തിരുവനന്തപുരം: ഓട്ടമേറ്റഡ് വാഹനങ്ങളില്‍ ഉപകരിക്കുന്ന 'നിര്‍മിതബുദ്ധി അധിഷ്ഠിത ചിപ്പ്' വികസിപ്പിക്കാന്‍ ഐഎച്ച്ആര്‍ഡി. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. കൊച്ചി മോഡല്‍ എന്‍ജിനിയറിങ് കോളേജ് രൂപകല്പന നിര്‍വഹിച്ച ചിപ്പ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

To advertise here,

സ്വയംനിയന്ത്രിത വാഹനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് ഈ എഐ ചിപ്പുകള്‍. വേഗം, ദിശ, വസ്തുക്കള്‍, വാഹനങ്ങള്‍, വെളിച്ചം തുടങ്ങിയവ തിരിച്ചറിയാനും പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും ചിപ്പ് സഹായിക്കും. ഇങ്ങനെ, ഓട്ടമേറ്റഡ് വാഹനങ്ങളില്‍ കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് സവിശേഷത.

ചിപ്പ് നിര്‍മാണത്തിനായി കേന്ദ്രപദ്ധതിയില്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സര്‍ക്കാര്‍സ്ഥാപനമാണ് ഐഎച്ച്ആര്‍ഡി. ഈയിടെ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ചിപ്പുകളുടെ രൂപകല്പന ഏറ്റുവാങ്ങി. 86 ലക്ഷം രൂപ ഗവേഷണ ഗ്രാന്റ് ലഭിച്ചിട്ടുള്ള പദ്ധതി സെമികണ്ടക്ടര്‍ രംഗത്തും വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

അഭിമാനകരമായ നേട്ടമാണ് ഐഎച്ച്ആര്‍ഡി കൈവരിച്ചതെന്ന് ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍കുമാര്‍ പറഞ്ഞു. ഇതുപോലെ, സ്വന്തംനിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണസ്ഥാപനങ്ങളുമായി ഐഎച്ച്ആര്‍ഡി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.