ന്ത്യയിലെ ഏറ്റവും വലിയ വാഹനമേളയായ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ഡല്‍ഹിയില്‍ തുടരുകയാണ്. ജനുവരി 17 മുതല്‍ 22 വരെയാണ് ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോ. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം തങ്ങളുടെ പുത്തന്‍ മോഡലുകളും കണ്‍സപ്റ്റ് മോഡലുകളും അവതരിപ്പിച്ച് വാഹനപ്രേമികളെ അമ്പരിപ്പിക്കുന്നുണ്ട്.

To advertise here,

നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ എസ്.യു.വി.കള്‍ക്കാണ് പ്രിയം കൂടുതല്‍. ഇത് കണക്കിലെടുത്ത് പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ എസ്.യു.വി. മോഡലുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്നുദിവസം പിന്നിടുന്ന എക്‌സ്‌പോയില്‍ ഇതുവരെ അവതരിപ്പിച്ച പ്രമുഖ കമ്പനികളുടെ ചില എസ്.യു.വി.കളെ പരിചയപ്പെടാം.

മാരുതി സുസുക്കി ഇ-വിത്താര
ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഏവരും ഉറ്റുനോക്കിയിരുന്ന വാഹനമായിരുന്നു മാരുതി സുസുക്കി ഇ-വിത്താര. മാരുതി പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് കാറിന്റെ വിവരങ്ങളറിയാന്‍ വാഹനപ്രേമികളെല്ലാം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും മാരുതിയുടെ ഈ ഇലക്ട്രിക് എസ്.യു.വി.യായിരുന്നു. 

49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 49 കിലോവാട്ട് ഓപ്ഷനില്‍ 144 ബി.എച്ച്.പി. കരുത്തും പരമാവധി 192 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്. 61 കിലോവാട്ട് ബാറ്ററി ഓപ്ഷനിലെ മോട്ടോര്‍ 174 എച്ച്.പി. കരുത്തും 192.5 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. 

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്
2025 ഓട്ടോ എക്‌സ്‌പോയില്‍ വാഹനപ്രേമികളെ ആകര്‍ഷിച്ച മറ്റൊരു എസ്.യു.വി.യായിരുന്നു ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്. എക്‌സിക്യുട്ടീവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് വേരിയന്റുകളില്‍ അവതരിപ്പിച്ച ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതല്‍ 23.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 42 കിലോവാട്ട്, 51.4 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 473 കിലോമീറ്റര്‍ റേഞ്ചാണ് 51.4 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്ക് നല്‍കുന്നത്. 42 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ലെവല്‍ ടു അഡാസ് സംവിധാനത്തില്‍ അധിഷ്ഠിതമായ 19 സുരക്ഷ ഫീച്ചറുകളും 50-ല്‍ അധികം ആക്ടീവ്-പാസീവ് സുരക്ഷ സംവിധാനങ്ങളും ചേര്‍ന്ന് 75-ല്‍ അധികം സുരക്ഷ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. 

ടാറ്റ ഹാരിയര്‍ ഇ.വി, ബന്ദിപ്പുര്‍ എഡിഷന്‍ 
ഹാരിയറിന്റെ രണ്ട് പുതിയ മോഡലുകളാണ് ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ചത്. ഹാരിയര്‍ ബന്ദിപ്പുര്‍ എഡിഷനും ഇലക്ട്രിക്ക് എസ്.യു.വി.യായ ഹാരിയര്‍ ഇ.വി.യും.  നെക്‌സോണ്‍, സഫാരി എന്നിവയുടെ ബന്ദിപ്പുര്‍ എഡിഷനുകളും എക്‌സ്‌പോയില്‍ പുറത്തിറക്കിയിരുന്നു. 

കര്‍ണാടകയിലെ ബന്ദിപ്പുര്‍ നാഷണല്‍ പാര്‍ക്കിനുള്ള ആദരസൂചകമായാണ് ടാറ്റ ബന്ദിപ്പുര്‍ എഡിഷന്‍ അവതരിപ്പിച്ചത്. ഹാരിയര്‍ ഇ.വി.യുടെ രണ്ട് എഡിഷനുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഹാരിയര്‍ ഇ.വി.യ്ക്ക് ഓള്‍വീല്‍ ഡ്രൈവ് അടക്കമുള്ള ഓപ്ഷനുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പരമാവധി 500 എന്‍.എം. ടോര്‍ക്ക് പുറത്തെടുക്കുന്ന മോട്ടോറുകളാകും വാഹനത്തിലുണ്ടാവുകയെന്നും പറയുന്നു. 

വിന്‍ഫാസ്റ്റ് വി.എഫ് 3
ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെ ഇന്ത്യയിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ് വിയറ്റ്‌നാം ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ കമ്പനിയായ വിന്‍ഫാസ്റ്റ്. വി.എഫ്3 എന്ന ഇലക്ട്രിക് എസ്.യു.വി.യാണ് വിന്‍ഫാസ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ടൂ ഡോര്‍ കോംപാക്ട് എസ്.യു.വി.യായ വി.എഫ് 3-യ്ക്ക് ഒറ്റ ചാര്‍ജില്‍ 215 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനംചെയ്യുന്നത്. 

മഹീന്ദ്ര എക്‌സ്.ഇ.വി 9ഇ, ബി.ഇ. 6
അടുത്തിടെ പുറത്തിറക്കിയ രണ്ട് എസ്.യു.വി.കളാണ് ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എക്‌സ്.ഇ.വി. 9ഇ, ബി.ഇ6 എന്നീ മോഡലുകളാണിത്.