കൂറ്റനാട്: പാലക്കാട് കറുകപുത്തൂരിൽ ലോറി പാറമടയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവർ ചാത്തനൂർ ചാലാച്ചി സ്വദേശി അബുതാഹിർ (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് അപകടം നടന്നത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിനടുത്ത് അകിലാണത്തെ പോപ്പുലർ എസ്റ്റേറ്റിലുള്ള കരിങ്കൽക്വാറി മണ്ണിട്ടുനികത്തുന്നതിനിടെ ചരക്കുലോറി 40 അടിയോളം താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.

To advertise here,

അപകടത്തെത്തുടർന്ന് ഇന്നലെ തന്നെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് കൂടുതൽ ക്രെയിനുകൾ എത്തിച്ച് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ടോറസ് ലോറി ഉയർത്തി കരയ്‌ക്കെത്തിച്ചത്.

എന്നാൽ വാഹനം കരയ്‌ക്കെത്തിച്ചപ്പോഴും അബൂതാഹിർ അതിനുള്ളിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ക്വാറിയിലെ വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിലാണ് അബൂതാഹിറിന്റെ മൃതദേഹം കണ്ടെത്താനും പുറത്തെടുക്കാനും സാധിച്ചത്.

ഈ ക്വാറി കഴിഞ്ഞ മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. ഖനനത്തിനുശേഷമുണ്ടായ വലിയ കിടങ്ങുകളും കുളങ്ങളും നികത്തുകയാണിപ്പോൾ. ജോലിക്കിടെ മൺകൂന ഇടിഞ്ഞ് നിയന്ത്രണംതെറ്റി ലോറി പിന്നോട്ട് കുളത്തിലേക്ക് മറിയുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ഭാരമേറിയ വാഹനം പെട്ടെന്ന് കുളത്തിലെ ചെളിയിലേക്ക് താഴ്ന്നുപോവുകയും ചെയ്തു.