കൊച്ചി: അതൊരു ശനിയാഴ്ച രാവായിരുന്നു; നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടം നടന്നത് ഒക്ടോബർ 11-ന് പുലർച്ചെ 1.41-നാണ്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അത്താണിക്കുസമീപം സുഹൈൽ സജീവ് എന്ന 19-കാരൻ മദ്യലഹരിയിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടിച്ച ആഡംബര കാർ സ്‌കൂട്ടറിന് പുറകിലിടിച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദേവിക, ഗോപിക, ഇയാസ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്.

To advertise here,

ഒരു ശനിയാഴ്ച രാവിന്റെ തുടർച്ചയായി ചേരാനല്ലൂരിൽ വിവാദമായ ആഡംബര കാറപകടം നടന്നത് ഒക്ടോബർ 25-ന് പുലർച്ചെ 2.20-ന്. കണ്ടെയ്നർ റോഡിൽവെച്ച് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. തട്ടുകടയിലെ ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലായിരുന്നു ഈ 17-കാരൻ വാഹനമോടിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

കേരളത്തെ ഞെട്ടിച്ച ഈ രണ്ട് സമീപകാല വാഹനാപകടങ്ങൾ സംഭവിച്ചത് ശനിയാഴ്ച രാത്രി പിന്നിട്ടശേഷമായിരുന്നു എന്നത് കേവലമായൊരു യാദൃച്ഛികതയല്ല. ശനിയാഴ്ചരാത്രികളിൽ യുവാക്കൾ ഉൾപ്പെടുന്ന വാഹനാപകടങ്ങൾ വളരെ കൂടുതലാണെന്ന് പഠനങ്ങളും റോഡ് സുരക്ഷാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. വാരാന്ത്യരാത്രി വൈകിയുള്ള സമയങ്ങളിലാണ് യുവാക്കൾ കൂടുതൽ അപകടങ്ങളിൽപ്പെടുന്നതെന്ന് സി.ഡി.സി., എൻ.എസ്.സി., എൻ.സി.ആർ.ബി. തുടങ്ങിയ റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്നുണ്ട്.

റീലുകൾ നിർമിക്കാനും ടാസ്‌ക് ഗെയിമുകളിൽ പങ്കെടുക്കാനും കൗമാരക്കാർ ശനിയാഴ്ചയാണ് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതെന്ന് പോലീസ് അന്വേഷണങ്ങളിലും വ്യക്തമായിട്ടുണ്ട്. പ്രായപൂർത്തിയായ പരിചയസമ്പന്നരായ ഡ്രൈവർമാരുമായി താരതമ്യം ചെയ്യുമ്പോൾ 16-19 പ്രായ പരിധിയിലുള്ള യുവാക്കൾ രാത്രി അപകടത്തിൽപ്പെടാനുള്ള സാധ്യത മൂന്നുമടങ്ങോളം കൂടുതലാണ്. രാത്രി 9 മുതൽ പുലർച്ചെവരെയുള്ള സമയങ്ങളിലാണ് ഇതിൽ ഭൂരിഭാഗവും സംഭവിക്കുന്നത്.

ഹൈ റിസ്‌ക് ബിഹേവിയറിന്റെ ശനിയാഴ്ച

നമ്മുടെ യുവാക്കളിൽ ഹൈ റിസ്‌ക് ബിഹേവിയർ ഏറ്റവും അപകടമുണ്ടാക്കുന്ന രാവായി ഇപ്പോൾ ശനിയാഴ്ച മാറിയിരിക്കുന്നുവെന്നത് സത്യമാണ്. ശനിയാഴ്ച രാത്രികളിൽ നടക്കുന്ന പാർട്ടികളും ഒത്തുചേരലുകളും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം കൂട്ടുന്നു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടസാധ്യത പലമടങ്ങ് വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളൊന്നും യുവാക്കൾ ആ സമയത്ത് ഓർക്കാറില്ല.

സുഹൃത്തുക്കളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന പിയർ പ്രഷർ എന്ന അവസ്ഥയാണ് ഇവിടെ വില്ലനാകുന്നത്. രാത്രിയാത്രകളിൽ വാഹനത്തിൽ ഒന്നിലധികം സുഹൃത്തുക്കൾ ഒപ്പമുണ്ടാകുന്നത് യുവാക്കളുടെ ശ്രദ്ധ തിരിക്കാനും അമിത ആത്മവിശ്വാസത്തോടെ വേഗംകൂട്ടാനും പ്രേരിപ്പിക്കും. റീലുകൾക്കും ഗെയിമുകൾക്കുമായി ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ കൂടി ഉപയോഗിക്കുമ്പോൾ അപകടങ്ങളുടെ ആക്കം കൂടുന്നു.

(ഡോ. എൽസി ഉമ്മൻ, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം)