വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതൽ പഴയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് ഡൽഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകൾക്കും പുറമെ 15 വർഷം പഴക്കമുള്ള സിഎൻജി കാറുകൾക്കും നിരോധനം ഏർപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ സിഎൻജി വാഹനങ്ങളുടെ ഉടമകൾക്ക് തൽക്കാലം ആശ്വാസിക്കാം. പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ശ്രദ്ധ.
'പഴയ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിലേക്ക് ടീമുകളെ അയക്കും. എന്നാൽ സിഎൻജി സ്റ്റേഷനുകളിലേക്ക് ഈ ടീമുകളെ അയക്കില്ല. അതിനാൽ സിഎൻജി വാഹന ഉടമകൾ ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല', ഡൽഹി ഗതാഗത കമ്മിഷണർ നിഹാരിക റായ് പറഞ്ഞു.
മലിനീകരണം കുറയ്ക്കുന്നതിനായി ഈ വർഷം പഴയ വാഹനങ്ങൾ നിരോധിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഈ നടപടി. ഇതിനായി ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യും. അനുവദനീയമായതിനേക്കാൾ പഴക്കമുള്ള കാറാണെങ്കിൽ സിസ്റ്റം അത് തിരിച്ചറിയും. തുടർന്ന് പമ്പുകളിലെ ഗതാഗത വകുപ്പ് ടീമുകൾ ഇന്ധനം നൽകുന്നത് നിർത്തിച്ച് വാഹനം പിടിച്ചെടുക്കുകയും പൊളിക്കാൻ അയക്കുകയും ചെയ്യും.
അതേസമയം, പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തിയാൽ പമ്പുകളിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പെട്രോൾ പമ്പ് ഉടമകൾ ഭയക്കുന്നുണ്ട്. ഇത് കൈകാര്യം ചെയ്യാൻ ഡൽഹി ട്രാഫിക് പോലീസ് കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്ന് ഡൽഹി ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അജയ് ചൗധരി പറഞ്ഞു. സെൻസിറ്റീവ് ആയി കണക്കാക്കുന്ന പെട്രോൾ പമ്പുകളിലേക്ക് കൂടുതൽ പോലീസിനേയും തിരക്ക് കുറഞ്ഞ പമ്പുകളിൽ കുറഞ്ഞ ഉദ്യോഗസ്ഥരെയും അയക്കും. 24 മണിക്കൂർ പോലീസ് സുരക്ഷ ആവശ്യമായേക്കാവുന്ന പെട്രോൾ പമ്പുകളും പഴയ വാഹനങ്ങൾ വരാൻ സാധ്യത കൂടുതലുള്ള പമ്പുകളും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൽക്കാലം, ഈ കർശന നടപടികൾ ഡൽഹിയിൽ മാത്രമായിരിക്കും നടപ്പിലാക്കുക. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ്, സോണിപത് തുടങ്ങിയ അയൽ നഗരങ്ങളിൽ പ്രത്യേക എഎൻപിആർ ക്യാമറകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. എന്നാൽ ഈ വർഷം നവംബർ ഒന്നിനകം ഈ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. അതുവരെ, ഡൽഹിയിൽനിന്നുള്ള പഴയ വാഹനങ്ങൾ അയൽ നഗരങ്ങളിലേക്ക് കടന്ന് ഇന്ധനം നിറയ്ക്കാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹിയിലെ റോഡുകളിലോ അതിർത്തികളിലോ അത്തരം ക്യാമറകൾ ഇല്ലെങ്കിലും, പഴയ വാഹനങ്ങളെ പെട്രോൾ പമ്പുകളിൽവെച്ചു മാത്രമേ പിടികൂടാൻ കഴിയൂ. ഡൽഹിയുടെ അതിർത്തികളിലും ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്ത പഴയ ട്രക്കുകളെയും ബസുകളെയും ഈ ക്യാമറകൾക്ക് പിടികൂടാൻ കഴിയും.
Content Highlights: old diesel and petrol cars seized delhi but No ban on CNG cars
Published: 28 Jun 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented