കാക്കനാട്: റോഡിൽ നിയമം ലംഘിച്ച് പായുന്നവർക്ക് ക്യാമറക്കണ്ണിന്റെ നിരീക്ഷണം, രാത്രിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന, അപകടമേഖലകളിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ- റോഡപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ നടപടികൾ ഫലം കാണുന്നു. 2024-ൽ ജില്ലയിൽ റോഡപകടങ്ങളിൽ മരിച്ചത് 424 പേരാണ്. 2025-ൽ ഇതേ കാലയളവിൽ മരിച്ചത് 396 പേരാണ്. ഈ വർഷം വീണ്ടും 28 പേരുടെ കുറവുണ്ടായി. നവംബർ 14 വരെയുള്ള കണക്കനുസരിച്ച് മരണസംഖ്യ 368 ആണ്. രണ്ടു വർഷത്തിനിടെ മരണങ്ങളിൽ 18 ശതമാനത്തിലേറെ കുറവുണ്ടായി.

To advertise here,

മോട്ടോർ വാഹനവകുപ്പിന്റെ കണക്കുകളാണ് ഈ മാറ്റം വ്യക്തമാക്കുന്നത്. അമിതവേഗം, അപകടകരമായ ഡ്രൈവിങ്, നിയമലംഘനം എന്നിവ നിയന്ത്രിക്കാൻ പരിശോധനകളും സാങ്കേതികവിദ്യയും ഒരുപോലെ പ്രയോജനപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്. പിഴ ചുമത്തുന്നതിൽമാത്രം ഒതുങ്ങാതെ രാത്രിയും പകലും പരിശോധനകൾ ശക്തമാക്കിയതും അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക ഇടപെടലുകൾ നടത്തിയതും ഗുണം ചെയ്തു.

വില്ലന്മാരെ പിടിച്ചുകെട്ടി രാത്രി സ്‌ക്വാഡുകൾ

നിയമലംഘകരെ കണ്ടെത്താൻ രാവും പകലും നിരത്തിലിറങ്ങിയ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ജോയിന്റ് ആർ.ടി.ഒ. ഓഫീസുകളുമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. അമിതവേഗം, അപകടകരമായ ഡ്രൈവിങ്, നിയമവിരുദ്ധ വാഹന രൂപമാറ്റം എന്നിവയ്‌ക്കെതിരേ നടപടികളെടുത്തു.

പ്രധാന ജങ്ഷനുകളിൽ സ്ഥാപിച്ച എ.ഐ. ക്യാമറകളും നിരീക്ഷണം ശക്തമാക്കി. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗവും ക്യാമറകളിൽ പതിയുന്നതോടെ നിയമലംഘകർക്ക് പിഴയൊടുക്കേണ്ടിവന്നു. നിരീക്ഷണവും പിഴനടപടികളും ശക്തമായതോടെ യാത്രക്കാർ നിയമങ്ങൾ പാലിക്കുന്നതിലും കൂടുതൽ ജാഗ്രത കാട്ടിത്തുടങ്ങി.

ബ്ലാക്ക് സ്‌പോട്ടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ

അപകടങ്ങൾ പതിവായ ബ്ലാക്ക് സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളും സുരക്ഷാക്രമീകരണങ്ങളും മരണനിരക്ക് കുറയ്ക്കുന്നതിൽ നിർണായകമായി. അപകടസാധ്യതയുള്ള മേഖലകൾ തിരിച്ചറിഞ്ഞ് ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളും മറ്റ് സുരക്ഷാ നടപടികളും ഏർപ്പെടുത്തുന്നതിനൊപ്പം ബോധവത്കരണവും ശക്തമാക്കി.