രാജ്യത്തെ യോഗ്യമല്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ 97 ലക്ഷം വാഹനങ്ങൾ പൊളിക്കുന്നതിലൂടെ ചരക്ക് സേവന നികുതിയായി (ജിഎസ്ടി) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 40000 കോടി രൂപ വരെ നേടാനാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2025-ലെ എസിഎംഎ വാർഷിക സമ്മേളനത്തിലാണ് ഇന്ത്യയുടെ വാഹനം പൊളിക്കൽ നയത്തിന്റെ വലിയ സാധ്യതകൾ അദ്ദേഹം വിശദീകരിച്ചത്. ഈ വർഷം ഓഗസ്റ്റ് വരെ 1.41 ലക്ഷം സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് ലക്ഷം യോഗ്യതയില്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ പൊളിച്ചുനീക്കിയതായി ഗഡ്കരി പറഞ്ഞു.

To advertise here,

"ഞങ്ങളുടെ കണക്കനുസരിച്ച്, 97 ലക്ഷം വാഹനങ്ങൾ പൊളിച്ചുനീക്കേണ്ടതുണ്ട്. യോഗ്യതയില്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ എല്ലാ വാഹനങ്ങളും പൊളിച്ചുനീക്കിയാൽ 70 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും 40,000 കോടി രൂപയുടെ നേട്ടം ജിഎസ്ടി വഴി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ലഭിക്കുകയും ചെയ്യും," പിടിഐ റിപ്പോർട്ടിൽ അദ്ദേഹത്തെ ഉദ്ധരിച്ച് പറയുന്നു.

നിലവിൽ, പ്രതിമാസം ശരാശരി 16830 വാഹനങ്ങൾ പൊളിച്ചുനീക്കുന്നുണ്ടെന്നും സ്വകാര്യമേഖല ഇതുവരെ 2700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി സർക്കാർ വെഹിക്കിൾ സ്ക്രാപ്പിങ് പോളിസി അല്ലെങ്കിൽ വോളണ്ടറി വെഹിക്കിൾ ഫ്ലീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം (വി-വിഎംപി) നടപ്പിലാക്കിയിട്ടുണ്ട്.

മോട്ടോർ വാഹന നിയമപ്രകാരം, വാണിജ്യ വാഹനങ്ങൾക്ക് എട്ട് വർഷം വരെ ഓരോ രണ്ട് വർഷം കൂടുമ്പോഴും അതിനുശേഷം വർഷം തോറും ഫിറ്റ്നസ് പരിശോധന നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത്, 15 വർഷത്തിന് ശേഷവും പിന്നീട് ഓരോ അഞ്ച് വർഷം കൂടുമ്പോഴും പരിശോധന ആവശ്യമാണ്, അതേസമയം സർക്കാർ വാഹനങ്ങൾക്ക് 15 വർഷത്തെ നിശ്ചിത ഉപയോഗ കാലപരിധിയുണ്ട്. 

പുതിയ വാഹനം വാങ്ങുമ്പോൾ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞത് അഞ്ച് ശതമാനം ഇളവ് നൽകണമെന്ന് ഗഡ്കരി വാഹന വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു. ജിഎസ്ടി യുക്തിസഹമാക്കിയതിലൂടെ വാഹന വ്യവസായത്തിന് നേട്ടമുണ്ടായെന്നും സ്ക്രാപ്പിങ് നയം വാഹന ഘടകങ്ങളുടെ വില 25 ശതമാനം കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

"പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചു. അത് നിങ്ങൾക്കെല്ലാവർക്കും ഒരു നല്ല പ്രോത്സാഹനമാണ്. ഇത് നിങ്ങളുടെ വിപണി സാധ്യത വർധിപ്പിക്കുകയും ആവശ്യം കൂട്ടുകയും വ്യവസായത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വാഹന വ്യവസായത്തെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ഗഡ്കരി പറഞ്ഞു.

ഫോസിൽ ഇന്ധന ഇറക്കുമതിയുടെ സാമ്പത്തിക ഭാരം എടുത്തുപറഞ്ഞ ഗഡ്കരി, ഇന്ത്യ ഓരോ വർഷവും 22 ലക്ഷം കോടി രൂപ ഇത്തരം ഇറക്കുമതിക്കായി ചെലവഴിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി. ഈ ആശ്രിതത്വം കാരണം നമ്മൾ മലിനീകരണ പ്രശ്നം നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷിയെ ഊർജ്ജ മേഖലയിലേക്ക് വൈവിധ്യവൽക്കരിക്കേണ്ടതിന്റെ ആവശ്യകത ഗഡ്കരി ഊന്നിപ്പറഞ്ഞു. കരിമ്പ്, നെല്ല്, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ച് സംസാരിക്കവേ, അപകടങ്ങളിലെ ഭയാനകമായ വർധനവ് ഗഡ്കരി ചൂണ്ടിക്കാട്ടി. 2023-ൽ അഞ്ച് ലക്ഷം അപകടങ്ങളും 1.8 ലക്ഷം മരണങ്ങളും ഉണ്ടായെന്നും, ഇതിൽ 66 ശതമാനം ഇരകളും 18-34 പ്രായപരിധിയിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിൽ 27 ശതാമനം എഥനോൾ ചേർക്കാനുള്ള (E27) സർക്കാർ നിർദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ബ്രസീൽ പോലുള്ള രാജ്യങ്ങൾ ഏകദേശം അഞ്ച് പതിറ്റാണ്ടായി E27 ഉപയോഗിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു."ഗുണനിലവാരത്തിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല... എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം, എആർഎഐ (ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) നിർദേശം പെട്രോളിയം മന്ത്രാലയത്തിന് അയയ്ക്കും. മന്ത്രാലയം അത് മന്ത്രിസഭയ്ക്ക് ശുപാർശ ചെയ്യും. അതിനുശേഷം ഞങ്ങൾ E27-ൽ തീരുമാനമെടുക്കും. അതിനാൽ ഇതിൽ ആശയക്കുഴപ്പമില്ല," അദ്ദേഹം വ്യക്തമാക്കി.