ഗുരുതരമായ സൈബർ ആക്രമണത്തെ തുടർന്ന് ആഴ്ചകളോളം ഉത്പാദനം നിർത്തിവെക്കേണ്ടി വന്നതിനാൽ, ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) ജൂലായ്-സെപ്റ്റംബർ പാദത്തിൽ കനത്ത സാമ്പത്തിക തിരിച്ചടി നേരിട്ടതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 398 ദശലക്ഷം പൗണ്ടിന്റെ (ഏകദേശം 4660 കോടി രൂപ) ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പാദത്തിൽ ആഡംബര കാർ നിർമാതാക്കൾ 485 ദശലക്ഷം പൗണ്ടിന്റെ (ഏകദേശം 5678) നഷ്ടം രേഖപ്പെടുത്തി.

To advertise here,

ഓഗസ്റ്റ് അവസാനത്തോടെ നടന്ന ഈ ആക്രമണം, ജെഎൽആറിനെ അവരുടെ കമ്പ്യൂട്ടർ ശൃംഖലകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാക്കി. ഇതേത്തുടർന്ന്, പൂർണമായും ഓട്ടോമേറ്റഡ് ആയ ഉത്പാദന ലൈനുകൾ സെപ്റ്റംബർ മാസം മുഴുവനും ഒക്ടോബർ ആദ്യവാരം വരെയും പ്രവർത്തനരഹിതമായി. നീണ്ടുനിന്ന ഈ തടസ്സം ഉത്പാദനത്തെയും വരുമാനത്തെയും സാരമായി ബാധിച്ചു.

ജെഎൽആറിന്റെ സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി വിപുലമായ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഗ്രൂപ്പ് സിഎഫ്ഒ ആയ പി.ബി. ബാലാജി പറഞ്ഞു. "ഇത്തരം ഒരു സംഭവം വീണ്ടും ഉണ്ടാകാതിരിക്കാൻ നിലവിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഞങ്ങൾ ഇതിനകം തന്നെ ബാഹ്യ ഇന്റർഫേസുകൾ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ വ്യക്തമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്," അദ്ദേഹം പറഞ്ഞു.

സൈബർ സുരക്ഷ ഒരു പ്രധാന മുൻഗണനയായി തുടരും. മുന്നോട്ട് പോകുമ്പോൾ ഇതൊരു പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. ഈ രംഗത്ത് ഞങ്ങളുടെ സൈബർ സുരക്ഷാ നിലപാട് ശക്തിപ്പെടുത്തുന്നത് തുടരും. ഞങ്ങളുടെ സിസ്റ്റങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് കമ്പനിക്കുള്ളിൽ വ്യക്തമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്ന് ഉറപ്പുനൽകുന്നതായും ബാലാജി കൂട്ടിച്ചേർത്തു.

150 ദശലക്ഷം പൗണ്ടിന്റെ അസാധാരണ ചെലവ്

സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഈ പാദത്തിൽ ജെഎൽആർ ഏകദേശം 150 ദശലക്ഷം പൗണ്ട് അസാധാരണ ചെലവായി രേഖപ്പെടുത്തി. "ഈ പാദത്തിലെ സൈബർ സംഭവം ഏകദേശം 150 ദശലക്ഷം പൗണ്ടിന്റെ അസാധാരണ ചെലവായാണ് ഞങ്ങൾ പി&എൽ-ൽ (പ്രോഫിറ്റ് ആൻഡ് ലോസ് സ്റ്റേറ്റ്മെൻ്റിൽ) കാണിച്ചിരിക്കുന്നതെന്ന് പി.ബി. ബാലാജി പറഞ്ഞു.

ഉത്പാദനം നിർത്തിയതുമൂലമുള്ള വിതരണക്കാരുടെ ക്ലെയിമുകൾ, സിസ്റ്റം പുനഃസ്ഥാപിക്കൽ, സിസ്റ്റങ്ങളുടെ തനിപ്പകർപ്പ് ഉണ്ടാക്കൽ എന്നിവ ഉൾപ്പെടെ വിവിധ ചെലവുകൾ ചേർന്നതാണ് ഈ തുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും വലിയ തിരിച്ചടി, ഉത്പാദനം തടസ്സപ്പെട്ട സമയത്ത് നഷ്ടപ്പെട്ട ഉത്പാദന അളവിൽ നിന്നാണെന്നും ബാലാജി വ്യക്തമാക്കി. വർഷം അവസാനിക്കാൻ ഇനിയും ആറു മാസങ്ങളുണ്ട്, അല്ലെങ്കിൽ അഞ്ച് മാസം, നമുക്ക് നോക്കാം," വർഷത്തിന്റെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സൈബർ സുരക്ഷയ്‌ക്കപ്പുറം, ആഗോളതലത്തിലെ ദുഷ്കരമായ ഡിമാൻഡ് സാഹചര്യത്തെക്കുറിച്ചും ബാലാജി എടുത്തുപറഞ്ഞു. "മൊത്തത്തിലുള്ള ഡിമാൻഡ് സാഹചര്യം പരിശോധിക്കുമ്പോൾ, ആഗോള ഡിമാൻഡ് വെല്ലുവിളി നിറഞ്ഞതായി തുടരുന്നു. റീട്ടെയിൽ രംഗത്ത് ചൈന ഇപ്പോഴും ആശങ്കാജനകമായ ഒരു മേഖലയാണ്. അതേസമയം, യുഎസ്സിൽ താരിഫുകൾ വർധിക്കുന്നതും ഒരു സമ്മർദ്ദമാണ്." ഉത്പാദനം വർധിപ്പിക്കുന്നതിനനുസരിച്ച് ഓർഡറുകൾ നേടുന്നതിനും നിലനിർത്തുന്നതിനും ഇരട്ടി അധ്വാനം വേണ്ടിവരുമെന്നും ബാലാജി പറഞ്ഞു. അഞ്ചാഴ്ചത്തെ ഉത്പാദന സ്തംഭനത്തിലേക്ക് നയിച്ച സൈബർ ആക്രമണം, യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.9 ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു.