20.50 lakh., Court acknowledged E20 petrol is now the standard fuel, limiting consumer choice., Manufacturer held liable for repeated technical failures despite service attempts., Additional compensation awarded for mental harassment and litigation costs.
Published: 16 Jul 2026, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented