
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയുടെ ഭാഗമായാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കിയിരിക്കുന്നത്. നെക്സയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ക്രാഫ്റ്റഡ് ഫ്യൂച്ചറിസം അടിസ്ഥാനമാക്കിയാണ് ഇ-വിത്താര ഡിസൈന്‍ ചെയ്തിരിക്കുന്നത്. മികച്ച ഡിസൈനൊപ്പം ഹൈടെക് ഫീച്ചറുകളുമാണ് ഇതില്‍ നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ടെക്ട്-ഇ പ്ലാറ്റ്ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. ഉയര്‍ന്ന എയറോ ഡൈനാമിക് ശേഷിയും ഉയര്‍ന്ന മികച്ച പ്രകടനവുമാണ് ഈ പ്ലാറ്റ്ഫോം ഉറപ്പാക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ ഇ-വിത്താര വിപണിയില്‍ എത്തും. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എല്‍.എഫ്.പി.(ലിഥിയം അയേണ്‍ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത് എന്നതാണ് ഈ വാഹനത്തെ വേറിട്ട് നിര്‍ത്തുന്നത്.
മാരുതിയുടെ മറ്റ് മോഡലുകളുമായി താരതമ്യമില്ലാത്ത ഡിസൈനിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. വലിയ പ്രൊജക്ഷന് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള പൊസിഷന്‍ ലൈറ്റ്, ഗ്ലാസ് ആവരണത്തിലുള്ള ലോഗോ എന്നിവയാണ് മുഖഭാഗത്തുള്ളത്. ക്ലാഡിങ് പോലെയാണ് ബമ്പര്‍ ഒരുക്കിയിരിക്കുന്നത്. ഗ്രില്ല് ഏരിയ മൂടിക്കെട്ടിയതാണെങ്കിലും വലിയ എയര്‍ഡാമാണ് ബമ്പറില്‍ നല്‍കിയിട്ടുള്ളത്. ക്രോം ഇന്‍സേര്‍ട്ടുകളുടെ അകമ്പടിയിലാണ് ഫോഗ്ലാമ്പ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
18 ഇഞ്ച് വലിപ്പത്തിലുള്ള എയറോ ഡൈനാമിക വീലുകളാണ് വശങ്ങളില് പ്രധാനം. ഫെന്‍ഡറിലാണ് ചാര്‍ജിങ് സ്ലോട്ട് നല്‍കിയിട്ടുള്ളത്. പ്ലാസ്റ്റിക് ക്ലാസിങ്ങില് തീര്‍ത്തിരിക്കുന്ന വീല്‍ ആര്‍ച്ച് വാഹനത്തിന് ചുറ്റിലും നീളുന്നു. ഷോര്‍ഡര്‍ ലൈനുകളും മറ്റും നല്‍കിയാണ് ഡോര്‍, 360 ഡിഗ്രി വ്യൂ സപ്പോര്‍ട്ട് ചെയുന്ന ക്യാമറ ഉള്‍പ്പെടെ നല്‍കിയാണ് റിയര്‍വ്യൂ മിററിന്റെ ഡിസൈന്‍. രണ്ടാം നിര ഡോറിന്റെ ഹാന്‍ഡില്‍ സി-പില്ലറിലാണ് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്ത് എല്‍.ഇ.ഡി. സ്ട്രിപ്പില്‍ കണക്ട് ചെയ്ത ടെയ്ല്‍ലാമ്പാണ് പ്രധാന ആകര്‍ഷണം. ബ്ലാക്ക് ബമ്പറാണ് പിന്നില്‍ കൊടുത്തിട്ടുള്ളത്.
മാരുതിയുടെ വാഹനങ്ങളില്‍ പ്രതീക്ഷിക്കാത്ത ഫീച്ചറുകളും ഡിസൈനുമാണ് ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നത്. ഫ്ളോട്ടിങ്ങ് ഡ്യുവല്‍ സ്ക്രീന്‍ സെറ്റപ്പാണ് ഇന്ഫ്ടെയ്ന്മെന്റ്-ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്പ്ലേയായി നല്‍കിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് ഡാഷ്ബോര്‍ഡിന്റെ ഡിസൈന്‍. ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള എ.സി. വെന്റുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റും വളരെ ലളിതമായാണ് നല്‍കിയിരിക്കുന്നത്. മള്‍ട്ടി ഫങ്ഷന് സംവിധാനത്തില്‍ ടു സ്പോക്ക് സ്റ്റിയറിങ് വീലാണ് നല്‍കിയിരിക്കുന്നത്. ഇതും മാരുതിയുടെ പുതുമയാണ്.
പ്രീമിയം വാഹനങ്ങളെ പിന്നിലാക്കുന്ന ഡിസൈനിലാണ് സെന്റര്‍ കണ്‍സോള്‍ തീര്‍ത്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള നോബാണ് ഡ്രൈവ് സെലക്ടര്‍. ഇലക്ട്രോണിക് പവര്ബ്രേക്ക്, ഓട്ടോ ഹോള്‍ഡ് പോലുള്ള സ്വിച്ചുകള്‍ ആംറെസ്റ്റിന് സമീവും മറ്റ് സ്വിച്ചുകള്‍ ഷിഫ്റ്റ് സെലക്ടര്‍ ഡയലിന് ചുറ്റിലുമായാണ് നല്‍കിയിരിക്കുന്നത്. എ.സി. വെന്റ്, ഗ്ലാസ് ഹോര്‍ഡര്‍, ഡോര്‍പാഡ്, സ്റ്റിയറിങ് വീല്‍ എന്നിവിടങ്ങളിലായി ക്രോമിയം ഇന്സേര്ട്ട് നല്കി അലങ്കരിച്ചിട്ടുണ്ട്. ലെതര്‍-ഫാബ്രിക് കോംപിനേഷനിലാണ് സീറ്റുകള്‍ തീര്‍ത്തിരിക്കുന്നത്. മൂന്ന് നിറങ്ങളും ഇതില്‍ നല്‍കുന്നുണ്ട്. അഞ്ച് സീറ്റര്‍ വാഹനമാണ് ഇ-വിത്താര.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് ഇ-വിത്താരയില്‍ 144 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓള് വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്സിലിലും 65 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Maruti Suzuki launches its first electric SUV the e-Vitara, in India
Published: 17 Jan 2025, 02:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented