കൊല്ലം:പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള സർക്കാർ വാഹനങ്ങൾക്ക് അഞ്ചുവർഷംകൂടി ആയുസ്സ് നീട്ടിനൽകിയതോടെ പൊളിക്കലിൽനിന്നൊഴിവാകുന്നത് 4500 വാഹനങ്ങൾ. പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങൾക്കാണ് 15 വർഷത്തിലേറെ പഴക്കമുള്ള കൂടുതൽ വാഹനങ്ങൾ ഉണ്ടായിരുന്നത്. ആരോഗ്യവകുപ്പിനും ഇത്തരം ഒട്ടേറെ വാഹനങ്ങളുണ്ട്. കേന്ദ്രനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ദിവസങ്ങളായി ഒട്ടേറെ സർക്കാർ വാഹനങ്ങൾ ഓടിക്കാതെ കയറ്റിയിട്ടിരിക്കുകയായിരുന്നു.

To advertise here,

സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ വാഹനങ്ങൾ വാങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ വാഹനങ്ങൾക്ക് അഞ്ചുവർഷംകൂടി ആയുസ്സ് നീട്ടിനൽകിയത്. മാത്രമല്ല, പല സർക്കാർ വകുപ്പുകളുടെയും കൈവശമുള്ള വാഹനങ്ങൾ കാര്യമായ കേടുപാടുകളില്ലാത്തവയാണെന്നുകാട്ടി വകുപ്പ് മേധാവികൾ സർക്കാരിന് കത്തുനൽകിയിരുന്നു. പൊല്യൂഷൻ സർട്ടിഫിക്കറ്റുള്ളതും ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചതുമായ വാഹനങ്ങൾക്ക് മാത്രമേ കാലാവധി നീട്ടിനൽകൂവെന്നാണ് പറഞ്ഞിരിക്കുന്നത്.

മോട്ടോർവാഹന നിയമങ്ങൾ ഭേദഗതിചെയ്യുന്നതിന്, നവംബർ മാസത്തിൽ തന്നെ സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എതിർപ്പുകളും നിർദേശങ്ങളും വരാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസം ഗസറ്റ് വിജ്ഞാപനമിറക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇളവുലഭിക്കും. നേരത്തേ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഇളവ് നൽകിയിരുന്നു. കേന്ദ്രനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ വകുപ്പുകളുടെയും വാഹനങ്ങൾ കയറ്റിയിട്ടിരിക്കുകയായിരുന്നു.

നിലവിൽ 15 വർഷത്തിലധികം പഴക്കമുള്ള 1194 കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രത്യേക ഉത്തരവിറക്കി സർക്കാർ ആയുസ്സ് നീട്ടിനൽകിയാണ്, ഇവ ഓടിക്കുന്നത്. 2026 മേയ് മാസത്തോടെ 2014 ബസുകളുടെ രജിസ്ട്രേഷൻ കാലാവധി പൂർത്തിയാകുമെന്നാണ് വിവരം.