മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളിൽ അപ്രായോഗികമായ ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നമ്മുടെ നാട്ടിൽ പുതിയ ഭേദഗതികൾ നടപ്പാക്കാനുള്ള രീതിയിലേക്ക് റോഡുകളോ സൗകര്യങ്ങളോ മാറിയിട്ടില്ലെന്നും കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണെങ്കിലും തത്കാലം കേരളത്തിൽ ഇത് നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന ചട്ടമെല്ലാം കേരളത്തിന് മാറ്റാം. വേണമെങ്കിൽ ഇത് 10 തവണയാക്കാം. കേന്ദ്രസർക്കാർ കൊണ്ടുവന്നതാണെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനത്തിന് മാറ്റംവരുത്താൻ അധികാരമുണ്ടെന്നാണ് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കാര്യങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അടുത്തദിവസം തന്നെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സോഫ്റ്റ്വെയറിൽ പുതിയ ഭേദഗതികൾ സംബന്ധിച്ച മാറ്റങ്ങൾ വരുത്താൻ പാടില്ലെന്ന് എൻഐസിയെ അറിയിക്കാൻ ട്രാൻസ്പോർട് കമ്മിഷണർക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ സുപ്രധാന നിർദേശം. ലൈസൻസ് മൂന്നുമാസംവരെയാണ് സസ്പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേൾക്കാനുള്ള അവസരം നൽകണമെന്നും ചട്ടത്തിലുണ്ട്.

ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്. അതിവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്നൽ വെട്ടിക്കൽ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചിൽക്കൂടിയാൽ ഇനിമുതൽ നടപടിയെടുക്കും.

നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ നിർബന്ധമായും ഇത് അടച്ചിരിക്കണമെന്നാണ് നിയമ ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റമെന്നാണ് നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയവ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.