ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മേധാവിത്വം ഉറപ്പിച്ച് മാരുതി സുസുക്കി ബ്രെസ. വിപണിയിൽ എത്തി ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ ബ്രെസയുടെ 15 ലക്ഷം യൂണിറ്റാണ് ഇന്ത്യൻ നിരത്തുകളിൽ കുതിച്ചോടുന്നത്. ഇതോടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ചിരിക്കുന്ന കോംപാക്ട് എസ്‌യുവി എന്ന ഖ്യാതിയാണ് ബ്രെസ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെയാണ് ബ്രെസയുടെ പുതിയ പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിച്ചത്.

To advertise here,

കഴിഞ്ഞ പത്ത് വർഷങ്ങൾക്കൊണ്ട് ഇന്ത്യയിലെ കോംപാക്ട് എസ്യുവി വിഭാഗത്തിന്റെ 30 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കാൻ ഈ വാഹനത്തിന് സാധിച്ചുവെന്നാണ് നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലെ ടോപ്പ് സെല്ലിങ് വാഹനങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ബ്രെസ നിലയുറപ്പിച്ചിട്ടുണ്ടെന്നുമാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഇന്ത്യയിലെ എസ്യുവി കാലഘട്ടത്തെ ശക്തിപ്പെടുത്തിയ കഥയാണ് ബ്രെസയുടേത്. പുതിയ കാലഘട്ടത്തിലെ ഉപയോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് രൂപകൽപ്പന ചെയ്യുകയും ഫീച്ചറുകൾ നിറഞ്ഞ ക്യാബിൻ ഒരുക്കുകയും ചെയ്തതിലൂടെ ഒരു ശക്തമായ എസ്യുവി ഡിഎൻഎ അവകാശപ്പെടാൻ സാധിക്കുന്ന വാഹനമാണ് മാരുതി സുസുക്കി ബ്രെസ.

കാലഘട്ടം ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും നൽകിയാണ് ബ്രെസ നിരത്തുകളിൽ എത്തിയിരിക്കുന്നത്. വാരിക്കോരി നൽകുന്ന ഫീച്ചറുകളെക്കാൾ ഉപരി സ്മാർട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ അത്യാവശ്യ ഫീച്ചറുകളും ആറ് എയർബാഗ്, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ഇഎസ്പി തുടങ്ങിയ നൂതന സുരക്ഷ ഫീച്ചറുകളുമാണ് ഈ വാഹനത്തിൽ ഒരുങ്ങുന്നത്.

മെക്കാനിക്കൽ സംവിധാനങ്ങളിലും ഈ സെഗ്മെന്റിലെ മറ്റ് മോഡലുകളിൽനിന്ന് വ്യത്യസ്തമാണ് ബ്രെസ. നാളിതുവരെ മാരുതി സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയോടുകൂടിയ 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനിൽ മാത്രമാണ് ഈ എസ്‌യുവി എത്തിയിരുന്നത്. 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരുന്നു ഇതിലെ ട്രാൻസ്മിഷൻ.

എന്നാൽ, അടുത്തിടെ നടത്തിയ മുഖംമിനുക്കലിനൊപ്പം 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും ബ്രെസയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് 109 പിഎസ് പവറും 170 എൻഎം ടോർക്കുമേകും. 7.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയും കൈവരിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ടർബോ പതിപ്പിൽ നൽകിയിട്ടുള്ളത്. ബ്രെസയുടെ ടർബോ എൻജിൻ മോഡലിന് നാച്വറലി ആസ്പിരേറ്റഡ് എൻജിൻ പതിപ്പിനെക്കാൾ വിലയും കുറവാണ്.

സിഎൻജി ഇന്ധനമായും ബ്രെസ നിരത്തുകളിലെത്തുന്നുണ്ട്. റെഗുലർ മോഡലിൽ നൽകിയിട്ടുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് സിഎൻജി പതിപ്പിലും കരുത്തേകുന്നത്. എന്നാൽ, 87 ബിഎച്ച്പി പവറും 121.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡൽ ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് സി.എൻ.ജി മോഡൽ എത്തുന്നത്. 25.1 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സി.എൻ.ജി ബ്രെസയുടെ ഹൈലൈറ്റ്.