ഹ്യുണ്ടായിയുടെ വാഹനനിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് മോഡലായ ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായി നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 17.99 ലക്ഷം രൂപ മുതല്‍ 23.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, സ്മാര്‍ട്ട് ഓപ്ഷണല്‍, പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് 42 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ എത്തുന്നത്. സ്മാര്‍ട്ട്, എക്‌സലെന്‍സ് എന്നീ രണ്ട് വേരിയന്റുകളില്‍ 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡലും എത്തും. 

To advertise here,

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 473 കിലോമീറ്റര്‍ റേഞ്ചാണ് 51.4 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്ക് നല്‍കുന്നത്. 42 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 390 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ലെവല്‍ ടു അഡാസ് സംവിധാനത്തില്‍ അധിഷ്ഠിതമായ 19 സുരക്ഷ ഫീച്ചറുകളും 50-ല്‍ അധികം ആക്ടീവ്-പാസീവ് സുരക്ഷ സംവിധാനങ്ങളും ചേര്‍ന്ന് 75-ല്‍ അധികം സുരക്ഷ സംവിധാനങ്ങളാണ് ക്രെറ്റയുടെ ഇലക്ട്രിക് മോഡലുല്‍ ഒരുക്കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

ഐസ് എന്‍ജിന്‍ മോഡല്‍ ക്രെറ്റയ്ക്ക് സമാനമായാണ് ഇലക്ട്രിക് മോഡലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവമായ ക്ലോസ്ഡ് ഗ്രില്ലും ചാര്‍ജിങ് പോര്‍ട്ടുമാണ് മുന്‍വശത്തെ പ്രത്യേകത. സ്റ്റാര്‍ട്ടിങ്ങില്‍ ഓപ്പണ്‍ ആകുന്ന ആക്ടീവ് എയര്‍ വെന്റുകളാണ് മുന്നില്‍ നല്‍കിയിട്ടുള്ളത്. എയറോ ഡൈനാമിക് ശേഷി വര്‍ധിപ്പിക്കുന്ന പുതിയ 17 ഇഞ്ച് അലോയ് വീല്‍ നല്‍കിയിട്ടുണ്ട്. വശങ്ങള്‍ റെഗുലര്‍ ക്രെറ്റയ്ക്ക് സമാനമാണ്. ഇലക്ട്രിക് ബാഡ്ജിങ് നല്‍കിയതാണ് പിന്‍ഭാഗത്തെ മാറ്റം.

റെഗുലര്‍ മോഡലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്റീരിയറും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ശ്രദ്ധേയമായ ഏതാനും മാറ്റങ്ങളും അകത്തളത്തില്‍ വരുത്തിയിട്ടുണ്ട്. 10.25 ഇഞ്ച് വലിപ്പത്തില്‍ രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുള്ള കര്‍വി ലീനിയര്‍ ഡിസ്‌പ്ലേയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മോഡ് കോഡ് ഡിസൈന്‍ നല്‍കിയിട്ടുള്ള ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍ പുതുമയാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സംവിധാനമുള്ള പവേര്‍ഡ് മുന്‍നിര സീറ്റുകള്‍ എന്നിവയും ക്രെറ്റ് ഇലക്ട്രിക്കില്‍ നല്‍കിയിട്ടുണ്ട്. 

കുറഞ്ഞ ചാര്‍ജിങ് സമയമാണ് ഈ വാഹനത്തിന് ഹ്യുണ്ടായി ഉറപ്പുനല്‍കുന്ന പ്രധാന സവിശേഷത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്കുള്ള മോഡലിന് 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.9 സെക്കന്‍ഡ് മാത്രം മതി.

ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളതില്‍ ഏറ്റവും വില കുറവുള്ള ഇ.വിയാണ് ക്രെറ്റ ഇലക്ട്രിക്. നിലവില്‍ ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയിട്ടുള്ള മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലാണ് ക്രെറ്റയുടെയും സ്ഥാനം. മഹീന്ദ്രയുടെ ബി.ഇ.6, ടാറ്റ മോട്ടോഴ്‌സിന്റെ കര്‍വ് ഇലക്ട്രിക്, മാരുതി സുസുക്കിയുടെ ഇ-വിത്താര എന്നീ മോഡലുകളുമായാണ് ക്രെറ്റ ഇലക്ട്രിക് വിപണിയില്‍ മത്സരിക്കുന്നത്. വൈകാതെ തന്നെ ക്രെറ്റ ഇ.വിയുടെ വിതരണം ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.