ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത കുറഞ്ഞതാണ് എഥനോള്‍ നിർമാണത്തിനായി കരിമ്പ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ഇന്ത്യ നടപ്പിലാക്കിയ ഏറ്റവും വിജയകരമായ ഊർജോത്പാദന നവീകരണ പദ്ധതികളിലൊന്നാണ് എഥനോൾ മിശ്രണ പരിപാടി. വിദേശരാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം രാജ്യത്തെ കരിമ്പ് കർഷകർക്കും പഞ്ചസാര മില്ലുകൾക്കും സാമ്പത്തിക തണലേകാനും ഇതിലൂടെ സാധിച്ചു. എന്നാൽ, പഞ്ചസാര ഉത്പാദനത്തിലെ കുറവും ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മുൻനിർത്തി, എഥനോൾ നിർമാണത്തിനായി കരിമ്പും അനുബന്ധ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിന് സർക്കാർ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എൽ നിനോ പ്രതിഭാസവും ചില കാർഷിക മേഖലകളിലെ ഭാഗികമായ മഴലഭ്യതയും വിളവിനെ ബാധിച്ചേക്കാമെന്ന വിലയിരുത്തലിൽ, ഊർജ സുരക്ഷയും ഭക്ഷ്യസുരക്ഷയും സൂക്ഷ്മമായി പരിഗണിച്ചുകൊണ്ടുള്ള ഒരു നയരൂപീകരണമാണ് സർക്കാരിന്റെ ഈ നീക്കത്തിൽ പ്രതിഫലിക്കുന്നത്.
എന്താണ് എഥനോൾ? എണ്ണക്കമ്പനികൾ പെട്രോളിൽ ഇത് ചേർക്കുന്നതെന്തിന്?
കരിമ്പ്‌നീര്, മൊളാസസ്, ചോളം, കേടായ ധാന്യങ്ങൾ, അധികമുള്ള അരി എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് എത്തനോൾ. പെട്രോളുമായി നിശ്ചിത അനുപാതത്തിൽ ചേർത്ത് ഉപയോഗിക്കുമ്പോൾ പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളലും ഫോസിൽ ഇന്ധന ഉപഭോഗവും കുറയുന്നു. എഥനോൾ മിശ്രണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഇന്ത്യ കരിമ്പിനു പുറമേ മറ്റ് ധാന്യങ്ങളിൽനിന്നും ഇതിന്റെ ഉത്പാദനം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളോടെയാണ് എണ്ണക്കമ്പനികൾ പെട്രോളിൽ എഥനോൾ ചേർക്കുന്നത്:
- രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക.
- ദേശീയ ഊർജ സുരക്ഷ വർധിപ്പിക്കുക.
- ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്ന ഭീമമായ വിദേശനാണ്യം ലാഭിക്കുക.
ഇതിനുപുറമെ, പഞ്ചസാര മില്ലുകൾക്ക് ഇതൊരു അധിക വരുമാനമാർഗമാകുകയും കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച്, ശുദ്ധമായ ഊർജത്തിലേക്കുള്ള ചുവടുവെപ്പും ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽനിന്നുള്ള സംരക്ഷണവുമാണ് എഥനോൾ മിശ്രണം നൽകുന്നത്.
നിയന്ത്രണം വരാൻ കാരണം
മുൻ വർഷങ്ങളെ അപേക്ഷിച്ച് ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത കുറഞ്ഞതാണ് എഥനോൾ നിർമാണത്തിനായി കരിമ്പ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കുറഞ്ഞ ഉത്പാദനം, കാലാവസ്ഥാ വ്യതിയാനം, ഭാവി ആവശ്യങ്ങൾക്കായി കരുതൽ ശേഖരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവ ഭക്ഷ്യസുരക്ഷയ്ക്ക് മുൻഗണന നൽകാൻ കാരണമായി.
ഗാർഹിക-വ്യവസായിക ആവശ്യങ്ങൾക്ക് തടസ്സമില്ലാതെ പഞ്ചസാര ലഭ്യമാക്കുക, ഒപ്പം വിലക്കയറ്റം നിയന്ത്രണവിധേയമാക്കുക എന്നിവയാണ് നയരൂപീകരണ വിദഗ്ധർ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിളവെടുപ്പ് പ്രതീക്ഷിച്ചതിലും കുറവാണെങ്കിൽ, ഉയർന്ന അളവിൽ കരിമ്പ് എത്തനോളിലേക്ക് തിരിച്ചുവിടുന്നത് വിപണിയിൽ പഞ്ചസാരക്ഷാമത്തിന് വഴിതുറന്നേക്കാം. എന്നാൽ, ധാന്യങ്ങളിൽനിന്നുള്ള എഥനോൾ ഉത്പാദനത്തിലൂടെ ഈ കുറവ് ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
കാലാവസ്ഥാ വ്യതിയാനങ്ങൾ
ഇന്ത്യയുടെ പഞ്ചസാര ഉത്പാദനത്തിന്റെ ഭാവി നിർണയിക്കുന്നതിൽ കാലാവസ്ഥ നിർണായക പങ്കുവഹിക്കുന്നു. മൺസൂൺ മഴയുടെ അളവ് കുറയ്ക്കാനും ക്രമം തെറ്റിക്കാനും എൽ നിനോ പ്രതിഭാസം കാരണമാകാറുണ്ട്. ഇത് മണ്ണിന്റെ ഈർപ്പം കുറയ്ക്കുകയും ജലസംഭരണികളിലെ വെള്ളത്തിന്റെ അളവിനെ ബാധിക്കുകയും ചെയ്യുന്നത് കരിമ്പ് പോലെ കൂടുതൽ ജലം ആവശ്യമായ വിളകളെ പ്രതികൂലമായി ബാധിക്കും. കാർഷിക വളർച്ചയുടെ പ്രധാന ഘട്ടങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാതിരുന്നാൽ വിളവിനെയും ആകെ ഉത്പാദനത്തെയും അത് ബാധിക്കും.
