പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയുടെ സാഹചര്യത്തിൽ ആഗോള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നത് കണക്കിലെടുത്ത് ബദൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതെന്നു ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഉടനീളം ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ 5000 പമ്പുകളിലെ ആദ്യ ബാച്ചായി കണക്കാക്കുന്ന 150 പമ്പുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്നാണ് സൂചന. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഇ100 പമ്പുകൾ.
ആറ് മാസം മുതൽ ഒരു വർഷത്തിനിടെ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇ100 ഇന്ധന ലഭ്യത ഉറപ്പാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫ്‌ളെക്‌സ് ഇന്ധനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ റോഡ് മാപ്പ് ഇന്ത്യയിലെ വാഹന നിർമാതാക്കൾക്കും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കും ഇതിനകം നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.
ഇന്ത്യയിലെ മുൻനിര കാർ, ഇരുചക്ര വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, മഹീന്ദ്ര, ഹീറോ മോട്ടോകോർപ്, ടിവിഎസ് തുടങ്ങിയ കമ്പനികളെല്ലാം ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഒരുക്കിയിട്ടുണ്ട്. സാധാരണ പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരം പെട്രോളിനൊപ്പം നിശ്ചിത അനുപാതത്തിൽ എഥനോൾ അല്ലെങ്കിൽ മെഥനോൾ ചേർത്തുണ്ടാക്കുന്ന ഇന്ധനമാണ് ഫ്‌ളെക്‌സ് ഫ്യൂവൽ എന്നറിയപ്പെടുന്നത്.
ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ നിരത്തുകളിൽ എത്തുന്നതോടെ രാജ്യത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 10.9 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചിലവഴിച്ചത്.
Content Highlights: Government plans to establish 5000 E100 fuel stations across India., First 150 stations to open in Delhi, Mumbai, Pune, and Nagpur within a month., Major automakers like Maruti, Tata, and Toyota ready with flex-fuel prototypes., Strategic move to reduce reliance on crude oil imports., Significant economic impact expected by 2026.
Published: 22 May 2026, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented