ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി, ആഗോളതലത്തിൽ ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 57.6 ബില്യൺ ഡോളർ വിപണി മൂലധനവുമായി ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നിർമാതാക്കളിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് കമ്പനി.

To advertise here,

ഫോക്‌സ്‌വാഗൺ, ഫോർഡ്, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ ചില ആഗോള ബ്രാൻഡുകളേക്കാൾ ഉയർന്ന മൂല്യമാണ് മാരുതി സുസുക്കി കരസ്ഥമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, പരിഷ്കരിച്ച ജിഎസ്ടി ഘടന ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ വാഹന നിർമാതാവെന്ന ആഗോള നേട്ടത്തിലേക്ക് മാരുതി സുസുക്കിയെ നയിച്ചു.

ഇന്ത്യയിൽ, ബഡ്ജറ്റിനിണങ്ങിയ ചെറിയ കാറുകൾ നിർമിക്കുന്നതിൽ മാരുതി സുസുക്കി പ്രശസ്തമാണ്. പരിഷ്കരിച്ച ജിഎസ്ടി ഘടനയോടെ, ആൾട്ടോ, എസ്-പ്രസ്സോ, വാഗൺആർ തുടങ്ങിയ മോഡലുകൾ അടങ്ങുന്ന ബ്രാൻഡിന്റെ ചെറുകാർ വിഭാഗത്തിന് വില കുറയുകയും ഇത് ഉപഭോക്തൃ ബുക്കിങ്ങുകളിൽ വൻ വർധനവിന് കാരണമാവുകയും ചെയ്തു.

കൂടാതെ, പുതിയ ജിഎസ്ടി ഘടനയോടെ, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓട്ടോ സ്റ്റോക്കുകളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി മാരുതി സുസുക്കി സ്ഥാനം പിടിക്കുകയും ചെയ്തു.

1.4 ട്രില്യൺ ഡോളർ വിപണി മൂലധനവുമായി ടെസ്‌ലയാണ് ഇപ്പോഴും പട്ടികയിൽ ബഹുദൂരം മുന്നിൽ. 314 ബില്യൺ ഡോളറുമായി ടൊയോട്ട രണ്ടാം സ്ഥാനത്തും 133 ബില്യൺ ഡോളറുമായി ചൈനയുടെ ബിവൈഡി തൊട്ടുപിന്നിലുമുണ്ട്. 92.7 ബില്യൺ ഡോളറുമായി ഫെരാരിയും, 61.3 ബില്യൺ ഡോളറുമായി ബിഎംഡബ്ല്യുവും, 59.8 ബില്യൺ ഡോളറുമായി മെഴ്‌സിഡീസ് ബെൻസും മുൻനിരയിലുണ്ട്.

ഇവർക്ക് തൊട്ടുപിന്നിൽ 57.6 ബില്യൺ ഡോളറുമായി മാരുതി സുസുക്കി സ്ഥാനം പിടിക്കുന്നു. 55.7 ബില്യൺ ഡോളറുള്ള ഫോക്‌സ്‌വാഗൺ, 57.1 ബില്യൺ ഡോളറുള്ള ജനറൽ മോട്ടോഴ്‌സ്, 46.3 ബില്യൺ ഡോളറുള്ള ഫോർഡ് എന്നിവരെല്ലാം മാരുതിക്ക് പിന്നിലാണ്.

ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ഹൈബ്രിഡുകൾ, ആഗോള വിപണിയിലേക്കുള്ള വിപുലീകരണം എന്നിവ വരുന്നതോടെ, മാരുതി സുസുക്കി ആഗോള റാങ്കിങ്ങിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിയേക്കാം.