ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ അധ്യായം തുറക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. വാഹന നിർമാണത്തിന് വേഗമേകുന്നതിനായി മാരുതിയുടെ ഇന്ത്യയിലെ നാലാമത്തെ പ്ലാന്റ് ഇന്ന് (വ്യാഴാഴ്ച) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനെ തകെയ്ച്ചിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ നാലാമത്തെ പ്ലാന്റാണിത്.

To advertise here,

35000 കോടി രൂപ നിക്ഷേപത്തിലാണ് ഈ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സമീപകാലത്ത് ഇന്ത്യയിലെ വാഹന മേഖലയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നാണ് വിവരം. ഈ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതോടെ മാരുതി സുസുക്കിയുടെ ഉത്പാദന ശേഷിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാനയിലെ ഖാർകോദ എന്ന സ്ഥലത്താണ് മാരുതി സുസുക്കിയുടെ പുതിയ പ്ലാന്റ്.

800 ഏക്കർ സ്ഥലത്ത് നിർമിച്ച പ്ലാന്റിൽ നിലവിൽ രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം വാഹനങ്ങൾ നിർമിക്കാനാകും. എന്നാൽ, വരും വർഷങ്ങളിൽ ഇത് 10 ലക്ഷമായി ഉയർത്താനാണ് പദ്ധതി. ഈ പ്ലാന്റിൽ പൂർണതോതിൽ വാഹന നിർമാണം ആരംഭിക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിക്കാനുള്ള മാരുതി സുസുക്കിയുടെ ലക്ഷ്യത്തിന് കൂടുതൽ കരുത്താകും.

21,000 തൊഴിലവസരങ്ങളാണ് ഈ പ്ലാന്റുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഒരുങ്ങുന്നത്. സുസുക്കി സ്മാർട്ട് ഫാക്ടറി കൺസെപ്റ്റിലാണ് മാരുതി സുസുക്കിയുടെ ഈ പ്ലാന്റ്. നിർമാണത്തിലെ കൃത്യത, ഉയർന്ന ഉത്പാദനക്ഷമത, തൊഴിലിടത്തെ സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഡസ്ട്രി 5.0 അടിസ്ഥാനമാക്കിയുള്ള നിർമാണവും എ.ഐ. അധിഷ്ഠിത സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെ മികച്ച ഉദാഹരണമായാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പ്ലാന്റിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ രണ്ട് കാറുകൾ വിൽക്കുമ്പോൾ അതിൽ ഒന്ന് മാരുതിയുടേതായിരിക്കുമെന്നാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്.