ഇന്ത്യൻ നിരത്തുകൾ ചോരക്കളമാകുന്നതിന്റെ സുപ്രധാന കാരണങ്ങളിലൊന്നാണ് അമിതവേഗം. ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ നിരവധി ഉദ്യമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടത്താറുണ്ടെങ്കിലും ഇത് പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഒടുവിൽ നിരത്തുകളിൽ പറക്കുന്ന അമിതവേഗക്കാർക്ക് കടിഞ്ഞാണിടാൻ അൽപ്പം അഡ്വാൻസ്ഡ് ആയിട്ടുള്ള സംവിധാനം ഒരുക്കുകയാണ് മഹാരാഷ്ട്ര പോലീസ്.

To advertise here,

പുണെ റൂറൽ പോലീസാണ് അമിതവേഗക്കാരെ പിടികൂടാനുള്ള പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലേസർ സ്പീഡ് ക്യാമറകൾ നിരത്തുകളിൽ സ്ഥാപിച്ചാണ് അമിത വേഗത്തിന് പൂട്ടിടാൻ പുണെ പോലീസ് ഒരുങ്ങുന്നത്. ലോണാവാല, വഡ്ഗാവ് മാവൽ പ്രദേശങ്ങളിലാണ് ലേസർ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഗ്ലോബൽ റോഡ് സേഫ്റ്റി പാർട്ണർഷിപ്പുമായി (ജിആർഎസ്പി) സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും ഇത് പൈലറ്റ് പ്രൊജക്ട് ആണെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

മുംബൈ-പുണെ ഹൈവേയിൽ മൂന്ന് സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത രേഖപ്പെടുത്താൻ സാധിക്കുന്ന ക്യാമറകളാണ് പൈലറ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ലേസർ ക്യാമറകൾ. പകലും രാത്രിയിലും ഒരുപേലെ ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ മാത്രമല്ല, വീഡിയോയും ഈ ക്യാമറ റെക്കോഡ് ചെയ്യുമെന്നാണ് പുണെ റൂറൽ എസ്പി സന്ദീപ് സിങ് ഗിൽ പറഞ്ഞു.

അമിതവേഗം മാത്രമല്ല ഈ ക്യാമറയുടെ കണ്ണിൽ പതിയുന്നത്. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവർ തുടങ്ങിയ നിയമലംഘനങ്ങളും ഈ ക്യാമറ തെളിവ് സഹിതം പിടികൂടും. ഈ നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോലീസ് കൺട്രോൾ റൂമുമായി പങ്കുവയ്ക്കും. ഇവിടെ നിന്നായിരിക്കും ബന്ധപ്പെട്ട അധികാരികൾ പിഴ അടയ്ക്കുന്നതിനുള്ള ചലാൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ ക്യാമറകൾ വൈകാതെ തന്നെ കൂടുതൽ പ്രദേശങ്ങളിലേക്ക് സ്ഥാപിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഈ ലേസർ ക്യാമറ ഉപയോഗിക്കുന്നത് സംബന്ധിച്ച് 40 പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ വിഷ്വലുകൾ എൻഫോഴ്‌സ്‌മെന്റ് രീതികളിൽ മാറ്റം വരുത്തുന്നതിന് ഉപയോഗിക്കാനായി സൂക്ഷിക്കുമെന്നുമാണ് റിപ്പോർട്ട്.