ദേശീയതലത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ പൊതുവേ തൃപ്തികരമായിരുന്നുവെങ്കിലും, പ്രധാന കരിമ്പ് ഉത്പാദന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ മഴയുടെ ലഭ്യത ക്രമരഹിതമായിരുന്നു. ചില പ്രദേശങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടപ്പോൾ മറ്റു ചിലയിടങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ചു. ദീർഘമായ വളർച്ചാകാലയളവും ഉയർന്ന ജല ഉപഭോഗവുമുള്ള വിളയായതിനാൽ, കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു വ്യതിയാനവും പഞ്ചസാര ലഭ്യതയെയും ഭക്ഷ്യ പണപ്പെരുപ്പത്തെയും ബാധിച്ചേക്കാമെന്ന ജാഗ്രതയിലാണ് അധികൃതർ.
ഭക്ഷ്യ പണപ്പെരുപ്പ ആശങ്കയും തുലാവർഷ പ്രതീക്ഷകളും
ഭക്ഷ്യ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളാണ് കരിമ്പ് എഥനോളിലേക്ക് മാറ്റുന്നതിന് നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നിലെ പ്രധാന ഘടകം. ഓരോ കുടുംബത്തിനും അത്യന്താപേക്ഷിതമായ ഉത്പന്നമായതിനാൽ, പഞ്ചസാര ഉത്പാദനത്തിലുണ്ടാകുന്ന ഏതൊരു ഇടിവും വിലക്കയറ്റത്തിന് ഇടയാക്കുകയും പൊതു പണപ്പെരുപ്പ നിരക്ക് ഉയർത്തുകയും ചെയ്യും.
മൺസൂണിന്റെ അപൂർണമായ ലഭ്യത ആശങ്കകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര വിപണിയിൽ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചതോടെ, ഇനി നിർണായകമായ വടക്കുകിഴക്കൻ മൺസൂണിലാണ് പ്രതീക്ഷകൾ. ഇത് തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നിർണായകമാണ്. ശക്തമായ തുലാവർഷം ലഭിച്ചാൽ ജലലഭ്യത മെച്ചപ്പെടുകയും വിളവ് വർധിക്കുകയും ചെയ്യും. എന്നാൽ മഴ കുറഞ്ഞാൽ കാർഷിക വിതരണം, ജലസംഭരണികളിലെ ജലനിരപ്പ്, ഭക്ഷ്യവില സ്ഥിരത എന്നിവ വീണ്ടും ആശങ്കയിലാകും.
കാർഷിക-ഊർജ മേഖലകളുടെ ഭാവി സൂചനകൾ
ഇന്ത്യയുടെ കാർഷിക, ഊർജ മേഖലകളുടെ ഭാവി നിലവിൽ സമ്മിശ്രമായ അവസ്ഥയിലാണ്. മൺസൂൺ മെച്ചപ്പെട്ടത് കാർഷിക മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, പ്രാദേശികമായി മഴലഭ്യതയിലുണ്ടായ വ്യതിയാനങ്ങൾ ഇപ്പോഴും ജാഗ്രത ആവശ്യപ്പെടുന്നു.
ഊർജ മേഖലയിൽ പെട്രോളിന്റെ ആവശ്യം ശക്തമായി തുടരുമ്പോഴും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ക്രൂഡ് ഓയിൽ വിപണിയെ അസ്ഥിരമായി നിലനിർത്തുന്നു. കൂടാതെ, യു.എസ്. ഡോളർ കരുത്താർജിക്കുന്നത് അസംസ്കൃത എണ്ണയടക്കമുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ ചെലവ് വർധിപ്പിച്ചേക്കാം. അതേസമയം, കരിമ്പ് അധിഷ്ഠിത എഥനോളിനുള്ള നിയന്ത്രണം ചോളത്തിൽനിന്നടക്കമുള്ള ധാന്യ അധിഷ്ഠിത എഥനോൾ ഉത്പാദന രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറന്നേക്കും. മൺസൂൺ, ആഗോള ഊർജ വില, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവയായിരിക്കും ഇരുമേഖലകളുടെയും ഗതി നിർണയിക്കുക.
Content Highlights: India prioritizes food security and domestic sugar availability over ethanol blending., Government restricts using sugarcane and related products for ethanol due to potential output drops and weather anomalies like El Niño., Grain-based ethanol production is being encouraged to offset restrictions on sugarcane-based ethanol., Monsoon irregularities and inflation concerns heavily influence the government's balanced approach between energy security and food price stability.
Published: 09 Nov 2026, 11:16 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented