പൈലറ്റില്ലാത്ത രണ്ട് സീറ്റുള്ള എയർ ടാക്‌സിയുടെ പരീക്ഷണത്തിന് ചൈനീസ് കമ്പനിക്ക് അനുമതി നൽകി ശ്രീലങ്ക. നേരെ മുകളിലേക്ക് ടേക്ക് ഓഫ് ചെയ്യാനും നേരെ താഴേക്ക് ലാൻഡ് ചെയ്യാനും ശേഷിയുള്ള എയർ ടാക്‌സിയുടെ പരീക്ഷണത്തിനാവും ശ്രീലങ്ക വേദിയാകുക. പൈലറ്റില്ലാത്ത ഇലക്ട്രിക് വിമാനത്തിന്റെ പരീക്ഷണം നടത്തുന്നതിന് 'ഇ ഹാങ്' (EHang) എന്ന ചൈനീസ് കമ്പനിക്കാണ് ലൈസൻസ് നൽകിയിട്ടുള്ളതെന്ന് ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു.

To advertise here,

ചൈനീസ് കമ്പനി തങ്ങളുടെ EH216-S വിമാനം അടുത്തിടെ ശ്രീലങ്കയിൽ പ്രദർശിപ്പിച്ചിരുന്നു. യാത്രാ ഡ്രോൺ സർവീസുകൾ അവതരിപ്പിക്കുന്നതിനുള്ള മത്സരത്തിൽ ശ്രീലങ്കയും പങ്കുചേരുകയാണെന്ന് അധികൃതർ പറഞ്ഞു. വാണിജ്യ സേവനങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ് അഞ്ചുമാസത്തോളം പരീക്ഷണ പറക്കലുകൾ തുടർന്നേക്കാം എന്ന് അവർ കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിനും കൊളംബോ നഗരകേന്ദ്രത്തിനുമിടയിൽ എയർ ടാക്‌സി സർവീസ് ആരംഭിക്കാനാണ് പ്രൊമോട്ടർമാർ ലക്ഷ്യമിടുന്നത്. ഇ ഹാങ് EH216-S ന് 16 ഇലക്ട്രിക് മോട്ടോറുകളും 16 പ്രൊപ്പല്ലറുകളുമാണ് ഉള്ളത്. 12 ബാറ്ററി പായ്ക്കുകളുമുണ്ട്. പരമാവധി 620 കിലോഗ്രാം ഭാരവുമായി ടേക്ക് ഓഫ് ചെയ്യാൻ കഴിയുന്ന ഇതിന് ഏകദേശം 25 മിനിറ്റ് വരെ പ്രവർത്തിക്കാനും 30 കിലോമീറ്റർ (18 മൈൽ) വരെ ദൂരം പറക്കാനും സാധിക്കും.