കൊച്ചി: പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. പെട്രോളിന്റെ ഗുണനിലവാരത്തിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ.) എന്നിവ സംയുക്ത പ്രസ്താവനയിറക്കി.

To advertise here,

ഇ-20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ എല്ലാ വാഹനങ്ങൾക്കും പത്തുശതമാനം മൈലേജ് നഷ്ടമുണ്ടാകുമെന്നതും വൻതോതിൽ അറ്റകുറ്റപ്പണി ചെലവുണ്ടാകുമെന്നതുമായ അവകാശവാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കമ്പനികൾ വാദിച്ചു. റിഫൈനറികളിലും ഡിപ്പോകളിലും ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് എഥനോൾ മിശ്രണം നടത്തുന്നത്. ഗുണനിലവാരം വിലയിരുത്താൻ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 893 സാംപിളുകൾ പരിശോധിച്ചു. 19-21 ശതമാനം വരെയാണ് എഥനോൾ സാന്ദ്രത കണ്ടെത്തിയത്. കർണാടകയിലെ 56 സാംപിളുകളിലും 19-20 ശതമാനമായിരുന്നു.

26 മുതൽ 31 ശതമാനംവരെ എഥനോൾ കണ്ടെത്തിയെന്ന് കർണാടക സർക്കാർ പറയുന്ന പരിശോധനകളിലെ സാംപിൾ ശേഖരണരീതിയും ലബോറട്ടറി പരിശോധനയും മാനദണ്ഡങ്ങൾ പാലിച്ചുള്ളവയാണോ എന്ന് വ്യക്തമല്ല. ഈ വിവരങ്ങൾ ലഭ്യമാക്കണമെന്നും സംസ്ഥാനസർക്കാർ പ്രതിനിധികളുടെയും എണ്ണക്കമ്പനികളുടെയും സാന്നിധ്യത്തിൽ അംഗീകൃത ലബോറട്ടറിയിൽ സംയുക്ത പരിശോധന നടത്തണമെന്നും കമ്പനികൾ ആവശ്യപ്പെട്ടു.

എഥനോൾ മിശ്രണം വഴി രാജ്യത്തിന് 2014-'15 സാമ്പത്തികവർഷംമുതൽ 1.97 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാനായി. 316 ലക്ഷം ടൺ ക്രൂഡ് ഓയിൽ ഇറക്കുമതിക്കു പകരം എഥനോൾ ഉപയോഗിക്കാനായി. ഏകദേശം 952 ലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കാനുമായി. കർഷകർക്ക് 1.66 ലക്ഷം കോടി രൂപയിലധികം വരുമാനം ലഭിച്ചിട്ടുണ്ടെന്നും കമ്പനികൾ പറയുന്നു.

കമ്പനികൾ ഒളിച്ചുകളിക്കുന്നു- കർണാടക ബെംഗളൂരു: പെട്രോൾ സാംപിൾ നൽകിയിട്ടും എണ്ണക്കമ്പനികൾ വ്യക്തമായ റിപ്പോർട്ട് നൽകാത്തതിനാലാണ് പുറമേയുള്ള ലാബുകളിൽ പരിശോധിച്ചതെന്ന് കർണാടക സർക്കാർ. സാംപിളുകളിലെ എഥനോളിന്റെ അളവിനെക്കുറിച്ച് കമ്പനികൾ വിവരം നൽകാത്തതിനാൽ സംശയംതോന്നി സർക്കാർ സ്വന്തം നിലയിൽ പരിശോധിക്കുകയായിരുന്നു. അംഗീകൃത ലാബുകളിലാണ് പരിശോധിച്ചത്. 31.2 ശതമാനംവരെ എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നുവെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി