സംസ്ഥാനത്തെ നിരത്തുകളില്‍ 3,117 സ്ഥിരം അപകടകേന്ദ്രങ്ങള്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടന്ന 1.01 ലക്ഷം അപകടങ്ങള്‍ സംഭവിച്ച സ്ഥലങ്ങള്‍ സര്‍വേ നടത്തി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് അപകടകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഈസ്ഥലങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഇവിടങ്ങളില്‍ വേണ്ട സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനാണ് പദ്ധതി.

To advertise here,

പാലക്കാട് ജില്ലയില്‍ വിജയകരമായി സര്‍വേ പൂര്‍ത്തിയാക്കിയതോടെ എല്ലാ ജില്ലകളിലേക്കും പഠനം വ്യാപിപ്പിക്കുകയായിരുന്നു. പാലക്കാട് എന്‍ഫോഴ്സ്മെന്റ് വിഭാഗമായിരുന്നു സംസ്ഥാനത്ത് ആകെയുള്ള പഠനത്തിന് നേതൃത്വം വഹിച്ചത്. എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സര്‍വേ നടത്തി അപകടകേന്ദ്രങ്ങള്‍ പുതുക്കും. അതിനനുസരിച്ച് സുരക്ഷാപദ്ധതികള്‍ ആവിഷ്‌കരിക്കും.

മൂന്ന് ക്ലസ്റ്ററുകളാക്കിയാണ് അപകടകേന്ദ്രങ്ങളെ തിരിച്ചിട്ടുള്ളത്. ഏറ്റവും അപകടങ്ങള്‍ കൂടിയ (ഹൈറിസ്‌ക്) 872 സ്ഥലങ്ങളാണ് സംസ്ഥാനത്തുള്ളത്. മാസത്തില്‍ പത്തില്‍ കുറയാതെ അപകടങ്ങള്‍ നടക്കുന്ന (മോഡറേറ്റ് റിസ്‌ക്) 821 കേന്ദ്രങ്ങളും അഞ്ച് അപകടങ്ങള്‍വരെ നടക്കുന്ന (ലോ റിസ്‌ക്) 1,424 കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ സ്ഥിരം അപകടകേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്താണ്. 547 അപകട കേന്ദ്രങ്ങളുള്ള തലസ്ഥാനത്ത് 110 തീവ്ര അപകടകേന്ദ്രങ്ങളുണ്ട് (ഹൈറിസ്‌ക്). എറണാകുളത്ത് 359 അപകടകേന്ദ്രങ്ങളുള്ളതില്‍ 136 സ്ഥലങ്ങളും തീവ്ര അപകടകേന്ദ്രങ്ങളാണ്. ഏറ്റവും കുറവ് അപകടകേന്ദ്രങ്ങള്‍ വയനാട്ടിലാണ്-54 ഇടങ്ങള്‍. ഏഴെണ്ണം മാത്രമാണ് സ്ഥിരം അപകടകേന്ദ്രങ്ങള്‍.

ഒരുലക്ഷം അപകടം, 10,734 മരണം

10,734 പേര്‍ മരിച്ച 1.01 ലക്ഷം അപകടങ്ങളാണ് സര്‍വേയ്ക്കായി വിലയിരുത്തിയത്. 2019 മുതല്‍ 2021 വരെയുള്ള അപകടങ്ങളായിരുന്നു പഠനത്തിലുള്‍പ്പെട്ടത്. 2019-ലാണ് ഏറ്റവും കൂടുതല്‍ മരണം-40,845 പേര്‍. 1,10,941 പേര്‍ക്കാണ് മൂന്നുവര്‍ഷക്കാലത്ത് ഗുരുതരപരിക്കേറ്റത്.