തിരുവനന്തപുരം/ബെംഗളൂരു: അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന പരാതിയിൽ നടപടികളുമായി കർണാടകവും കേരളവും മുന്നോട്ട്. 31.2 ശതമാനത്തിലേറെ എഥനോൾ സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ സംബന്ധിച്ച് തിങ്കളാഴ്ച കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. എഥനോൾ അളവ് കൂടുതലുണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാനത്ത് വ്യത്യസ്തസ്ഥലങ്ങളിലെ പമ്പുകളിൽ തിങ്കളാഴ്ച പരിശോധന നടത്താൻ കേരളസർക്കാരും തീരുമാനിച്ചു.

To advertise here,

ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിച്ചുള്ള പരിശോധന ഏതൊക്കെ പമ്പുകളിലായിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കില്ല. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക. ഒരു പമ്പിൽനിന്ന് ആറു ‌സാംപിൾ ശേഖരിക്കും. സംസ്ഥാന ഫൊറൻസിക് ലാബിലായിരിക്കും പരിശോധന. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നൽകും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. അളവ് കൂടുതലുണ്ടെന്നു കണ്ടാൽ കർശനനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ. കേന്ദ്രതലത്തിലും വിഷയം ഉന്നയിക്കും. കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. വ്യാപകമായി വാഹനങ്ങൾ കേടാവുന്നുവെന്ന പരാതിയും കണക്കിലെടുത്തു.

31.2 ശതമാനത്തിലേറെ എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ പരിശോധനഫലം പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളിയിരുന്നു. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയതെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വാദമുയർത്തിയാണിത്. ദീപാവലി ആഘോഷം നടക്കുന്നതിനാൽ കൂടുതൽ മറുപടി നൽകി എണ്ണക്കമ്പനികളുടെ സന്തോഷം കെടുത്തുന്നില്ലെന്നും ആഘോഷം കഴിഞ്ഞുവരുമ്പോൾ വിശദമായ മറുപടി നൽകുമെന്നും പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു. ഈ വിഷയത്തിൽ കമ്പനികൾ വ്യക്തത നൽകാതെ വന്നതോടെയാണ് സത്യം അറിയാൻ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയത്. ഏതെങ്കിലും ഒരു സ്ഥാപനമല്ല, സർക്കാരാണ് ഇതിന് നടപടിയെടുത്തതെന്നും അതിനാൽ ആധികാരികം തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇ20 

 

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും കലർന്ന ഇന്ധനമാണ് ഇ20. എഥനോളിന്റെ ഊർജമൂല്യം പെട്രോളിനെക്കാൾ കുറവ്. ഇ20-യോ അതിനുമുകളിലോ ഉപയോഗിക്കുമ്പോൾ ഒരു ലിറ്റർ ഇന്ധനത്തിൽനിന്ന് ലഭിക്കുന്ന ഊർജം കിട്ടില്ല.

•  എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകൽപ്പനചെയ്ത എൻജിനുകളല്ലെങ്കിൽ വാഹനങ്ങളുടെ ഫ്യുവൽ പമ്പ്, ഇൻജക്ടർ, ഫ്യുവൽ പൈപ്പുകൾ, സീലുകൾ, ഗാസ്‌കറ്റുകൾ തുടങ്ങിയവയ്ക്ക് ഉയർന്ന എഥനോൾ സാന്ദ്രതയെ പ്രതിരോധിക്കാൻ കഴിയണമെന്നില്ല. ലോഹഭാഗങ്ങളും, റബ്ബർ, പ്ലാസ്റ്റിക് ഘടകങ്ങളും നശിച്ചേക്കാം.

•  എഥനോളിന് ബാഷ്പീകരണത്തിനായി കൂടുതൽ താപം വേണം. തണുത്ത കാലാവസ്ഥയിൽ എൻജിൻ സ്റ്റാർട്ടാകാനും സുഗമമായി പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാകാം. ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ ഇത് പ്രധാന വെല്ലുവിളിയാണ്.