ഇന്ത്യൻ മോട്ടോർ സൈക്കിൾ ലോകത്ത് കാൽ നൂറ്റാണ്ടായി തരംഗം സൃഷ്ടിക്കുന്ന ബജാജ് പൾസർ 25-ാം വാർഷികത്തിൽ ജനപ്രിയ മോഡലുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി. ജനപ്രിയ മോഡലുകളായ പൾസർ 150, 125 എന്നിവയുടെ തികച്ചും ആധുനിക പതിപ്പുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. പൾസറിന്റെ പരമ്പരാഗത കരുത്തും സ്പോർട്ടി ലുക്കും നിലനിർത്തിക്കൊണ്ട് തന്നെ, പുതു തലമുറ റൈഡർമാരെ ആകർഷിക്കുന്ന സാങ്കേതിക വിദ്യകളും ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പെർഫോമൻസിലും എഞ്ചിൻ ശേഷിയിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മികച്ച ആക്‌സിലറേഷൻ ഉറപ്പാക്കാൻ പവർ-ടു-വെയ്റ്റ് അനുപാതത്തിൽ മാറ്റം വരുത്തിയ പുതിയ എൻജിനും ഗിയർ ബോക്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. 149.5 സിസി എൻജിനുമായി എത്തുന്ന പൾസർ 150, 14 PS കരുത്തും 13.7 Nm ടോർക്കും ഉത്പാദിപ്പിക്കും. വിപണിയിലെ ഏറ്റവും കരുത്തുറ്റ 125 സിസി ബൈക്ക് എന്ന വിശേഷണത്തോടെയെത്തുന്ന പൾസർ 125, 124.58 സിസി എൻജിനിൽ 12 PS കരുത്തും 11 Nm ടോർക്കും നൽകുന്നു. കൂടാതെ, മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിക്കായി ഡയമണ്ട് ടൈപ്പ് ഫ്രെയിമും നൈട്രജൻ ഗ്യാസ്-ചാർജ്ജ് ചെയ്ത പുതിയ മൊണോഷോക്ക് സസ്‌പെൻഷനും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ കാര്യത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ബജാജ് വരുത്തിയിരിക്കുന്നത്. ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, കാൾ-മെസ്സേജ് അലർട്ടുകൾ, മ്യൂസിക് കൺട്രോൾ എന്നിവ പിന്തുണയ്ക്കുന്ന 5-ഇഞ്ച് TFT കൺസോളാണ് പ്രധാന ആകർഷണം. വാഹനത്തിന്റെ ആർ.സി, ഇൻഷുറൻസ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി ഇതിൽ സൂക്ഷിക്കാനും സാധിക്കും.
റോഡ്, റെയിൻ, സ്പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും തിരക്കേറിയ ട്രാഫിക്കിൽ വാഹനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ക്രാൾ ടെക്നോളജിയും (Crawl Tech) ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നു. കൂടുതൽ ഷാർപ്പായ 'വുൾഫ്-ഐ' എൽ.ഇ.ഡി ഹെഡ് ലാമ്പും ഇന്ധനക്ഷമത കൂട്ടാൻ സഹായിക്കുന്ന ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സവിശേഷതയുള്ള ISG സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. രണ്ടു ബൈക്കുകളിലും ഫൈവ് സ്പീഡ് ഗിയർ ബോക്സ് ആണ് ഉള്ളത്.
2001-ൽ ഇന്ത്യയിൽ തുടക്കമിട്ട പൾസർ, സാധാരണ യാത്രാ ബൈക്കുകളിൽനിന്ന് വ്യത്യസ്തമായി സ്പോർട്ടി മോട്ടോർ സൈക്കിളിംഗ് സംസ്കാരം രാജ്യത്ത് വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ബ്രാൻഡാണ്. 25 വർഷത്തിനിടെ ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലായി 2 കോടിയിലധികം പൾസർ ബൈക്കുകളാണ് വിറ്റഴിക്കപ്പെട്ടത്. പൾസറിന്റെ ഐക്കണിക് ആയ മസ്കുലാർ ഡിസൈനും റോഡ് പ്രസൻസും ഒട്ടും ചോർന്നുപോകാതെ തന്നെയാണ് പുതിയ സാങ്കേതികവിദ്യകൾ കൂട്ടിച്ചേർത്ത് പുതുതലമുറ റൈഡർമാർക്കായി ബൈക്കുകൾ നിരത്തിലിറക്കിയിരിക്കുന്നതെന്ന് ബജാജ് വ്യക്തമാക്കി.
റൈഡിങ് മോഡുകൾ, ഐഡിൽ സ്റ്റാർട്ട്/ സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ട് എന്നിവയും ഈ മോഡലുകളിൽ വഭ്യമാക്കിയിട്ടുണ്ട്. പൾസർ സിഗ്നേച്ചർ ഫ്യുവൽ ടാങ്ക് ഡിസൈനിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, രണ്ടു മോഡലുകളിലും അലോയ് വീലുകളും ചിൻ ഫെയറിങ്ങും ക്രമീകരിച്ചിട്ടുണ്ട്. എക്സ്-ഷോറൂം നിരക്കിൽ പൾസർ 150-ന് 1,15,233 രൂപയും പൾസർ 125-ന് 92,900 രൂപയുമാണ് ആരംഭവില.
Content Highlights: Launched 25th Anniversary Edition of Pulsar 150 and 125 with modern updates., Features a 5-inch TFT console with Google Maps navigation and smartphone connectivity., Introduces three riding modes, Crawl Tech, and ISG auto start-stop technology., Ex-showroom starting price is ₹1,15,233 for Pulsar 150 and ₹92,900 for Pulsar 125.
Published: 29 Aug 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented