പാൽച്ചുരം: ബോയ്‌സ് ടൗൺ -പാൽച്ചുരം റോഡിൽ അപകടത്തിൽപെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി. റായ്‌പുരിൽനിന്ന് കൊളക്കാട് മാർഷൻ ഇൻഡസ്ട്രിയിലേക്ക് കമ്പി കൊണ്ടുവന്ന ലോറിയാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് തിരുച്ചെങ്കോട് സ്വദേശി എൽ. സെന്തിൽകുമാറാണ് (49) മരിച്ചത്.
മാനന്തവാടി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ക്ലീനർ തിരുച്ചിറപ്പള്ളി സ്വദേശി സെന്തിൽകുമാർ രാമസ്വാമി (44) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
നെടുംപൊയിൽ ചുരം വഴി വന്നാൽ മതിയെന്ന മാർഷൻ ഇൻഡസ്ട്രിസ് ഉടമ ജെയിംസ് കുര്യാക്കോസിന്റെയും ലോറിയിലെ ക്ലീനറുടെയും നിർദേശം അവഗണിച്ചാണ് ഡ്രൈവർ കുത്തനെ ഇറക്കമുളള ബോയ്‌സ് ടൗൺ -പാൽച്ചുരം വഴി കൊളക്കാട് ലക്ഷ്യമാക്കി വന്നത്.
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചുരം ഇറങ്ങിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം നൂറടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡരികിലെ വൈദ്യുതത്തൂണും തകർത്താണ് ലോറി കൊക്കയിൽ വീണത്. കാഞ്ഞിരത്താംകുഴി തോമസിന്റെ ആൾത്താമസമില്ലാത്ത വീടിന് പിൻവശത്തേക്കാണ് ലോറി വന്നുവീണത്.
മറ്റ് ഭാഷകളിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ല
ബോയ്‌സ് ടൗൺ-പാൽച്ചുരം പാതയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഡ്രൈവർമാർക്ക് മനസ്സിലാകുന്ന വിധം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പ് നോക്കുമ്പോൾ എളുപ്പവഴിയായി ബോയ്‌സ് ടൗൺ-പാൽച്ചുരം റോഡാകും കാണിക്കുക.
കുത്തനെയുളള വഴിയാണെന്നും ഒരു വശം കൊക്കയുള്ളതുമാണെന്നും അറിയാതെയാണ് ഭാരവാഹനങ്ങൾ ഉൾപ്പെടെ ചുരം വഴി ഇറങ്ങുന്നത്. ഭാര വാഹനങ്ങൾ നെടുംപൊയിൽ-പേര്യ ചുരം വഴി പോകുന്നതാകും ഉചിതം.
റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു
ചെറുതും വലുതുമായ നൂറു കണിക്കിന് കുഴികളാണ് ചുരം റോഡ് മുഴുവനും. ചിലയിടങ്ങളിൽ ടാർ അടക്കം ഒലിച്ചുപോയ നിലയിലാണ്. കോടമഞ്ഞ് നിറയുന്ന റോഡിൽ ഡ്രൈവർമാർക്ക് പലപ്പോഴും റോഡിലെ കുഴി കാണാൻ പോലും പറ്റില്ല.
റോഡരികിൽ പോലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ വാഹനങ്ങൾ അപകടത്തിൽപെടാതെ ചുരം വഴി കടന്ന് പോകുന്നത്.
ഒരോ വർഷവും ലക്ഷങ്ങളാണ് ചുരം പാതയുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തി ഏതാനും മാസങ്ങൾക്കുളളിൽ റോഡ് തകരുകയാണ് പതിവ്. 10 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിട്ടുണ്ട്. ചുരം പാതയുടെ വീതി കൂട്ടുന്നത് അടക്കമുള്ള പ്രവൃത്തിക്കായി 41.44 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.
Content Highlights: A lorry following Google Maps veered off a steep ghat road in Palchuram, falling 100 feet into a gorge. The driver died, while the cleaner survived with minor injuries. Locals demand better safety signage.
Published: 28 Oct 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented