കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വാഹന പൊളിക്കല്‍ നയം. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പൊളിക്കണമെന്നാണ് ഈ നയത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വാഹനത്തില്‍നിന്നുള്ള മലിനീകരണം കുറയ്ക്കുക, വാഹന വിപണിക്ക് കൂടുതല്‍ കരുത്തേകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 

To advertise here,

വാഹന പൊളിക്കല്‍ നയത്തിന് പ്രോത്സാഹിപ്പിക്കുന്ന പുതിയ നിര്‍ദേശമാണ് ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ വാഹനം പൊളിക്കാന്‍ നല്‍കിയ ശേഷം പുതിയ വാഹനം സ്വന്തമാക്കുന്ന വ്യക്തിക്ക് റോഡ് നികുതിയില്‍ 50,000 രൂപയുടെ ഇളവ് നല്‍കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്. ഇതിനുപുറമെ, വാഹന പൊളിക്കല്‍ നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ നിര്‍ദേശം സ്വീകരിച്ച് പ്രത്യേക നയം രൂപീകരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

പത്ത് വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഇപ്പോഴും ഡല്‍ഹിയില്‍ ഓടിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും സര്‍ക്കാര്‍ സ്വമേധയ പൊളിക്കാന്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. 

ഉപയോക്താക്കള്‍ക്കും കൂടി നേട്ടമുണ്ടാക്കുന്ന പദ്ധതികളായിരിക്കും സര്‍ക്കാര്‍ ഒരുക്കുന്നത്. വാഹനത്തിന്റെ സെഗ്മെന്റിനും വിലയ്ക്കും അനുസരിച്ചുള്ള സബ്‌സിഡികളാണ് പ്രധാനമായും നല്‍കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും പ്രത്യേകം സബ്‌സിഡികള്‍ ഏര്‍പ്പെടുത്തിയേക്കും. ഇത് വാഹന ഉടമകള്‍ക്ക് പഴയ വാഹനങ്ങള്‍ ഒഴിവാക്കുവാനും മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാനും പ്രചോദനം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 

2023-ല്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 2021-22, 2022-23 കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ 55 ലക്ഷം വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് റദ്ദു ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതില്‍ 1.4 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് പൊളിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 6.3 ലക്ഷം വാഹനങ്ങള്‍ ഗതാഗത വകുപ്പില്‍നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടി മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തന്നെ ഇപ്പോഴും പഴയ വാഹനങ്ങള്‍ കൈവശം വെച്ചിട്ടുള്ളവരുമുണ്ട്.